Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാർപാപ്പയുടെ തീരുമാനം മാർ ആലഞ്ചേരിയുടെ നിർദേശ പ്രകാരം; ഭൂമി വിവാദം ചൂടുപിടിച്ചു നിന്നപ്പോൾ മാർ എടയന്ത്രത്തിന് സിനഡ് ചേർന്ന് നൽകിയ എല്ലാ അധികാരങ്ങളും പോപ്പ് തിരിച്ചെടുത്തു; വിമത പ്രവർത്തനം നടത്തിയ വൈദിക സമിതിയെ പിരിച്ചുവിട്ടു; പോപ്പിന്റെ പ്രതിനിധി മാർ മാനത്തോടത്തിന് അയച്ച അതീവ രഹസ്യ കത്തിന്റെ കോപ്പി മറുനാടൻ പുറത്തുവിടുന്നു; ആലഞ്ചരിയെ പുറത്താക്കാൻ രംഗത്തിറങ്ങിയ വിമത വൈദികർക്കും മാർ എടയന്ത്രത്തിനും വത്തിക്കാൻ പണി കൊടുത്തത് ഇങ്ങനെ

മാർപാപ്പയുടെ തീരുമാനം മാർ ആലഞ്ചേരിയുടെ നിർദേശ പ്രകാരം; ഭൂമി വിവാദം ചൂടുപിടിച്ചു നിന്നപ്പോൾ മാർ എടയന്ത്രത്തിന് സിനഡ് ചേർന്ന് നൽകിയ എല്ലാ അധികാരങ്ങളും പോപ്പ് തിരിച്ചെടുത്തു; വിമത പ്രവർത്തനം നടത്തിയ വൈദിക സമിതിയെ പിരിച്ചുവിട്ടു; പോപ്പിന്റെ പ്രതിനിധി മാർ മാനത്തോടത്തിന് അയച്ച അതീവ രഹസ്യ കത്തിന്റെ കോപ്പി മറുനാടൻ പുറത്തുവിടുന്നു; ആലഞ്ചരിയെ പുറത്താക്കാൻ രംഗത്തിറങ്ങിയ വിമത വൈദികർക്കും മാർ എടയന്ത്രത്തിനും വത്തിക്കാൻ പണി കൊടുത്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സീറോ മലബാർ സഭയിലെ വിമത പ്രവർത്തനങ്ങളിൽ ഫ്രാൻസിസ് മാർപ്പാപ്പ ഇടപെട്ടുവെന്ന വാർത്ത പുറത്തുവന്നത് ഇന്നാണ്. കർദിനാളിന് എറണാകുളം - അങ്കമാലി അതിരൂപതകളിലെ അധികാരങ്ങൾ കുറച്ചത് മറുവിഭാഗം നേട്ടമായി ആഘോഷിക്കുമ്പോൾ തന്നെ വാസ്തവം മറ്റൊന്നാണെന്ന് ബോധ്യമാകുന്നു. താൽക്കാലിക വെടിനിർത്തലിന് ഉതകുന്ന വിധത്തിൽ കാര്യങ്ങൾ വരാൻ വേണ്ടി കർദിനാൾ മാർ ആലഞ്ചേരി തന്നെയാണ് വിഷയത്തിൽ ഇടപെടൽ നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നു. സഭയിലെ അധികാരമാറ്റങ്ങൾ സംബന്ധിച്ച തീരുമാനം മാർപ്പാപ്പ കൈക്കൊണ്ടത് മാർ ആലഞ്ചേരിയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് വ്യക്തമാകുന്നത്. ഇത് വ്യക്തമാക്കുന്ന രഹ്യ കത്തിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. ആലഞ്ചേരിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘാധ്യക്ഷൻ കാർഡിനൽ ലിയനാർഡോ സാന്ദ്രീ നൽകിയ കത്തിൽ വ്യക്തമാക്കുന്നത്. ഇതോടെ മാർ ആലഞ്ചേരിക്കെതിരെ പടനയിച്ച വൈദികർക്കെതിരെയാണ് നടപടികൾ എന്ന് വ്യക്തമായി.

സീറോ മലബാർ സഭയിലെ ഭൂമിവിവാദത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങളിൽ നടപടിക്ക് നിർദ്ദേശിച്ചത് മാർ ആലഞ്ചേരി തന്നെയായിരുന്നു. അദ്ദേഹം തന്നെയാണ് എടയന്ത്രത്തിന്റെ പകരക്കാരനായി മാർ മാനത്തോടത്തിനെ നിയമിക്കാൻ ആവശ്യപ്പെട്ടതും. ജനുവരിയിൽ സീറോമലബാർ സിനഡ് മാർ എടയന്ത്രത്തിന് നൽകിയ എല്ലാഅധികാരങ്ങളും വത്തിക്കാൻ തിരിച്ചെടുത്തുക്കുന്നതായും മാനത്തോടത്തിന്റെ നിയമന ഉത്തരവിൽ പറയുന്നത്. ഇത് കൂടാതെ വിമത പ്രവർത്തനം നടത്തിയ വൈദികസമിതി പിരിച്ചു വിടുന്നതായും വ്യക്തമാക്കുന്നു. ഇതോടെ ആലഞ്ചേരിയെ പുറത്താക്കാൻ വേണ്ടി രംഗത്തിറങ്ങിയവർക്ക് തന്നെയാണ് തിരിച്ചടിയെന്നാണ് വ്യക്തമാക്കുന്നത്.

ഫലത്തിൽ മറുനാടന് ലഭിച്ച കത്തിന്റെ പകർപ്പിൽ നിന്നും വ്യക്തമാകുന്നത് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതലയിൽ ഒരു കാരണ വശാലും സഹായ മെത്രാന്മാർക്ക് പങ്കുണ്ടാകില്ലെന്നാണ്. കർദിനാളിനെതിരെ പടനയിച്ച സഹായമെത്രാന്മാർ മാറ്റുന്ന തീരുമാനം കൈക്കൊണ്ടതോടെ സഭയിൽ ആലഞ്ചേരി കൂടുതൽ കരുത്തനായി. കൂടാതെ വത്തിക്കാൻ അദ്ദേഹത്തിനൊപ്പമാണെന്ന കൃത്യമായ സന്ദേശം നൽകാനും സാധിക്കു. സീറോ മലബാർ സഭയിലെ അധികാര വടംവലി തന്നെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. ഇതോടെയാണ് പാലക്കാട് രൂപത മെത്രാൻ ജേക്കബ് മനന്തോടത്തിനെ അതിരൂപത അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചു കൊണ്ട് മാർപ്പാപ്പ തീരുാനം കൈക്കൊണ്ടത്. അതിരൂപതാ വൈദിക സമിതി അടക്കമുള്ള കാനോനിക സമിതികൾ പിരിച്ചുവിട്ടതും വിമത പ്രവർത്തനങ്ങൾ തടയിടുക എന്ന ലക്ഷ്യത്തോടെയാണഅ.

കർദിനാൾ ജോർജ് ആലഞ്ചേരി അതിരൂപത ആർച്ച് ബിഷപ്പായി തുടരുമെന്നും മാർപാപ്പയുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ അധികാരം കുറച്ചാലെങ്കിലും പ്രശ്‌നം തീരട്ടെ എന്നു കരുതിയുള്ള സ്ഥാനത്യാഗമായിരുന്നു ആലഞ്ചേരി പിതാവ് കൈക്കൊണ്ടത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവടവിവാദം ലിറ്റർജിയുടെയും അധികാര തർക്കത്തിന്റെയും ഭാഗമാണെന്ന് വത്തിക്കാന് ബോധ്യമായിട്ടുണ്ട്. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തലവൻ കർദിനാൾ ലയനാ ദ്രോസാന്ദ്ര മാർപാപ്പയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ചാണ് ആലഞ്ചേരിയെ വിശ്വാസത്തിലെടുത്ത് നടപടികൾ സ്വീകരിച്ചത്.

ആലഞ്ചേരിയെ സമ്മർദ്ദത്തിലാക്കിയാണ് വിമതപക്ഷം സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനായി അധികാരം നേടിയെടുത്തത്. ഇങ്ങനെ ഭീഷണിപ്പെടുത്തി വാങ്ങിയ പുതിയ അപ്പോസ്തലിക്ക് അഡ്‌മിനിസ്ട്രേറ്റീവ് പദവിയും അദ്ദേഹത്തിന് കൈമോശം വന്നതും. ഇപ്പോഴത്തെ നിലയ്ക്ക് നിലവിൽ അധികാരങ്ങളില്ലാതെ തുടരുന്ന എടയന്ത്രത്തിനെയും അടക്കമുള്ള വിമതർക്കതിരെ അധികം താമസിയാതെ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഓഗസ്റ്റിൽ ചേരുന്ന സിനഡ് നാല് മെത്രാന്മാർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സൂചനയാണ് വത്തിക്കാൻ നൽകുന്നത്.

വൈദിക സമിതി, പാസ്റ്ററൽ കൗൺസിൽ എന്നിവയടക്കം അതിരൂപതയിലെ കാനോനിക സമിതികൾ പിരിച്ചുവിട്ടതായാണ് ഉത്തരവിൽ പറയുന്നത്. വികാരി ജനറൽമാരടക്കം കൂരിയ പിരിച്ചുവിട്ടതായും ഉത്തരവ് വ്യക്തമാക്കുന്നു. ഈ കൂരിയ ആയിരുന്നു ആലഞ്ചേരിയെ പ്രതിക്കൂട്ടിലാക്കുന്ന നടപടി കൈക്കൊണ്ടത്. കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കാൻ വത്തിക്കാൻ സിറോ മലബാർ സഭാ സിനഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നടപടികൾ കൈക്കൊള്ളുന്ന കാര്യത്തിൽല അടക്കം കർദിനാൡന് മുഖ്യറോൾ ലഭിക്കുമെന്നതും ഉറപ്പാണ്.

അതേസമയം സഭയിലെ ആഭ്യന്തര കാര്യങ്ങൾ സംബന്ധിച്ച അതീവ രഹസ്യമായ കത്ത് ചോർന്നതും വരും ദിവസങ്ങളിൽ വിവാദങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ട്. സഭയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിർദ്ദേശിച്ചുള്ള കത്ത് ചോർന്നത് വത്തിക്കാനും ഗൗരവത്തിൽ എടുത്തേക്കും. ഈ കത്തു ചോർന്നത് എങ്ങനെയെന്നും വത്തിക്കാന്റെ അന്വേഷണ പരിധിയിൽ വന്നേക്കും. സ്വതന്ത്ര സഭയായ സീറോ മലബാർ സഭയിൽ വത്തിക്കാൻ കൂടുതൽ ഇടപെടൽ നടത്തുമെന്ന കൃത്യമായി സൂചനയും ഇപ്പോഴത്തെ സംഭവ വികാസങ്ങളോടെ ഉണ്ടായിട്ടുണ്ട്.

മാർ ജേക്കബ് മനത്തോടത്തിന്റെ സ്ഥാനാരോഹണം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ വച്ചാണ് നടക്കുക. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ജാംബത്തിസ്ത ദിക്വാത്രോയുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി അദ്ദേഹം സ്ഥാനം ഏറ്റെടുക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ കോടംതുരുത്തിൽ 1947 ഫെബ്രുവരി 22 -നാണ് മാർ മനത്തോടത്തിന്റെ ജനനം. പരേതരായ കുര്യനും-കത്രീന ദന്പതികളുടെ മകനാണ്. കോടംതുരുത്ത് എൽപി സ്‌കൂൾ, കുത്തിയതോട് ഇസിഇകെ യൂണിയൻ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എറണാകുളം സേക്രഡ് ഹാർട്ട് മൈനർ സെമിനാരിയിൽ ചേർന്നു. പൂണെ പേപ്പൽ സെമിനാരിയിൽ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി.

1972 നവംബർ നാലിന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ദൈവാലയത്തിൽ അസിസ്റ്റന്റ് വികാരിയായും കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറിയായും സേവനം ചെയ്ത ശേഷം റോമിലെ പ്രസിദ്ധമായ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. എറണാകുളം അതിരൂപതാ സെക്രട്ടറി, കർദിനാൾ മാർ ആന്റണി പടിയറയുടെ സെക്രട്ടറി, അതിരൂപതാ കോടതിയിലെ നീതി സംരക്ഷകൻ, ബന്ധ സംരക്ഷകൻ, അതിരൂപതാ ചാൻസലർ, ആലോചനാസമിതി അംഗം, 'സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ'യുടെ എക്സിക്യൂട്ടീവ് സെക്രട്ടറി, എളമക്കര, ചെന്പ് പള്ളികളിൽ വികാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി അദ്ധ്യാപകൻ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തു.

1992 നവംബർ 28 -ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. പിന്നീട് 1996 നവംബർ 11 -ന് പാലക്കാട് രൂപതയുടെ മെത്രാനായി നിയമിതനായി. നിലവിൽ സിബിസിഐ ഹെൽത്ത് കമ്മീഷൻ അംഗം, സീറോ മലബാർ വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ എന്ന നിലകളിലും ശുശ്രൂഷ ചെയ്തുവരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP