Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂണിയൻ പിടിക്കാൻ എസ് എഫ് ഐയ്ക്ക് കരുത്തായത് വട്ടവടക്കാരന്റെ വിപ്ലവം തുളുമ്പുന്ന പ്രസംഗങ്ങൾ; ചെറുപ്പത്തിലെ കഷ്ടപ്പാടും പട്ടിണിയും പോരാളിയാക്കി; മികച്ച പെരുമാറ്റവും നേതൃത്വപാഠവും കൈമുതലാക്കി സൗഹൃദങ്ങളിലൂടെ വിദ്യാർത്ഥി ഐക്യത്തിനും പ്രയത്‌നിച്ചു; ക്യാമ്പസ് ഫ്രണ്ടിന്റെ ശത്രുത കുത്തിവീഴ്‌ത്തിയത് ഏത് ആവശ്യങ്ങൾക്കും ഓടിയെത്തുന്ന കുഞ്ഞനുജനെ; അഭിമന്യുവിനെ കുറിച്ചോർത്ത് തേങ്ങി സഹപാഠികളും സഖാക്കളും; രക്തിസാക്ഷിയായത് മഹാരാജാസിന്റെ 'സെയ്ദാലി'

യൂണിയൻ പിടിക്കാൻ എസ് എഫ് ഐയ്ക്ക് കരുത്തായത് വട്ടവടക്കാരന്റെ വിപ്ലവം തുളുമ്പുന്ന പ്രസംഗങ്ങൾ; ചെറുപ്പത്തിലെ കഷ്ടപ്പാടും പട്ടിണിയും പോരാളിയാക്കി; മികച്ച പെരുമാറ്റവും നേതൃത്വപാഠവും കൈമുതലാക്കി സൗഹൃദങ്ങളിലൂടെ വിദ്യാർത്ഥി ഐക്യത്തിനും പ്രയത്‌നിച്ചു; ക്യാമ്പസ് ഫ്രണ്ടിന്റെ ശത്രുത കുത്തിവീഴ്‌ത്തിയത് ഏത് ആവശ്യങ്ങൾക്കും ഓടിയെത്തുന്ന കുഞ്ഞനുജനെ; അഭിമന്യുവിനെ കുറിച്ചോർത്ത് തേങ്ങി സഹപാഠികളും സഖാക്കളും; രക്തിസാക്ഷിയായത് മഹാരാജാസിന്റെ 'സെയ്ദാലി'

അർജുൻ സി വനജ്

കൊച്ചി: മഹാരാജാസ് കോളേജിലെ 'കനയ്യ കുമാർ' ആയിരുന്നു അഭിമന്യു. വിപ്ലവം തുളുമ്പുന്ന പ്രസംഗങ്ങളിലൂടെ അണികളെ കോരിത്തരിപ്പിക്കുന്ന വിദ്യാർത്ഥി നേതാവ്. വട്ടവടയിൽ നിന്നെത്തി എറണാകുളം മഹാരാജാസിന്റെ മനസ്സ് കീഴടക്കിയ പോരാളി. രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധങ്ങളിലൂടെ മഹാരാജാസിൽ വിദ്യാർത്ഥി ഐക്യത്തിന് വേണ്ടി നിന്ന നേതാവ്. മഹാരാജാസുകാർക്ക് അഭിമന്യു എല്ലാമെല്ലാമായിരുന്നു. വെറുമൊരു എസ് എഫ് ഐക്കാരനായല്ല അഭിമന്യുവിനെ കൂട്ടുകാർ കണ്ടത്. അതുകൊണ്ട് തന്നെ വിദ്യാർത്ഥി രാഷ്ട്രീയം ഈ ചെറുപ്പക്കാരന്റെ ജീവനെടുക്കുമ്പോൾ ക്യാമ്പസും പൊട്ടിക്കരയുകയാണ്.

പട്ടാമ്പി എസ്എഫ്ഐ കോളേജിൽ എബിവിപി പ്രവർത്തകരുടെ കുത്തേറ്റു മരിച്ച സെയ്ദാലി എന്നൊരു എസ്എഫ്ഐ സഖാവുണ്ടായിരുന്നു. അന്ന് യുവത്വത്തിന്റെ പ്രസരിപ്പുമായി കാമ്പസിൽ പുതുവെളിച്ച വീശിയ വിദ്യാർത്ഥി നേതാവിനെ രാഷ്ട്രീയ എതിരാളികൾ ഇല്ലായ്മ ചെയ്തത് അവർക്ക് അവിടം വേരുകളുണ്ടാക്കാൻ വേണ്ടിയായിരുന്നു. എന്നാൽ, സെയ്ദാലി പിന്നീട് എസ്എഫ്ഐക്ക് എന്നും ഊർജ്ജം പകരുന്ന അനശ്വര രക്തസാക്ഷിയായി മാറി. മഹാരാജാസിൽ കാമ്പസ് ഫ്രണ്ടിന്റെ കത്തിക്കിരയായ അഭിമന്യു എല്ലാ വിധത്തിലും സെയ്ദാലിയെ ഓർമ്മപ്പെടുത്തുന്നുണ്ട്.

എൻ.ഡി.എഫ് പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യു ഇടുക്കി വട്ടവടക്കാരുടെ സ്വന്തം അഭിയാണ്. നാട്ടിലെ ഏത് ആവശ്യങ്ങൾക്കും ഓടിയെത്തുന്ന പ്രിയ കുഞ്ഞനുജൻ. തമിഴ് കുടുംബങ്ങൾ തിങ്ങിപാർക്കുന്ന കൊട്ടാകമ്പൂർ എന്ന പ്രദേശത്തായിരുന്നു കൂലിത്തൊഴിലാളികളായ മനോഹരന്റേയും കൗസല്ല്യയുടേയും ഇളയ മകനായി അഭിമന്യൂ ജനിച്ചത്. ചെറുപ്പത്തിലെ കഷ്ടപ്പാടും പട്ടിണിയും അറിഞ്ഞ് വളർന്നതുകൊണ്ടുതന്നെ, രാഷ്ടീയത്തിന് അപ്പുറത്തായി, എല്ലാവരോടും സൗഹാർദ്ദം കാത്ത് സൂക്ഷിക്കാൻ പ്രത്യേക കഴിവാണ് അഭിമന്യൂവിന്. ഇത് തന്നെയാണ് ക്യാമ്പസ് ഫ്രണ്ടുകാർക്ക് അഭിമന്യൂവിനോട് ശത്രുത ഉണ്ടാകാനുള്ള കാരണവും. അച്ഛനും അമ്മയും മൂത്ത സഹോദരനും കൂലിപ്പണിക്കാരായിരുന്നു. വളരെ ചെറിയ ഒരു ലയത്തിലായിരുന്നു, അഭിമന്യൂവിന്റെ അഞ്ചംഗ കുടുംബം താമസിച്ചിരുന്നത്.

ആ ഗ്രാമത്തിൽ നിന്ന് പുറത്തെ ജില്ലയിൽ പഠിക്കാൻ പോകുന്ന ഏക വ്യക്തിയും അഭിമന്യുതന്നെയാണ്. അതായിരുന്നു ആ നാട്ടുകാർക്ക് അഭിമന്യുവിനോടുള്ള സ്നേഹം ഇരട്ടിക്കാൻ കാരണവും. പൊതുവെ കുറഞ്ഞ വിദ്യാഭ്യാസം മാത്രം ലഭിച്ചിരുന്നവരാണ് അവിടുത്തുകാർ. അതുകൊണ്ടുതന്നെ, ലയങ്ങളിൽ പോയി സ്‌കൂളിൽ പോകാത്ത വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി, അഭിമന്യു പഠിപ്പിച്ചിരുന്നു. വലിയൊരു സ്വപ്നം ബാക്കിവച്ചാണ് അഭിമന്യൂ യാത്രയായതെന്നാണ് മഹാരാജാസ് കോളേജിലെ അഭിമന്യൂവിന്റെ ഹോസ്റ്റൽമേറ്റും ഇടുക്കി സ്വദേശിയുമായ അരുൺ പറയുന്നത്.

പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത തന്റെ നാട്ടിലെ പാവപ്പെട്ട തമിഴ് കുടുംങ്ങൾക്കായി ഒരു പഠനക്യാമ്പ് സംഘടിപ്പിക്കണമെന്നതായിരുന്നു അവന്റെ ആഗ്രഹം. പത്ത് ദിവസത്തെ ക്യാമ്പായിരുന്നു പ്ലാൻ ചെയ്തത്. ഓണാവധിക്ക് മഹാരാജാസിലെ എസ്.എഫ്.ഐ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി പ്ലാൻ ചെയ്തിരുന്നത്. അവൻ ഇല്ലെങ്കിലും ആ പരിപാടി ഏറ്റെടുത്ത് നടത്തണം. അരുൺ ദൃഡനിശ്ചയത്തോടെ പറഞ്ഞു.

വട്ടവട പ്രദേശത്തെ നിർജീവമായി കിടന്ന 9 എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റികളാണ് അഭിമന്യൂവിന്റെ നേതൃത്വത്തിൽ അടുത്തകാലത്ത് സജീവമാക്കിയത്. ഇതോടെ കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയിലേക്ക് അഭിമന്യൂവിനെ തിരെഞ്ഞെടുക്കുകയായിരുന്നു. രണ്ടാം വർഷ ബിഎസ്.സി കെമിസ്ട്രി വിദ്യാർത്ഥിയായ അഭിമന്യൂവാണ് കോളേജിലെ എസ്.എസ്.എസ് യൂണിറ്റിന്റെ സെക്രട്ടറി. എല്ലാ വിദ്യാർത്ഥികളോടുമുള്ള അഭിമന്യൂവിന്റെ മികച്ച പെരുമാറ്റവും, നേതൃത്വപാഠവുമാണ് ഈ ചുമതലയിലേക്ക് അഭിയെ എത്തിച്ചതെന്ന് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയിലെ മറ്റ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. യൂണിയൻ തിരെഞ്ഞെടുപ്പോടെ മികച്ച് പ്രാസംഗികൻ കൂടിയാണ് താനെന്ന് അഭിമന്യൂ തെളിയിച്ചു. മറ്റ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

കോളേജ് ഹോസ്റ്റലിലും അഭിമന്യു സ്റ്റാറാണ്. അതുകൊണ്ട് തന്നെയാണ് അഭിമന്യുവിനെ ഹോസ്റ്റൽ കമ്മിറ്റിയുടെ സെക്രട്ടറിയായി നിയമിച്ചതും. തമിഴ് കുടുംബത്തിൽ ജനിച്ച അഭിമന്യു വളരെ മികച്ച നിലയിലാണ് മലയാളം കൈകാര്യം ചെയ്തിരുന്നത്. അച്ഛൻ മനോഹരൻ, തമിഴ് പൂവ്വയും കൂലിപ്പണിക്കാരാണ്. കൗസല്ല്യയാണ് സഹോദരി, അഭിമന്യൂ മൂന്നാമത്തെ ആളാണ്. ഇവരുടെ മാത്രമല്ല, ആ നാടിന്റെ സ്വപ്നവും കൂടിയായിരുന്നു അഭിമന്യു. അച്ഛനും അമ്മയും സിഐടിയു പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നവരാണ്. അതുതന്നെയാണ് അഭിമന്യൂവിനെ എസ്.എഫ്.ഐയിലേക്ക് എത്തിച്ചതും. കോളേജിലെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു.

രാത്രിയിൽ എസ്.എഫ്.ഐ ബുക്ക് ചെയ്ത ചുവരിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചുവരെഴുത്ത് നടത്തിയതിനെ ചൊല്ലിയാരുന്നു തർക്കം ആരംഭിച്ചത്. പ്രശ്നങ്ങൾ അവസാനിപ്പിച്ച് പോയ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പുറത്ത് നിന്ന് എൻ.ഡി.എഫ് പ്രവർത്തകരുമായി എത്തി രാത്രി 12 മണിയോടെ അഭിമന്യൂവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP