Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കലാഭവൻ മണി അനിയന് കൊടുക്കാൻ വെച്ചുപോയ ചിത്രമെന്ന് പറഞ്ഞ് കെപിഎസ്‌സി ലളിത കണ്ണുതുടച്ചു; ചേട്ടന്റെ സൽപ്പേര് കളയുമോ എന്ന പേടി ആദ്യമുണ്ടായിരുന്നു; തീറ്റ റപ്പായി ചേട്ടൻ തന്ന സുകൃതം; സിനിമയ്ക്ക് വേണ്ടി എട്ട് കിലോ തൂക്കം കൂട്ടി; ഒരിക്കലും നടനാകണമെന്ന് ആഗ്രഹിച്ചിട്ടില്ല; മറുനാടനോട് മനസ്സുതുറന്ന് ആർ.എൽ.വി രാമകൃഷ്ണൻ

കലാഭവൻ മണി അനിയന് കൊടുക്കാൻ വെച്ചുപോയ ചിത്രമെന്ന് പറഞ്ഞ് കെപിഎസ്‌സി ലളിത കണ്ണുതുടച്ചു; ചേട്ടന്റെ സൽപ്പേര് കളയുമോ എന്ന പേടി ആദ്യമുണ്ടായിരുന്നു; തീറ്റ റപ്പായി ചേട്ടൻ തന്ന സുകൃതം; സിനിമയ്ക്ക് വേണ്ടി എട്ട് കിലോ തൂക്കം കൂട്ടി; ഒരിക്കലും നടനാകണമെന്ന് ആഗ്രഹിച്ചിട്ടില്ല; മറുനാടനോട് മനസ്സുതുറന്ന് ആർ.എൽ.വി രാമകൃഷ്ണൻ

അർജുൻ സി വനജ്

കൊച്ചി:'ഒരിക്കൽ കൊച്ചിയിൽ വന്നപ്പോൾ അവിചാരിതമായാണ് തീറ്റ റപ്പായിയുടെ സംവിധായകൻ വിനു രാമകൃഷ്ണനെ കാണുന്നത്. മണി ചേട്ടൻ അഭിനയിക്കാൻ ബാക്കിവെച്ച പടമാണ് എന്ന് കേട്ടപ്പോൾ, കഥ കേൾക്കണമെന്ന് തോന്നി. അപ്പോഴാണ് മനസ്സിലായത്, കൃത്യമായി മണി ചേട്ടന് വേണ്ടി മാത്രം എഴുതിയ കഥയാണിതെന്ന്. അമിതമായി ഭക്ഷണം കഴിക്കുന്ന ആളുകളെ നമ്മൾ വിളിക്കുന്ന പേരാണ് തീറ്റ റപ്പായി എന്നത്. അതുമാത്രമേ, ഈ കഥയിലും ഉള്ളൂ. തീറ്ററപ്പായിയുടെ ജീവചരിത്രവുമായി സിനിമയ്ക്ക് ബന്ധമില്ല. സിനിമയ്ക്ക് വേണ്ടി എട്ട് കിലോ തൂക്കം വർദ്ധിപ്പിച്ചു. നൃത്തവും നടത്തവും യോഗയും പ്രാക്ടീസുമെല്ലാം ഒഴിവാക്കി, ചോറും നോൺ വെജും കഴിക്കുന്നത് കൂട്ടി. അപ്പോൾ തടി നന്നായി വെച്ചു. ഇനിയിത് കുറയ്ക്കുന്ന പാട് ഒർക്കുമ്പോഴാ സങ്കടം.'- കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ 'മറുനാടൻ മലയാളിക്ക' അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്്തമാക്കുന്നു.

മണിചേട്ടന് വേണ്ടി തയ്യാറാക്കിയ ഒരു കഥാപാത്രത്തെ ഏറ്റെടുക്കാൻ വലിയ ഭയമായിരുന്നു. കാരണം മലയാളത്തിലും തെലുങ്കിലും തമിഴിലുമായി മണി ചേട്ടൻ ഉണ്ടാക്കിയെടുത്ത സൽപേര്, ആരാധകർ, ഇവർക്കൊക്കെ മുന്നിൽ ഞാൻ എതെങ്കിലും തരത്തിൽ ചേട്ടന്റെ പേര് കളയുമോയെന്ന പേടിയായിരുന്നു. ഇക്കാര്യം ഞാൻ സംവിധായകനോടും പറഞ്ഞിരുന്നു. അ്‌പ്പോൾ അദ്ദേഹം പറഞ്ഞു. മണിയുടെ അനുജനാണ് നിങ്ങൾ, അതുകൊണ്ട് ആ കലാപരമായ കഴിവ് നിങ്ങളിൽ ഉണ്ടാകും. അതുകൊണ്ട് നിങ്ങളിലെ കലാകാരനെ കണ്ടെത്താൻ എനിക്ക് സാധിക്കും. അതിനാൽ നിങ്ങൾ മനസ്സ് തന്നാൽ മതി, ബാക്കിയൊക്കെ നമ്മുക്ക് ചെയ്യാമെന്ന്.

തൃശ്ശൂരിലെ എരുമപ്പെട്ടിയിലായിരുന്നു ലൊക്കേഷൻ. സിനിമയിലെ നൃത്ത രംഗങ്ങൾ ചെയ്യുമ്പോളായിരുന്നു ഏറ്റവുമധികം പേടി. കൂൾ ജയന്തായിരുന്നു നൃത്ത സംവിധായകൻ. ഏതെങ്കിലും തരത്തിൽ, ക്ലാസ്സിക്കൽ നൃത്തം വരുമോയെന്നായിരുന്നു ആശങ്കപ്പെട്ടിരുന്നത്. സീനുകളിൽ അഭിനയിക്കുമ്പോൾ, മണിചേട്ടന് കഥ പറഞ്ഞ് കൊടുക്കുന്ന അതേ, രീതിയിലാണ് എനിക്ക് വിനു രാമകൃഷ്ണൻ പറഞ്ഞ് തന്നത്. ചിത്രത്തിലെ നായിക സോണിയ അഗർവാളുമായുള്ള എക്‌സ്പീര്യൻസ് എടുത്ത് പറയേണ്ടതാണ്. നമ്മൽ ആരാധനയോടെ കണ്ട വ്യക്തിയാണ് അവർ. വളരെയധികംസപ്പോർട്ടിവായിരുന്ന അവർ. തീരെ താരജാഡയുള്ളവരായിരുന്നില്ല അവർ, കൃത്യസമയത്ത്, പുഞ്ചിരിയോടെ അവർ വരും. എരുമപ്പെട്ടിയിൽ നല്ല വെയിലായിരുന്നു. എന്നിട്ട് അതിനെപോലും അതിജീവിച്ചാണ് അവർ ചിത്രീകരണം സന്തോഷത്തോടെ പൂർത്തീകരിച്ചത്.

എനിക്ക് ഏറ്റവും സന്തോഷവും വിഷമവും ഒരു പോലെ തോന്നിയത് കെപിഎസ്.ഇ ലളിത ചേച്ചിയുമായുള്ള അഭിനയ രംഗങ്ങളിലായിരുന്നു. വളരെ സീനിയറായ അവർ എല്ലാകാര്യങ്ങളും പറഞ്ഞ് തന്നു. മണിചേട്ടന്റെ സിനിമകളിൽ ഏറ്റവുമധികം അമ്മ വേഷങ്ങളിൽ എത്തിയിരുന്നത് ലളിത ചേച്ചിയായിരുന്നു. വാൽകണ്ണാടി എന്ന ചിത്രം എടുത്ത് പറയേണ്ടതാണ്. ചില ഷോട്ടുകൾ കഴിഞ്ഞ്, റെസ്റ്റ് ചെയ്യുമ്പോൾ ചേച്ചി എന്റെ മുഖത്തേക്ക്, കണ്ണിലേക്ക് വെറുതെ നോക്കിയിരിക്കും. ചിത്രത്തിന്റെ ഡബ്ബിംങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ചേച്ചി പറഞ്ഞ വാക്ക് ഇതാണ്. കലാഭവൻ മണി അനിയന് കൊടുക്കാൻ, ആരോടും പറയാതെ വെച്ച് പോയ ചിത്രമാണിതെന്ന് പറഞ്ഞ് കൊണ്ട് കണ്ണ് നിറഞ്ഞു. അത് എനിക്കും വല്ലാത്ത സങ്കടം ഉണ്ടാക്കി. എന്ന ചിത്രത്തിലെ വില്ലനായ ശിവജി ഗുരുവായൂർ അടിക്കുന്ന ഒരു രംഗം ഉണ്ട്. അത് ഏകദേശം പത്ത് മിനുട്ടോളം തുടർച്ചയായി ഷൂട്ടായിരുന്നു. അത് കണ്ട് സഹിച്ചിരിക്കാൻ കഴിയാതെ വൽസല മേനോൻ നിറകണ്ണുകളോടെ എഴുനേറ്റ് പോയതും, തിരിച്ച് വന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞതുമെല്ലാം, ഒരുക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ്. അതുപോലെ തന്നെയാണ് കൊളപ്പുള്ളി ലീല ചേച്ചിയും കലിങ്ക ശശിയേട്ടനുമെല്ലാം ഇതേ അനുഭവങ്ങൾ എന്നോട് പങ്കുവെച്ചിരുന്നു.

ഈ ചിത്രത്തിലെല്ലാം എനിക്ക് ചേട്ടന്റെ ഓർമകളാണ്. ആദ്യമൊന്നും ചേട്ടനന്റ രൂപം എനിക്ക് ഉള്ളതായി ഫീൽ ചെയ്തിട്ടില്ലായിരുന്നു. പക്ഷെ പോസ്റ്ററുകൾ കാണുമ്പോഴും, ഡബ്ബിംങ് കഴിഞ്ഞിറങ്ങയപ്പോഴെല്ലാം, ചേട്ടനെ ഞാൻ എന്നിലൂടെ കാണുകയായിരുന്നു. ചിത്രം തുടങ്ങി തീരുന്നത് വരെയുള്ള 25 ദിവസം ചേട്ടൻ എന്റെ കൂടെ ഉണ്ടായിരുന്നു എന്നാണ് ഫീൽ ചെയ്തത്. രണ്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. അതിൽ ഒന്ന് പാടിയിരിക്കുന്നത് അഭിജിത്തുകൊല്ലവും, മറ്റൊന്ന് ഞാനുമാണ്.

മുമ്പ് 'ചാലക്കുടിക്കാരൻ ചങ്ങാതിയിൽ' അഭിനയിക്കാൻ വിനയൻ ക്ഷണിച്ചിരുന്നു. പക്ഷെ നമ്മുടെ സ്വന്തം ജീവിത കഥയായിതുകൊണ്ടാണ് അന്ന് വേണ്ടെന്ന് സ്‌നേഹപൂർവ്വം പറഞ്ഞത്. എങ്കിലും വിനയൻ സർ, ചിത്രത്തിൽ മണിചേട്ടന്റെ ഒരു പാട്ട് എന്നെക്കൊണ്ട് പാടിച്ചു. ഇനിയും ചിത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത് വേറെയൊന്നുംകൊണ്ടല്ല. മണി ചേട്ടൻ ഒരുപാട് കാരുണ്യപ്രവർത്തനങ്ങൾ ചെയ്ത് വന്നിരുന്നു. അതിൽ ഭൂരിഭാഗവും ഇപ്പോൾ നിന്ന് പോയിരിക്കുകയാണ്. നിലവിലിപ്പോൾ, മണികൂടാരം, മണിനാദം തുടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ പ്രവർത്തനം കൊണ്ട് മാത്രമാണ് എന്തെങ്കിലും ചെറിയ കാരുണ്യപ്രവർത്തനങ്ങൾ നടന്ന് പോകുന്നത്. എന്റെ ജോലിയിൽ നിന്ന് കിട്ടുന്ന പണം എന്തായാലും അത്രയും വലിയ കാരുണ്യപ്രവർത്തനങ്ങൾ ചെയ്യാൻ തികയില്ല.

അതുകൊണ്ട് സിനിമയിൽ ഇനി വിളിച്ചാൽ പോകും. പലപ്പോഴും മണിചേട്ടൻ ചെയ്ത സഹായങ്ങൾ നമ്മളാരും അറിഞ്ഞിട്ടില്ല. ചിലർ വന്ന് പറയും, എന്റെ മകളുടെ വൃക്ക മാറ്റിവെയ്ക്കാൻ മണിചേട്ടനാണ് സഹായിച്ചത്, മകളെ കെട്ടിച്ചുവിടാൻ മണി ചേട്ടനാണ് സഹായിച്ചതെന്നൊക്കെ. രാമൻ സ്മാരക കലാഗ്രഹം എന്ന പേരിൽ മണി ചേട്ടൻ ഒരു മൂന്ന് നില കെട്ടിടം ഉണ്ടാക്കിയിരുന്നു. അതിൽ മണി ചേട്ടന്റെ പേരിൽ, സഹകരിക്കാവുന്ന എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ട്, ഒരു ട്രൂപ്പ് ആരംഭിക്കണമെന്നുണ്ട്. അത് കേന്ദ്രീകരിച്ചായിരിക്കും ട്രൂപ്പും ജീവകാരുണ്യപ്രവർത്തനങ്ങളും മുന്നോട്ട് പോവുക. അതിന് സിനിമ തുണയാകുമെങ്കിൽ, ആകട്ടെയെന്നാണ് എന്റെ പ്രാർത്ഥന. ചേട്ടൻ ഞങ്ങളുടെ ഉള്ളിൽ മരിച്ചിട്ടില്ല. ഒരു ഷൂട്ടിംങ്ങിനായി പോയിരിക്കുകയാണ്. ഉടനെ തിരിച്ച് വരും. പറഞ്ഞ് അവസാനിപ്പാക്കാതെ രാമകൃഷ്ണൻ വിതുമ്പി.

രണ്ട് വർഷം മണിചേട്ടന്റ കേസിന് വേണ്ടി ചിലവഴിച്ചു ഇപ്പോൾ കോടതി വിധിയിലൂടെ സിബിഐ അന്വേഷണം നേടിയെടുത്തു. കേസ് നിലവിൽ സിബിഐ അന്വേഷിക്കുകയാണ്. മണിചേട്ടൻ മരിച്ച് ഒരു വർഷം ആയപ്പോൾ തന്നെ ചിത്രത്തിന്റെ സംവിധായകൻ വിനു രാമകൃഷ്ണൻ എന്നോട് ചിത്രത്തെക്കുറിച്ച് പറയുന്നത്. വിനയൻ സാറിന്റെ അസിസ്റ്റന്റായ വിനു രാമകൃഷ്ണനും മണിചേട്ടനും നല്ല സൗഹൃദത്തിലായിരുന്നു. അങ്ങനെയാണ് തീറ്ററപ്പായി എന്ന കഥാപാത്രം രൂപം കൊള്ളുന്നത്. ചേട്ടൻ കേട്ട കഥയാണിത്. മണിചേട്ടനാണ് പറഞ്ഞത് മറ്റ് വർക്കുകൾ പൂർത്തിയാക്കിക്കോളു, ഞാൻ അഭിനയിക്കാമെന്ന്. ആർഎൽ.വി രാമകൃഷ്ൻ പറയുന്നു.

ഒരു സിനിമ നടനാകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. 2001 ൽ എംജി യൂണിവേഴ്‌സിറ്റി കലാപ്രതിഭ ആയിരുന്നു. നൃത്തമായിരുന്ന എന്റെ ഫോക്കസ്. നൃത്തത്തിൽ ഒരു ഡോക്ടറേറ്റ് നേടുകയാണ് വലിയ ലക്ഷ്യം. ഉടനെതന്നെ അത് പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. തീസിസ് സമർപ്പിച്ചു. ഉടനെ തന്നെ വൈവെ നടക്കാനിരിക്കുകയാണ്. മുമ്പ് രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതും ഇങ്ങോട്ട് വന്ന റോളുകളായിരുന്നു. വന്ന ചാൻസല്ലേ, നീ പോയി ചെയ്‌തോളൂവെന്ന് മണിചേട്ടൻ പറഞ്ഞതുകൊണ്ട് ചെയ്തുവെന്ന് മാത്രം. വീണ്ടും പഠനമേഖലയിലേക്ക് തന്നെ തിരിച്ചുപോയി. പെർഫോമിങ് ആർട്ട്‌സിൽ എംഎയും എംഫില്ലും ഒന്നാം റാങ്കോടെ പാസാകാനായി. കണ്ണൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP