Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെള്ളം നീക്കം ചെയ്തിരുന്ന പമ്പ് അപ്രതീക്ഷിതമായി പണി മുടക്കിയപ്പോൾ ഗുഹയിലേക്ക് മലവെള്ളം ഇരച്ച് പാഞ്ഞു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; ആ കുട്ടികളെ പുറത്തെത്തിക്കാൻ ഒരു മണിക്കൂർ കൂടി വൈകിയിരുന്നേൽ ഒരിക്കലും അവർ പുറംലോകം കാണുകയില്ലായിരുന്നു; കുട്ടികളെ രക്ഷിച്ചത് മയക്കിക്കിടത്തി

വെള്ളം നീക്കം ചെയ്തിരുന്ന പമ്പ് അപ്രതീക്ഷിതമായി പണി മുടക്കിയപ്പോൾ ഗുഹയിലേക്ക് മലവെള്ളം ഇരച്ച് പാഞ്ഞു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; ആ കുട്ടികളെ പുറത്തെത്തിക്കാൻ ഒരു മണിക്കൂർ കൂടി വൈകിയിരുന്നേൽ ഒരിക്കലും അവർ പുറംലോകം കാണുകയില്ലായിരുന്നു; കുട്ടികളെ രക്ഷിച്ചത് മയക്കിക്കിടത്തി

മറുനാടൻ മലയാളി ബ്യൂറോ

ബാങ്കോക്ക്: തായ്ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ വെള്ളം കയറിയ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും രക്ഷിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. തലനാരിഴയ്ക്കാണ് ഇവിടെ വൻ ദുരന്തം ഒഴിവായിരിക്കുന്നത്. അതായത് രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ഗുഹയിലെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് കൊണ്ടിരുന്ന പമ്പ് അപ്രതീക്ഷിതമായി പണി മുടക്കിയപ്പോൾ ഗുഹയിലേക്ക് മലവെള്ളം ഇരച്ച് പാഞ്ഞിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൽ പുറത്ത് വന്നിരിക്കുന്നത്. ഗുഹയിൽ ശേഷിച്ചിരുന്ന കുട്ടികളെ പുറത്തെത്തിക്കാൻ ഒരു മണിക്കൂർ കൂടി വൈകിയിരുന്നേൽ ഒരിക്കലും അവർ പുറംലോകം കാണുകയില്ലായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കുട്ടികളെ രക്ഷാപ്രവർത്തകർ രക്ഷിച്ചിരുന്നത് മയക്കിക്കിടത്തിയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

ഗുഹയിൽ നിന്നും അവസാനത്തെ കുട്ടിയെ പുറത്തെത്തിച്ച് കുറച്ച് സമയത്തിനുള്ളിലായിരുന്നു പ്രധാനപ്പെട്ട പമ്പിന്റെ പ്രവർത്തനം താറുമാറായിരുന്നത്. എട്ട് കുട്ടികളെ ആദ്യം രക്ഷിച്ചിരുന്നുവെങ്കിലും കോച്ചും അവസാനം രക്ഷിച്ചിരുന്ന നാല് കുട്ടികളും 18 ദിവസങ്ങളാണ് ഗുഹയ്ക്കുള്ളിൽ കഴിയേണ്ടി വന്നത്. രക്ഷാപ്രവർത്തനം അവസാനിക്കുന്ന വേളയിലായിരുന്നു ഈ നാല് കുട്ടികളെയം കോച്ചിനെയും രക്ഷിക്കാൻ സാധിച്ചിരുന്നത്. പ്രധാനപ്പെട്ട പമ്പുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഗുഹയ്ക്കകത്തേക്ക് വെള്ളം ഇരച്ച് കയറാൻ തുടങ്ങിയ ആദ്യഘട്ടത്തിൽ തന്നെ ഗുഹയ്ക്കകത്ത് ശേഷിക്കുന്നവരുടെ പേടിച്ചരണ്ട കരച്ചിലുകൾ കേട്ടിരുന്നുവെന്നാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്ന ഒരു ഡൈവർ വെളിപ്പെടുത്തുന്നത്.

ഈ ഡൈവറും ഓസ്ട്രേലിയക്കാരായ രണ്ട് സഹപ്രവർത്തകരും ചൊവ്വാഴ്ച രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കെ വെള്ളം ഇരച്ച് കയറിയതിനെ തുടർന്ന് ഹെഡ് ടോർച്ചുമായി രക്ഷാപ്രവർത്തകർ ജീവനും കൊണ്ടോടുന്നതായിരുന്നു കണ്ടത്. ഗുഹയിൽ ശേഷിക്കുന്ന 100 രക്ഷാപ്രവർത്തകർക്ക് കൂടി ഒരു മണിക്കൂറിനകം പുറത്ത് കടക്കാൻ സാധിച്ചത് വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. ഇവർക്കൊപ്പം തായ് നേവി സീൽസിനും ആർമി ഡോക്ടർക്കും രക്ഷപ്പെടാൻ സാധിച്ചു. വൈൽഡ് ബോർ എഫ്സി പ്ലെയേർസ് ടീമിൽ പെട്ട ഈ കുട്ടികളും കോച്ചും ജൂലൈ രണ്ട് മുതൽ ഗുഹയിൽ അകപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ നേവി സീൽസ് ഇവരെ രക്ഷിക്കാൻ ഗുഹയ്ക്കുള്ളിൽ കഴിഞ്ഞ് വരുകയായിരുന്നു.

11 വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ള ഈ കുട്ടികൾ കോച്ചിനൊപ്പം ജൂൺ23ന് ഗുഹ സന്ദർശിക്കാനെത്തിയപ്പോൾ കടുത്ത മഴ പെയ്ത് വെള്ളം കയറി ഗുഹാകവാടം അടയുകയും രക്ഷപ്പെടുന്നതിനായി ഗുഹയ്ക്ക് മൂന്ന്മൈലോളം അന്തർഭാഗത്തേക്ക് കയറിപ്പോകാൻ നിർബന്ധിതമാവുകയുമായിരുന്നു. തുടർന്ന് വെള്ളവും ഭക്ഷണവുമില്ലാതെ ഇരുട്ടിൽ ഒരാഴ്ചക്കാലം ഇവർ ഗുഹയിൽ ആരുമറിയാതെ പെട്ട് പോയി. ഒരാഴ്ചക്ക് ശേഷം ബ്രിട്ടീഷ് ഡൈവർമാരുടെ ഒരു ടീമായിരുന്നു ഇവരെ കണ്ടെത്തിയിരുന്നത്. ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആരംഭിച്ചിരുന്നത്. നിരവധി ദിവസത്തെ ആസൂത്രണത്തിനും ഒരുക്കത്തിനും ശേഷമായിരുന്നു രക്ഷാപ്രവർത്തനം തുടങ്ങിയത്.

ഗുഹയിൽ നിന്നും കുട്ടികളെ പുറത്തെത്തിക്കുന്ന സാഹസികമായ ഫൂട്ടേജുകൾ പുറത്ത് വന്നിരുന്നു. സാഹസികമായ രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ കുട്ടികൾ പേടിച്ച് പ്രശ്നമുണ്ടാക്കാതിരിക്കാൻ ഇവരെ മയക്കിക്കിടത്തി സ്ട്രെക്ചറുകളിൽ കിടത്തിയായിരുന്നു രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചതെന്നും ഈ ഫൂട്ടേജുകൾ വെളിപ്പെടുത്തുന്നു. ഗുഹയിൽ നിലകൊണ്ടിരുന്ന ഓരോ ഡൈവർമാർ പരസ്പരം കൈമാറിയായിരുന്നു സ്ട്രെച്ചറുകൾ പുറത്തേക്കെത്തിച്ചിരുന്നത്. വിദേശത്ത്നിന്നുള്ള ഡൈവർമാരും തായ് ഡൈവർമാരും കുട്ടികളെ രക്ഷിക്കുന്നതിനായി കയറുകളും കപ്പികളും റബർ പൈപ്പുകൾ തുടങ്ങിയവ ഉപയോഗിച്ചിട്ടാണെന്ന് തായ് നേവി സീൽസ് പുറത്ത് വിട്ട ഫൂട്ടേജുകൾവെളിപ്പെടുത്തുന്നു.

ഗുഹയിലെ ഇരുട്ടിലൂടെ, യാത്രാവഴിയിലെ തടസ്സങ്ങളെല്ലാം മറികടന്ന് രക്ഷാപ്രവർത്തകർ മുന്നേറുമ്പോൾ കുട്ടികളിൽ ചിലരെങ്കിലും 'ശാന്തരായിരുന്നതായി' റിപ്പോർട്ട്. 'രക്ഷാപ്രവർത്തനത്തിനിടെ ചില കുട്ടികൾ ഉറങ്ങുകയായിരുന്നു. ചിലരുടെ കൈവിരലുകൾ അസാധാരണമാം വിധം വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കൃത്യമായി ശ്വസിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയായിരുന്നു യാത്ര'. 12 കുട്ടികളും കോച്ചുമായി ഡൈവർമാർ വരുമ്പോൾ വഴിനീളെ ഓരോ പോയിന്റിലും ഡോക്ടർമാരെ നിർത്തിയിരുന്നു.

11നും 16നും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്കും സ്‌കൂബ ഡൈവിങ് വശമുണ്ടായിരുന്നില്ല. അതിനിടെ ഗുഹയ്ക്കുള്ളിൽ ഒരു മുൻ നേവി സീൽ ഉദ്യോഗസ്ഥരെ മരണവും തിരിച്ചടിയായി. ഇതെല്ലാം രക്ഷാപ്രവർത്തനത്തിൽ എത്രത്തോളം അപകടം പതിയിരിപ്പുണ്ടെന്നു വ്യക്തമാക്കാനും സഹായിച്ചു. തുടർന്നാണു ലോകോത്തര നിലവാരമുള്ള 13 ഡൈവർമാരെ എത്തിക്കാൻ തീരുമാനിച്ചത്. അതിലൊരാൾ ഓസ്‌ട്രേലിയക്കാരനായ റിച്ചാർഡ് ഹാരിസ് ആയിരുന്നു. ഇദ്ദേഹം ഡൈവർ എന്നതിനൊപ്പം പ്രഫഷണൽ 'അനസ്തീറ്റിസ്റ്റ്' ആണെന്നതും രക്ഷാപ്രവർത്തനത്തിൽ നിർണായകമായി. ജൂൺ 23നാണ് തായ്ലൻഡിലെ 'വൈൽഡ് ബോർ' ഫുട്‌ബോൾ ക്ലബ് അംഗങ്ങളായ 12 കുട്ടികളും കോച്ചും ഗുഹയിൽപ്പെട്ടത്.

കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. രക്ഷപ്പെട്ട 12 കുട്ടികൾക്കും കോച്ചിനും രണ്ടു കിലോഗ്രാമോളം ഭാരം കുറഞ്ഞിട്ടുണ്ട്. എന്നാൽ ആരോഗ്യസ്ഥിതി മോശമല്ല. മാനസിക സമ്മർദത്തിന്റെ ലക്ഷണങ്ങളും കാണിക്കുന്നില്ല. ചിയാങ് റായിയിലെ ആശുപത്രിയിലാണ് കുട്ടികൾ ഇപ്പോഴുള്ളത്. കുട്ടികളെല്ലാം പൂർണ ആരോഗ്യവാന്മാരാണെന്നു വ്യക്തമാക്കുന്ന വിഡിയോ ആണു പുറത്തു വന്നിരിക്കുന്നത്.

കുട്ടികളിൽ ചിലർക്ക് ഇപ്പോഴും ശ്വാസകോശത്തിൽ അണുബാധയുണ്ട്. സർജിക്കൽ മാസ്‌ക് ധരിച്ച കുട്ടികളെയാണു വിഡിയോയിൽ കാണാനാവുക. ഏഴു മുതൽ പത്തു ദിവസം വരെ കഴിഞ്ഞതിനു ശേഷം മാത്രമേ കുട്ടികൾക്ക് ആശുപത്രി വിടാനാകൂ. പത്തു ദിവസത്തിനു ശേഷം വീട്ടിലേക്കു മാറ്റാം. എന്നാൽ അവിടെയും ഒരു മാസത്തോളം സുഖ ചികിത്സ നടത്തേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. ആശുപത്രിയിൽ കുട്ടികളോടു സംസാരിക്കാൻ മാതാപിതാക്കളെയും അനുവദിച്ചിരുന്നു.

എട്ടു പേരുടെ മാതാപിതാക്കൾക്കാണ് അനുമതി നൽകിയത്. എന്നാൽ ഇവരെ സ്പർശിക്കാൻ അനുവദിച്ചില്ല. ചില്ലുകൂട്ടിലൂടെ കുട്ടികളോടു സംസാരിക്കുന്ന മാതാപിതാക്കളുടെയും കുട്ടികൾ കൈവീശിക്കാണിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP