Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്ലൈൻഡിനു ബിരിയാണി തിന്നുവാനല്ല സർക്കാരിന്റെ പൈസ! ഈ പാവങ്ങളോട് ആർക്കാണ് ഇത്രയും വിരോധം? കാഴ്ചാ പരിമിതികൾ ഉള്ളവർക്ക് സാങ്കേതിക പരിശീലനം നൽകിയിരുന്ന സർക്കാർ പദ്ധതി നിലച്ചമട്ടിൽ; ഉന്നതരുടെ പിടിവാശിയിൽ കൊഴിയുന്നത് അന്ധരായ കുട്ടികളുടെ അകകണ്ണിന്റെ പ്രതീക്ഷകൾ; ബിജു പ്രഭാകർ ഐഎഎസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

ബ്ലൈൻഡിനു ബിരിയാണി തിന്നുവാനല്ല സർക്കാരിന്റെ പൈസ! ഈ പാവങ്ങളോട് ആർക്കാണ് ഇത്രയും വിരോധം? കാഴ്ചാ പരിമിതികൾ ഉള്ളവർക്ക് സാങ്കേതിക പരിശീലനം നൽകിയിരുന്ന സർക്കാർ പദ്ധതി നിലച്ചമട്ടിൽ; ഉന്നതരുടെ പിടിവാശിയിൽ കൊഴിയുന്നത് അന്ധരായ കുട്ടികളുടെ അകകണ്ണിന്റെ പ്രതീക്ഷകൾ; ബിജു പ്രഭാകർ ഐഎഎസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

സിഎം അനുഷ

തിരുവനന്തപുരം: കാഴ്ചാ പരിമിതിയുള്ളവരെ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുവാൻ 2007ൽ എൽഡിഎഫ് സർക്കാർ ആരംഭിച്ച പദ്ധതിയായ 'ഇൻസൈറ്റ്' സാമൂഹ്യ നീതി വകുപ്പിന്റെ കടുത്ത അനാസ്ഥയെ തുടർന്ന് അടച്ചുപൂട്ടൽ ഭീഷണിയിൽ. തിരുവനന്തപുരം പിഎംജി ലോ കോളേജിനടുത്ത് സ്ഥിതി ചെയ്യുന്ന കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈഡ് എന്ന എൻജിഒയുടെ കീഴിൽ സർക്കാർ ഗ്രാന്റോടെ പ്രവർത്തിച്ചിരുന്ന ഇൻസൈറ്റ് എന്ന പദ്ധതി ഇപ്പോൾ ഏറെ കുറെ നിലച്ച മട്ടാണ്. പദ്ധതി പുതുക്കണമെന്ന് അപേക്ഷിച്ച് ചെന്ന ഇൻസൈറ്റിന്റെ ചുമതലയുള്ള കേരള ഫെഡറേഷൻ എന്ന സംഘടയിലെ അംഗങ്ങളോട് വകുപ്പ് സെക്രട്ടറി മോശമായ ഭാഷയിലാണ് പ്രതികരിച്ചത്രേത.

കമ്പ്യൂട്ടർ, സ്മാർട്ഫോൺ പരിശീലനം, കാഴ്ചാപരിമിതരായ കുട്ടികളുടെയും അദ്ധ്യാപകരുടെയും വിദ്യാഭാസപരമായ വിഷയങ്ങളിൽ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സഹായം, തൊഴിലന്വേഷകർക്കായുള്ള വിവിധ സേവനങ്ങൾ, കൂടാതെ കാഴ്ചാ പരിമിതിയുള്ള ഏതൊരു വ്യക്തിക്കും എന്ത് സാങ്കേതിക സഹായത്തിനും നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടാവുന്ന ഹെല്പ് ഡെസ്‌ക് തുടങ്ങി ഒരു സർക്കാർ സംവിധാനത്തിനു കീഴിൽ ഇത്തരം സേവനങ്ങൾ നൽകുന്ന ഇന്ത്യയിലെ തന്നെ ഏക പദ്ധതിയായിരുന്നു ഇൻസൈറ്റ്. എന്നാൽ പെട്ടെന്ന് സർക്കാർ പദ്ധതി നിർത്തലാക്കി.

ഇപ്പോൾ പതിനൊന്ന് മാസക്കാലമായി പദ്ധതി നടത്തിപ്പിന് സർക്കാരിന്റെ ഗ്രാന്റ് ലഭിച്ചിട്ട്. പദ്ധതി നിർത്തലാക്കിയതിന് വ്യക്തമായ കാരണം പോലും ഇല്ല സർക്കാറിന് പറയാൻ എന്നതാണ് ദുഃഖകരമായ കാര്യം. മുട്ടുന്യായങ്ങൾ പറഞ്ഞാണ് സർക്കാർ ഈ പദ്ധതിക്ക് ഗ്രാന്റ് നിഷേധിച്ചിരിക്കുന്നത്. സർക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഈ അനാസ്ഥകാരണം നഷ്ടമായത് കാഴ്ചാ പരിമിതികളുള്ള നൂറുകണക്കിന് മുതിർന്നവരും വിദ്യാർത്ഥികളടക്കമുള്ളവരുടെ പഠനമാണ്. ബാക്കിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും അറിവ് നേടാൻ പല വഴികൾ ഉണ്ടെങ്കിലും വൈകല്യത്തെ അതിജീവിച്ച് കഴിയുന്ന ഇവർക്ക് ആകെ അറിവ് നേടാനുള്ള ഏക വഴിയായിരുന്നു ഇൻസൈറ്റ്.

സ്‌കൂൾ അവധിയായപ്പോൾ കാഴ്ചാ വൈകല്യമുള്ള നിരവധി കുട്ടികളാണ് പദ്ധതിയുടെ പ്രവർത്തനം ഭാഗികമായി നിലച്ചെന്ന് അറിയാതെ ഇൻസൈറ്റിനെ സമീപിച്ചത്. എന്നാൽ പദ്ധതിയുടെ പ്രവർത്തനം അവസാനിച്ചെന്ന് പറഞ്ഞ് അവരെ നിരാശപ്പെടുത്താൻ സംഘാടകർക്കായില്ല. ഗവൺമെന്റ് യാതൊരു വിധ സാമ്പത്തിക സഹായവും ഇപ്പോൾ നൽകുന്നില്ലെങ്കിലും തങ്ങളുടെ കയ്യിൽ നിന്നും പണം ചെലവാക്കി പല തരത്തിലുള്ള ആവശ്യവുമായി വരുന്നവർക്കുള്ള സഹായം തുടരുകയാണ് സംഘടനയും 10 മാസമായി ശമ്പളം ലഭിക്കാത്ത ജീവനക്കാരും. സാമൂഹിക നീതി വകുപ്പിലെ ഉന്നതരുടെ ഇടപെടൽ മൂലമാണ് പദ്ധതി ഈ അവസ്ഥയിലേക്ക് കൂപ്പ് കുത്തിയതെന്ന് കേരള ഫെഡറേഷൻ ഓഫ് ബ്ലൈഡ്സ് ആരോപിക്കുന്നത്.

ആദ്യം പദ്ധതിയെ മുന്നോട്ടു കൊണ്ടുപോയ എൻജിഒയെ പദ്ധതിയിൽനിന്നും മാറ്റി മറ്റൊരു എൻജിഒയെ പദ്ധതി നടത്തിപ്പ് ഏൽപ്പിച്ചതാണ് ഉന്നതരെ പിണക്കിയതെന്നാണ് സൂചന. വകുപ്പ് മന്ത്രിയെ അടക്കം കണ്ട് പരാതി സമർപ്പിച്ചിട്ടും ഇതുവരെ സർക്കാറിന്റെ ഭാഗത്ത് നിന്നും യാതൊരു അനുകൂല തീരുമാനവും ഉണ്ടായിട്ടില്ല. സംഘടനയുടെ നടത്തിപ്പ് സർക്കാർ അന്വേഷിക്കുന്നണ്ടെന്ന സ്ഥിരം വാദമല്ലാതെ സർക്കാറിന് പറയാൻ മറ്റൊന്നുമില്ല. അന്വേഷണം കുറെ നടന്നെങ്കിലും അനുകൂല നിലപാട് സംഘടനയ്ക്ക് ആയിട്ടും അത് സമ്മതിക്കാനോ വേണ്ട നീക്ക് പോക്കുകൾ നടത്താനോ അധികൃതരും തയ്യാറായില്ല.

2007 മേയിൽ  ഐടി മിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയായ ഇൻസൈറ്റ് പദ്ധതിക്ക് ആദ്യകാലത്ത് സ്പെയ്സ് എന്ന സംഘനയാണ് ചുക്കാൻ പിടിച്ചത്. തുടർന്ന് നവംബർ മാസത്തിലാണ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന് ഇതിന്റെ നടത്തിപ്പ് നല്കിയത്. ഐടി മിഷനിൽ നിന്നും പിന്നീട് സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലായ പദ്ധതി മികച്ച രീതിയിൽ തന്നെ പ്രവർത്തനം നടത്തി. കാഴ്ചാ വൈകല്യമുള്ള എല്ലാ വിഭാഗക്കാർക്കും സാങ്കേതിക വിദ്യ ഉപയോഗിച്ച് മികച്ച രീതിയിലുള്ള പരിശീലനം നൽകാൻ ഇൻസൈറ്റ് പദ്ധതിക്കായി. അവരുടെ ഏത് ആവശ്യങ്ങളും പെട്ടെന്ന് തന്നെ ചെയ്തുകൊടുക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധ നൽകി. പ്രത്യേക പരിശീലനം നേടിയ ആളുകളാണ് കാഴ്ചാ വൈകല്യമുള്ളവർക്കായി ക്ലാസുകൾ നൽകിയത്. സർക്കാർ പ്രത്യേക താൽപ്പര്യമെടുത്ത് നടപ്പിൽ വരുത്തിയ പദ്ധതിയായിരുന്നു ഇൻസൈറ്റ്.

2018 ജനുവരി മൂന്നിന് കൂടിയ വർക്കിങ് ഗ്രൂപ്പ് മീറ്റിംഗിൽ ഈ പദ്ധതിയുടെ പ്രൊപ്പോസൽ സാമൂഹിക നീതി ഡയറക്ടറേറ്റിൽ നിന്നും സമർപ്പിക്കുകയുണ്ടായി. എന്നാൽ ഒരു കാരണവും സൂചിപ്പിക്കാതെ പദ്ധതിക്കായി സമർപ്പിച്ച പ്രൊപ്പോസൽ വർക്കിങ് ഗ്രൂപ്പിൽ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന്റെ എതിർപ്പിനെ തുടർന്ന് പാസ്സാക്കിയില്ലായെന്നാണ് ഇവർക്ക് അറിയാൻ കഴിഞ്ഞത്. സാമൂഹ്യ നീതി ഡയറക്റ്ററേറ്റിൽ സെക്ഷൻ ക്ലാർക്ക് മുതൽ ഡയറക്ടർ വരെ കണ്ട് ബോധ്യപ്പെട്ട പ്രപ്പോസൽ വർക്കിങ് ഗ്രൂപ്പിൽ കാരണമൊന്നും ബോധിപ്പിക്കാതെ നിരസിച്ചതിൽ ദുരൂഹതയുണ്ടെന്ന് കെഎഫ്ബി പറയുന്നു. പദ്ധതി പുതുക്കി നല്കാതിരിക്കുവാൻ അദ്ദേഹം കെഎഫ്ബിയെ പറ്റി തെറ്റിധാരണ പരത്തുവാൻ ശ്രമിക്കുകയാണന്ന് അംഗങ്ങൾ പറയുന്നു. പദ്ധതി പുതുക്കുന്നതുമായി ബന്ധപ്പെട്ട് കെഎഫ് ബി അധികൃതർ (ജനറൽ സെക്രട്ടറി ആർ. ശശിധരൻപിള്ള, സെക്രട്ടറി സജീവൻ സി) സെക്രട്ടറിയായ ബിജു പ്രഭാകറെ സന്ദർശിച്ചപ്പോൾ വളരെ മോശമായ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചതത്രേ.

ബ്ലൈൻഡിനു ബിരിയാണി തിന്നുവാനല്ല സർക്കാരിന്റെ പൈസ എന്നും നിങ്ങൾ 2013 മുതൽ റിപ്പോർട്ട് ഒന്നും സമർപ്പിച്ചിട്ടില്ല എന്നുമാണ് അദ്ദേഹം ഇവരോട് പറഞ്ഞത്. ഓരോ വർഷത്തെയും ഫണ്ട് 3 ഗഡുക്കളായാണ് കെഎഫ്ബിക്ക് അനുവദിക്കുന്നത്. ഓരോ പുതിയ ഗഡു അനുവദിച്ചു തരണമെങ്കിലും അതിനു മുൻപ് കിട്ടിയ ഗഡുവിന്റെ വിശദമായ റിപ്പോർട്ടും കണക്കുകളുടെ ഓഡിറ്റഡ് സ്റ്റേറ്റ്മെന്റുകളും നൽകേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ കെഎഫ്ബി റിപോർട്ടുകൾ നൽകിയിട്ടില്ല എന്ന ഇദ്ദേഹത്തിന്റെ വാദം കളവാണ് എന്നിവർ പറയുന്നു. വകുപ്പ് സെക്രട്ടറിയിൽ നിന്നും കെഎഫ്ബിക്ക് നേരിട്ട മോശം അനുഭവം മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും അവർ അതിനെ നിസ്സാരവത്കരിക്കാനേ ശ്രമിച്ചുള്ളൂവെന്നും ഇവർ വിഷമത്തോടെ ഓർക്കുന്നു.

വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും ഇദ്ദേഹത്തെ വിളിച്ചപ്പോൾ കെ എഫ് ബി വിജിലൻസ് അന്വേഷണം നേരിടുന്ന സംഘടനയാണ് എന്ന് ബിജു ധരിപ്പിച്ചു എന്ന് ഇവർ ആരോപിക്കുന്നു. 2017 ജൂൺ 19വരെയുള്ള സകല റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ടെന്നും മറ്റും കെഎഫ്ബി ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നെണ്ടെങ്കിലും വകുപ്പ് സെക്രട്ടറി ഇത്തരത്തിൽ തെറ്റിധാരണ പരത്തുന്നത് കാരണം മന്ത്രിയുടെ ഓഫീസും ഡയറക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ അനുഭാവപൂർണമായ നിലപാടെടുക്കുവാൻ മടിക്കുകയാണന്ന് ഇവർ പറയുന്നു.

ഇദ്ദേഹം ഇത്തരത്തിൽ പ്രവർത്തിക്കുന്നത് മറ്റാരെയെങ്കിലും സഹായിക്കാനാണോയെന്ന് കാഴ്ചയില്ലാത്ത ഇതിലെ പലർക്കും സംശയമുണ്ട്. ആദ്യകാലത്ത് പദ്ധതി മറ്റൊരു എൻജിഒയുടെ ചുമതലയിൽ ആയിരുന്നു. ഇവരിൽ നിന്നും കാര്യക്ഷമമായ സേവനം ലഭിക്കാതെ വന്നപ്പോൾ കാഴ്ചയില്ലാത്ത ഗുണഭോക്താക്കളും ഡി വൈ എഫ് ഐ നേതൃത്വവും 2013 ൽ സമരം ചെയ്തതിനെ തുടർന്നാണ് പദ്ധതിയുടെ നടത്തിപ്പ് കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിനെ സർക്കാർ ഏൽപ്പിക്കുന്നത്. ഇതും വിരോധത്തിന് കാരണമായേക്കാമെന്ന് ഇവർ കരുതുന്നു.

ശാരീരികമായുള്ള വൈകല്യത്തെ സാങ്കേതികവിദ്യ ഉപയോഗിച്ചു മറികടന്ന് ലോകത്തിനു അമൂല്യമായ സംഭാവനകൾ നൽകി കടന്നു പോയ സ്റ്റീഫൻ ഹോക്കിങ് മുതൽ കഴിഞ്ഞ ദിവസം സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാഴ്ചാപരിമിതിയെ തോൽപ്പിച്ച് എറണാകുളം സബ് കളക്ടറായി ചുമതലയേറ്റ പ്രജ്ഞാൽ പാട്ടീൽ വരെ നമ്മുടെ മുന്നിൽ തിളങ്ങുന്ന ഉദാഹരങ്ങളായി നിൽക്കുമ്പോഴാണ് നമ്മുടെ നാട്ടിൽ ഗുരുതരമായ ഈ ഒരു അനാസ്ഥ അരങ്ങേറുന്നത്. ഈ അനാസ്ഥ സർക്കാർ ഗൗരവമായി എടുത്ത് കാഴ്ചാ പരിമിതരുടെ വൈഷമ്യങ്ങൾ പരിഹരിക്കണമെന്നാണ് കേരള ഫെഡറേഷൻ ഓഫ് ബ്ലൈഡിന്റെ ആവശ്യം. അന്ധരായ കുട്ടികൾ ഉൾപെടെയുള്ളവർക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന പദ്ധതി എത്രയും വേഗം തിരിച്ച് കൊണ്ടുവരണമെന്നും ഇതിന് സർക്കാർ ഉടനടി നീക്കുപോക്കുണ്ടാക്കണമെന്നും ഇവർ അഭ്യർത്ഥിക്കുന്നു.

51 വർഷമായി അന്ധർക്കും കാഴ്‌ച്ചാ പരിമിതർക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്. ഇത്തരത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടന കൂടിയാണ് ഇത്. കാഴ്ചയില്ലാത്തവരുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്. മികച്ച സേവനത്തിന് ഇന്ത്യൻ പ്രസിഡിന്റെ അവാർഡ് രണ്ടു വട്ടം നേടിയിട്ടുള്ള കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്് സംസ്ഥാന സർക്കാരിന്റെ അവാർഡുകളും പല തവണ ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഇവരുടെ മേൽ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് പദ്ധതി അവസാനിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ഇൻസൈറ്റിന്റെ കോർഡിനേറ്റർ ജെയിംസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP