Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; എങ്ങും വ്യാപക കൃഷി നാശവും; സ്‌കൂളുകൾക്ക് തുടർച്ചയായി അവധി നൽകിയത് നാല് ദിവസം; ചുരംവഴിയുള്ള ഗതാഗതവും ഏതു നിമിഷവും തടസ്സപെടുമെന്ന നിലയിൽ; വയനാട്ടിൽ ദുരിതപ്പെയ്ത് തുടരുന്നു; ആകെയുള്ള ആശ്വാസം ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ തുടരുന്നത്

കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; എങ്ങും വ്യാപക കൃഷി നാശവും; സ്‌കൂളുകൾക്ക് തുടർച്ചയായി അവധി നൽകിയത് നാല് ദിവസം; ചുരംവഴിയുള്ള ഗതാഗതവും ഏതു നിമിഷവും തടസ്സപെടുമെന്ന നിലയിൽ;  വയനാട്ടിൽ ദുരിതപ്പെയ്ത് തുടരുന്നു; ആകെയുള്ള ആശ്വാസം ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ തുടരുന്നത്

ജാസിം മൊയ്‌ദീൻ

കൽപറ്റ: വയനാട് ജില്ലയിൽ ഇത് ദുരിതങ്ങളുടെ കാലം. കാലവർഷം ശക്തി പ്രാപിച്ച ജൂൺമാസം തുടക്കം മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ ദുരിതക്കയത്തിലാണ്. വെള്ളക്കെട്ടുകളും, അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളുമെല്ലാം നിലനിൽക്കുമ്പോഴും മഴയൊന്നു കനത്താൽ പിന്നെ ധൈര്യമായി ചുരമിറങ്ങാൻ പറ്റാത്ത അവസ്ഥയുമാണിപ്പോൾ. നിരവധിയാളുകൾ ഇപ്പോഴും ദുരിദാശ്വാസ ക്യാമ്പുകളിൽ തന്നെ കഴിയുകയാണ്. കയറിയ വെള്ളക്കെട്ടുകൾ ഇതുവരെ ഇറങ്ങിയിട്ടില്ല. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തിയിരിക്കുന്നു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ആരോഗ്യ, സുരക്ഷാ പ്രവർത്തകരോടും സജ്ജരായിരിക്കാൻ നിർദ്ദേശമുണ്ട്. മഴയിപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. വെള്ളക്കെട്ടുകൾ കാരണം സാംക്രമിക രോഗങ്ങൾ പടരുന്ന സാഹചര്യങ്ങളുണ്ട്. ജില്ലയിൽ എലിപ്പനിയുടെ സാന്നിദ്ധ്യം സ്ഥിതീകരിച്ചതോടെ പ്രതിരോധ നടപടികൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി നടക്കുന്നുണ്ട്.

മഴയുടെ അവസ്ഥ

ജില്ലയിലിപ്പോഴും മഴതുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72.7 മില്ലിമീറ്റർ മഴയാണ് വയനാട് ജില്ലയിൽ പെയ്തിട്ടുള്ളത്. താലൂക്കുകൾ തിരിച്ചുള്ള കണക്കുകൾ- വൈത്തിരി: 60.6 മി.മി, സുൽത്താൻ ബത്തേരി: 34.4, മി.മി, മാനന്തവാടി 123.1 മി.മി എന്നിങ്ങനെയാണ്. മാനന്തവാടിയിലാണ് ഏറ്റവും കൂടുതൽ മഴലഭിച്ചിട്ടുള്ളത്. 1457.54 മില്ലിമീറ്റർ മഴയാണ് ഈ മൺസൂണിൽ വയനാട്ടിൽ പെയ്തിരിക്കുത്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം പരമാവധി സംഭരണ ശേഷിക്കടുത്തെത്തിയിട്ടുണ്ട്. ബാണാസുരസാഗർ ഡാമിൽ 773.3 ഘനയടി വെള്ളമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 775.6 ഘനയടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. കഴിഞ്ഞ വർഷം ഈ സമയത്ത് 761.8 ഘനയടി വെള്ളമാണ് ഇവിടെ പരമാവധി രേഖപ്പെടുത്തിയിട്ടുള്ളത്. വയനാട് ജില്ലയിലെ മറ്റൊരു പ്രധാന ജലസംഭരണിയായ കാരപ്പുഴ റിസർവോയറിൽ 758.2ഘനയടി വെള്ളമാണ് ഇന്നലെ രേഖപ്പെടുത്തിയത്. മഴയിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടവും ദുരന്തനിവാരണ അഥോറിറ്റിയും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉരുൾ പൊട്ടൽ സാധ്യതയുള്ളതിനാൽ വൈകിട്ട് 7 മുതൽ രാവിലെ 7 വരെ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. പുഴകളിലും തോടുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ ഇത്തരം ജലസ്രോതസ്സുകളിൽ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്. ഇത്തരം ജലസ്രോതസ്സുകൾക്ക് സമീപത്തും മരങ്ങൾക്ക് താഴെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കുതിന് മടികാണിക്കരുതെന്നും ബന്ധപ്പെട്ട വകുപ്പുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ദുരന്തനിവാരണ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന്ുണ്ട്. കള്രേക്ടറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ എമർജൻസി ഓപ്പേറ്റിങ് സെന്റർ പ്രവർത്തന സജ്ജമാണ്. 1077 എന്ന ടോൾഫ്രീ നമ്പറിലും, 04936 204151, 9207985027 എന്ന്ീ നമ്പറുകളിൽ അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

ദുരിതാശ്വാസ ക്യാമ്പുകൾ

വയനാട് ജില്ലയിലെ വിവിധ താലൂക്കുകളിലുള്ള സ്‌കൂളുകളിലും അംഗനവാടികളിലും മദ്രസകളിലുമൊക്കെയായി 41 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 635 കുടുംബങ്ങളിൽ നിന്നായി 2595 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നത്. വൈത്തിരി താലൂക്കിൽ 13, മാനന്തവാടി താലൂക്കിൽ 16, സുൽത്താൻബത്തേരി താലൂക്കിൽ 12ഉം ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ നാലിടത്തെ ക്യാമ്പുകൾ ഇന്ന് അവസാനിപ്പിക്കും. ബത്തേരി താലൂക്കിലെ പൂതാടി, നൂൽപ്പുഴ, പുറക്കാടി വില്ലേജുകളിലെ 4 ക്യാമ്പുകളാണ് അവസാനിപ്പിക്കുന്നത്.

ഇവിടങ്ങളിലുണ്ടായിരുന്നവരെ മറ്റ് താത്കാലിക സംവിധാനങ്ങളിലേക്കും, ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. വെള്ളംകയറിയ പ്രദേശങ്ങളിലെ വീടുകളിലും ചുറ്റുപാടുമുള്ള വെള്ളം പൂർണ്ണമായും ഇറങ്ങി ഉണങ്ങിയതിന് ശേഷം മാത്രമേ വീണ്ടും ഉപയോഗിക്കാവൂ എന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുള്ളതിനാൽ ക്യാമ്പുകൾ വരുംദിവസങ്ങളിൽ തുടരാനാണ് സാധ്യത. വെള്ളത്തിലൂടെ രോഗങ്ങൾ പടരാനുള്ള സാഹചര്യങ്ങൾ മുൻകണ്ടാണ് ആരോഗ്യ വകുപ്പ് ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടുള്ളത്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നഷ്ടമായ അധ്യായന ദിവസങ്ങൾ മറ്റുദിവസങ്ങളിലേക്ക് പുനക്രമീകരിക്കുതിനും നടപടിയായിട്ടുണ്ട്.

ആരോഗ്യജാഗ്രത

മഴയോടൊപ്പം ജില്ലയിൽ വിവിധങ്ങളായ പകർച്ചവ്യാധികളും പടർന്ന് പിടിക്കുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പ് പ്രവർത്തകരുടെ കാര്യക്ഷമമായ ഇടപെടലുകൾ അപകടസാധ്യതയുടെ തോത് കുറക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർ നേരിട്ട് വീടുകൾ കയറി ജാഗ്രതാ നിർദ്ദേശങ്ങളും ബോധവത്കരണവും ആവശ്യമെങ്കിൽ ചികിത്സയും മരുന്നും നൽകുന്നുണ്ട്. ജില്ലയിൽ എലിപ്പനി സ്ഥിതീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. സുഗന്ധഗിരി, കുറുക്കന്മൂലപ്രദേശങ്ങളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജില്ലയിൽ ആകെ 8 പേരാണ് പനിബാധിച്ച് മരിച്ചത്. ഇതിൽ 5 പേർക്കാണ് എലിപ്പനി സ്ഥിതീകരിച്ചിട്ടുള്ളത്. ഈ മാസം 6063 പേരാണ് പനിബാധിച്ച് വയനാട് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുള്ളത്. വെള്ളപ്പൊക്ക മേഖലകളിൽ അസുഖം പകരാനുള്ള സാഹചര്യം കൂടുതലായതിനാൽ മെഡിക്കൽ ഓഫീസർമാരോടും ആരോഗ്യപ്രവർത്തകരോടും ഇത്തരം മേഖലകളിൽ കൂടുതൽ ജാഗ്രത പുലർത്താൻ ജില്ലാമെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇത്തരം മേഖലകളിൽ ഇടപെടുന്ന ആരോഗ്യപ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമടക്കമുള്ളവർ പ്രതിരോധമരുന്നുകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്താനും നിർദ്ദേശമുണ്ട്. പ്രതിരോധമാർഗമെന്ന നിലയിൽ ഡോക്സിപ്രൊഫൈലാക്സിസ് കഴിച്ച് വേണം ആരോഗ്യ പ്രവർത്തകരടക്കം ഇത്തരം മേഖലകളിൽ ഇടപെടാൻ. വെള്ളപ്പൊക്കവും കരവെള്ളംകയറിയും നിറഞ്ഞ കിണറുകൾ അടക്കമുള്ള ജലസ്രോതസ്സുകൾ സൂപ്പർക്ലോറിനേഷൻ നടത്തിയതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഭക്ഷണം വിതരണം നടത്തുന്ന മുഴുവൻ കേന്ദ്രങ്ങളിലും തിളപ്പിച്ചാറിയ വെള്ളം മാത്രമേ വിതരണം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവരെ നിരീക്ഷിച്ച് ആവശ്യമായ ചികിത്സ നൽകുന്നുണ്ട്. കൂടതൽ ഒആർഎസ് ഡിപ്പോകൾ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളിലടക്കം ഒആർഎസ് വിതരണവും കാര്യക്ഷമമായി നടക്കുന്നുണ്ട്. ജലജന്യ രോഗങ്ങൾ, എലിപ്പനി തുടങ്ങിയവയെ കുറിച്ച് ക്യാമ്പുകളിൽ ബോധവത്കരണ പരിപാടികളും നടന്നുവരുന്നുണ്ട്.

മഴയും ആരോഗ്യ പ്രശ്നങ്ങളും വയനാട്ടിനെ അലട്ടുമ്പോഴും മനക്കരുത്തോടെ വയനാടൻ ജനത അതിനെ നേരിടുന്നുണ്ട്. എന്നാൽ പലപ്പോഴും അവർ തോറ്റുപോകുന്നത് മഴയൊന്നു കനത്താൽ നിയന്ത്രിക്കപ്പെടുന്ന താമരശ്ശേരി ചുരം വഴിയുള്ള ഗതാഗത സംവിധാനത്തിന് മുന്നിലാണ്. ഇതിനൊരു ശാശ്വതമായ ബദൽസംവിധാനത്തിന് വേണ്ടിയുള്ള മുറവിളികളും ഈ പ്രശ്നങ്ങൾക്കിടയിലും ഉയർന്ന് കേൾക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP