Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വൈദിക പദവി ദുർവിനിയോഗം ചെയ്ത് അവർ യുവതിയെ കീഴ്‌പ്പെടുത്തി; വൈദികർ പെരുമാറിയത് വേട്ടമൃഗങ്ങളെ പോലെ; യുവതിയുടെ മൊഴിയിലെ കാര്യങ്ങളെ തള്ളിക്കളയാനാകില്ലെന്നും നിരീക്ഷണം; കീഴടങ്ങുമ്പോൾ ജാമ്യ ഹർജി പരിഗണിക്കണമെന്ന ആവശ്യവും തള്ളി; കുമ്പസാര പീഡനത്തിൽ വൈദികർ അഴിക്കുള്ളിൽ ആകുമെന്ന് ഉറപ്പായി; അറസ്റ്റ് ഭയന്ന് നാല് അച്ചന്മാരും ഒളിവിൽ; ഓർത്തഡോക്‌സ് സഭ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

വൈദിക പദവി ദുർവിനിയോഗം ചെയ്ത് അവർ യുവതിയെ കീഴ്‌പ്പെടുത്തി; വൈദികർ പെരുമാറിയത് വേട്ടമൃഗങ്ങളെ പോലെ; യുവതിയുടെ മൊഴിയിലെ കാര്യങ്ങളെ തള്ളിക്കളയാനാകില്ലെന്നും നിരീക്ഷണം; കീഴടങ്ങുമ്പോൾ ജാമ്യ ഹർജി പരിഗണിക്കണമെന്ന ആവശ്യവും തള്ളി; കുമ്പസാര പീഡനത്തിൽ വൈദികർ അഴിക്കുള്ളിൽ ആകുമെന്ന് ഉറപ്പായി; അറസ്റ്റ് ഭയന്ന് നാല് അച്ചന്മാരും ഒളിവിൽ; ഓർത്തഡോക്‌സ് സഭ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഓർത്തഡോക്‌സ് വൈദികർക്കെതിരെ രൂക്ഷപരാമർശവുമായി ഹൈക്കോടതി. വൈദികർ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന് കോടതി നിരീക്ഷിച്ചു. വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി രൂക്ഷപരാമർശങ്ങൾ നടത്തിയത്. ഇതോടെ വൈദികരെ പൊലീസ് ഏത് നിമിഷവും അറസ്റ്റ് ചെയ്‌തേയ്ക്കും. ഓർത്തഡോക്‌സ് സഭയെ വെട്ടിലാക്കുന്ന പരാമർശങ്ങളാണ് ഹൈക്കോടതിയും നടത്തിയത്. ഇതോടെ വൈദികരെ ഇനി രക്ഷിക്കാനാകില്ലെന്ന തിരിച്ചറിവിൽ സഭാ നേതൃത്വവും എത്തിക്കഴിഞ്ഞു.

വൈദിക പദവി ദുർവിനിയോഗം ചെയ്ത് അവർ യുവതിയെ കീഴ്‌പ്പെടുത്തുകയാണ് ചെയ്തത്. മജിസ്‌ട്രേറ്റിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും മുന്നിൽ യുവതി നൽകിയ മൊഴിയിലെ കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു. കീഴടങ്ങാൻ പ്രത്യേകം സമയം അനുവദിക്കണമെന്നും കീഴടങ്ങിയാൽ അന്നുതന്നെ ജാമ്യഹർജി പരിഗണിക്കണമെന്ന ആവശ്യവും പ്രതികൾ മുൻകൂർ ജാമ്യഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങളും കോടതി തള്ളി. വൈദികർക്ക് ബന്ധപ്പെട്ട കോടതിയിൽ കീഴടങ്ങാം. അവരുടെ ജാമ്യഹർജി കോടതി മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ഇതോടെ കീഴടങ്ങിയാൽ ഉടൻ പൊലീസ് മജിസ്‌ട്രേട്ടിന്റെ മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള സാധ്യതയും തെളിഞ്ഞു.

കേസിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തെ തുടർന്നാണ് മൂന്നു വൈദികരുടെയും ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയത്. വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഡൽഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ ജോർജ്, ഫാ. സോണി വർഗീസ്, ഫാ. ജോബ് മാത്യു എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. എന്നാൽ ഫാ.ജോൺസൻ വി മാത്യുവിന്റെ മുൻ കൂർ ജാമ്യാപേക്ഷയിൽ തീരുമാനം ആയില്ല. ഇത് കോടതി പിന്നീട് പരിഗണിക്കും. വൈദികരെ സംരക്ഷിക്കില്ലെന്ന് സഭയും വ്യക്തമാക്കി. വൈദികരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസും സഭാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും കോടതിയിൽ വൈദികർ കീഴടങ്ങാനാണ് സാധ്യത. ക്രൈംബ്രാഞ്ചും ഇത് സമ്മതിക്കുമെന്നാണ് സൂചന. കീഴടങ്ങിയ ശേഷം വൈദികരെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. കേസ് ഒതുക്കി തീർക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടുവെന്ന് സഭയും വിലയിരുത്തുന്നു.

വൈദികർ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ മതപരമായ വിശ്വാസം ചൂഷണം ചെയ്യുകയായിരുന്നുവെന്നു പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. കുമ്പസാരത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ദുരുപയോഗിച്ചു. മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. യുവതിയുടെ മൊഴിയും സർക്കാരിന്റെ വിശദീകരണ പത്രികയും കോടതി പരിശോധിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് മുൻകൂർ ജാമ്യ ഹർജി കോടതി തള്ളിയത്. അതിനിടെ ജാമ്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള ചർച്ചകളും സജീവമാണ്. എന്നാൽ പീഡന കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിക്കില്ലെന്നും ഹർജി തള്ളിയാൽ അത് ദേശീയ തലത്തിൽ ചർച്ചയാകുമെന്നും സഭയ്ക്ക് ഉപദേശം ലഭിച്ചിട്ടുണ്ട്. അതിനാൽ കരുതലോടെ മുന്നോട്ട് പോകണമെന്നാണ് ലഭിച്ച ഉപദേശം.

ഭീഷണിപ്പെടുത്തിയെന്നും ബ്ലാക്ക്മെയിൽ ചെയ്തെന്നും ആരോപണങ്ങളുണ്ടെന്നും മജിസ്ട്രേട്ടിനു കൊടുത്ത മൊഴിയും ഉപോത്ബലകമായ തെളിവുകളും പരിശോധിച്ചാൽ സംശയിക്കാവുന്ന ചില കാര്യങ്ങളുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. യുവതി വിദ്യാസമ്പന്നയാണെന്നും പതിനഞ്ചിലേറെ വർഷങ്ങൾക്കു മുൻപു നടന്ന സംഭവത്തിൽ പരാതി വൈകിയതിനു ന്യായീകരണമില്ലെന്നും ഹർജിഭാഗം വാദിച്ചു. ഏതോ ദുരൂഹശക്തികൾ പരാതിക്കു പിന്നിലുണ്ട്. രഹസ്യമൊഴി വിശ്വസനീയമല്ലെന്നും വാദിച്ചു. ഇതെല്ലാം ഹൈക്കോടതി തള്ളിയതോടെ വൈദികർ ഊരാക്കുടുക്കിലുമായി. അതിനിടെ ഓർത്തഡോക്സ് സഭയിലെ വൈദികരുടെ പേരിലുള്ള ലൈംഗികപീഡന ആരോപണത്തിൽ സഭയ്ക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറാത്തത് നിയമ ലംഘനമാണെന്ന വാദവും സജീവമാവുകയാണ്.

മെയ് ഒൻപതിനാണ് തിരുവല്ല സ്വദേശിയായ യുവാവിന്റെ പരാതി നിരണം ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന് കിട്ടിയത്. തുമ്പമൺ, ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്തമാർക്ക് പകർപ്പും നൽകി. പീഡിപ്പിക്കപ്പെട്ട യുവതി എഴുതിയ സത്യപ്രസ്താവനയും ഒപ്പമുണ്ടായിരുന്നു. ഈ സത്യപ്രസ്താവന പ്രതികൾക്ക് കിട്ടുകയും ചെയ്തു. ഈ സാഹചര്യത്തിൽ നിരണം, തുമ്പമൺ, ഡൽഹി ഭദ്രാസനാ മെത്രോപ്പൊലീത്തമാർക്കെതിരേയും കേസെടുത്തേക്കും. ഇന്നത്തെ ഹൈക്കോടതി വിധിയും ഈ സാഹചര്യത്തിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്. 62 ദിവസമായിട്ടും പൊലീസിന് കൈമാറാതെ സ്വന്തംനിലയിൽ അന്വേഷണം നടത്താനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം. പരാതിക്കാരന് ആവശ്യമെങ്കിൽ പൊലീസിനെ സമീപിക്കാമെന്നാണ് സഭയുടെ നിലപാട്.

ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.) 202ാം വകുപ്പനുസരിച്ച് ലൈംഗികപീഡന പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ പൊലീസിന് കൈമാറണം. ഇത് പാലിക്കാതെയാണ് സഭ സ്വതന്ത്രാന്വേഷണവുമായി മുന്നോട്ടുേപാകുന്നത്. വൈദികരുടെ പേരിലുള്ള ലൈംഗിക പീഡനാരോപണങ്ങൾ അന്വേഷിക്കുന്നതിൽ പൊതുവേ നിസ്സംഗതയാണ് സഭാ നേതൃത്വത്തിനും. മുന്പും ഇത്തരം പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവയിലൊന്നും കാര്യമായ അന്വേഷണമുണ്ടായില്ല. പലതും ഒതുക്കിത്തീർത്തു. വൈദികരെ താത്കാലികമായി ഇടവകപ്രവർത്തനങ്ങളിൽനിന്ന് വിലക്കുമെന്ന് മാത്രം. പരാതി പിൻവലിച്ചുകഴിഞ്ഞാൽ ഈ വിലക്ക് നീക്കും. വൈദികർ വീണ്ടും കൂദാശകൾക്ക് കാർമികത്വം വഹിക്കും. ഈ വിഷയത്തിലും ഇതൊക്കെ സംഭവിക്കുമെന്നായിരുന്നു സഭയുടെ പ്രതീക്ഷ. ഇതാണ് പൊളിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP