Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിശ്വാസത്തിന്റെ വെളിച്ചത്തിൽ സ്വയമർപ്പിച്ച മദർ മേരി ഷന്താൾ ദൈവദാസി പദവിയിലേക്ക്; പ്രഖ്യാപനം ഓഗസ്റ്റ് നാലിന് അതിരമ്പുഴ ആരാധനാമഠത്തിൽ; നാമകരണ നടപടികൾക്ക് ഒരുക്കം തുടങ്ങി

വിശ്വാസത്തിന്റെ വെളിച്ചത്തിൽ സ്വയമർപ്പിച്ച മദർ മേരി ഷന്താൾ ദൈവദാസി പദവിയിലേക്ക്; പ്രഖ്യാപനം ഓഗസ്റ്റ് നാലിന് അതിരമ്പുഴ ആരാധനാമഠത്തിൽ; നാമകരണ നടപടികൾക്ക് ഒരുക്കം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദർ മേരി ഫ്രാൻസിസ്‌കാ ദ് ഷന്താൾ ദൈവദാസി പദവിയിലേക്ക്. നാമകരണ നടപടികളുടെ അതിരൂപതാതല ഉദ്ഘാടനവും ദൈവദാസി പ്രഖ്യാപനവും ഓഗസ്റ്റ് നാലിനു രണ്ടു മണിക്കു മദർ ഷന്താളിന്റെ കബറിടം സ്ഥിതിചെയ്യുന്ന അതിരമ്പുഴ ആരാധനാമഠത്തിൽ നടക്കും. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അർപ്പിക്കുന്ന കുർബാനയുടെ മധ്യേ നാമകരണ നടപടികളുടെ പ്രഖ്യാപനം നടത്തും.

പോസ്റ്റുലേറ്ററായി റവ.ഡോ. ജോസഫ് കൊല്ലാറയെ നിയമിച്ചു. നാമകരണക്കോടതിയുടെ പ്രവർത്തനങ്ങളും അന്ന് ആരംഭിക്കും. ധന്യമായ ജീവിതം നയിച്ചവരെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന കത്തോലിക്കാ സഭയിലെ നാമകരണ നടപടികൾക്കു രൂപതാതലത്തിൽ നേതൃത്വം നൽകുന്നയാളാണു പോസ്റ്റുലേറ്റർ. ബന്ധപ്പെട്ട രൂപതാ ബിഷപ്പാണു പോസ്റ്റുലേറ്ററെ നിയമിക്കുന്നത്. നാമകരണ നടപടികൾക്ക് ഉപകരിക്കുന്ന വിവരങ്ങൾ അറിയാവുന്നവർ പോസ്റ്റുലേറ്ററെ അറിയിക്കണമെന്നു ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അഭ്യർത്ഥിച്ചു.

ജീവിത വഴി

ആലപ്പുഴ ചമ്പക്കുളം വല്ലയിൽ കൊച്ചുമാത്തൂച്ചന്റെയും മറിയാമ്മയുടെയും അഞ്ചാമത്തെ മകളായി 1880 ഡിസംബർ 23നു ജനനം. ഫിലോമിന പ്ലമെന എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു. വളരെ ചെറുപ്പത്തിൽതന്നെ സന്യാസജീവിതം ആഗ്രഹിച്ചെങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിനുവഴങ്ങി ചങ്ങനാശേരി പൂവത്ത് പുത്തൻപുരയിൽ തോമസിനെ തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ചു. നാലുവർഷം നീണ്ടുനിന്ന കുടുംബജീവിതത്തിനിടയിൽ ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും ജനിച്ചു. ആൺകുട്ടി ശൈശവത്തിൽതന്നെ മൃതിയടഞ്ഞു. ഭർത്താവിന്റെ മരണശേഷം ഫിലോമിനയും മകളും ചമ്പക്കുളത്ത് സ്വന്തം വീട്ടിൽ മാതാവിനോടും സഹോദരങ്ങളോടുമൊപ്പം താമസമാക്കിയ കാലഘട്ടത്തിലാണ് (1901) കുര്യാളശേരി തോമസ് അച്ചനുമായി പരിചയപ്പെടുന്നതും വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനി സമൂഹ സ്ഥാപനത്തിലേർപ്പെടുന്നതും.

ഫാ. തോമസ് കുര്യാളശേരിയുടെ നിർദ്ദേശപ്രകാരം, ബാലാരിഷ്ടതകൾ പിന്നിടാത്ത പുത്രിയെ ദൈവപരിപാലനയ്ക്കു ഭാരമേൽപിച്ചും സ്വന്തം അമ്മയുടെ കണ്ണീരിനെ അവഗണിച്ചും സഹോദരങ്ങളുടെ എതിർപ്പിനെ അതിജീവിച്ചും ഫിലോമിന സന്യാസജീവിത പരിശീലനത്തിനും പഠനത്തിനുമായി ചങ്ങനാശേരി ക്ലാരമഠത്തിലേക്കു പുറപ്പെട്ടു. സന്യാസിനി ആകുക എന്ന ലക്ഷ്യസാധ്യത്തിനായി 22-ാമത്തെ വയസിൽ ചങ്ങനാശേരി കർമലീത്ത മഠംവക സ്‌കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നു പഠനം ആരംഭിച്ചു. ചന്പക്കുളത്തുനിന്നു ചങ്ങനാശേരി ക്ലാരമഠത്തിലേക്കു തുടങ്ങിവച്ച പുറപ്പാടനുഭവത്തിന്റെ തുടർച്ചയായിരുന്നു തന്റെ സഹയാത്രികരുമായി മുത്തോലി കർമലീത്ത മഠത്തിലേക്കും എടത്വായിലെ കാലിത്തൊഴുത്തിലേക്കും വള്ളപ്പുരയിലേക്കും തുടർന്നു ചന്പക്കുളത്തെ താത്കാലിക കൂടാരത്തിലേക്കുമുള്ള സാഹസികയാത്രകൾ.

കാനൻദേശത്തേക്കു പുറപ്പെടുന്ന അബ്രാഹത്തെപ്പോലെയും വാഗ്ദാനഭൂമിയിലേക്കു ദൈവജനത്തെ നയിച്ച മോശയെപ്പോലെയും വിശ്വാസത്തിന്റെ വെളിച്ചത്തിൽ ഒരു സഭാരൂപീകരണത്തിനുള്ള വിളിയാണു തന്റേതെന്ന ഉറച്ച ബോധ്യം അവർക്കുണ്ടായിരുന്നു. ഏഴുവർഷത്തെ നിരന്തര പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും പരിശീലനത്തിനും ശേഷം 1908 ഡിസംബർ എട്ടിന് എടത്വ സെന്റ് ജോർജ് ദേവാലയത്തിൽവച്ച് മറ്റ് അഞ്ച് അർഥിനികൾക്കൊപ്പം ഫിലോമിന ശിരോവസ്ത്രം സ്വീകരിച്ച് മേരി ഫ്രാൻസിസ്‌ക ദ് ഷന്താൾ ആയി മാറി. 1911 ഡിസംബർ പത്തിന് ചന്പക്കുളം ഓർശ്ലെം ദേവാലയത്തിൽവച്ച് സ്ഥാപകപിതാവിന്റെ കരങ്ങളിൽനിന്ന് സഭാവസ്ത്രം സ്വീകരിച്ച ഷന്താളമ്മ 1916 ഓഗസ്റ്റ് 21-ന് ചങ്ങനാശേരി അരമന ചാപ്പലിൽവച്ച് നിത്യവ്രത വാഗ്ദാനം നടത്തി.

കുടുംബങ്ങളുടെ അഭിവൃദ്ധിക്കും കുട്ടികളുടെ മനഃസംസ്‌കരണത്തിനും സ്ത്രീവിദ്യാഭ്യാസം അവശ്യഘടകമാണെന്ന കുര്യാളശേരി പിതാവിന്റെ ദർശനം സ്വന്തമാക്കിയ ഷന്താളമ്മ പിതാവിനൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുവായി. വിദ്യാഭ്യാസത്തിലൂടെ, പ്രത്യേകിച്ചു സ്ത്രീ വിദ്യാഭ്യാസത്തിലൂടെ, ഭവനങ്ങളെയും കരകളെയും ദേശങ്ങളെയും നവീകരിക്കുകയും ഗുണീകരിക്കുകയും ചെയ്യണമെന്ന പിതാവിന്റെ വീക്ഷണം അമ്മ ജീവിതഗന്ധിയാക്കിയപ്പോൾ ആശാൻ പള്ളിക്കൂടങ്ങൾ പലതും പ്രൈമറി സ്‌കൂളുകളായി മാറി.

പിതാവിന്റെ കൽപന പ്രകാരം 1912 മുതൽ നാലു വർഷക്കാലം ചങ്ങനാശേരി ക്ലാരമഠത്തിലെ ഒരംഗത്തെപ്പോലെ അവിടെ താമസിച്ച് ചങ്ങനാശേരിയിൽ ആരാധനമഠത്തിന്റെ ശാഖകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു. ക്ലാരസഭയുടെ മേൽനോട്ടത്തിൽ ചങ്ങനാശേരി (1913), കായൽപ്പുറം (1913), മണിയംകുന്ന് (1917) എന്നിവിടങ്ങളിൽ ആരംഭിച്ച പെൺപള്ളിക്കൂടങ്ങളുടെ നടത്തിപ്പിനും ഗവൺമെന്റ് അംഗീകാരം ലഭിക്കുന്നതിനും ആവശ്യമായ കാര്യങ്ങൾ നിർവഹിക്കുന്നതിനായി സ്‌കൂളുകളുടെ കറസ്‌പോണ്ടന്റായി ഷന്താളമ്മയെ പിതാവ് നിയോഗിച്ചു. 1916-ൽ തുരുത്തിയിലും വാഴപ്പള്ളിയിലും 1917-ൽ മല്ലപ്പള്ളിയിലും 1922-ൽ മാമ്മൂട്ടിലും സ്ഥാപിതമായ സ്‌കൂളുകൾക്ക് ഷന്താളമ്മയുടെ കഠിനാധ്വാനത്തിന്റെയും ദൈവാശ്രയബോധത്തിന്റെയും ധാരാളം കഥകൾ പറയാനുണ്ട്.

സ്‌കൂൾ കെട്ടിടങ്ങളുടെയും സ്‌കൂൾ സാമഗ്രികളുടെയും നിർമ്മാണം, അദ്ധ്യാപകരെ കണ്ടെത്തൽ, ഗവൺമെന്റിൽ നിന്നുള്ള അംഗീകാരം നേടൽ തുടങ്ങിയ കാര്യങ്ങൾക്കുവേണ്ടി ഇറങ്ങിത്തരിച്ച ഷന്താളമ്മയുടെ ആത്മധൈര്യവും ധിഷണാപാടവവും കർമശേഷിയും മനസിലാക്കിയ സാധാരണ ജനങ്ങളും ഉദ്യോഗപ്രഭൃതികളും ധീരവനിത, വലിയ മദർ എന്നീ അപദാനങ്ങൾ നൽകി അമ്മയെ ആദരിച്ചു. പൊതുവേദിയിൽ എന്നല്ല, വീടിനു വെളിയിൽപോലും സ്ത്രീകളെ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ, പരിമിതമായ ഇംഗ്ലീഷ് ഭാഷാ ജ്ഞാനം മാത്രം കൈമുതലാക്കിക്കൊണ്ട് വിദ്യാലയങ്ങളുടെയും മഠങ്ങളുടെയും സ്ഥാപനത്തിനും അംഗീകാരത്തിനുംവേണ്ടി ഗവൺമെന്റ് ഓഫീസുകൾ കയറിയിറങ്ങി.

അമ്മയുടെ ആജ്ഞാശക്തിയും നിശ്ചയദാർഢ്യവും കണ്ടറിഞ്ഞ യൂറോപ്യൻ ഉദ്യോഗസ്ഥർ അമ്മ ആവശ്യപ്പെട്ട അനുവാദപത്രികകളിൽ വൈമനസ്യം പ്രദർശിപ്പിക്കാതെ ഒപ്പുവച്ചു. പള്ളിയോഗങ്ങളിൽ സ്ത്രീകൾ സംബന്ധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയാതിരുന്ന കാലത്ത് ഷന്താളമ്മ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമൈശ്വര്യ പദ്ധതികളുമായി അവിടെ കടന്നുചെന്നു. അമ്മയുടെ പ്രവർത്തനപരതയും കർമശേഷിയും കണ്ടറിഞ്ഞ അവർ സഹായമെത്തിക്കാൻ തയാറായി.

മഠത്തിലെ പറമ്പിലുണ്ടാകുന്ന വിളവുകളുടെ ഒരു പങ്ക് അടുത്തുള്ള ദരിദ്രർക്കു നൽകിയാലേ അമ്മയ്ക്ക് തൃപ്തിവന്നിരുന്നുള്ളൂ. ഭക്ഷണത്തിന്റ ഒരോഹരി എന്നും അന്യർക്കുള്ളതായിരുന്നു. തണുത്തുവിറയ്ക്കുന്ന വ്യക്തിക്ക് സ്വന്തം ഉടുപ്പ് നൽകാനും അമ്മ മടിച്ചില്ല. ഈ ദാനശീലം അമ്മയ്ക്ക് സഹനകാരണമായിട്ടുണ്ട്. സ്വർണം അഗ്‌നിയാൽ ശുദ്ധീകരിക്കപ്പെടുന്നതുപോലെ വേദനകളും സഹനങ്ങളുമാകുന്ന അഗ്‌നിയിൽ ഷന്താളമ്മ ശുദ്ധീകരിക്കപ്പെട്ടു. എതിർപ്പുകളും തെറ്റിദ്ധാരണകളും വിമർശനങ്ങളും ഉണ്ടായപ്പോൾ അവയെല്ലാം ഈശോയോടു താദാത്മ്യപ്പെടാനുള്ള അവസരമായികണ്ടു.

ദൈവത്തെയും മനുഷ്യരെയും സ്‌നേഹിച്ച ഷന്താളമ്മ 1972 മെയ്‌ 25-ന് അന്തരിച്ചു. അമ്മയുടെ മൃതദേഹം സംസ്‌കരിച്ചിരിക്കുന്ന അതിരമ്പുഴ ആരാധനമഠം ചാപ്പലിൽ അമ്മയുടെ മാധ്യസ്ഥ്യം തേടി അനേകർ എത്തുന്നത് അമ്മ തങ്ങൾക്കുവേണ്ടി സ്വർഗീയപിതാവിൽനിന്ന് അനുഗ്രഹങ്ങൾ നേടിത്തരുമെന്നുള്ള ഉറച്ച പ്രതീക്ഷയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP