Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരേന്ദ്രന് തടയിടാൻ അണിയറയിൽ ഇപ്പോഴും നീക്കം സജീവം; ഇനി നിർണ്ണായകം മുരളീധർ റാവു-എം രാധാകൃഷ്ണൻ ചർച്ചകൾ; പികെ കൃഷ്ണദാസിനെ വീണ്ടും അധ്യക്ഷനാക്കാനും സാധ്യത; സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കാനാവാതെ ബിജെപി ദേശീയ നേതൃത്വം; ആർ എസ് എസിനെ പിണക്കാതെ തീരുമാനമെടുക്കാൻ സാധ്യത; അമിത് ഷായുടെ മനസ്സറിയാതെ കേരളാ നേതാക്കൾ

സുരേന്ദ്രന് തടയിടാൻ അണിയറയിൽ ഇപ്പോഴും നീക്കം സജീവം; ഇനി നിർണ്ണായകം മുരളീധർ റാവു-എം രാധാകൃഷ്ണൻ ചർച്ചകൾ; പികെ കൃഷ്ണദാസിനെ വീണ്ടും അധ്യക്ഷനാക്കാനും സാധ്യത; സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കാനാവാതെ ബിജെപി ദേശീയ നേതൃത്വം; ആർ എസ് എസിനെ പിണക്കാതെ തീരുമാനമെടുക്കാൻ സാധ്യത; അമിത് ഷായുടെ മനസ്സറിയാതെ കേരളാ നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള ചർച്ചകൾ ഇനി ആർഎസ്എസും ബിജെപി കേന്ദ്ര നേതൃത്വവും നേരിട്ട് നടത്തും. ബിജെപി ജനറൽ സെക്രട്ടറി മുരളീധരറാവുവും ആർഎസ്എസ് സംസ്ഥാന സഹപ്രാന്ത കാര്യവാഹ് എം രാധാകൃഷ്ണനുമായും ചർച്ചയിലൂടെ അധ്യക്ഷനെ കണ്ടെത്തുക. ബിജെപിയുടെ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള പ്രതിനിധി എം രാധാകൃഷ്ണനായിരിക്കുമെന്ന് ആർഎസ്എസ് സംസ്ഥാന നേതൃത്വം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണനും മുരളീധർ റാവുവും ചർച്ച ചെയ്യുക. പ്രധാനമായും മൂന്ന് പേരുകളാണ് ഈ ഘട്ടത്തിൽ പരിഗണിക്കുന്നത്. കെ സുരേന്ദ്രനും പിഎസ് ശ്രീധരൻ പിള്ളയും പികെ കൃഷ്ണദാസും.

കെ സുരേന്ദ്രനെ ബിജെപിയുടെ പ്രസിഡന്റാക്കാനാണ് അമിത് ഷായുടെ താൽപ്പര്യം. എന്നാൽ സുരേന്ദ്രനോട് ഇപ്പോഴും ആർ എസ് എസിന് എതിർപ്പുണ്ട്. ഈ സാഹചര്യത്തിൽ സുരേന്ദ്രനെ പ്രസിന്റാക്കിയാൽ കേരളത്തിൽ ആർ എസ് എസിന്റെ സഹായം കിട്ടില്ലെന്ന് അമിത് ഷാ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി ബിജെപി കേന്ദ്ര നേതൃത്വം വീണ്ടും ചർച്ചകൾ നടത്തുന്നത്. പിസി ശ്രീധരൻ പിള്ളയോടും പരിവാറുകാർക്ക് താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് എല്ലാവർക്കും സമ്മതനെന്ന നിലയിൽ പികെ കൃഷ്ണദാസിനെ പരിഗണിക്കുന്നത്. ആർഎസ്എസ് നേതൃത്വവുമായുള്ള അടുപ്പം തന്നെയാണ് കൃഷ്ണദാസിന് ഏറ്റവും ഗുണകരമാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ കൃഷ്ണദാസ് തന്നെ നയിക്കുമെന്ന സൂചനയാണ് മറുനാടന് ലഭിക്കുന്നത്.

മുരളീധർ റാവുവുമായുള്ള ചർച്ചകളിൽ എം രാധാകൃഷ്ണൻ എടുക്കുന്ന നിലപാടാകും നിർണ്ണായകം. അമിത് ഷായ്ക്ക താൽപ്പര്യമുള്ള സുരേന്ദ്രന്റെ നോമിനേഷനെ രാധാകൃഷ്ണനെടുത്താൽ മറ്റൊരു മുഖത്തെ ബിജെപിയുടെ തലപ്പത്ത് നിയോഗിക്കും. മുൻ അധ്യക്ഷന്മാരെയാകും ഈ സാഹചര്യത്തിൽ വീണ്ടും പരിഗണിക്കുക. വി മുരളീധരനോട് ആർ എസ് എസിന് തീരെ താൽപ്പര്യമില്ല. പി എസ് ശ്രീധരൻ പിള്ളയേയും പിന്തുണയ്ക്കാൻ തയ്യാറല്ല. ഇതിനിടെയാണ് പികെ കൃഷ്ണദാസിന്റെ പേര് സജീവ ചർച്ചയാകുന്നത്. എ എൻ രാധാകൃഷ്ണന്റെ പേരാണ് ബിജെപിയിലെ കൃഷ്ണദാസ് പക്ഷം മുന്നോട്ടു വയ്ക്കുന്നത്. രണ്ട് ദിവസം മുമ്പ് കൊച്ചിയിലെ ഹോട്ടലിൽ കൃഷ്ണദാസ് പക്ഷം രഹസ്യ യോഗം ചേർന്നിരുന്നു. എഎൻ രാധാകൃഷ്ണന്റെ പേര് മുന്നോട്ട് വയ്ക്കാനായിരുന്നു തീരുമാനം.

എന്നാൽ രാധാകൃഷ്ണനോട് ആർ എസ് എസിനും താൽപ്പര്യമില്ല. ഇതോടെയാണ് കൃഷ്ണദാസിന്റെ പേര് തന്നെ ചർച്ചയാകുന്നത്. എം രാധാകൃഷ്ണനും കൃഷ്ണദാസിനോട് മതിപ്പാണുള്ളത്. ഈ സാഹചര്യത്തിലാണ് കൃഷ്ണദാസിന് സാധ്യത ഏറുന്നത്. എന്നാൽ സുരേന്ദ്രൻ തന്നെ പ്രസിഡന്റാകണമെന്ന നിർദ്ദേശമാകും ചർച്ചകളിൽ ബിജെപി പ്രതിനിധികൾ വയ്ക്കുക. ഇതിനോട് എം രാധാകൃഷ്ണൻ എതിർപ്പ് പ്രകടിപ്പിച്ചാൽ മാത്രമേ മറ്റൊരു പേരുകാരനെ പരിഗണിക്കൂ. ഈ സാഹചര്യത്തിലാണ് കൃഷ്ണദാസിന് സാധ്യത കൂടുന്നത്. കുമ്മനം രാജശേഖരനെ ഗവർണ്ണറാക്കിയത് ആർഎസ്എസ് നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ്. ഈ സാഹചര്യത്തിൽ ബിജെപി പ്രസിഡന്റിനെ ചർച്ചകളിലൂടെ നിശ്ചയിക്കണമെന്നാണ് ആർ എസ് എസിന്റെ ആവശ്യം.

സുരേന്ദ്രനാണ് കേരളത്തിലെ സാഹചര്യത്തിൽ മികച്ചതെന്ന നിലപാടിലാണ് അമിത് ഷാ. തുടക്കത്തിൽ എംടി രമേശിനെ അധ്യക്ഷനാക്കാനായിരുന്നു കൃഷ്ണദാസ് പക്ഷം ചരടു വലി നടത്തിയത്. എന്നാൽ മെഡിക്കൽ കോഴ വിവാദം ഇതിന് തടസ്സമായി. മുരളീധരനെ എം പിയാക്കിയതിനാൽ സംസ്ഥാന നേതൃ പദവി വേണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം. കുമ്മനത്തെ അവരോധിച്ചപോലെ ആർഎസ്എസ് നേതൃനിരയിൽ നിന്ന് ഒരാൾ അപ്രതീക്ഷമായി കടന്നു വരാനും സാധ്യതത കുറവാണ്. കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ കേന്ദ്രനേതൃത്വം നോമിനേറ്റ് ചെയ്തതോടെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്ന കാര്യത്തിൽ കൂടിയാലോചനയില്ലാതായത്. നേരത്തെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവരുമായി സമവായ ചർച്ച നടത്തിയാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തെ തുടർന്നായിരുന്നു ബിജെപിയിലെ പ്രാഥമിക അംഗംപോലുമല്ലാത്ത കുമ്മനത്തെ കേന്ദ്ര നേതൃത്വം പ്രസിഡന്റായി അവരോധിച്ചത്.

പാർട്ടി നേതൃ നിരയിൽ നിന്ന് പുറത്തുള്ള ആദ്യത്തെ പ്രസിഡന്റായിരുന്നു കുമ്മനം. സംസ്ഥാനത്തെ തീപ്പൊരി നേതാവെന്ന പരിഗണനയാണ് കെ. സുരേന്ദ്രന് മുൻതൂക്കം നൽകുന്നത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റെന്ന നിലയ്ക്കും ബിജെപി ജനറൽ സെക്രട്ടറി എന്ന നിലയ്ക്കും നിരവധി ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത സുരേന്ദ്രൻ നടത്തിയ പ്രവർത്തനമാണ് തുണയാകുന്നത്. കർണാടക തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള പ്രവർത്തകരോടൊപ്പം മാസങ്ങളോളം പ്രവർത്തിച്ചതും കേന്ദ്രനേതൃത്വത്തിന് മതിപ്പുളവാക്കിയിട്ടുണ്ട്.

വി. മുരളീധരനോട് അടുപ്പമുള്ള കെ. സുരേന്ദ്രൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. എന്നാൽ കേരളത്തിലെ ആർ എസ് എസിന് സുരേന്ദ്രനോട് താൽപ്പര്യക്കുറവുണ്ട്. ഇതു കാരണമാണ് കേരളത്തിലെ ബിജെപി അധ്യക്ഷന്റെ നിയമനം നീണ്ടു പോകുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP