Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റപ്പരാതിയുടെ പേരിൽ 18 ലക്ഷം അംഗങ്ങളെ അവഗണിക്കാനാവില്ല; ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും സീക്രട്ട് ഗ്രൂപ്പ് നിരോധിക്കാനാവില്ലെന്ന് ഫേസ്‌ബുക്ക്; തങ്ങളുടെ പോളിസി ഗൈഡ് ലൈൻസ് തെറ്റിച്ചിട്ടില്ലെന്നും കൂട്ടായ്മ മറുപടി നൽകിയതോടെ പൊലീസിന് തിരിച്ചടി; ജിഎൻപിസിയെ പൂട്ടാൻ കർശന നിയമനടപടിക്ക് നീക്കം

ഒറ്റപ്പരാതിയുടെ പേരിൽ 18 ലക്ഷം അംഗങ്ങളെ അവഗണിക്കാനാവില്ല; ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും സീക്രട്ട് ഗ്രൂപ്പ് നിരോധിക്കാനാവില്ലെന്ന് ഫേസ്‌ബുക്ക്; തങ്ങളുടെ പോളിസി ഗൈഡ് ലൈൻസ് തെറ്റിച്ചിട്ടില്ലെന്നും കൂട്ടായ്മ മറുപടി നൽകിയതോടെ പൊലീസിന് തിരിച്ചടി; ജിഎൻപിസിയെ പൂട്ടാൻ കർശന നിയമനടപടിക്ക് നീക്കം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 18 ലക്ഷത്തിലേറെ അംഗങ്ങളുള്ള ജിഎൻപിസി ഗ്രൂപ്പിനെ ഒറ്റപരാതിയുടെ പേരിൽ നീക്കം ചെയ്യാനാവില്ലെന്ന് ഫേസ്‌ബുക്ക്. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന സീക്രട്ട് ഗ്രൂപ്പിലെ അഡ്‌മിന്മാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പേജ് നീക്ക് ചെയ്യണമെന്ന് കേരള പൊലീസ് ഫേസ്‌ബുക്കിനോട് അഭ്യർത്ഥിച്ചത്. ബാലനീതി നിയമം ലംഘിച്ചെന്നതടക്കമുള്ള കുറ്റങ്ങൾ വിവരിച്ച് ഫേസ്‌ബുക്കിനു പൊലീസ് കത്തയച്ചു.എന്നാൽ, മറുപടി പ്രതികൂലമായത് പൊലീസിന് തിരിച്ചടിയായി.

അതേസമയം, കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാലുടൻ പ്രധാന അഡ്‌മിനെ അറസ്റ്റു ചെയ്യാനാണു പൊലീസിന്റെ തീരുമാനം.പ്രധാന അഡ്‌മിനായ തിരുവനന്തപുരം നേമം സ്വദേശി അജിത്കുമാറിനെയാണ് ഇപ്പോൾ പ്രതിചേർത്തിരിക്കുന്നത്. ഒളിവിലാണെന്ന് കരുതുന്ന അജിത് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യത്തെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് നൽകും. ജാമ്യം നിഷേധിച്ചാലുടൻ അറസ്റ്റ് ചെയ്യാനുമാണ് പൊലീസിന്റെ ശ്രമം. അതേസമയം പൊലീസ് നടപടികളെ വെല്ലുവിളിച്ചും അഡ്‌മിന് പിന്തുണ അറിയിച്ചും ജിഎൻപിസി കൂട്ടായ്മയിൽ സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. ജിഎൻപിസിക്കെതിരായ നടപടികൾ നിലനിൽക്കില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് ഗ്രൂപ്പിന്റെ നിലപാട്. തങ്ങളുടെ പോളിസി ഗൈഡ്ലൈൻസ് ലംഘിച്ചിട്ടില്ലെന്ന നിലപാട് ഫേസ്‌ബുക്ക് സ്വീകരിച്ചതും ഗ്രൂപ്പിന് തുണയായി.

ബാലാവകാശ നിയമങ്ങൾ ലംഘിച്ചുവെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഫേസ്‌ബുക്കിന് അപേക്ഷ നൽകിയത്. നിലവിൽ ഗ്രൂപ്പ് അഡ്‌മിന് എതിരെ ജാമ്യമില്ലാ കുറ്റമാണ് എക്സൈസ് നിർദ്ദേശ പ്രകാരം പൊലീസ് ചുമത്തിയിരിക്കുന്നത്. ടിക്കറ്റ് വെച്ച് മദ്യപാനത്തിനായി പാർട്ടി നടത്തിയെന്നും അനധികൃതമായി മദ്യം വിറ്റുവെന്നുമുള്ള കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാൻ ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നുമാണ് കൂട്ടായ്മയുടെ അവകാശവാദം. എന്നാൽ ഈ വാദം മദ്യവിരുദ്ധ സംഘടനകൾ തള്ളുകയാണ്. ജിഎൻപിസി എന്ന കൂട്ടായ്മയിൽ മദ്യപാനം വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ഇവരുടെ പരാതി. മദ്യകച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് അവർ ആരോപിക്കുന്നു. ഫേസ്‌ബുക്ക് പേജിനെതിരേ നിയമനടപടികൾക്കും മദ്യനിരോധന സംഘടനകൾ നീക്കം തുടങ്ങി. ഇതാണ് ഋഷിരാജ് സിങ് ഏറ്റെടുത്തത്. സംസ്ഥാനത്ത് ലഹരിക്കെതിരേ വ്യാപകമായ ബോധവത്കരണം നടന്നു വരുന്നതിനിടയാണ് എങ്ങനെ മദ്യപിക്കണം, മദ്യത്തിന്റെ കൂടെ വേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം, പുതിയ ബ്രാൻഡുകൾ തുടങ്ങിയ കാര്യങ്ങൾ കൂട്ടായ്മ വഴി പ്രചരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് ഋഷിരാജ് സിങ് പറയുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎൻപിസിയെന്ന് അജിത്ത് കുമാർ വ്യക്തമാക്കിയിരുന്നു. ജിഎൻപിസി എന്ന കൂട്ടായ്മ സ്വന്തമായി ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. ജിഎൻപിസി കൂട്ടായ്മയിലെ അംഗങ്ങൾക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്ത് ശതമാനം വിലക്കുറവിൽ മദ്യം ലഭിക്കുകയും ചെയ്യുന്നുണ്ട്. 23 വയസിനു മുകളിലുള്ളവരെ മാത്രമേ ഗ്രൂപ്പിൽ ആഡ് ചെയ്യാമെന്നുള്ളൂവെന്നു പറയുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾ തന്നെയാണു ഗ്രൂപ്പിൽ ഭൂരിഭാഗവും. അഡ്‌മിന്റെ അനുമതി കിട്ടിയാൽ മാത്രമേ പോസ്റ്റുകൾ പബ്ലിഷ് ചെയ്യാൻ കഴിയുകയുള്ളു. ഈ സാഹചര്യങ്ങളെല്ലാം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ചർച്ചയാണ് എക്‌സൈസ് ഉയർത്തുന്നത്.

മദ്യപാനത്തിനു പ്രോത്സാഹനം നൽകുന്ന തരത്തിലുള്ളതും, പരസ്യ പ്രചാരണം നടത്തുന്നതുമായ ഫേസ്‌ബുക് പോസ്റ്റുകളുടെ പേരിലാണു കേസ്. മണ്ണന്തല എക്സൈസ് ഓഫിസിനാണ് അന്വേഷണ ചുമതല. ഗ്രൂപ്പിന്റെ മറ്റ് 36 അഡ്‌മിന്മാരെ കുറിച്ചും എക്‌സൈസ് അന്വേഷണം നടന്നു വരികയാണ്. ജിഎൻപിസി ഗ്രൂപ്പിൽ കൊച്ചു കുട്ടികളെ വരെ മദ്യത്തിന്റെ കൂടെ നിർത്തിയുള്ള ഫോട്ടോകൾ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എക്‌സൈസ് വ്യക്തമാക്കി.

നല്ല ഭക്ഷണം നല്ല യാത്രകൾ പോകാൻ പറ്റിയ സ്ഥലങ്ങൾ അവിടെ നിന്ന് കിട്ടുന്ന സന്തോഷവും ഫീലുമൊക്കെ മറ്റുള്ളവരെ അറിയിക്കാനും മറ്റുള്ളവർക്ക് പുതിയ സ്ഥലങ്ങൾ എക്‌സപ്ലോർ ചെയ്യാനുമൊക്കെ ഉള്ള ഒരു ഗൈഡ്‌ലൈനായി പ്രവർത്തിക്കുകയായിരുന്നു് ജിഎൻപിസി എന്ന ഗ്രൂപ്പ്. സ്ത്രീകൾ പുരുഷന്മാർ എന്ന വേർതിരിവില്ലാതെ എല്ലാവരുടേയും പോസ്റ്റുകളെ ഒരുപോലെ ഗ്രൂപ്പ് അംഗങ്ങൾ ലൈക്കും കമന്റും ഇട്ട് പ്രോൽസാഹിപ്പിക്കുന്നുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് ഏറ്റവുമധികം അംഗങ്ങളുള്ള ലോകത്തിലെ ഇരുപത്തിയഞ്ചാമത്തെ ഗ്രൂപ്പായി മാറിയ ജിഎൻപിസിയുടെ സ്ഥാപകൻ തിരുവനന്തപുരത്തെ ബിസിനസ്സ്മാനും ഫുഡ് വ്ളോഗറുമായ അജിത്ത് കുമാറാണ്. നിലവിൽ ലോകത്തിലെ ഏറ്റവുമധികം അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് ജിഎൻപിസിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP