Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കടിച്ച പാമ്പിനെകൊണ്ടു വിഷം എടുപ്പിച്ചു കേന്ദ്രസർക്കാർ; അഭിമന്യുവിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് കോപ്പുകൂട്ടി കേന്ദ്രം; തുണയാകുന്നത് കേരള പൊലീസിന്റെ കണ്ടെത്തലുകൾ; ഇസ്ലാമോഫോബിയ പേടിച്ചു നിലപാട് തണുപ്പിച്ച് സർക്കാർ; അഭിമന്യു കൊലക്കേസ് പ്രതികളുടെ മേൽ യുഎപിഎ ചുമത്തരുതെന്ന് സർക്കാറിന്റെ നിർദ്ദേശം; പിണറായി നിലപാട് തണുപ്പിച്ചതോടെ എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും ചുരുട്ടിക്കൂട്ടാൻ ഇറങ്ങിയ ബെഹ്‌റ അൽപ്പം പിറകോട്ട്

കടിച്ച പാമ്പിനെകൊണ്ടു വിഷം എടുപ്പിച്ചു കേന്ദ്രസർക്കാർ; അഭിമന്യുവിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് കോപ്പുകൂട്ടി കേന്ദ്രം; തുണയാകുന്നത് കേരള പൊലീസിന്റെ കണ്ടെത്തലുകൾ; ഇസ്ലാമോഫോബിയ പേടിച്ചു നിലപാട് തണുപ്പിച്ച് സർക്കാർ; അഭിമന്യു കൊലക്കേസ് പ്രതികളുടെ മേൽ യുഎപിഎ ചുമത്തരുതെന്ന് സർക്കാറിന്റെ നിർദ്ദേശം; പിണറായി നിലപാട് തണുപ്പിച്ചതോടെ എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും ചുരുട്ടിക്കൂട്ടാൻ ഇറങ്ങിയ ബെഹ്‌റ അൽപ്പം പിറകോട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐസിസ് ബന്ധം ചൂണ്ടിക്കാട്ടി പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ നേരത്തെ തന്നെ കോപ്പുകൂട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ നിരീക്ഷിച്ചു വരികയും ചെയ്യുന്നു. എന്നാൽ, അഭിമന്യു വധക്കേസോടെ പൊതുസമൂഹം മുഴുവൻ എതിരായ ഈ സംഘടനയെ ചുരുട്ടിക്കൂട്ടൻ കേന്ദ്രം നീക്കം സജീവമാക്കി. കേരളത്തിന്റെ വിയോജിപ്പാണ് നേരത്തെ കേന്ദ്രസർക്കാറിന് ഈ നടപടിയിലേക്ക് നീങ്ങുന്നതിൽ തടസമായി നിന്നത്. ഇപ്പോൾ അഭിമന്യു കേസിലെ വികാരം മുതലാക്കി പഴയ ഫയലുകൾ പൊടി തട്ടി എടുക്കുകയാണ് കേന്ദ്രസർക്കാർ.

കഴിഞ്ഞദിവസത്തെ അവലോകന ഓഡിയോ കോൺഫറൻസിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽനിന്ന് വിശദവിവരങ്ങൾ തേടി. കേരളാപൊലീസ് ഇന്റലിജൻസും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ഐ.ബി. റാണിയും റിപ്പോർട്ട് നൽകി. ഇതടിസ്ഥാനമാക്കിയാണ് കേന്ദ്രനീക്കം. തീവ്രവാദ സ്വഭാവമുള്ള സംഘടനയാണ് പോപ്പുലർ ഫ്രണ്ടെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്യുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകം, ഗോരക്ഷാപ്രവർത്തനം ആരോപിച്ച് കൊല്ലം പുത്തൂരിൽ സൈനികന്റെ വീടാക്രമിച്ച സംഭവം, ആർ.എസ്.എസ്.-സിപിഎം. അക്രമം ലക്ഷ്യമിട്ട് ചവറയിൽ സിപിഎം. കൊടിമരത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബിജെപി. കൊടികെട്ടിയ സംഭവം എന്നിവ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മതതീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കാനും രഹസ്യവിവരങ്ങൾ പങ്കുവെക്കാനും കേരളത്തിൽ തുടങ്ങിയ ഇരുന്നൂറിലേറെ വാട്സാപ്പ് ഗ്രൂപ്പുകളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലുണ്ട്. കേരളാപൊലീസിൽ രഹസ്യമായി പ്രവർത്തിക്കുന്ന 'പച്ചവെളിച്ചം' എന്ന വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ചും അതിൽ പരാമർശിക്കുന്നു.

അതിനിടെ, കേരളത്തിന്റെ ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട് ഗവർണർ ജസ്റ്റിസ് പി. സദാശിവം സംസ്ഥാന ഇന്റലിജൻസ് മേധാവി എ.ഡി.ജി.പി. ടി.കെ. വിനോദ്കുമാറിനെ രാജ്ഭവനിൽ വിളിച്ചുവരുത്തി റിപ്പോർട്ട് തേടി. ഇത് പതിവുസന്ദർശനമാണെന്നാണ് രാജ്ഭവൻ കേന്ദ്രങ്ങളുടെ വിശദീകരണം. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽനിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ റിപ്പോർട്ട് തേടിയതെന്നറിയുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ ദേശവിരുദ്ധമാണെന്ന റിപ്പോർട്ട് കഴിഞ്ഞവർഷം അവസാനം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയിരുന്നു. ഇപ്പോഴത്തെ നടപടികൾക്ക് ആധാരം ഈ റിപ്പോർട്ടാണ്. എൻ.ഐ.എ. റിപ്പോർട്ടിൽ എടുത്തുപറഞ്ഞ വിഷയങ്ങൾ 2010-ൽ മൂവാറ്റുപുഴയിൽ പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ സംഭവവും കണ്ണൂർ നാറാത്തെ ആയുധപരിശീലനവും അടക്കമുള്ള കാര്യങ്ങളായിരുന്നു.

കർണാടക ഫോറം ഫോർ ഡിഗ്നിറ്റി-കർണാടകം, എൻ.ഡി.എഫ്.-കേരളം, മനിത നീതി പസറൈ-തമിഴ്‌നാട്, സിറ്റിസൺസ് ഫോറം-ഗോവ, നാഗരിക് അധികാർ സുരക്ഷാസമിതി - ബംഗാൾ എന്നീ സംഘടനകൾ ചേർന്ന് പോപ്പുലർ ഫ്രണ്ട് രൂപംകൊണ്ടത് 2006-ൽ. എസ്.ഡി.പി.ഐ. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയസംഘടനയാണ്. അഭിമന്യു കൊലക്കേസിൽ ആരോപണവിധേയമായ കാന്പസ് ഫ്രണ്ട് വിദ്യാർത്ഥിസംഘടനയും.

അതേസമയം അഭിമന്യു വധക്കേസിൽ കേരളാ പൊലീസ് അന്വേഷണ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. കേസിലെ പ്രധാന പ്രതികൾ എവിടെയാണെന്ന് പോലും പൊലീസിന് പിടിയില്ല. ഇതിനിടെ തലസ്ഥാനത്തു വിവിധ ക്രിമിനൽ കേസുകളിൽപെട്ട 44 എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പാളയത്തെ ട്രിഡ ഷോപ്പിങ് കോംപ്ലക്‌സിൽ എസ്എഫ്‌ഐ പ്രവർത്തകരെ മുൻപു വെട്ടിപ്പരുക്കേൽപിച്ച കേസിലെ പ്രതികളും പിടിയിലായവരിൽ ഉൾപ്പെടുമെന്നു സിറ്റി പൊലീസ് കമ്മിഷണർ പ്രകാശ് അറിയിച്ചു. വിവിധ കേസുകളിൽപെട്ടു മുങ്ങിനടന്ന വാറന്റ് പ്രതികളാണു പിടിയിലായ 23 പേർ. ഇവരെ വിവിധ കോടതികളിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏഴുപേർ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഒളിവിൽ കഴിഞ്ഞവരാണ്.

മുൻപ് എൻഡിഎഫിൽ പ്രവർത്തിച്ച ചിലരും പിടിയിലായിട്ടുണ്ട്. വരുംദിവസങ്ങളിലും തിരച്ചിൽ ശക്തമാക്കുമെന്നു പൊലീസ് അറിയിച്ചു. മലപ്പുറത്തു 12 എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീടു ജാമ്യത്തിൽ വിട്ടു. മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിൽ ഉൾപ്പെട്ടവർ കണ്ണൂർ ജില്ലയിൽ ഒളിവിലുണ്ടെന്ന സൂചനയെത്തുടർന്ന് എസ്ഡിപിഐ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി.

അതിനിടെ അഭിമന്യുവിനെ വധിച്ച കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധനനിയമം (യുഎപിഎ) തിരക്കിട്ടു ചുമത്തുന്നതിനോടു സിപിഎമ്മിനു വിയോജിപ്പ്. യുഎപിഎയ്‌ക്കൊരുങ്ങിയ പൊലീസ് പിൻവാങ്ങി നിൽക്കുന്നതു രാഷ്ട്രീയാനുമതി കിട്ടാത്തതിനാലാണ്. ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കേസ് ഏറ്റെടുക്കാനിടയുണ്ടെന്നിരിക്കെ, യുഎപിഎ ആ സമയത്തോ അല്ലെങ്കിൽ ദേശീയ ഏജൻസിയുടെ തീരുമാനപ്രകാരമോ മതിയെന്ന അഭിപ്രായത്തിലാണു സിപിഎം. യുഎപിഎ ചുമത്തുമെന്ന സൂചന കഴിഞ്ഞയാഴ്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റ നൽകിയിരുന്നു.

കൊച്ചിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി സംസാരിക്കുകയും ചെയ്തു. അപ്പോഴാണു പാർട്ടി ഇടപെടലുണ്ടായത്. യുഎപിഎയ്‌ക്കെതിരെ പൊതു നിലപാടു സ്വീകരിച്ചശേഷം ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ നയം മാറ്റുന്നതിൽ വൈരുധ്യമുണ്ടെന്നാണ് ഉന്നത സിപിഎം കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ 'ഭീകരനിയമം' പെട്ടെന്ന് ഉപയോഗിക്കുന്നതു മതവികാരം ഇളക്കുമോയെന്നു ശങ്കയുണ്ട്. നിലവിലുള്ള മറ്റു വകുപ്പുകൾ വച്ചുതന്നെ പ്രതികൾക്കെതിരെ ശക്തമായ നടപടിക്കു കഴിയുമല്ലോയെന്നും പാർട്ടി ചോദിക്കുന്നു.

ഏഴു പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ഗൂഢാലോചനയും പ്രതികൾക്കു സംരക്ഷണം നൽകിയെന്നുള്ള കുറ്റവുമാണ് ഇവരിൽ ചുമത്തിയിരിക്കുന്നത്. ഇരുപതോളം പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തിൽ പങ്കാളികളായ ആരും ഇതുവരെ പിടിയിലായിട്ടില്ല. അതുണ്ടായാൽ അവരുടെ പൂർവകാല കേസുകൾകൂടി പരിശോധിച്ചശേഷം യുഎപിഎ ചുമത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നവരുണ്ട്. എൻഐഎയോടു കേസ് ഏറ്റെടുക്കണമെന്നു സർക്കാർ ആവശ്യപ്പെടാൻ സാധ്യതയില്ല. തീവ്രവാദ ശക്തികൾ ഉൾപ്പെട്ട കേസാണെങ്കിൽ എൻഐഎയുടെ അന്വേഷണപരിധിയിൽ സ്വാഭാവികമായും വരുമെന്നാണു നിഗമനം.

കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയതിനെതിരെ പാർട്ടിയും ജയരാജനും നിയമയുദ്ധത്തിലാണ്. ഇതിനെതിരെ സർക്കാർ തന്നെ കോടതിയെ സമീപിച്ചു. പൊതുപ്രവർത്തകരായ കമൽ സി.ചവറ, നദീർ എന്നിവർക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ രംഗത്തുവരികയും പൊലീസ് നടപടിക്കെതിരെ കോടിയേരി ബാലകൃഷ്ണൻ പ്രതികരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് യുഎപിഎ കേസുകളാകെ പരിശോധിക്കാൻ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 42 എണ്ണം തെറ്റായിപ്പോയെന്നു വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP