Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കന്യാസ്ത്രീക്കു നഗ്‌നചിത്രം അയച്ചുകൊടുത്ത് ബലാത്സംഗം ചെയ്ത മെത്രാനെ അറസ്റ്റ് ചെയ്യാൻ പേടിക്കുന്ന പൊലീസിന് സോഷ്യൽ മീഡിയയിലൂടെ രസം പങ്കുവയ്ക്കാൻ ഗ്രൂപ്പ് തുടങ്ങിയ ജിഎൻപിസി അഡ്‌മിന്മാരെ അറസ്റ്റ് ചെയ്യാൻ എന്താണ് ഇത്ര ധൃതി? ഗ്ളാസിലെ നുരയുടെ പേരിൽ ദമ്പതികളെ ഒളിവിൽ അയച്ച പൊലീസിന് ആരോടാണ് കൂറ്? - ഇൻസ്റ്റന്റ് റെസ്പോൺസ്

കന്യാസ്ത്രീക്കു നഗ്‌നചിത്രം അയച്ചുകൊടുത്ത് ബലാത്സംഗം ചെയ്ത മെത്രാനെ അറസ്റ്റ് ചെയ്യാൻ പേടിക്കുന്ന പൊലീസിന് സോഷ്യൽ മീഡിയയിലൂടെ രസം പങ്കുവയ്ക്കാൻ ഗ്രൂപ്പ് തുടങ്ങിയ ജിഎൻപിസി അഡ്‌മിന്മാരെ അറസ്റ്റ് ചെയ്യാൻ എന്താണ് ഇത്ര ധൃതി? ഗ്ളാസിലെ നുരയുടെ പേരിൽ ദമ്പതികളെ ഒളിവിൽ അയച്ച പൊലീസിന് ആരോടാണ് കൂറ്? - ഇൻസ്റ്റന്റ് റെസ്പോൺസ്

മറുനാടൻ ഡെസ്‌ക്‌

ഗ്‌ളാസിലെ നുരയും പ്‌ളേറ്റിലെ കറിയും എന്ന പേരിൽ ഒരു ഫേസ്‌ബുക്ക് കൂട്ടായ്മ ഏതാനും നാളുകളായി മലയാളികളെ ഏറെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. മദ്യപാനത്തെക്കുറിച്ചുള്ള അനുഭവങ്ങളും ഭക്ഷണ അനുഭവങ്ങളുമാണ് ഇതിൽ പങ്കെടുത്തവർ പങ്കുവച്ചിരുന്നത്. മറുനാടൻ അടക്കമുള്ള ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തയെഴുതിയതോടെ ഏതാനും ആഴ്ചകൾ കൊണ്ടാണ് ഒരുലക്ഷത്തിൽ നിന്ന് പതിനെട്ട് ലക്ഷത്തിലേക്ക് അതിലെ അംഗസംഖ്യ വർധിച്ചത്.

പ്രശസ്തിക്കൊപ്പം പാരയും അവരെ തേടി എത്തുകയായിരുന്നു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ എക്‌സൈസ് വകുപ്പ് അവർക്കെതിരെ കേസെടുത്തിരിക്കുകയാണ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിലാണ് കേസ്. അബ്കാരി നിയമത്തിലെ വകുപ്പു ചേർത്താൽ അത് ജാമ്യം കിട്ടുന്ന വകുപ്പായി മാറുമെന്നതിനാൽ ഈ ഫേസ്‌ബുക്ക് കൂട്ടായ്മ മദ്യം വിറ്റു, അല്ലെങ്കിൽ മദ്യം വിൽക്കുന്നതിനുള്ള സംവിധാനം ഒരുക്കി എന്നൊരു വകുപ്പുകൂടി കേസിൽ കൂട്ടിച്ചേർത്തു. തുടർന്ന് എക്‌സൈസ് നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഇന്ന് കേരള പൊലീസും അവർക്കെതിരെ കേസെടുത്തിരിക്കുകയാണ്.

മദ്യം വിറ്റു എന്നു മാത്രമല്ല, മദ്യം വിൽക്കാൻ ശ്രമിച്ചു എന്നീ കുറ്റകൃത്യങ്ങൾക്കൊപ്പം ബാലപീഡന നിയമം ഉപയോഗിച്ച് കു്ട്ടികൾക്ക് കാണാവുന്ന തരത്തിൽ മദ്യം ഉപയോഗിച്ചു എന്ന കുറ്റവും സോഷ്യൽ മീഡിയയെ മത വൈരത്തിന് ഉപയോഗത്തിന് ഉപയോഗിച്ചു എന്നീ കുറ്റങ്ങളും ചാർത്തി ജാമ്യമില്ലാ വകുപ്പുകൾ ഉപയോഗിച്ച് പൊലീസ് അവരെ വേട്ടയാടുകയാണ്. സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന അനേകം രസങ്ങൾക്കൊപ്പം നിലയുറപ്പിച്ച് ഒരു ഗ്രൂപ്പുണ്ടാക്കി എന്ന കുറ്റത്തിന് അജിത് കുമാർ എന്ന യുവാവും അയാളുടെ ഭാര്യ വിനീതയും ഇപ്പോൾ ഒളിവിൽ പോയിരിക്കുകയാണ്. ഇരുവരേയും അറസ്റ്റുചെയ്യാൻ പൊലീസ് പലതവണ വീട്ടിലും അവർ പോകാൻ ഇടയുള്ള സ്ഥലങ്ങളിലും ചെന്നു. കേരളത്തിലെ മാധ്യമങ്ങളിലെല്ലാം ഏതോ വലിയ കുറ്റവാളികളെ പോലെ വാർത്തകളും വരുന്നു.

അവരെ മാത്രമല്ല, ആ ഗ്രൂപ്പിന്റെ മോഡറേറ്റർമാരായിരുന്ന 36 പേരെയും പൊലീസ് പ്രതിചേർത്തിരിക്കുകയാണ്. നിന്ദ്യവും ക്രൂരവും പൈശാചികവുമായ പൊലീസ് ഭീകരത എന്ന് ഇതിനെ വ്യാഖ്യാനിക്കാനും വിശേഷിപ്പിക്കാനും ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. മദ്യം സർക്കാർ തന്നെ ഉണ്ടാക്കി, സർക്കാരിന്റെ കടകളിലൂടെ വിറ്റ്, സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി ഖജനാവ് വീർപ്പിക്കുന്ന ഒരു നാട്ടിൽ നിയമപരമായി വിൽക്കുന്ന മദ്യം വാങ്ങി ഉപയോഗിച്ചു, അല്ലെങ്കിൽ ആ മദ്യത്തിന്റെ രുചിയെ കുറിച്ച് എഴുതി എന്ന ഒറ്റക്കാരണത്തിന്റെ പേരിൽ രണ്ടുപേരെ പ്രതിചേർക്കുകയും അറസ്റ്റുചെയ്യുകയും ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നത്രയും വലിയ കാപട്യവും അഹങ്കാരവും നിയമവിരുദ്ധതയും മറ്റൊന്നുമില്ല.

ഒരാളുടെ പ്രവൃത്തി കുറ്റകൃത്യമായി മാറുന്നത് ആ പ്രവൃത്തികൊണ്ട് മാത്രമല്ല. നേരേ മറിച്ച് അത് ചെയ്യുവാനുള്ള കുറ്റകരമായ ഒരു മനസ്സുകൂടെ ഉണ്ടാവുമ്പോഴാണ്. ഒരാൾ മറ്റൊരാളെ കൊല്ലുമ്പോൾ പോലും അയാളെ കൊല്ലുക എന്ന ഉദ്ദേശ്യം ഇല്ല എന്ന് തെളിയിച്ചാൽ നിയമത്തിന്റെ മുന്നിൽ അതുകൊലക്കുറ്റമല്ല. അതുകൊണ്ടുതന്നെ നിയമത്തിന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് അജിത്തിനേയും വിനീതിനേയും കുറ്റക്കാരാക്കാൻ നടക്കുന്ന ശ്രമം അപലപനീയമാണ്. അതിനെ ചെറുത്തു തോൽപിക്കേണ്ടതുണ്ട്.

ഭരണകൂട ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണിത്. നിയമപരമായി മദ്യം വാങ്ങി ഉപയോഗിക്കുന്നവർ അവരുടെ അനുഭവം പങ്കുവക്കുന്ന വേദി ഒരുക്കിക്കൊടുത്തു. നിയമപരമായി ഭക്ഷണം വാങ്ങി കഴിക്കുന്നവരും ഇവിടെ അനുഭവങ്ങൾ പങ്കുവച്ചു. മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും രുചിയെക്കുറിച്ച് പറയുന്നത് എങ്ങനെയാണ് കുറ്റകൃത്യമാകുന്നത്. ഏതെങ്കിലുമൊരാൾ അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യം കഴിച്ചതിന്റെ പേരിലോ വാറ്റിയ ചാരായത്തിന്റെ പേരിലോ ആണ് അഭിപ്രായം പറയുന്നതെങ്കിൽ അത് നിയമവിരുദ്ധമാണ്. ഇത് അങ്ങനെയല്ല. ഇതെങ്ങനെ നിയമവിരുദ്ധമാകും. മദ്യത്തെ പ്രോത്സാഹിപ്പിച്ചു എന്നതാണ് കുറ്റമെങ്കിൽ അതിൽ ആദ്യം പ്രതിചേർക്കേണ്ടത് എക്‌സൈസ് വകുപ്പിനേയും എക്‌സൈസ് കമ്മിഷണറേയുമൊക്കെയാണ്.

ഏറ്റവും ഞെട്ടിക്കുന്ന വിവരം മതസ്പർദ്ധ വളർത്തി എന്നതിന്റെ പേരിൽക്കൂടി അവർക്കെതിരെ കേസെടുത്തു എന്നതാണ്. അവരുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്ക് മതപരമായി മറുപടി പറഞ്ഞത്രേ. ഇന്ന് സോഷ്യൽ മീഡിയ നോക്കിയാൽ മതത്തിന്റെ പേരിലുള്ള കൊലവിളികൾ മാത്രമേയുള്ളൂ. ചർച്ചകളിൽ 90 ശതമാനവും മതത്തെ ന്യായീകരിക്കുന്നതും കുറ്റപ്പെടുത്തുന്നതും. ഇതൊന്നും കാണാത്ത പൊലീസ് ഇവരെ എന്തുകൊണ്ട് പ്രതിചേർക്കുന്നു. റൈറ്റ് തിങ്കേഴ്‌സ് എന്ന പേരിൽ ഒരു ഗ്രൂപ്പ് സോഷ്യൽ മീഡിയയിൽ സജീവമായുണ്ട്. ഇതിന് പിന്നിലുള്ളത് ഐസിസ് ബന്ധമുള്ളവരാണെന്ന് പിന്നീട് തെളിഞ്ഞു. അവർ പ്രചരിപ്പിച്ച പലതും ഇസ്‌ളാമിക തീവ്രവാദം തന്നെയായിരുന്നു. ഐസിസിലേക്ക് കേരളത്തിൽ നിന്ന് പോയ നിരവധിപേർ ഈ ഗ്രൂപ്പിനെ അടിസ്ഥാനപ്പെടുത്തിയാണ് പോയത്. എന്നിട്ട് ചെറുവിരൽ അനക്കാതിരുന്ന പൊലീസാണ് ഇപ്പോൾ മതസ്പർദ്ധയുടെ പേരു പറഞ്ഞ ജിഎൻപിസിയെ വേട്ടയാടുന്നത്. ഇതിനെ ലജ്ജാവഹം എന്നല്ലാതെ മറ്റെന്തുപറയാൻ.

ഒരു മെത്രാൻ ഒരു കന്യാസ്ത്രീയെ വർഷങ്ങളോളം പീഡിപ്പിച്ച കഥകൾ വെളിയിൽ വന്നു. അവരുടെ പരാതിയിലും മൊഴിയിലും പറയുന്നത് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മൊബൈലിലേക്ക് അശ്‌ളീല ചിത്രങ്ങളും വീഡിയോകളും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും വരെ അയക്കുമെന്നാണ്. എന്ന് മാത്രമല്ല, നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ആണ് പരാതി. എന്നിട്ട് അയാളെ അറസ്റ്റുചെയ്യുന്നതു പോയിട്ട് ഒന്ന് ചോദ്യംചെയ്യാൻ പോലും പൊലീസിന് സാധിക്കുന്നില്ല. അതേക്കുറിച്ച് ഡിജിപി പറഞ്ഞത് പൊതുസമൂഹത്തിന്റെ വികാരം കൂടി കണക്കിലെടുത്തേ ചെയ്യൂ എന്നാണ്. അഞ്ച് അച്ചന്മാരുടെ പീഡനത്തിൽ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് നടത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

അതേ പൊലീസാണ് നിരുപദ്രവകരമായ ഒരു സോഷ്യൽമീഡിയ ഗ്രൂപ്പ് ഉണ്ടാക്കി കറുത്ത ഫലിതങ്ങൾ പ്രചരിപ്പിച്ചതിന് ദമ്പതികളെ അറസ്റ്റുചെയ്യാൻ ഓടി നടക്കുന്നത്. ഇവിടെ എവിടെയാണ് നീതി? എവിടെയാണ് ന്യായം? നിയമത്തെ നിയമമായി മാറ്റം കാണുകയും അതിലെ മനുഷ്യപ്പറ്റ് എടുത്തുകളയുകയും ചെയ്യുന്നതിലെ ദുരന്തമാണ് ഇത്. പിണറായി വിജയൻ ഈ കേസിൽ ഇടപെടേണ്ടിയിരിക്കുന്നു. ഈ വിഷയത്തിൽ ചില പാളിച്ചകൾ ആ ദമ്പതികൾക്ക പറ്റിയിട്ടുണ്ടെങ്കിൽ അവരോട് അത് തെറ്റാണെന്ന് പറഞ്ഞ് ഗ്രൂപ്പ് അവസാനിപ്പിക്കാൻ പറയുക. അല്ലെങ്കിൽ തെറ്റു തിരുത്തി ഗ്രൂപ്പ് തുടരാൻ പറയുക. അല്ലാതെ അവരുടെ മേൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഒളിത്താവളത്തിലേക്ക് ഓടിച്ചുവിട്ടിട്ട് അറസ്റ്റുചെയ്യാൻ നടക്കുന്നത് ഭീരുത്വവും തെമ്മാടിത്തരവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP