Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയ തിരിച്ചടി ഭയന്ന് ഒഴിവുകഴിവ് തേടി പിണറായിയും സിപിഎമ്മും; പി.ജയരാജനൊപ്പം നിയമയുദ്ധം നടത്തുന്ന പാർട്ടി വേലിയിലിരിക്കുന്ന പാമ്പിനെ തോളത്തിടേണ്ടെന്ന് വീണ്ടുവിചാരം; അഭിമന്യു വധക്കേസിൽ യുഎപിഎ തൽക്കാലം ചുമത്തേണ്ടെന്ന് തീരുമാനിച്ചതോടെ മുഖം കറുപ്പിച്ച് എസ്എഫ്ഐ; മകന്റെ കൊലപാതകികളെ 10 ദിവസത്തിനുള്ളിൽ പിടികൂടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന അഭിമന്യുവിന്റെ കുടുംബത്തിന്റെ മുന്നറിയിപ്പിന് മറുപടിയില്ലാതെ സംഘടന

രാഷ്ട്രീയ തിരിച്ചടി ഭയന്ന് ഒഴിവുകഴിവ് തേടി പിണറായിയും സിപിഎമ്മും; പി.ജയരാജനൊപ്പം നിയമയുദ്ധം നടത്തുന്ന പാർട്ടി വേലിയിലിരിക്കുന്ന പാമ്പിനെ തോളത്തിടേണ്ടെന്ന് വീണ്ടുവിചാരം; അഭിമന്യു വധക്കേസിൽ യുഎപിഎ തൽക്കാലം ചുമത്തേണ്ടെന്ന് തീരുമാനിച്ചതോടെ മുഖം കറുപ്പിച്ച് എസ്എഫ്ഐ; മകന്റെ കൊലപാതകികളെ 10 ദിവസത്തിനുള്ളിൽ പിടികൂടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന അഭിമന്യുവിന്റെ കുടുംബത്തിന്റെ മുന്നറിയിപ്പിന് മറുപടിയില്ലാതെ സംഘടന

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ അഭിമന്യു കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതികൾ ഒളിവിൽ കഴിയുന്നതിനിടെ നിലപാടിൽ അയവുവരുത്തി സിപിഎം. രാഷ്ട്രീയതിരിച്ചടി ഭയന്ന് കേസിൽ യുഎപിഎ ചുമത്തേണ്ടെന്നാണ് പാർട്ടിയുടെ പുതിയ തീരുമാനമെന്നറിയുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധനനിയമത്തെ പൊതുവായി എതിർക്കുന്ന പാർട്ടി സ്വന്തം പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ നയം മാറ്റുന്നതിൽ ഔചിത്യക്കുറവുണ്ടെന്നാണ് വിലയിരുത്തൽ.

കേസിൽ യുഎപിഎ ചുമത്തുമെന്ന് നേരത്തെ ഡിജിപി സൂചിപ്പിച്ചിരുന്നു. ഒപ്പം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായവും ഇക്കാര്യത്തിൽ തേടി.യുഎപിഎ ചുമത്തിയാൽ അത് പെട്ടെന്ന് മതവികാരം ഇളക്കുമെന്നും അത് ന്യൂനപക്ഷത്തെ പാർട്ടിക്ക് എതിരാക്കുമെന്നും സിപിഎമ്മിന് ഭയമുണ്ട്. നിലവിലുള്ള വകുപ്പുകൾ ശക്തമായി പ്രയോഗിച്ചാൽ മതിയെന്നാണ് പാർട്ടി നിലപാട്. എൻഐഎ കേസ് ഏറ്റെടുത്താൽ ആ സമയത്ത് യുഎപിഎ ചുമത്തട്ടെയെന്നാണ് പാർട്ടിയുടെ ഒഴിവ്കഴിവ്.കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ നിയമയുദ്ധം നടത്തുമ്പോൾ ഈ കേസിൽ മാത്രം എങ്ങനെ അത് ചുമത്തും എന്നതാണ് പാർട്ടി ചോദിക്കുന്നത്. യുഎപിഎ കേസുകളാകെ ഇടക്കാലത്ത് പരിശോധിച്ചപ്പോൾ 42 എണ്ണം തെറ്റായിപ്പോയെന്നു വിലയിരുത്തിയിരുന്നു. യുഎപിഎയുടെ പേരിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടില്ലെന്നാണ് 2017 ഏപ്രിലിൽ മുസ്‌ലിം സംഘടനകൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്യുന്നു.

കേസിലാകെ ഏഴ് പ്രതികളാണ് പിടിയിലായത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആരും പിടിയിലായില്ലെന്നാണ് സൂചന. അഭിമന്യു വധത്തില ഏഴു പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ഗൂഢാലോചനയും പ്രതികൾക്കു സംരക്ഷണം നൽകിയെന്നുള്ള കുറ്റവുമാണ് ഇവരിൽ ചുമത്തിയിരിക്കുന്നത്.അതിനിടെ, മുഖ്യപ്രതികളിലൊരാൾ രാജ്യം വിട്ടതായാണ് സംശയം. ബംഗളുരു എയർപോർട്ട് വഴി വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇയാൾ രാജ്യം വിട്ടതായാണ് സംശയിക്കുന്നത്. എന്നാൽ ആരാണ് കടന്നതെന്നോ ഏത് പാസ്പോർട്ട് ഉപയോഗിച്ചാണ് കടന്നതെന്നോ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.വിദേശത്തേക്ക് കടന്നിട്ടുണ്ടെങ്കിൽ അയാൾ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആൾ തന്നെയാകുമെന്നാണ് പൊലീസ് നിഗമനം. കൊച്ചി സിറ്റി പൊലീസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. കേസിന്റെ ഗൂഢാലോചനയിൽ പങ്കാളികളായ മുപ്പതോളം പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. തീവ്രവാദ ശക്തികൾ ഉൾപ്പെട്ടിട്ടും കേസിൽ യുഎപിഎ ചുമത്തുന്നില്ലെന്ന് വന്നതോടെ പൊലീസും അയഞ്ഞു. ഇതോടെ എസ്എഫ്‌ഐക്ക് സർക്കാർ നിലപാടിൽ കടുത്ത അതൃപ്തിയാണുണ്ടായിരിക്കുന്നത്. തങ്ങളുടെ ഒരു പ്രവർത്തകൻ കൊച്ചിയിലെ മുഖ്യകോളേജിൽ കുത്തേറ്റുമരിച്ചിട്ടും ശക്തമായ നടപടികൾ സ്വീകരിക്കാത്തതിൽ കടുത്ത അമർഷമാണ് സംഘടനയ്ക്കുള്ളത്.

അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പേരിൽ സംസ്ഥാനത്തെ കലാലയ രാഷ്ട്രീയം നിരോധിക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കലാലയ രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കലാലയ രാഷ്ട്രീയം നിരോധിക്കാനോ നിയന്ത്രിക്കാനോ ആകില്ലെന്ന് സർക്കാർ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അതിനിടെ, തന്റെ മകന്റെ ഘാതകരെ പത്തു ദിവസത്തിനുള്ളിൽ പിടികൂടിയില്ലെങ്കിൽ താനും കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരൻ പറഞ്ഞു. എറണാകുളം മഹാരാജാസ് കോളജിലെ അദ്ധ്യാപകരും ജീവനക്കാരും വട്ടവട കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തിയപ്പോഴാണു മനോഹരൻ ഇക്കാര്യം വ്യക്തമാക്കിയത്.

'അവനെ കൊല്ലാൻ അവർക്കെങ്ങിനെ കഴിഞ്ഞു, അവൻ പാവമായിരുന്നു. പാവങ്ങൾക്കൊപ്പമായിരുന്നു. അവനെ കൊന്നവരോടു ക്ഷമിക്കില്ല. മകന്റെ കൊലയാളികളെ പിടികൂടണം' മനോഹരൻ പറഞ്ഞു.എന്റെ മോനെ ഇനി കിട്ടുവോ? പൊന്നുമോനെ എന്തിനാ അവർ കുത്തിക്കൊന്നെ' മനോഹരന്റെ ഇടറിയ വാക്കുകൾ കേട്ട ആ അദ്ധ്യാപകർ ദുഃഖം കൊണ്ട് മൂകരായി. ആ അച്ഛന്റെ കണ്ണീരിൽ ദൈന്യതയോടൊപ്പം അഭിമന്യുവിനെ കൊലപ്പെടുത്തിയ ആളെ കണ്ടെത്താത്തതിലുള്ള രോഷവും കത്തുകയായിരുന്നു.

'കഷ്ടപ്പെട്ടാ മോനെ സ്‌കൂളിൽ ചേർത്തെ. നാനും ഭാര്യയും അവിടെ വന്ന് കൈയിലേൽപ്പിച്ചതാ. 10 ദിവസത്തിനുള്ളിൽ കൊലയാളികളെ പിടിച്ചില്ലെങ്കിൽ നാങ്കൾ ചാകുന്നതാ നല്ലത്. എന്റെ മകൻ പോയതോടെ എല്ലാം പോയി. എന്തിനാണ് ഇനി ജീവിതം' തീപോലെ പൊള്ളുകയായിരുന്നു വാക്കുകൾ.

അഭിമന്യുവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ എറണാകുളം മഹാരാജാസിൽനിന്നെത്തിയ അദ്ധ്യാപകരോടാണ് മനോഹരൻ ഇതു പറഞ്ഞത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എൻ.കൃഷ്ണകുമാർ, ക്ലാസ് ടീച്ചർ ജൂലി ചന്ദ്രൻ എന്നിവരുൾപ്പെടെ ഏഴ് അദ്ധ്യാപകരാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തിയത്. ഇവർ ഒരു മണിക്കൂറോളം വീട്ടുകാർക്കൊപ്പം ചെലവഴിച്ചു.കോളേജിലെ അദ്ധ്യാപകരും അനധ്യാപകരും ചേർന്ന് സമാഹരിച്ച 5.40 ലക്ഷം രൂപയുടെ ചെക്ക് അഭിമന്യുവിന്റെ അച്ഛനെ ഏൽപ്പിച്ചു. ഇതിനുശേഷം അഭിമന്യുവിന്റെ ശവകുടീരത്തിലെത്തി ആദരാഞ്ജലിയർപ്പിച്ചാണ് ഇവർ മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP