Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കൻ മലയാളികളേ, നാം ഇനി എങ്ങോട്ട്?

അമേരിക്കൻ മലയാളികളേ, നാം ഇനി എങ്ങോട്ട്?

കോരസൺ വർഗീസ്

ൻപതോളം വർഷങ്ങളായി അമേരിക്കയിലേക്ക് കുടിയേറിയ മലയാളിക്കു കുറെയേറെ രൂപാന്തരം ബാധിച്ചു. ജന്മനാട്ടിനേക്കാൾ കൂടുതൽ സമയം അവൻ വിയർപ്പൊഴുക്കി അദ്ധ്വാനിച്ചു പടുത്തുയർത്തിയ കുടുംബം, സൗഹൃദങ്ങൾ, സാംസ്‌കാരിക തനിമ, അവനറിയാതെ കൂടെ കൊണ്ടുപോന്ന തുടിപ്പിക്കുന്ന സുവർണ്ണസന്ധ്യകൾ, ബാല്യകാല ഓർമ്മകൾ, താളം പിടിക്കുന്ന ഗൃഹാതുര സ്മരണകൾ ഒക്കെ അവനൊപ്പം നിലയുറപ്പിച്ചു. ഓരോ മഴചാറ്റലിലും അവൻ മനസ്സുകൊണ്ട് ഓടിച്ചേരാൻ കൊതിക്കുന്ന ദാരിദ്ര്യം നിറഞ്ഞ ഓലപ്പുരകളുടെയും, ചീർന്നൊലിക്കുന്ന പള്ളിക്കൂടങ്ങളുടെയും മങ്ങിയ നനുത്ത ഓർമ്മകൾ ഒക്കെ അവന്റെ സിരകളിൽ ഇടയ്ക്കിടെ വന്നു കിന്നാരം പറയാറുണ്ട്. 'ഈ യാത്ര തുടങ്ങിയതെവിടെനിന്നോ ഇനിയിലൊരു വിശ്രമം എവിടെച്ചെന്നോ' അമേരിക്കൻ മലയാളിക്ക് വയലാറിന്റെ വരികൾ ഹൃദസ്ഥ്യം!.

അമേരിക്കയിലെ ജീവിതം അവനു സമ്മാനിച്ച സുരക്ഷിതമായ മോഹിപ്പിക്കുന്ന ജീവിത സാഹചര്യങ്ങൾ. കുട്ടികൾ വളർന്നു അമേരിക്കൻ മുഖ്യധാരയുടെ ഭാഗമാകുമ്പോൾ, അവൻ ഓർക്കുവാൻ പോലും സാധിക്കാത്ത നമ്മുടെ മലയാളഭാഷയും നമ്മുടെ രുചിക്കൂട്ടുകളും, രസകൂട്ടുകളും. എന്തൊക്കയോ നമ്മളെ നാം ആക്കി എന്ന് വിശ്വസിച്ചു കൂട്ടിയ മിഥ്യാധാരണകളും ഒക്കെ ഒന്നൊന്നായി അർത്ഥം നഷ്ട്ടപ്പെട്ടു പോകുന്നത് വെറുതെ നോക്കി നിൽക്കാനേ അവനു സാധിക്കുന്നുള്ളൂ. കുറെയൊക്കെ മലയാളിയായി പിടിച്ചുനിൽക്കാൻ ശ്രമിച്ചപ്പോഴും, എന്തിനാണ് ഇതൊക്കെ എന്ന് തോന്നി തുടങ്ങിയ ജീവിത യാഥാർഥ്യങ്ങളോട് അവൻ മല്ലടിച്ചു കൊണ്ടേയിരിക്കകയാണ് ഓരോ നിമിഷവും.

പണ്ടൊക്കെ, അവന്റെ സ്വന്തമായ ശ്മശാന ഭൂമിയുടെ അവകാശങ്ങൾ സ്വന്തമാക്കാനുള്ള പരസ്യത്താളുകൾ മെയിൽ ബോക്‌സിൽ വന്നു നിറയുമ്പോൾ ഭീതിയോടെ, അത് തുറക്കാതെ തന്നെ ഗാർബേജ് ബാഗിന്റെ ഉള്ളിലേക്ക് തള്ളുകയായിരുന്നു. കൊഴിഞ്ഞു വീണ നീണ്ട വർഷങ്ങളും അറിയാതെ കൂടെകൂടിയ ആരോഗ്യപ്രശ്‌നങ്ങളും, അത്തരം പരസ്യത്താളുകളെ പുതിയ അർത്ഥത്തോടെ നോക്കി, വരികളിലൂടെ വായിച്ചു, വേണ്ടതു ചെയ്യുവാൻ തമ്മിൽ തമ്മിൽ പറഞ്ഞു തുടങ്ങി.ചിലർ അത്തരം സ്വസ്ഥമായ ഇടങ്ങൾ സ്വന്തമാക്കുകയും ഇടക്ക് അവിടെ പോയി നോക്കാനും തുടങ്ങി. സുഹൃത്തുക്കൾ അടുത്തടുത്തു കിടന്നു കിന്നാരം പറഞ്ഞു പൊട്ടിച്ചിരിക്കാൻ അടുത്ത സ്ഥലങ്ങളും സ്വന്തമാക്കി. അമേരിക്കൻ മണ്ണിലെ ഈ ആറടി മണ്ണ് സ്വന്തമാക്കിയതുമുതൽ പിറന്ന മണ്ണിനോട് മനസ്സ് കൊണ്ട് സലാം പറഞ്ഞു തുടങ്ങി. അല്ലാതെതന്നെ അമ്മയുടെ മരണത്തോടെ നാട്ടിൽ പോകുന്നത് ഒരു വിനോദ യാത്രയുടെ മൂഡിലാണ് ഏറെപ്പേർക്കും. 'ഈ മണ്ണിൽ കിടക്കുന്ന കൊഴിഞ്ഞ പൂക്കൾ, ഇതുവഴി പോയവർ തൻ കാലടികൾ' അതാണ് അമേരിക്കൻ മലയാളി ഇന്ന് നോക്കുന്നത്.

ആകെ ഒരു കൺഫ്യൂഷൻ. ഇവിടെ ഒന്നിനും അവനു താല്പര്യമില്ല, ഒന്നിനെയും അവനു വിശ്വാസമില്ല എങ്കിലും വടക്കു നോക്കിയന്ത്രം പോലെ കേരളത്തിലെ രാഷ്ട്രീയവും, ഇവിടുത്തെ പള്ളി രാഷ്ട്രീയവും, മലയാളം സീരിയലുകളും, കാശുകൊടുക്കാതെ വായിക്കാവുന്ന ഓൺലൈൻ പത്രങ്ങളും മാത്രം അവന്റെ ദിവസങ്ങൾ നിറക്കുന്നു. കുറെയേറെ രാജ്യങ്ങൾ യാത്രചെയ്തു കഴിഞ്ഞപ്പോൾ അതും മടുത്തു. നാട്ടിൽ പോയി നിൽക്കുന്നതും മടുത്തു, കേരളത്തിൽ പോയാൽ തന്നെ എത്രയും വേഗം തിരികെ എത്താനാണ് അവൻ ശ്രമിക്കുന്നത്. ഇവിടുത്തെ സാംസ്‌കാരിക നായകരെ ഒട്ടുമേ അവനു താല്പര്യമില്ല. പക്ഷെ എന്തെങ്കിലും ഒക്കെ വായിക്കണമെന്ന് അവനു ആഗ്രഹമുണ്ട്. തന്റെ നാളുകൾക്കു നീളം കുറഞ്ഞു വരുന്നു എന്ന അറിവിൽ, പേരകുട്ടികളെ നോക്കുന്നതും,മെഡിക്കൽ അപ്പോയ്ന്റ്‌മെന്റ്‌സ് ഒക്കെയായി ജീവിതം വലിച്ചു കൊണ്ടുപോകുന്നു. അടുത്തകാലത്ത് തുടങ്ങിയ ചെറിയ കൂട്ടമായ ക്ലബ്ബ്‌സംസ്‌കാരം അൽപ്പം സ്മാളും കുറെ കുന്നായ്മയും, വേനലിലെ കൃഷിയും അവനെ ചെറിയ ലോകത്തിലെ വലിയ രാജാവാക്കി. ഓണവും ക്രിസ്മസും തിരഞ്ഞെടുപ്പും മാത്രം ആഘോഷിക്കുന്ന മലയാളി സംഘടനകൾ ശുഷ്‌ക്കമായ കൂട്ടങ്ങളായിത്തുടങ്ങി.

നാടൻ വിഭവങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും മുണ്ടും തിരുവാതിരയും ചെണ്ടയുമൊക്കെ ഇന്ന് അവനു ഹരമാണ്, പക്ഷേ താമസിയാതെ ഓർമയുടെ വിഹായസ്സിൽ തെളിഞ്ഞു നിൽക്കുന്ന മഴവിൽ കാവടികൾ ആയി ഇവ മാറും. മലയാളം സിനിമയും പാട്ടുകളും പത്രങ്ങളും സ്റ്റേജ് ഷോകളും ഒക്കെ പഴയ തലമുറക്കു താല്പര്യം കുറഞ്ഞു തുടങ്ങി. ഇവിടെ വളർന്ന പുതിയ തലമുറക്ക് ഇതൊന്നും ഒട്ടുമേ ദഹിക്കാത്തയായി. ഇപ്പോഴുള്ള തലമുറ കുറച്ചു കാലം കൂടി ഇങ്ങനെ പോകും എന്നതിൽ തർക്കമില്ല, എന്നാൽ ഇനിയും നാം എങ്ങോട്ട് എന്ന് ചിന്തിച്ചു തുടങ്ങണം.

മലയാളിക്ക് ഇന്നും അവനെ ഒന്നുചേർത്തുനിർത്തുന്ന മാജിക്, നാട്ടിലെ രാഷ്ട്രീയമാണ്. എന്തൊക്കയോ നഷ്ട്ടപ്പെട്ട അവനു, രാഷ്രീയ നേതാക്കളുമായുള്ള ഫോട്ടോയും ചങ്ങാത്തവും ആദരിക്കലും ആകെ അവനെ മലയാളിയാക്കി പിടിച്ചു നിലനിർത്തുന്നു. എന്നാൽ അമേരിക്കയിലെ പൊങ്ങച്ചൻ മലയാളിയെപ്പറ്റി പുച്ഛത്തോടെ അടക്കം പറകയും , നേരിൽ കാണുമ്പോൾ പൊക്കി പറകയും ചെയ്യുന്ന കേരള രാഷ്ട്രീയ, സമുദായ നേതാക്കളുടെ കാപട്യം ഒക്കെ അവന് അറിയാമെങ്കിലും അവൻ അതിൽ ഒരു നിഗൂഢ സായൂജ്യം അണയുന്നു. എന്നാൽ ഇനിയും ഇത് തുടരണോഎന്ന് ചിന്തിച്ചു തുടങ്ങണം.

ആദ്യാനുഭവമുള്ള മലയാളി, ആക്റ്റീവ് റിട്ടയർമെന്റ്റിലേക്കു പ്രവേശിക്കുകയും, ഇവിടെ ജനിച്ചു വളർന്ന പുതിയ തലമുറ, മലയാളി അല്ലെങ്കിൽ ഇന്ത്യക്കാരൻ എന്നറിയപ്പെടാൻ അത്ര താല്പര്യം കാട്ടാതെയും ഇരിക്കുന്ന ഒരു സ്ഥിതി വിശേഷം നിലനിൽക്കുന്നു. നമുക്ക് നമ്മുടേതായ ചില പ്രശ്‌നങ്ങൾ ഉണ്ട്. പഞ്ചാബിയും ഗുജറാത്തിയും തമിഴനും തന്റെ ഭാഷയോടും സംസ്‌കാരത്തോടും കാട്ടുന്ന അഭിനിവേശവും, അത് പുതു തലമുറയിൽ നിലനിർത്താൻ കാട്ടുന്ന പരിശ്രമവും മലയാളി കാട്ടാറില്ല. അവന്റെ പുതുതലമുറ വളരെ വേഗം അമേരിക്കൻ ധാരയിൽ അലിഞ്ഞു ചേരുകയാണ്. ഇവിടെ മലയാളിത്തം ഓർമ്മ മാത്രമാവുകയാണ്. അതായതു ഈ മലയാളി ആഘോഷങ്ങൾ ഇന്നാട്ടിൽ കുറച്ചു വർഷങ്ങൾ കൂടി മാത്രം.

ഒന്നിനും താൽപ്പര്യമില്ലാത്ത ഒരു വലിയ കൂട്ടം വിശ്രമ ജീവിതം വെറുതെ ജീവിച്ചു തീർക്കുന്നു. മതിയായ നേതൃത്വവും കാഴ്ചപ്പാടും ഇവിടുത്തെ സാമൂഹിക നേതൃത്വത്തിന് കാണാനില്ല എന്നത് ഒരു വിധിവൈപരീത്യം. മതസംഘടനകളിൽ തളച്ചിട്ട അമേരിക്കൻ മലയാളി പൊട്ടക്കുളത്തിലെ തവളകൾ പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകയാണ് എന്നത് വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്. മലയാളിത്തം വേണ്ടാത്ത ഒരു പുത്തൻ തലമുറ. അത് അമേരിക്കനാണോ ഏഷ്യൻ ആണോ ഏതു ഗണത്തിൽ അറിയപ്പെടണം?, മിശ്ര വിവാഹങ്ങളിലൂടെ വേരുകൾ നഷ്ട്ടപ്പെടുന്നവർ, നമ്മുടെ കുട്ടികളിൽ വർധിച്ചുവരുന്ന ആത്മഹത്യകൾ, ക്ഷുദ്രവാസനകൾ, ഒക്കെ കണ്ടില്ല എന്ന് നടിച്ചു മുന്നോട്ടു പോകാനാവില്ല.

സാമൂഹിക പ്രശ്ങ്ങൾ, കുറ്റകൃത്യങ്ങൾ, കള്ളത്തരങ്ങൾ വഞ്ചന ഒക്കെ ജനസംഖ്യ അനുപാതത്തിനു അനുസരിച്ചു കുറവല്ലാത്ത ഒരു സമൂഹമാണ് നമ്മുടേതെന്നു ഇവിടെ സർക്കാരിന്റെ സോഷ്യൽ സെർവീസിൽ സേവനം അനുഷ്ഠിക്കുന്ന ഒരു മലയാളി സുഹൃത്ത് പറഞ്ഞപ്പോൾ ഞെട്ടാതിരുന്നില്ല. ഒരു പ്രശ്‌നം ഉണ്ടെങ്കിൽ ആരും ഇടപെടാനോ സഹായം തേടാനോ ശ്രമിക്കാറില്ല. സ്വയം ജീവൻ എടുത്ത ഒരു മലയാളികുട്ടിയുടെ ദാരുണമായ അന്ത്യം നടന്നു എന്നറിഞ്ഞു പെട്ടന്ന് ആ വീട്ടിൽ എത്തി ദുഃഖത്തിൽ പങ്കുചേരാൻ ശ്രമിച്ചപ്പോൾ അവിടെ ഒന്നും ഏശാതെ മാതാപിതാക്കൾ എല്ലാവരെയും സ്വീകരിക്കുകയും, നിരത്തി വച്ചിരിക്കുന്ന ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നു. ഇതേ അവസ്ഥയിൽ മറ്റൊരു കുട്ടിയുടെ ശവസംസ്‌കാരച്ചച്ചടങ്ങിൽ അവന്റെ അമ്മ വളരെ രസകരമായി കുട്ടിയുടെ ജീവിതത്തെ അവതരിപ്പിക്കുന്നത് യാതൊരു വികാരവുമില്ലാതെയായിരുന്നു. എന്തോ പൊരുത്തപ്പെടാനാവാത്ത എന്തോ ഒക്കെ അമേരിക്കൻ മലയാളികൾക്ക് ഉണ്ട് എന്ന് സമ്മതിച്ചേ മതിയാവുകയുള്ളൂ. പള്ളികൾ ഒക്കെ വെറും സാമൂഹിക ക്ലബ്ബിന്റെ നിലവാരത്തിൽ ഒത്തുചേരലിനു മാത്രമുള്ള ഇടങ്ങളായി. വിവാഹം കഴിക്കാനാഗ്രഹിക്കാതെ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ച ചെറുപ്പക്കാർ ഒരു വലിയ സാമൂഹിക പ്രശ്‌നമായി ചിലർ അടക്കം പറയുന്നുണ്ട്. വാർദ്ധക്യത്തിലെ ഏകാന്തത നാട്ടിലെ മാതാപിതാക്കൾക്ക് മാത്രമല്ല ഇവിടുത്തെയും സ്ഥിതിവിശേഷമാണെന്നു പറയേണ്ടതില്ല.

ഇവിടുത്തെ നമ്മുടെ സാമൂഹിക പശ്ചാത്തലങ്ങൾ ഇവിടുത്തെ എഴുത്തുകാർ ഉൾകൊള്ളുന്നുണ്ടോ എന്ന് പരിശോധിക്കണം. ചില സാഹിത്യ കൃതികൾ ഇല്ലാതില്ല, പക്ഷെ അത് ചർച്ച ചെയ്യപ്പെടുന്നില്ല. അതിനുള്ള നമ്മുടേതായ മാധ്യമ ഇടങ്ങളിലും ഉള്ള കുറവ് തിരിച്ചറിയാതെയല്ല. അമേരിക്കൻ മലയാളിയുടെ ജീവിതത്തിന്റെ നേർക്കാഴ്ച തുടിക്കുന്ന രചനകൾ, ചിത്രങ്ങൾ, സിനിമകൾ ഒക്കെ മലയാളിയുടെ മുഖ്യധാരയിൽ തന്നെ ചർച്ച ചെയ്യപ്പെടണം. ബെന്യാമിന്റെ ആടുജീവിതം മലയാളിയുടെ കശേരുഖണ്ഡത്തിൽ നീറുന്ന വേദനയായെങ്കിൽ, സഫലമായ എഴുത്തുകാരുള്ള ഈ മണ്ണിൽനിന്നും അത്തരം ഒരു ജീവിത കഥ ഉണ്ടാവുന്നില്ല. വെറുതെ നാട്ടിൽ നിന്നും കുറെ എഴുത്തുകാരുടെ സഖിത്വം ഇവിടുത്തെ രചനകളെ എങ്ങനെ പോഷിപ്പിക്കും എന്നറിയില്ല അവർ സമ്മാനിക്കുന്ന അവജ്ഞയും ഇകഴ്‌ത്തലുകളും കുറ്റമറ്റ കൃതികൾക്ക് പോഷകഫലം ഉണ്ടാക്കുമോ എന്നും അറിയില്ല. അമേരിക്കൻ പ്രവാസി എഴുത്തുകൾ കേവലം ചവറുകൾ എന്ന നിലയിൽ കാണുന്ന മലയാള സാഹിത്യകാരന്മാർ നമ്മെ പ്രോത്സാഹിപ്പിക്കാൻ,നമ്മുടെ ജീവിതത്തെ മനസ്സിലാക്കാൻ ശ്രമിക്കാറില്ല. നാം കെട്ടി എഴുനെള്ളിച്ചു കൊണ്ടുവരുന്ന രാഷ്ട്രീയ സാംസ്‌കാരിക നായകർ, കേരളത്തിലെ പ്രശ്‌നങ്ങൾ നമ്മോടു പറഞ്ഞിട്ട് നമുക്ക് എന്ത് പ്രയോജനം?. നമ്മുടെ തനതായ പ്രശ്ശ്‌നങ്ങളിൽ അവർക്കു താല്പര്യവുമില്ല.

നമുക്ക് നമ്മുടേതായ പ്രശ്ങ്ങളും അവക്ക് നമ്മുടേതായ പ്രതിവിധിയുമാണ് ഉണ്ടാകേണ്ടത്. നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾക്ക് കേട്ട്‌കേഴ്‌വിയുടെ വെളിച്ചത്തിൽ സുഖിപ്പിക്കുന്ന അർത്ഥമില്ലായ്മ വിളമ്പുകയാണ്. അമേരിക്കൻ മലയാളിയുടെ ദേശീയ സംഘടനകൾക്ക് ഗുണപരമായ മാർഗനിർദ്ദേശങ്ങൾ നൽകാനൊ, ചര്ച്ചകള് തിരികൊളുത്തണോ കഴിയാത്ത അർത്ഥമില്ലാത്ത കൂട്ടമായി. കുറെ പണം പിരിച്ചു കേരളിത്തിൽ പോയി ചാരിറ്റി നടത്തുന്നത് നാം ഇനിയെങ്കിലും നിർത്തണം. അവിടുത്തേക്കാളും അരക്ഷിതരായ ഒരു വലിയ കൂട്ടം നമുക്ക് ചുറ്റും ഉണ്ട്. നാം കാണാത്തതുകൊണ്ടും അറിയാത്തതുകൊണ്ടും എല്ലാം ഭദ്രമാണെന്ന് പറയരുത്. നമ്മുടെ പ്രശ്ങ്ങൾ അക്കമിട്ടു നിരത്തണം. അതിനു പരിഹാരങ്ങൾ കണ്ടുപിടിക്കാൻ കെൽപ്പുള്ള വൈദഗ്ദ്ധ്യമുള്ള, ഒരു കൂട്ടം നമ്മുടെ ഇടയിൽ തന്നെ ഉണ്ട്. പക്ഷെ അവരെ അടുപ്പിക്കാൻ കസേര വിട്ടൊഴിയാൻ വിസമ്മതിക്കുന്ന നേതൃത്വം സമ്മതിക്കില്ല. അഥവാ അവർ താല്പര്യം കാണിച്ചാൽ തന്നെ തെറിവിളിച്ചു ഓടിക്കുന്നതാണ് കണ്ടുവരുന്നത്.

ഒറ്റപ്പെട്ട തുരുത്തുകളിൽ നമുക്ക് നിലനിക്കാനാവില്ല. നാട്ടിലെ സ്വപ്ങ്ങൾ കണ്ടുകൊണ്ടു ഇവിടെ നാട് സൃഷ്ട്ടിക്കാൻ സാധിക്കില്ല. എല്ലാം നഷ്ട്ടപ്പെട്ടു വെറും അമേരിക്കക്കാരൻ എന്ന് ഞെളിഞ്ഞു നടക്കാനും ആവില്ല. അപ്പൊ പിന്നെ നാം എന്താകണം? എങ്ങോട്ടാണ് അമേരിക്കൻ മലയാളിയുടെ പോക്ക്?

'ഒരിടത്തു ജനനം ഒരിടത്തു മരണം, ചുമലിൽ ജീവിത ഭാരം

വഴിയറിയാതെ മുടന്തി നടക്കും വിധിയുടെ ബലി മൃഗങ്ങൾ നമ്മൾ

വിധിയുടെ ബലി മൃഗങ്ങൾ'. വയലാർ രാമവർമ്മ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP