Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൈ സ്റ്റോറി: ഒരു കഥയുമില്ലാത്ത കഥ; പഴഞ്ചൻ പ്രമേയവും ഇഴഞ്ഞു നീങ്ങുന്ന ആഖ്യാനവുമായി വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ! മമ്മൂട്ടി ഫാൻസുകാരേ നിങ്ങൾ തീയേറ്ററിൽപോയി കൂവി കഷ്ടപ്പെടേണ്ട; ഈ പടത്തെ അതിന്റെ പാട്ടിനുവിടുക ; ഭേദം പാർവതി തന്നെ; പൃഥ്വിരാജിന് ഇതെന്തുപറ്റി?

മൈ സ്റ്റോറി: ഒരു കഥയുമില്ലാത്ത കഥ; പഴഞ്ചൻ പ്രമേയവും ഇഴഞ്ഞു നീങ്ങുന്ന ആഖ്യാനവുമായി വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ! മമ്മൂട്ടി ഫാൻസുകാരേ നിങ്ങൾ തീയേറ്ററിൽപോയി കൂവി കഷ്ടപ്പെടേണ്ട; ഈ പടത്തെ അതിന്റെ പാട്ടിനുവിടുക ; ഭേദം പാർവതി തന്നെ; പൃഥ്വിരാജിന് ഇതെന്തുപറ്റി?

എം.മാധവദാസ്

ഴഞ്ചൻ കഥയും ഇഴഞ്ഞു നീങ്ങുന്ന ആഖ്യാനവുമായി വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ! വൈവിധ്യമുള്ള സിനിമകൾ ചെയ്യണമെന്ന് വാശിയുള്ള മലയാളത്തിന്റെ പ്രിയ നായകൻ പൃഥ്വിരാജും, യുവ നടി പാർവതിയും മുഖ്യവേഷങ്ങളിലെത്തിയ 'മൈ സ്റ്റോറി'യെന്ന പുതിയ ചലച്ചിത്രത്തെ ഒറ്റവാക്കിൽ ഇങ്ങനെയേ പറയാൻ കഴിയൂവെന്ന് വ്യസന സമേതം അറിയിക്കയാണ്. ചിത്രം തീർന്നപ്പോൾ ഷെയിം ഓൺ പൃഥ്വിരാജ് എന്ന് അറിയാതെ പറഞ്ഞുപോയി.കാരണം കഥയിലടക്കമുള്ള ചില പുതുമകളുടെ അടിസ്ഥാനത്തിൽ കണിശമായ നിബന്ധനകളോടെ പടമെടുക്കുന്ന നടനാണ് പൃഥ്വീരാജ് എന്ന കേൾവിയുടെ അടിസ്ഥാനത്തിലാണ് കാശുകൊടുത്ത് തീയേറ്ററിൽ കയറുന്ന പാവങ്ങൾ ഈ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത്.

പുരുഷാധിപത്യം കൊടികുത്തിവാഴുന്ന മലയാള സിനിമയിലേക്ക് ഒരു വനിതാ സംവിധായിക കടന്നുവരുന്നതിലും സന്തോഷമുണ്ടായിരുന്നു. പക്ഷേ കോസ്റ്റിയൂംഡിസൈനർ എന്നനിലയിൽ പേരെടുത്ത രോഷ്‌നി ദിനകർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം പക്ഷേ ഒരർഥത്തിലും പ്രോൽസാഹിപ്പിക്കപ്പെടണ്ടതല്ലാത്ത വികല സൃഷ്ടിയായിപ്പോയി.ഒപ്പം എഴുത്തുകാരനായി ശങ്കർ രാമകൃഷ്ണന്റെ പേര് കേട്ടതോടെ പ്രതീക്ഷകൾ ഇരട്ടിച്ചു.പക്ഷേ കാക്കത്തൊള്ളായിരം വട്ടം കേട്ട കഥ ഒരു വെറൈറ്റിക്കുവേണ്ടി യൂറോപ്യൻ രാജ്യത്തുപോയി ചിത്രീകരിച്ചാൽ പുതുമയാവുമോ?

സന്തോഷ് ജോർജ് കുളങ്ങരയുടെ 'സഞ്ചാര'ത്തിലേക്ക് ഒരു കഥ കയറ്റിവിട്ടാൽ എങ്ങനെയുണ്ടാവും.റോഡ്മൂവിയൊ ട്രാവലോഗോ എന്തുവേണമെങ്കിലും ആവട്ടെ, അതിലൊരു കഥവേണം സർ, പ്രമേയ പുതുമ വേണം എന്നാലെ സെക്കൻഡ്‌വെച്ച്‌
വിദേശ സിനിമകൾ നെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തുകാണുന്ന പുതിയ തലമുറയൊക്കെ തിയേറ്ററിലേക്ക് കയൂറൂ. ഇനി ചിത്രത്തിന്റെ ആഖ്യാനമോ. ഒരു പത്തുമിനുട്ടുപോലും ചടുലമല്ല. എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന മട്ടിൽ പതുക്കെയങ്ങനെ നീങ്ങുന്നു. രണ്ടാംപകുതിയൊക്കെ ആവുമ്പോഴേക്കും നാം ബോറടിയുടെ പരമകാഷ്ഠയിൽ, മൊബൈൽഫോൺ തോണ്ടിയിരുന്നുപോവും.

ഇനി പൃഥ്വിരാജിന്റെ പ്രകടനമോ.സാധാരണ ഏത് മോശം പടത്തിലും തന്റെ റോൾ കലക്കാറുള്ള ഈ നടൻ ഇത്തവണ പറ്റെ മങ്ങിപ്പോയി.തമ്മിൽ ഭേദം തൊമ്മനെന്ന നിലയിൽ പാർവതിക്ക് പാസ്മാർക്ക് കൊടുക്കാമെന്ന് മാത്രം. ഈ പടംകൊണ്ട് ഗുണം കിട്ടിയ ഒരേ ഒരു വിഭാഗം മമ്മൂട്ടി ഫാൻസ് ആയിരിക്കും.കസബ സനിമയിലെ സ്ത്രീ വിരുദ്ധതയുടെ പേരിൽ മമ്മൂട്ടിക്കെതിരെ പ്രതികരിച്ചതിന് നടി പാർവതിയെ സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ട ഫാൻസുകാർക്ക്, ഇനി കഷ്ടപ്പെട്ട് ടിക്കറ്റെടുത്ത് കയറി ചിത്രത്തെ കൂവിത്തോൽപ്പിക്കേണ്ട.

എന്റെ ചേട്ടാ, ഈ കഥയൊക്കെ ഒന്ന് മാറ്റിപ്പിടിക്ക്

ചിത്രത്തെ പിറകോട്ടടിപ്പിക്കുന്നതിൽ എറ്റവും വലിയ പങ്കുവഹിച്ചത് തട്ടിക്കൂട്ടിയ കഥ തന്നെയാണ്. അതുകൊണ്ടുതന്നെ രചന നിർവഹിച്ച ശങ്കർ രാമകൃഷ്ണനാണ് ഈ 'കലാപാതകത്തിലെ' ഒന്നാം പ്രതി. ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് തൊട്ട് തിരക്കഥ വരെ ഒരു പാട്തവണ നാം കണ്ട സിനിമക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്റെ ഏറിയ പങ്കും. ചെറുപ്പത്തിലേ നടനാകണമെന്ന് ആഗ്രഹിക്കുന്ന ജയകൃഷണൻ എന്ന നാട്ടിൻപുറത്തുകാരൻ ജെയ് എന്ന സൂപ്പർ താരമായി മാറുന്നതും അയാളുടെ പ്രണയവും അതിന്റെ തകർച്ചയുമൊക്കെയായുള്ള ചർവിത ചർവണം.

നിരവധി വിജയ ചിത്രങ്ങളിലൂടെ തന്റെ കരിയറിൽ ഇരുപതുവർഷം പൂർത്തിയാക്കിയ ജയ് എന്ന സൂപ്പർ സ്റ്റാർ തന്റെ ജീവിത കഥ പറയുന്നതാണ് 'മൈ സ്റ്റോറി'.ധാരാളം അവാർഡുകളുടെ തിളക്കത്തിൽ നിൽക്കുമ്പോഴും അയാൾ പതിവുപോലെ 'വേദനിക്കുന്ന കോടീശ്വരനാണ്'. ഒരു ദിവസം അയാൾ തന്റെ ഷൂട്ടിങ്ങുകൾ ഒക്കെ മാറ്റിവെച്ച്, തന്റെ ആദ്യ സിനിമയുടെ ലൊക്കേഷനായ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്‌ബനിലേക്ക് പറക്കുന്നു.വർത്തമാനകാലവും ഭൂതകാലവും ഇടക്കിടെ മാറിമാറി വരുന്നതുകൊണ്ട് എത് സമയത്താണ് കഥ നടക്കുന്നതെന്ന് പ്രേക്ഷകൻ തീരുമാനിക്കുന്നത് പൃഥ്വീരാജിന്റെ നരച്ച തലകണ്ടാണ്. നരച്ചിട്ടില്ലെങ്കിൽ പാസ്റ്റ് ടെൻസ്, നരച്ചാൽ പ്രസന്റ്‌
! ഈ രീതിയിൽ കാലഗണന നീക്കുന്നത് പ്രേക്ഷകരെ അൽപ്പം ബുദ്ധിമുട്ടാക്കുന്നുമുണ്ട്.

ഇനി എന്തിനാവും സൂപ്പർ സ്റ്റാർ ആദ്യ ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയതെന്നതും ഊഹിക്കാവുന്നതെയുള്ളൂ. തന്റെ ആദ്യ സിനിമയിലെ നായികയും പ്രണയിനിയുമായ താരയെക്കാണാനല്ലാതെ മറ്റെന്തിന്. താരയും ജെയും തമ്മിൽ സെറ്റിൽവെച്ച് അടുക്കുന്ന രംഗങ്ങളൊക്കെ കൈയടക്കത്തോടെ സംവിധായിക ചിത്രീകരിച്ചിട്ടുണ്ട്. ഇവിടെയാക്കെയാണ് നമുക്ക് എന്തെങ്കിലും ഫീൽ കിട്ടുക. നായികയുടെ പ്രതിശ്രുത വരൻ പതിവുപോലെ അധോലോക രാജാവും ബിസിനസുകാരനുമൊക്കെയാവണമല്ലോ.അതാണെല്ലോ അതിന്റെയൊരു ഇത്. ഈ ക്ലീഷേകളിൽ നിന്നൊക്കെ എപ്പോഴാണോ മലയാളസിനിമക്ക് മോചനം കിട്ടുക.

ആദ്യപകുതി കണ്ടിരിക്കാവുന്ന കോലത്തിലാണെങ്കിൽ രണ്ടാം പകുതി ശരിക്കും ഹൊറിബിൾ എന്ന കാറ്റഗറിയിലാണ്.എങ്ങനെ കഥ കൊണ്ടുപോകണമെന്ന് ശങ്കർ രാമകൃഷ്ണന് യാതൊരു പിടിയുമില്ല.ഒട്ടും ലോജിക്കില്ലാതെയാണ് ക്ലൈമാക്‌സ് അടക്കമുള്ള പല രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നതെന്നും പറയാതെ വയ്യ.ഇനി പാർവതി നായികയും ഡയറക്ടർ ഒരു വനിതയായിട്ടും ഈ സിനിമയിലും സ്ത്രീവിരുദ്ധത സൂക്ഷ്മാംശങ്ങളിൽ നോക്കിയാൽ കാണാം.പുരുഷന്റെ ഏത് വഞ്ചനയും സഹിക്കുന്ന സർവംസഹയായി സ്ത്രീയെ ചിത്രീകരിക്കുന്നതും ആധുനികതക്ക് വിരുദ്ധമല്ലേ.അതുപോലെ മൊത്തത്തിൽ ഒരു ടെക്നിക്കൽ പാറ്റേൺ ചിത്രത്തിനില്ല.ചിലപ്പോൾ അവാർഡ് സിനിമ പോലുള്ള ഡാർക്ക് സീനുകൾ.മറ്റു ചിലപ്പോൾ അറു പൈങ്കിളി.ഇനി പതിവ് ഹീറോ സങ്കൽപ്പത്തിൽനിന്ന് വിട്ടുപിടിക്കുന്നുവെന്ന് നാം ചിലയിടത്താക്കെ കരുതും.പക്ഷേ കഥ കേറുമ്പോൾ നായകൻ വിദേശികളെപ്പോലും അടിച്ച് പപ്പടമാക്കുന്നു, ഫോർമുലാ വൺ കാറോട്ട മൽസരത്തിന്റെ ഫൈനലിലെന്നപോലെ ടാക്‌സികാർ ഓടിക്കുന്നു.ശരിക്കും വ്യത്യസ്തനായ ഒരു ഹീറോ തന്നെ!

ആകെ പോസിറ്റീവായി കാണുന്നത് ശങ്കർ രാമകൃഷ്ണന്റെ ചില ഡയലോഗുകളും ഛായാഗ്രഹണവുമാണ്.പറങ്കികളെ കുറിച്ചും മദ്യത്തെക്കുറിച്ചും നാടിന്റെ സംസ്‌ക്കാരത്തെകുറിച്ചുമൊക്കെയുള്ള ചില സംഭാഷണങ്ങൾ മനസ്സിൽ തങ്ങുന്നവയാണ്.

ചേർച്ചയില്ലാ വേഷത്തിൽ പൃഥ്വി; ഭേദം പാർവതി തന്നെ

പക്ഷേ ഈ ലേഖകനെ അമ്പരിപ്പിച്ചത് അതൊന്നുമല്ല. ഈ പൃഥ്വീരാജിന് എന്തുപറ്റിയെന്നതാണ്. സാധാരണ ബലമുള്ള ഒരു തിരക്കഥയോ, താൽപ്പര്യമുണർത്തുന്ന വൺലൈനോ ഇല്ലാതെ അദ്ദേഹം ഡേറ്റ് കൊടുക്കാറില്ല. പക്ഷേ കേട്ടുമടുത്ത ഈ കഥയിൽ ഇതൊന്നുമില്ലല്ലോ. ഇനി ചിത്രം പരാജയപ്പെട്ടാലും പലപ്പോഴും രാജുവിന്റെ കഥാപാത്രങ്ങൾ തിളങ്ങിനിൽക്കാറുണ്ട്.എന്നാൽ ഇത്തവണ നിപ്പപനി ബാധിച്ച് അവശനായപോലുള്ള തേജസും ഓജസുമില്ലാത്ത പൃഥ്വിയെയാണ് സ്‌ക്രീനിൽ കാണാനായത്.സാൾട്ട് എൻ പെപ്പർ ലുക്ക് എന്ന പേരിലുള്ള സെക്കൻഡ് ഗെറ്റപ്പ് അദ്ദേഹത്തിന് തീരെ ചേരുന്നില്ല.മേക്കപ്പ് വല്ലാതെ പാളി.( നേരത്തെ വിമാനം എന്ന ചിത്രത്തിലാണ് ഇതുപോലൊരു മോശം മേക്കപ്പിൽ ഈ യുവ നടനെ കണ്ടത്.) സാധാരണ ചലനങ്ങളിൽപോലും, മോഹൻലാലിനെപ്പോലെ കൃത്യമായ ഒരു സ്വാഭാവിക റിഥം പൃഥ്വിക്കും ഉണ്ടായിരുന്നു.പക്ഷേ ഈ പടത്തിന്റെ രണ്ടാം പകുതിയിൽ പലയിടത്തും, ചാവികൊടുത്ത് നീങ്ങുന്ന യന്ത്രപ്പാവയെപ്പോലെയാണ് ഈ മഹാ നടനെ തോനുന്നത്.അതിലും ഭയാനകം പൃഥ്വിയുടെ ചില ഡപ്പാക്കൂത്ത് നൃത്ത രംഗങ്ങളാണ്. ചിരിച്ചുപോവും. മമ്മൂട്ടിയാണ് മലയാളത്തിൽ ഇത്രബോറായി ഡാൻസ് ചെയ്യുകയെന്നായിരുന്നു ഈ ലേഖകനൊക്കെ ധരിച്ചൂവെച്ചിരുന്നത്.

മോഹൻലാൽ-കാർത്തിക താരജോടിക്കുശേഷം മനസ്സിൽ തങ്ങുന്ന ചലച്ചിത്ര ഇണകളായിരുന്നു, മൊയ്തീനും കാഞ്ചനമാലയുമായി വന്ന് മലയാളികളെ പരിശുദ്ധമായ പ്രണയ ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോയ പൃഥ്വീരാജ് -പാർവതി കോമ്പോ.പക്ഷേ ഇത്തവണ ഈ കെമിസ്ട്രിയും തീരെ വർക്കൗട്ടായിട്ടില്ല. ലിപ്ലോക്കടക്കമുള്ള ചില തീവ്രപ്രണയരംഗങ്ങളിലൊഴിച്ചാൽ, ഇവർ കമിതാക്കളാണെന്ന മൂഡ് പ്രേക്ഷകനു കിട്ടുന്നില്ല. കുറ്റംമാത്രം പറയരുതല്ലേ തമ്മിൽ ഭേദം പാർവതിയാണ്. പോർച്ചുഗലിലെ ഫ്രീക്കൻ കുട്ടിയായുള്ള ഡബിൾ  റോളാണ് എടുത്ത് പറയേണ്ടത്‌.നായകനെയും നായികയെയും മാറ്റി നിർത്തിയാൽ മറ്റ് കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനുള്ള സ്‌കോപ്പ് ഈ പടത്തിലില്ല.ഷാൻ റഹ്മാന്റെ ഗാനങ്ങൾ ആവറേജിൽ ഒതുങ്ങുന്നു.പുട്ടിന് പീരയെന്നോണം ഇടക്കിടെയെത്തുന്ന 'ആ..ആ..ആ.' എന്നുള്ള ഗാനങ്ങൾ പലതും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കയാണ്.പോർച്ചുഗലിന്റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്ത ക്യാമറ കിടുവാണ്.

വാൽക്കഷ്ണം: സത്യത്തിൽ ഈ പടം വിജയിക്കേണ്ടതിൽ കാലത്തിന്റെ ഒരാവശ്യം ഉണ്ടായിരുന്നു.കസബ സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ നടി പാർവതിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ട മമ്മൂട്ടി ഫാൻസ്, ഡിസ്ലൈക്ക് ബട്ടണമർത്തിയാണ് സോഷ്യൽ മീഡിയയിലെ ഈ ചിത്രത്തിന്റെ ട്രെയിലറിനോടും ടീസറിനോടും പ്രതികരിച്ചത്.

ഈ ചിത്രം ഒരു വലിയ വിജയമായിരുന്നെങ്കിൽ ഫാൻസുകാരുടെ അഹങ്കാരത്തിനും ഫാസിസ്റ്റ് മനോഭാവത്തിനുമുള്ള കനത്ത തിരിച്ചടികൂടി ആവുമായിരുന്നു.ആരു കൂവിത്തോൽപ്പിച്ചാലും ചിത്രം നന്നെങ്കിൽ ജനം കാണുമെന്ന് ഉറപ്പിച്ചു പറയാമായിരുന്നു.ആരാധകക്കൂട്ടമല്ല സാധാരണ പ്രേക്ഷകരാണ് ചലച്ചിത്രങ്ങളുടെ വിധികർത്താക്കൾ എന്ന് പറയിപ്പിക്കാനുള്ള അവസരംകൂടിയാണ് ഈ പടത്തിന്റെ അണിയറ ശിൽപ്പികൾ കളഞ്ഞ് കുളിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP