Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടക്കെണിയിൽ പെട്ട കുടുംബത്തെ സർക്കാരിന് നിയമപരമായി സഹായിക്കാം; ആവശ്യമെങ്കിൽ പുനരധിവാസവും നൽകാം; അതിന്റെ പേരിൽ കോടതി ഉത്തരവ് നടപ്പാക്കാത്തത് ശരിയല്ല; ഇന്ത്യ റിപ്പബ്ലിക് രാജ്യമാണെന്ന് സർക്കാർ ഓർക്കണം; ഇടപ്പള്ളിയിൽ എച്ച്ഡിഎഫ്‌സി ബാങ്കിൽ കടക്കാരായ പ്രീത ഷാജിയുടെയും കുടുംബത്തിന്റെയും കുടിയൊഴിപ്പിക്കൽ ഉത്തരവ് നടപ്പാക്കാത്തതിന് ഹൈക്കോടതി വിമർശനം

കടക്കെണിയിൽ പെട്ട കുടുംബത്തെ സർക്കാരിന് നിയമപരമായി സഹായിക്കാം; ആവശ്യമെങ്കിൽ പുനരധിവാസവും നൽകാം; അതിന്റെ പേരിൽ കോടതി ഉത്തരവ് നടപ്പാക്കാത്തത് ശരിയല്ല; ഇന്ത്യ റിപ്പബ്ലിക് രാജ്യമാണെന്ന് സർക്കാർ ഓർക്കണം; ഇടപ്പള്ളിയിൽ എച്ച്ഡിഎഫ്‌സി ബാങ്കിൽ കടക്കാരായ പ്രീത ഷാജിയുടെയും കുടുംബത്തിന്റെയും കുടിയൊഴിപ്പിക്കൽ ഉത്തരവ് നടപ്പാക്കാത്തതിന് ഹൈക്കോടതി വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടപ്പള്ളിയിൽ പത്തടിപ്പാലം സ്വദേശി മാന്നാനത്തുപാടം ഷാജിയും ഭ്രാര്യ പ്രീതയും കുടുംബവും ജാമ്യം നിന്നതിന്റെ പേരിൽ എച്ച്ഡിഎഫ്‌സി ബാങ്കിൽ നിന്ന് നേരിടുന്ന കുടിയൊഴിപ്പിക്കൽ കേസിന് നിയമപരമായ പരിഹാരം കണ്ടെത്താൻ സർക്കാർ സഹായിക്കാമെന്ന് ഹൈക്കോടതി നിരീക്ഷണം. ആവശ്യമെങ്കിൽ സർക്കാർ ഈ കുടുംബത്തിന് പുനരധിവാസം നൽകണമെന്നും കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കാൻ മൂന്ന് ആഴ്ചത്തെ സാവകാശം കോടതി സർക്കാരിന് അനുവദിച്ചു. 24 വർഷമായി തുടരുന്ന കടക്കെണിയിൽ നിന്നും രക്ഷയില്ലാതെ നട്ടംതിരിയുകയാണ്. ഷാജിയും ഭാര്യ പ്രീതയും. സുഹൃത്തിനെ സഹായിക്കാൻ വേണ്ടി ജാമ്യം നിന്നതാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമായത്

അതേ സമയം ഇന്ത്യ റിപ്പബ്ലിക് രാജ്യമാണെന്ന് സർക്കാരിനെ ഹൈക്കോടതി ഓർമിപ്പിച്ചു. കോടതി ഉത്തരവുണ്ടായിട്ടും പ്രീത ഷാജിയുടെ വീടൊഴിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഹൈക്കോടതി സർക്കാരിനെ വിമർശിച്ചത്. രാജ്യത്തെ നിയമസംവിധാനം തകർക്കരുത് പ്രശ്‌നം ഉടൻ പരിഹരിക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം ഉത്തരവ് നടപ്പാക്കാൻ സാവകാശം വേണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. നാല് ആഴ്ചത്തെ സാവകാശമാണ് സർക്കാർ തേടിയത്. സാമൂഹിക പ്രത്യാഘാതങ്ങൾ മൂലമാണ് ഉത്തരവ് നടപ്പാക്കാൻ കഴിയാതിരുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധിച്ചതോടെ ഉപേക്ഷിച്ചിരുന്നു. സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരിൽ വീടും സ്ഥലവും ജപ്തി ചെയ്യുന്ന നടപടിയാണ് ഉപേക്ഷിച്ചത്.

പ്രീത ഷാജിയുടെ 18.5 സെന്റ് വരുന്ന കിടപ്പാടം ജപ്തി ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. പ്രീത ഷാജിയുടെ കുടുംബം ഒരു സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കാനാണ് വസ്തു ജാമ്യം കൊടുത്തത്. വായ്പാത്തിരിച്ചടവ് മുടങ്ങി കടം രണ്ടരക്കോടിയോളമായതോടെയാണ് ബാങ്ക് ജപ്തി നടപടിക്ക് ഒരുങ്ങിയത്. പിന്നീട് ഡെറ്റ് റിക്കവറി ട്രിബ്യൂണൽ 37.5 ലക്ഷം രൂപയ്ക്ക് ഭൂമി ലേലത്തിൽ വിറ്റു നൽകി. എന്നാൽ ഭൂമി ഒഴിഞ്ഞു കൊടുക്കാൻ പ്രീത ഷാജിയും കുടുംബവും തയാറായില്ല. തുടർന്നാണ് ഭൂമി ലേലത്തിൽ വാങ്ങിയ വ്യക്തി ഹൈക്കോടതിയെ സമീപിച്ചത്.

.ഹൈക്കോടതി നിർദ്ദേശപ്രകാരം തിങ്കളാഴ്ച രാവിലെ പൊലീസ് നടപടി ആരംഭിച്ചെങ്കിലും മാനാത്തുപാടം പാർപ്പിട സംരക്ഷണ സമിതിയുടെയും സർഫാസി വിരുദ്ധ ജനകീയ സമിതിയുടെയും വലിയ പ്രതിഷേധമുയർന്നു. അഭിഭാഷക കമ്മിഷൻ, ആർ.ഡി.ഒ., തൃക്കാക്കര എ.സി.പി. പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജപ്തി നടപടികൾക്ക് എത്തിയത്. പക്ഷേ, ആത്മഹത്യാ ഭീഷണിയുൾപ്പെടെയുള്ള പ്രതിഷേധങ്ങളുമായി സമരാനുകൂലികൾ നിരന്നതോടെ പൊലീസ് പിന്തിരിഞ്ഞു. .

ഷാജിയും കുടുംബവും കടക്കാരായത് ഇങ്ങനെ

1994ൽ സുഹൃത്തിന് ലോണെടുക്കാൻ ജാമ്യം നിന്നതായിരുന്നു പ്രീതയുടെ ഭർത്താവ് ഷാജി. നാല് സെന്റ് സ്ഥലം വിറ്റ് ഒരു ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഈട് നൽകിയ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ടുപോയി. ഇത് 38 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. വീടും സ്ഥലവും ലേലത്തിൽ പിടിച്ച രതീഷ് വീട് ഒഴിപ്പിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇതിനു മുൻപ് രണ്ടുതവണ ഒഴിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും നടപ്പാക്കാൻ സാധിച്ചിരുന്നില്ല.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കൊള്ളപ്പലിശയ്ക്കും റിയൽ എസ്റ്റേറ്റ് സംഘവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ് ഷാജിയെയും കുടുംബത്തെയും ദുരിതത്തിലാക്കിയത്. 'കൂട്ടുകാരൻ സാജന് വർക്ക് ഷോപ്പ് നടത്താൻ 1994ൽ രണ്ട് ലക്ഷം രൂപയ്ക്ക് ലോർഡ് കൃഷ്ണ ബാങ്കിൽ നിന്നും എടുത്ത ലോണിന് ജാമ്യം നിന്നതാണ് ഞാൻ. അയാൾ പണം തിരിച്ചടച്ചില്ല. ഇപ്പോൾ 24 വർഷമായി. ഇപ്പോൾ തിരിച്ചടക്കേണ്ടത് രണ്ട് കോടി എട്ട് ലക്ഷം രൂപയായി. തുക തിരിച്ചടയ്ക്കാത്തതിനാൽ ബാങ്ക് ഞങ്ങളെ അറിയിക്കാതെ ഈട് വച്ച പുരയിടം ലേലത്തിൽ വച്ചു. രണ്ടരക്കോടി മതിപ്പുവിലയുള്ളവ 38 ലക്ഷം രൂപയ്ക്ക് ബാങ്ക് സ്വകാര്യ വ്യക്തിക്ക് ലേലത്തിൽ കൊടുത്തു. ഞങ്ങളറിയാതെ' ഷാജി പറയുന്നു. 18.5 സെന്റ് വസ്തുവാണ് 38 ലക്ഷം രൂപയ്ക്ക് ബാങ്ക് ലേലത്തിൽ വിറ്റത്.

സുഹൃത്ത് സാജൻ പണമടയ്ക്കാതെ കുടിശ്ശിക പെരുകിയപ്പോൾ 1997ൽ ലോർഡ് കൃഷ്ണ ബാങ്കിൽ ഷാജി നാല് സെന്റ് സ്ഥലം വിറ്റ് ഒരുലക്ഷം രൂപ തിരിച്ചടച്ചിരുന്നു. 'ജപ്തി നടപടിയുമായി ബാങ്ക് ആദ്യം വന്ന സമയത്ത് ഞങ്ങളുടെ അമ്മ സ്ട്രോക്ക് വന്ന തളർന്ന് കിടപ്പിലായിരുന്നു. ബാങ്ക് ജീവനക്കാരെയും പൊലീസിനെയുമൊക്കെ ഒരുമിച്ച് കണ്ട് പേടിച്ച അമ്മ പിന്നീട് മിണ്ടാൻ കഴിയാത്ത അവസ്ഥയിലായി. കുറച്ച നാള് കഴിഞ്ഞപ്പോ അമ്മ മരിച്ചു. അമ്മേനെ കൊന്നത് ഈ ബാങ്കാണ്. ഷാജിയുടെ ഭാര്യ പ്രീത പറയുന്നു.

ആലുവയിലെ ലോർഡ് കൃഷ്ണ ബാങ്കിൽ നിന്നാണ് ഷാജി ജാമ്യം നിന്ന് പണം കടമെടുത്തത്. ലോർഡ് കൃഷ്ണബാങ്ക് പിന്നീട് സെഞ്ചൂറിയൻ ബാങ്കിലും സെഞ്ചൂറിയൻ ബാങ്ക് തുടർന്ന് എച്ച്.ഡി.എഫ്.സി. ബാങ്കിലും ലയിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് എച്ച്.ഡി. എഫ്.സി ബാങ്കാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്.

എച്ച്.ഡി.എഫ്.സി ബാങ്കിൽ ചെന്ന് കുടിശ്ശിക അൽപാൽപമായി തിരിച്ചടക്കാൻ തയ്യാറാണെന്ന് ഞങ്ങൾ അറിയിച്ചിരുന്നു. എന്നാൽ അപ്പോഴെല്ലാം താങ്ങാനാവുന്നതിലും വലിയ തുക പലിശയിനത്തിൽത്തന്നെ വരുമെന്നാണ് ബാങ്ക് അന്നേ ഞങ്ങളോട് പറഞ്ഞിരുന്നത്. എച്ച്.ഡി.എഫ്.സി. ബാങ്ക് പുരയിടമൊന്നാകെ ബാങ്കുമായി അറ്റാച്ച് ചെയ്യുകയും ചെയ്തു. ഇതോടെ സ്ഥലം വിൽക്കാനോ കരമടയ്ക്കാനോ കഴിയാത്ത അവസ്ഥയായി. ഇതോടെ, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് കരമടച്ച രസീതോ വരുമാന സർട്ടിഫിക്കറ്റോ വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കാതെയായി' പ്രീത പറയുന്നു.

'എന്നേം എന്റെ കുടുംബത്തിനേം ഈ ബാങ്ക് അന്ന് മുതൽ പീഡിപ്പിക്കുകയായിരുന്നു. പതിനെട്ടര സെന്റ് സ്ഥലമുണ്ട്. പക്ഷെ സ്വന്തം വീട്ടിൽ വാടകക്കാരായി ജീവിക്കേണ്ടി വരികയാണ്. ആരെങ്കിലും സ്ഥലം വാങ്ങാനായി വരുന്ന സമയത്ത് ബാങ്ക് മാനേജർ എങ്ങനെയെങ്കിലും അവരെ ബന്ധപ്പെട്ട് ബാങ്കുമായി അറ്റാച്ച് ചെയ്ത സ്ഥലമാണ്. അത് വാങ്ങരുതെന്ന് അറിയിക്കും. അതോടെ വാങ്ങാൻ വരുന്നവരും പിന്മാറും. നാട്ടുകാരോടും അവർ ഇതുതന്നൊണ് പറഞ്ഞിരിക്കുന്നത്. എനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്താണ്. അതിന്റെ എന്തെങ്കിലും ഒരു പങ്ക് എന്റെ മക്കൾക്ക് കൊടുക്കണ്ടേ?' ഷാജി ചോദിക്കുന്നു.

2014ൽ രണ്ട് കോടി മുപ്പത് ലക്ഷം രൂപയാണ് കുടിശ്ശിക എന്ന് ബാങ്ക് ഇവരെ അറിയിച്ചു. 'എങ്ങനെ ഇത്ര വലിയ തുകയായെന്ന് ഞങ്ങളും സംശയിച്ചു. തുടർന്ന് 2014 ഫെബ്രുവരിയിൽ ബാങ്ക് ഓൺലൈനിലൂടെ ഭൂമി ലേലത്തിൽ വച്ചു. ഈ ലേലത്തിൽ രതീഷ് നാരായണൻ എന്ന റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ 38 ലക്ഷം രൂപയ്ക്ക് ലേലം ചെയ്‌തെടുത്തു. എന്നാൽ ഭൂമി ലേലത്തിൽ വച്ചതോ വിറ്റ് പോയതോ ഞങ്ങൾ അറിഞ്ഞിട്ടില്ല. ബാങ്കിൽ നിന്നും സ്ഥലം ജപ്തി നടപടിയിലേക്ക് പോകുമ്പോൾ അത് ഉടമയെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ ഞങ്ങൾ വീട്ടിലില്ലാത്ത സമയം നോക്കി ബാങ്കിന്റെ ആളുകൾ ഇവിടെ വന്ന് വീട്ടിൽ ആളില്ലെന്ന റിപ്പോർട്ട് അധികാരികൾക്ക് നൽകുകയം ചെയ്തു' പ്രീത വിവരിക്കുന്നു. 80 ലക്ഷം കുടിശ്ശിക തിരിച്ചടയ്ക്കാൻ ചെന്നപ്പോഴാണ് ലേലത്തിന്റെ കാര്യംതന്നെ ഇവർ അറിയുന്നത്.

'റിയൽ എസ്റ്റേറ്റ് കച്ചവടക്കാർക്ക് വേണ്ടി എച്ച്.ഡി.എഫ്.സി ബാങ്ക് ഞങ്ങളുടെ ഭൂമി ഒത്താശ ചെയ്തുകൊടുത്തതാണ്. എച്ച്.ഡി.എഫ്.സി ബാങ്കും ഭുമി ലേലത്തിൽ പിടിച്ച രതീഷ് നാരായണനും കൂടി കുടിയിറക്കാൻ വന്നപ്പോഴാണ് സ്വന്തം വീട് കൈവിട്ട് പോയെന്ന് ഞങ്ങൾ അറിയുന്നത്. ലേലത്തിന് ശേഷം കൈപ്പറ്റേണ്ട നോട്ടീസും ഞങ്ങൾക്ക് കിട്ടിയിട്ടില്ല. കൺസ്യൂമർ നമ്പറടക്കം ഈ രതീഷ് നാരായണൻ ഞങ്ങളറിയാതെ ഇവിടെ വന്ന് ശേഖരിച്ചു. ഇപ്പോ വീട് അയാളുടെ പേരിലും അതിന്റെ കരണ്ട് ചാർജ്ജടക്കം അടയ്ക്കുന്നത് ഞങ്ങളും' ഷാജിയുടെ മകൻ അഖിൽ പറയുന്നു.

എന്നും ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അലട്ടിയിരുന്നു. മാനസിക വ്യഥകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. ശരിക്കും അയാൾ (സാജൻ) ഞങ്ങളെ ചതിക്കുകയായിരുന്നു. പലവട്ടം സംസാരിച്ചിരുന്നുവെങ്കിലും ഇയാൾ വേണ്ട കാര്യങ്ങൾ ഒന്നും ചെയ്തിരുന്നില്ല. ഉടനെ ശരിയാക്കാം എന്നു പറഞ്ഞ് കബളിപ്പിക്കുകയല്ലാതെ ഒരു രീതിയിലും സഹകരണമുണ്ടായിരുന്നില്ല. സ്വന്തമായുണ്ടായിരുന്ന നാലു സെന്റ് സ്ഥലം വിറ്റാണ് ബാങ്കിലേക്ക് ഒരു ലക്ഷം രൂപ അടച്ചത്'' - അഖിൽ പറഞ്ഞു.

വീട്ടിൽ സാമ്പത്തിക പ്രതിസന്ധി വല്ലാതെ അലട്ടാൻ തുടങ്ങിയിരുന്നു. ഡ്രൈവറായ അച്ഛന്റെ ഒരാളുടെ വരുമാനത്തിലായിരുന്നു വീട് മുന്നോട്ടു പോയിരുന്നത്. ഇതിനിടയിൽ വിദ്യാഭ്യാസം വേണ്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനായില്ല. ബിരുദ പഠനത്തിനു ശേഷം വിദ്യാഭ്യാസം നിർത്തേണ്ടി വന്നു. ബിരുദാനന്തര ബിരുദം എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ വീട്ടിലെ സ്ഥിതി മോശമായതുകൊണ്ട് പഠനം അവിടെ നിർത്തുകയായിരുന്നു. പിന്നീട് പല ജോലികളെടുത്തെങ്കിലും ഒന്നും സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ പ്രാപ്തിയുള്ളവയായിരുന്നില്ല. ഇത്രയും പ്രശ്നങ്ങൾക്കിടയിലാണ് ലോണും ജപ്തി ഭീഷണിയും നൽകുന്ന മാനസിക വിഷമവും.

സുധീഷ്, സക്കറിയ മണവാളൻ, രതീഷ് നാരായണൻ എന്നീ റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ തന്ത്രപൂർവ്വം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പിന്തുണയോടെ സ്ഥലം കൊള്ളയടിച്ചതാണെന്ന് ഇവർ വ്യക്തമാക്കുന്നു. ഇപ്പോൾ വിളിക്കുന്ന മധ്യസ്ഥ ചർച്ചകളിലടക്കം ഇവർ മൂന്ന് പേരുമാണ് സംസാരിക്കുന്നതെന്നും ഷാജി പറയുന്നു. ലേലത്തിൽ സ്ഥലം വിറ്റ് പണം തിരിച്ച് പിടിച്ചതോടെ ബാങ്ക് പിൻവാങ്ങി. തുടർന്ന് ഷാജിയും കുടുംബവും ഭൂമി വാങ്ങിയ റിയൽ എസ്റ്റേറ്റ് കച്ചവടക്കാരുമായി ആയി പിന്നീടുള്ള ചർച്ച. ബാങ്കിന് ഇവർകൊടുത്തെന്ന് പറയപ്പെടുന്ന 80 ലക്ഷം രൂപ തിരികെ നൽകാമെന്നും ഭൂമി തിരിച്ചേൽപിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. എന്നാൽ ഒരു കോടി ഇരുപത് ലക്ഷം രൂപ തന്നാൽ ഭൂമി തിരികെ നൽകാമെന്നായി രതീഷും സംഘവുമെന്ന് ഷാജി പറയുന്നു. ഈ ഭൂമി വിട്ട് കൊടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറാനുള്ള വരുമാനമോ സാമ്പത്തികാവസ്ഥയോ ഇവർക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP