Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക 387 കോടി രൂപയുടെ പ്രവർത്തനലാഭം; ലാഭത്തിന്റെ 25 ശതമാനം നിക്ഷേപകർക്ക് നൽകും; പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ വിമാനത്താവളം തുടർച്ചയായി ലാഭവഴിയിൽ; ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന പേരെടുത്ത് തലയുയർത്തി സിയാൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക 387 കോടി രൂപയുടെ പ്രവർത്തനലാഭം; ലാഭത്തിന്റെ 25 ശതമാനം നിക്ഷേപകർക്ക് നൽകും; പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ വിമാനത്താവളം തുടർച്ചയായി ലാഭവഴിയിൽ; ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന പേരെടുത്ത് തലയുയർത്തി സിയാൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) 2017-18 സാമ്പത്തിക വർഷത്തിൽ 156 കോടി രൂപയുടെ (നികുതി കിഴിച്ചുള്ള) ലാഭം നേടി. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഡയറക്ടർബോർഡ് യോഗം സിയാലിന്റെ നിക്ഷേപകർക്ക് 25 ശതമാനം ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്.

2017-18 സാമ്പത്തിക വർഷത്തിൽ 553.42 കോടിയുടെ വിറ്റുവരവ് സിയാൽ നേടിയിട്ടുണ്ട്. 387.92 കോടി രൂപയാണ് കമ്പനിയുടെ പ്രവർത്തനലാഭം. മുൻ സാമ്പത്തിക വർഷം ഇത് 298.65 കോടി രൂപയായിരുന്നു. സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയ്ൽ സർവീസസ് ലിമിറ്റഡ് (സി.ഡി.ആർ.എസ്.എൽ) ഉൾപ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കണക്കിലെടുക്കുമ്പോൾ മൊത്തം 701.13 കോടി രൂപയുടെ വിറ്റുവരവും 170.03 കോടി രൂപ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്.

2016-17 സാമ്പത്തികവർഷത്തിൽ 592.65 കോടി രൂപയുടേതായിരുന്നു മൊത്തം വിറ്റുവരവ്. സിയാൽ ഡ്യൂട്ടി ഫ്രി മാത്രം 237.25 കോടി രൂപയുടെ വിറ്റുവരവ് ഈ സാമ്പത്തിക വർഷം രേഖപ്പെടുത്തി. 30 രാജ്യങ്ങളിൽ നിന്നായി 18,000-ൽ അധികം നിക്ഷേപകരുള്ള സിയാൽ 2003-04 സാമ്പത്തിക വർഷം മുതൽ മുടങ്ങാതെ ലാഭവിഹിതം നൽകിവരുന്നു. 32.41 ശതമാനം ഓഹരിയുള്ള സംസ്ഥാന സർക്കാരിന് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലാഭവിഹിതമായി 31.01 കോടി രൂപ നൽകി.

നിലവിൽ, നിക്ഷേപത്തിന്റെ 203 ശതമാനം മൊത്തം ലാഭവിഹിതം ഓഹരിയുടമകൾക്ക് മടക്കി നൽകിക്കഴിഞ്ഞു. 2017-18 ൽ ബോർഡ് ശുപാർശ ചെയ്ത 25% ലാഭവിഹിതം നിക്ഷേപകരുടെ വാർഷിക യോഗം സാധൂകരിച്ചാൽ ഇത് 228 ശതമാനമായി ഉയരും. സെപ്റ്റംബർ മൂന്നിന് എറണാകുളം ഫൈൻ ആർട്്‌സ് ഹാളിലാണ് വാർഷികയോഗം.

പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തെ ആദ്യത്തെ വിമാനത്താവളം പണികഴിപ്പിച്ച സിയാൽ ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമാണ്. നിലവിൽ 30 മെഗാവാട്ടാണ് മൊത്തം സൗരോർജ സ്ഥാപിതശേഷി. ഓഗസ്‌റ്റോടെ ഇത് 40 മെഗാവാട്ട് ആക്കി ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്തും മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഏഴാമതുമുള്ള സിയാൽ 2017-18 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലാദ്യമായി ഒരുകോടിയിലേറെ യാത്രക്കാരെ കൈകാര്യം ചെയ്തിരുന്നു. ആഭ്യന്തര വ്യോമയാന രംഗത്തുണ്ടാകുന്ന വൻപുരോഗതി കണക്കിലെടുത്ത് ആറു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന ആഭ്യന്തര ടെർമിനൽ യാത്രക്കാർക്കായി ഉടനെ തുറന്നുകൊടുക്കും.

മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ സിയാൽ ബോർഡ് അംഗങ്ങളും മന്ത്രിമാരുമായ മാത്യു ടി തോമസ്, വി എസ്.സുനിൽ കുമാർ, ഡയറക്ടർമാരായ റോയ് കെ.പോൾ, എ.കെ.രമണി, എം.എ.യൂസഫലി, എൻ.വി.ജോർജ്, ഇ.എം.ബാബു, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ, കമ്പനി സെക്രട്ടറി സജി കെ.ജോർജ് തുടങ്ങിയവർ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP