Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി സർക്കാറിനെ ഭയന്ന് കോർപ്പറേറ്റ് മാധ്യമങ്ങൾ; അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലെ 745.59 കോടിയുടെ നിക്ഷേപം സംബന്ധിച്ച വാർത്ത തെളിവുണ്ടായിട്ടും മുക്കി വൻകിട സ്ഥാപനങ്ങൾ; റിലയൻസിന്റെ സ്ഥാപനങ്ങളും ന്യൂ ഇന്ത്യൻ എക്സ്‌പ്രസും വാർത്ത പിൻവലിച്ചു; ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധമെന്ന് ആരോപിച്ച് കോൺഗ്രസ്

മോദി സർക്കാറിനെ ഭയന്ന് കോർപ്പറേറ്റ് മാധ്യമങ്ങൾ; അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലെ 745.59 കോടിയുടെ നിക്ഷേപം സംബന്ധിച്ച വാർത്ത തെളിവുണ്ടായിട്ടും മുക്കി വൻകിട സ്ഥാപനങ്ങൾ; റിലയൻസിന്റെ സ്ഥാപനങ്ങളും ന്യൂ ഇന്ത്യൻ എക്സ്‌പ്രസും വാർത്ത പിൻവലിച്ചു; ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധമെന്ന് ആരോപിച്ച് കോൺഗ്രസ്

ന്യൂഡൽഹി: മോദി സർക്കാർ ദേശീയ മാധ്യമങ്ങളെ വിലയ്ക്കെടുത്തെന്ന ആരോപണം അടുത്തിടെ ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. സർക്കാറിന് സ്തുതിപാടാത്ത മാധ്യമങ്ങളെ ആക്രമിക്കുന്ന നിലപാടാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്് ഷാക്കും കൂട്ടർക്കുമുള്ളതെന്നുമാണ് ആരോപണം. ഈ ആരോപണത്തെ ശക്തമാക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവന്നു. നോട്ടു നിരോധാനവുമായി ബന്ധപ്പെട്ട് ബിജെപി വലിയ തോതിൽ അഴിമതി നടത്തിയെന്ന ആരോപണങ്ങളെ ശരിവെക്കുന്ന വാർത്തകളാണ് പുറത്തുവന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ഡയറക്ടറായ ബാങ്കിൽ നോട്ടു നിരോധനത്തിന് ശേഷം 745.59 കോടിയുടെ നിക്ഷേപം വന്നുവെന്നാണ് വ്യക്തമായത്. ഇത് സംബന്ധിച്ച് വിവരാവകാശ പ്രകാരമുള്ള വാർത്ത പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകം ദേശീയ മാധ്യമങ്ങൽ പിൻവലിച്ചു.

അമിത് ഷാ ഡയറക്ടറായ സഹകരണബാങ്കിലാണ് നോട്ടുനിരോധനത്തിന് ശേഷം ഏറ്റവും കൂടുതൽ അസാധുനോട്ടുകൾ എത്തിയതെന്ന വാർത്തയാണ് ദേശീയ മാധ്യമങ്ങളായ ടൈംസ് നൗ, ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിലയൻസിന്റെ മാധ്യമ സ്ഥാപനങ്ങളായ ന്യൂസ് 18, ഫസ്റ്റ് പോസ്റ്റ് എന്നിവയാണ് പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകം വാർത്ത പിൻവലിച്ചത്. വാർത്ത പിൻവലിച്ചതിനെക്കുറിച്ച് യാതൊരു വിശദീകരണങ്ങളും എഡിറ്റർമാർ നൽകിയിട്ടില്ല.

നോട്ട് നിരോധനത്തിന് ശേഷമുള്ള തുടർച്ചയായ അഞ്ചു ദിവസങ്ങളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൽ 745.59 കോടിയുടെ നിക്ഷേപമെത്തിയിരുന്നു.വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിലാണ് ദേശീയ കാർഷിക ഗ്രാമവികസന ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. നോട്ടു നിരോധനത്തിന് പിന്നാലെയാണ് സഹകരണ ബാങ്കുകൾ വഴിയുള്ള നോട്ട് വിനിമയം കേന്ദ്രസർക്കാർ വിലക്കിയതും. സഹകരണ ബാങ്കുകൾ വഴി കള്ളപ്പണം കൈമാറാൻ സാധ്യതയുണ്ടെന്ന് വിശദീകരിച്ചായിരുന്നു കേന്ദ്രത്തിന്റെ ഈ നീക്കം. ഈ വാർത്തയാണ് ഇന്നലെയും ഇന്നുമായി വലിയ പ്രാധാന്യത്തോടെ മിക്ക മാധ്യമങ്ങളും നൽകിയത്.

ബിജെപി ദേശീയ നേതാക്കൾക്കെതിരെയുള്ള വാർത്തകൾ രാജ്യത്തെ പ്രധാന മാധ്യമങ്ങൾ മുക്കുന്നത് ഇതാദ്യമായല്ല. 2017 ജൂലൈയിൽ അമിത് ഷായുടെ ആസ്തി കഴിഞ്ഞ അഞ്ചുവർഷത്തെക്കാൾ 300ശതമാനം വർധിച്ചുവെന്ന വാർത്ത ടൈംസ് ഓഫ് ഇന്ത്യയുടെ അഹമ്മദാബാദ് എഡിഷൻ പ്രസിദ്ധീകരിക്കുകയും അധികം വൈകാതെ തന്നെ ആ വാർത്ത പിൻവലിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ബിരുദം പൂർത്തിയാക്കിയിട്ടില്ല എന്ന വാർത്ത ഡിഎൻഎയും, ഔട്ട് ലൂക്കിന്റെ ഹിന്ദി വെബ്സൈറ്റും പ്രസിദ്ധീകരിക്കുകയും യാതൊരു വിശദീകരവും നൽകാതെ പിൻവലിക്കുകയും ചെയ്തു. 2017 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വാർത്തയും ടൈംസ് ഓഫ് ഇന്ത്യ ഇത്തരത്തിൽ മുക്കിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ ജയ്പൂർ എഡിഷൻ നരേന്ദ്രമോദി സർക്കാരിന്റെ പ്രധാന മന്ത്രി ഫാസൽ ബിമായോജന പദ്ധതിയെ വിമർശിച്ചെഴുതിയ ലേഖനമാണ് വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തത്.

അമിത് ഷാ ദീർഘകാലമായി എഡിസിബി ബാങ്കിന്റെ ഡയറക്ടർ പദവിയിൽ തുടരുന്നുണ്ടെന്നാണ് വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരം. 2000ത്തിൽ ബാങ്കിന്റെ ചെയർമാനും ആയിരുന്നു. 2017 മാർച്ച് 31ന് എഡിസിബിയുടെ ആകെ നിക്ഷേപം 5050 കോടിയാണ്. 2016ലെ അറ്റാദായമാകട്ടെ 14.31 കോടിയും. ഗുജറാത്തിലെ ജില്ലാ സഹകരണ ബാങ്കുകളിൽ ലഭിച്ച അസാധു നോട്ട് നിക്ഷേപത്തിന്റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് വിവരാവകാശപ്രകാരം മറുപടി നേടിയ മനോരഞ്ജൻ എസ്. റോയ് വ്യക്തമാക്കി. ദേശീയ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ചീഫ് ജനറൽ മാനേജരും മേലധികാരിയുമായ എസ്. ശരവണവേലാണ് റോയിയുടെ വിവരാവകാശരേഖയ്ക്ക് മറുപടി നൽകിയത്.

അതേസമയം വിഷയം രാഷ്ട്രീയ വിവാദമാക്കി ഉയർത്തിക്കൊണ്ടുവരാനാണ് കോൺഗ്രസിന്റെ ശ്രമം. ബിജെപി.യും അതിന്റെ സഖ്യകക്ഷികളും ചേർന്ന് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളിൽ 14,293.71 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നുവെന്ന് കോൺഗ്രസ് വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളുമായി വെച്ച് നോക്കുമ്പോൾ ഏറ്റവും വലിയ തുക. ജനങ്ങളെ വിഡ്ഢികളാക്കി ബിജെപി ഏറ്റവും വലിയ അഴിമതി നടത്തിയിരിക്കുന്നെന്നും കോൺഗ്രസ് പ്രതികരിച്ചു.

2018 മെയ് 7 ന് ലഭിച്ച വിവരാകശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് നോട്ട് നിരോധനത്തിന്റെ യഥാർത്ഥ ചിത്രം പുറത്തു വരുന്നത്. മുംബൈയിലെ വിവരാവകാശ പ്രവർത്തകൻ മനോരഞ്ജൻ എസ്. റോയിയുടെ ചോദ്യത്തിന് മറുപടിയായി നബാർഡിന്റെ ചീഫ് ജനറൽ മാനേജർ എസ്. ശരവണവേൽ ആണ് സഹകരണ ബാങ്കിലെ അസാധുനോട്ട് നിക്ഷേപത്തിന്റെ കണക്കുകൾ നൽകിയത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനത്തിലൂടെ നടന്നതെന്ന് കോൺഗ്രസ് തെളിവുകൾ നിരത്തി ആരോപിക്കുന്നു.

അഹമ്മദാബാദ് ബാങ്കിനെ കൂടാതെ രാജ്കോട്ട് ജില്ലാ സഹകരണ ബാങ്ക് 693.19 കോടിയാണ് സമാഹരിച്ചത്. ഗുജറാത്തിലെ കാബിനറ്റ് മന്ത്രിയായ ജയേഷ് ഭായ് വിത്തൽ ഭായ് റദാദിയയാണ് ബാങ്കിന്റെ ചെയർമാൻ. ജയേഷ് ഭായിയുടെ പിതാവും മുൻ ബിജെപി എംപി കൂടിയായ വിത്തൽ ഭായ് റദാദിയ മറ്റൊരു ഡയറക്ടറാണ്. സൂറത്ത് ജില്ലാ സഹകരണ ബാങ്ക് 369.85 കോടിയുടെയും നിക്ഷേപം സ്വീകരിച്ചു. ബിജെപി എംപി പ്രഭുഭായ് നാഗർഭായ് പട്ടേൽ ആണ് ഡയറക്ടർ. ഇതടക്കം ബിജെപി ബന്ധമുള്ള സഹകരണ ബാങ്കുകളുടെ വിവരങ്ങളാണ് കോൺഗ്രസ് പുരത്തുവിട്ടത്.

നോട്ട് നിരോധിച്ചതിന് പിന്നാലെ ജില്ലാ സഹകരണ ബാങ്കുകൾക്ക് അസാധുനോട്ട് നിക്ഷേപമായി സ്വീകരിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും അഞ്ച് ദിവസം കഴിഞ്ഞപ്പോൾ അതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനോടകം തന്നെ ബിജെപി തങ്ങളുടെ നിയന്ത്രണത്തിലുള്ള ജില്ലാ സഹകരണ ബാങ്ക് കോടികളുടെ നിരോധിത നോട്ടുകൾ മാറിയെടുത്തിരുന്നുവെന്നാണ് പുറത്ത് വന്ന കണക്കുകൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP