Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉന്നത സ്വാധീനം ഉണ്ടായിട്ടും റാങ്കിൽ രണ്ടാമതായ എംഎൽഎയുടെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നൽകിയ സംഭവം: ഒന്നാം റാങ്കുകാരി കോടതിയിൽ; പൊതുനിയമനത്തിന് വിജ്ഞാപനം ഇറക്കിയ ശേഷം ഒബിസി സംവരണമാക്കി എ.എൻ.ഷംസീറിന്റെ ഭാര്യയെ തിരുകി കയറ്റിയ നടപടി കോടതിയിലായതോടെ നാണംകെട്ട് സിപിഎം

ഉന്നത സ്വാധീനം ഉണ്ടായിട്ടും റാങ്കിൽ രണ്ടാമതായ എംഎൽഎയുടെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നൽകിയ സംഭവം: ഒന്നാം റാങ്കുകാരി കോടതിയിൽ; പൊതുനിയമനത്തിന് വിജ്ഞാപനം ഇറക്കിയ ശേഷം ഒബിസി സംവരണമാക്കി എ.എൻ.ഷംസീറിന്റെ ഭാര്യയെ തിരുകി കയറ്റിയ നടപടി കോടതിയിലായതോടെ നാണംകെട്ട് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലേക്കുള്ള അദ്ധ്യാപക നിയമനത്തിൽ സിപിഎം. എം.എൽ. എ യായ എ.എൻ. ഷംസീറിന്റെ ഭാര്യയുടെ നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി കരാർ നിയമനം ലഭിച്ച ഇവർ അഭിമുഖത്തിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു. സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ എംഎഡ് വിഭാഗത്തിലാണു ഷംസീറിന്റെ ഭാര്യയ്ക്കു നിയമനം നൽകിയത്. അഭിമുഖത്തിൽ ഒന്നാം റാങ്കുകാരിയായ ഉദ്യോഗാർഥിയെ മറികടന്നായിരുന്നു രണ്ടാം റാങ്കുകാരിയായ ഇവർക്ക് നിയമനം നൽകിയത്. ഇതിനെതിരെയാണ് ഒന്നാം റാങ്ക് നേടിയ ഡോ.എംപി.ബിന്ദു ഹൈക്കോടതിയിൽ ഹർജി നൽകിയത്.

എംഎൽഎ.യുടെ ഭാര്യയ്ക്ക് നിയമനം ഉറപ്പിക്കാൻ സംവരണ അടിസ്ഥാനത്തിലാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ആക്ഷേപമുയർന്നത്. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഇവരെ നിയമിച്ചിരിക്കുന്നത്. കരാർ അദ്ധ്യാപക നിയമനം സംബന്ധിച്ച് സർവ്വകലാശാല വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ സംവരണം സംബന്ധിച്ച് എടുത്ത് പറഞ്ഞിട്ടില്ല. പിന്നീടാണ് സംവരണ അടിസ്ഥാനത്തിൽ ഇവരെ നിയമിച്ചതെന്ന് സർവ്വകലാശാല വിശദീകരണം നൽകിയത്.ഒരു വിഷയത്തിൽ മാത്രം അദ്ധ്യാപകരെ നിയമിക്കാനിറക്കുന്ന വിജ്ഞാപനത്തിൽ റൊട്ടേഷൻ സംവരണം ഉണ്ടാവാറില്ല. കഴിഞ്ഞ ജൂൺ എട്ടിനാണ് ധർമ്മശാലയിൽ പ്രവർത്തിക്കുന്ന പെഡഗോയിക്കൽ സയൻസ് വിഭാഗത്തിലേക്ക് സയൻസ്, മാത്മാറ്റിക്‌സ് എന്നീ വിഷയങ്ങളിൽ കരാർ അദ്ധ്യാപകരെ നിയമിക്കാനുള്ള വിഞ്ജാപനം ഇറക്കിയത്.

സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നാണു സർവകലാശാല നൽകുന്ന വിശദീകരണം. എന്നാൽ, പൊതുനിയമനത്തിനു വേണ്ടിയാണു സർവകലാശാല വിജ്ഞാപനമിറക്കിയത്. അസിസ്റ്റന്റ് പ്രഫസറായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനാണു സർവകലാശാല ജൂൺ എട്ടിനു വിജ്ഞാപനമിറക്കിയത്. 14നായിരുന്നു അഭിമുഖം. അഭിമുഖത്തിൽ ഷംസീറിന്റെ ഭാര്യയ്ക്കു രണ്ടാം റാങ്കാണു ലഭിച്ചത്. ഇതോടെയാണു കരാർ നിയമനത്തിനു സംവരണം നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചത്. തുടർന്ന് ഒബിസി സംവരണത്തിൽ എംഎൽഎയുടെ ഭാര്യയ്ക്കു നിയമനം നൽകുകയായിരുന്നു.

സർവകലാശാല പറയുന്ന സംവരണതത്വം അനുസരിച്ചാണെങ്കിൽ പോലും എംഎൽഎയുടെ ഭാര്യയുടെ നിയമനം ക്രമവിരുദ്ധമാണെന്നും പരാതിയിലുണ്ട്. ഈ പഠനവകുപ്പിൽ അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിലായതിനാൽ തൊട്ടടുത്ത നിയമനം സംവരണവിഭാഗത്തിന് അർഹതപ്പെട്ടതാണെന്നായിരുന്നു സർവകലാശാല ഇന്നലെ പുറത്തിറക്കിയ വിശദീകരണം. എന്നാൽ, സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ എട്ടിനുതന്നെ നടന്ന മറ്റൊരു അഭിമുഖത്തിൽ സംവരണ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥിക്കു നിയമനം നൽകിയിട്ടുണ്ടെന്നും അതിനാൽ എംഎൽഎയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറൽ വിഭാഗത്തിന് അർഹതപ്പെട്ടതാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുണ്ട്.

14 ാം തീയ്യതി അഭിമുഖം നടത്തുകയും ചെയ്തു. അദ്ധ്യാപന പരിചയം, ദേശീയ - അന്തർദേശീയ തലത്തിലുള്ള സെമിനാർ പ്രസന്റേഷൻ, പബ്ലിക്കേഷൻ എന്നിവ അടിസ്ഥാനമാക്കിയുമാണ് നിയമനമെന്ന് വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം മറികടന്ന് എം.എൽ. എ,യുടെ ഭാര്യക്കു വേണ്ടി അഞ്ച് മാർക്ക് കൂടുതൽ വാങ്ങിയ ഉദ്യോഗാർത്ഥിയെ തഴഞ്ഞ് എംഎൽഎ.യുടെ ഭാര്യക്കു വേണ്ടി നിയമനം സംവരണ അടിസ്ഥാനത്തിൽ ആക്കിയെന്നാണ് ആരോപണം.

അതിനായി പ്രത്യേക വിജ്ഞാപനവും അഭിമുഖവും ഉണ്ടായിട്ടുമില്ല. എംഎൽഎ.യുടെ ഭാര്യയുടെ അഭിമുഖത്തിന് വിഷയ വിദഗ്ധനും വകുപ്പ് മേധാവിയും ഉണ്ടായിട്ടുമില്ല. എന്നാൽ അതേ ദിവസം നടന്ന മാത്തമാത്തിക്സ് വിഷയത്തിൽ പ്രൊ.വൈസ് ചാൻസിലറും മറ്റ് രണ്ട് പ്രൊഫസർമാരും അഭിമുഖത്തിലുണ്ടായിരുന്നു. നേരത്തെ ധർമ്മശാല ക്യാമ്പസിൽ ഗസ്റ്റ് ലക്ച്ചറായിരിക്കേ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയെന്ന ആരോപണവും എംഎൽഎ.യുടെ ഭാര്യക്കെതിരെയുണ്ടായിരുന്നു. പിന്നീടത് പറഞ്ഞു തീർക്കുകയായിരുന്നു.

നേരത്തെ മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ നിയമനവും വിവാദത്തിലായിരുന്നു. കേരള സർവ്വകലാശാലയിൽ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറായാണ് സുധാകരന്റെ ഭാര്യക്ക് നിയമനം നൽകിയത്. ഓരോ കോഴ്സിനും ഒരു ഡയറക്ടർ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടർ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം. ഈ നിയമനവും വിവാദത്തിന് വഴിവെച്ചിരുന്നു.

മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോക്ടർ ജൂബിലി നവപ്രഭയെ ഡയറക്ടേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നളജിആൻഡ് ടീച്ചേഴ്സ്എജുക്കേഷൻ ഡയറക്ടറായി നിയമിച്ചത്കഴിഞ്ഞ ദിവസം. പ്രതിമാസം 35000 രൂപശമ്പളത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. സർവ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും 7 സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് നൽകിയത്. നിലവിൽഓരോ കോഴ്സിനും സർവ്വകലാശാലക്ക്കീഴിലെ ഓരോ പ്രൊഫസർമാരായിരുന്നു ഡയറക്ടർ. ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോൾ യോഗ്യത സർവ്വീസിലുള്ള പ്രൊഫസറിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ അല്ലെങ്കിൽ വൈസ്പ്രിൻസിപ്പൽ എന്നാക്കി മാറ്റി. ആലപ്പുഴ എസ്ഡി കോളേജിൽ നിന്നും വൈസ് പ്രിൻസിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്.

പുതിയ തസ്തികയും യോഗ്യതയുമെല്ലാം മന്ത്രിയുടെ ഭാര്യക്ക് വേണ്ടി മാറ്റിമറിച്ചപോലെ. അതേ സമയം അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് ജൂബിലി നവപ്രഭയെ നിയമിച്ചതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. ഡയറക്ടർ തസ്തികയുടെ യോഗ്യത വിരമിച്ചവർക്ക് മാത്രം പരിമിതപ്പെടുത്തിയത് എന്തുകൊണ്ടെന്ന് സർവ്വകലാശാല വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഈ നിയമന വിവാദത്തിന് പിന്നാലെയാണ് എ എൻ ഷംസീറിന്റെ ഭാര്യയുമായി ബന്ധപ്പെട്ടും ആരോപണം ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP