Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ ഇന്റർവ്യൂ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്തു; മേഗന്റെ അച്ഛനെ പടിയടച്ച് ബ്രിട്ടീഷ് രാജകുടുംബം; കൊട്ടാര സന്ദർശനത്തിന് ക്ഷണം കാത്തിരുന്ന തോമസ് മാർകിളിന് നിരാശ; പ്രിൻസ് ഹാരിയും മേഗനും തള്ളിപ്പറഞ്ഞതായി റിപ്പോർട്ട്

ആ ഇന്റർവ്യൂ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്തു; മേഗന്റെ അച്ഛനെ പടിയടച്ച് ബ്രിട്ടീഷ് രാജകുടുംബം; കൊട്ടാര സന്ദർശനത്തിന് ക്ഷണം കാത്തിരുന്ന തോമസ് മാർകിളിന് നിരാശ; പ്രിൻസ് ഹാരിയും മേഗനും തള്ളിപ്പറഞ്ഞതായി റിപ്പോർട്ട്

ഹാരിയുടെ പത്നി മേഗൻ മാർകിളിന്റെ പിതാവും ഹോളിവുഡിലെ മുൻ ലൈറ്റിങ് ഡയറക്ടറുമായ തോമസ് മാർകിളിന് മകളുടെ ഭർത്തൃഗൃഹമെന്ന ബലത്തിൽ ബ്രിട്ടനിലെത്തി കൊട്ടാരം സന്ദർശിക്കാമെന്ന ആഗ്രഹം വെറും വ്യാമോഹമായിത്തീർന്നേക്കാമെന്ന് റിപ്പോർട്ട്. തോമസ് ഇക്കഴിഞ്ഞ ദിവസം ജിഎംബിക്ക് നൽകിയ പ്രത്യേക ഇന്റർവ്യൂ ആണ് അദ്ദേഹത്തിന് പാരയായിത്തീർന്നിരിക്കുന്നത്. മേഗനെയും ഹാരിയെയും പറ്റി ചില കാര്യങ്ങൾ സ്വന്തം നിലയിൽ അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞതുകൊട്ടാരത്തെ ചൊടിപ്പിച്ചതാണ് അദ്ദേഹത്തെ പടിക്ക് പുറത്ത് നിർത്താൻ ബ്രിട്ടീഷ് രാജകുടുംബത്തെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ഇതോടെ കൊട്ടാര സന്ദർശനത്തിന് ക്ഷണം കാത്തിരുന്ന മാർകിളിന് കടുത്ത നിരാശയാണുണ്ടായിരിക്കുന്നത്. ഇതിന് പുറമെ സാക്ഷാൽ പ്രിൻസ് ഹാരിയും മേഗനും തോമസിനെ തള്ളിപ്പറഞ്ഞതായും റിപ്പോർട്ടുണ്ട്.

ഹാരിയും മേഗനും കുട്ടികൾക്കായി തയ്യാറെടുക്കുന്നുവെന്നും ബ്രെക്സിറ്റിനെ കുറിച്ചുള്ള ഹാരിയുടെ കാഴ്ചപ്പാടുകളും തോമസ് ആ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.ഈ ആഴ്ച ആദ്യം ജിഎംബിയുടെ പിയേർസ് മോർഗനുമായാണ് തോമസ് സംസാരിച്ചിരുന്നത്. അനാരോഗ്യം കാരണം താൻ വിവാഹത്തിൽ പങ്കെടുക്കാത്തതിനാൽ ഫാദേർസ്ഡേയ്ക്ക് മേഗൻ തനിക്കൊരു കാർഡ് പോലും അയച്ചില്ലെന്നും അതിൽ താനാകെ നിരാശയിലാണെന്നും തോമസ് ഈ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ ഇന്റർവ്യൂക്കെതിരെ കൊട്ടാരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും അതിൽ തോമസിന് അതിശയമുണ്ടെന്നുമാണ് ഒരു ഉറവിടം വെളിപ്പെടുത്തുന്നത്.

യുകെയിലേക്ക് യാത്ര ചെയ്യാൻ തോമസ് ആഗ്രഹിക്കുന്നുവെന്നും അല്ലെങ്കിൽ ഹാരിയും മേഗനും തന്നെ വന്ന് കാണണമെന്ന് അദ്ദേഹം കൊതിക്കുന്നുണ്ടെന്നും ഹാരിയെ ഇതുവരെ നേരിൽ കാണാത്തതിൽ അദ്ദേഹത്തിന് നിരാശയുണ്ടെന്നും പ്രസ്തുത ഉറവിടം വെളിപ്പെടുത്തുന്നു. എന്നാൽ സംഭവങ്ങൾ ഇത്രയൊക്കെ എത്തിയിട്ടും കെൻസിങ്ടൺ പാലസ് ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. താൻ യുഎസിൽ തന്നെ തങ്ങാൻ തീരുമാനിച്ചുവെന്നറിയിച്ചപ്പോൾ മേഗൻ പൊട്ടിക്കരഞ്ഞിരുന്നുവെന്നും ലോകം ഉറ്റ് നോക്കിയ അഭിമുഖത്തിൽ തോമസ് വെളിപ്പെടുത്തിയിരുന്നു. ചെറിയൊരു ടിവി സ്‌ക്രീനിലൂടെ തന്റെ പ്രിയപുത്രി ഹാരിയെ വിവാഹം കഴിക്കുന്നത് കണ്ട താൻ കരഞ്ഞ് പോയെന്നും തോമസ് വെളിപ്പെടുത്തിയിരുന്നു.

മേഗനും ഹാരിയുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങളിലെ വിവരങ്ങൾ ഇന്റർവ്യൂവിലൂടെ തോമസ് പുറത്ത് വിട്ടതാണ് കൊട്ടാരത്തിന് അദ്ദേഹത്തോടുള്ള അസംതൃപ്തി വർധിക്കാൻ കാരണമായിരിക്കുന്നത്. താൻ ബ്രെക്സിറ്റിനോട് തുറന്ന മനോഭാവം പുലർത്തുന്നുവെന്ന ഹാരിയുടെ വ്യക്തിപരമായ നിലപാട് തോമസ് ടെലിവിഷനിലൂടെ വിളിച്ച് പറഞ്ഞതാണ് രാജകുടുംബത്തിന് അദ്ദേഹത്തോടുള്ള കടുത്ത അസംതൃപ്തിക്ക് കാരണമായിരിക്കുന്നതെന്നും സൂചനയുണ്ട്. രാജകുടുംബാംഗങ്ങൾ രാഷ്ട്രീയപരമായി നിഷ്പക്ഷത പാലിക്കണമെന്ന കീഴ് വഴക്കമാണ് ഇതിലൂടെ തോമസ് കാറ്റിൽ പറത്തിയിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

തന്റെ മകൾക്ക് കുട്ടികളോട് അതീവ് താൽപര്യമാണെന്നും അതിനാൽ ഹാരിയും മേഗനും ഉടൻ തന്നെ കുട്ടികൾക്കായി ശ്രമിക്കുമെന്നും തോമസ് വെട്ടിത്തുറന്നടിച്ചതും കൊട്ടാരത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഹാരിയും മേഗനും തമ്മിലുള്ള ബന്ധം വളരുന്ന വേളയിലും തോമസ് മാധ്യമങ്ങളിൽ നിന്നും ഏറെ കാലം അകലം പാലിക്കുകയായിരുന്നു. മേഗന്റെ അമ്മ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നപ്പോഴും തോമസ് എവിടെയാണുള്ളതെന്ന് പോലും അത്രയാർക്കും അറിയില്ലായിരുന്നു. യുഎസിൽ ചെറിയൊരു ജോലി ചെയ്ത് ഒതുങ്ങി ജീവിക്കുകായിരുന്നു അദ്ദേഹം. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണെന്ന് പറഞ്ഞായിരുന്നു അദ്ദേഹം മേഗന്റെ വിവാഹത്തിന് വരാതിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP