Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തെ വർഗീയലഹള കേന്ദ്രമാക്കാൻ പ്രയത്‌നിച്ച സിമിയെ നിരോധിക്കുന്ന കാര്യത്തിൽ പോലും ഒളിച്ചു കളിച്ചു സർക്കാർ; നിരോധനം നീട്ടുന്ന കാര്യത്തിൽ റിപ്പോർട്ട് തേടി കേന്ദ്രമയച്ച കത്തിന് മറുപടി നൽകാതെ കേരളം; നിരോധിക്കുന്നെങ്കിൽ കേന്ദ്രം തീരുമാനിക്കട്ടെയെന്ന് സർക്കാർ നിലപാട്; പോപ്പുലർ ഫ്രണ്ട് - എസ്ഡിപിഐ റെയ്ഡുകളൊക്കെ പരിഹാസ്യമെന്ന് ആരോപിച്ച് ബിജെപി

കേരളത്തെ വർഗീയലഹള കേന്ദ്രമാക്കാൻ പ്രയത്‌നിച്ച സിമിയെ നിരോധിക്കുന്ന കാര്യത്തിൽ പോലും ഒളിച്ചു കളിച്ചു സർക്കാർ; നിരോധനം നീട്ടുന്ന കാര്യത്തിൽ റിപ്പോർട്ട് തേടി കേന്ദ്രമയച്ച കത്തിന് മറുപടി നൽകാതെ കേരളം; നിരോധിക്കുന്നെങ്കിൽ കേന്ദ്രം തീരുമാനിക്കട്ടെയെന്ന് സർക്കാർ നിലപാട്;  പോപ്പുലർ ഫ്രണ്ട് - എസ്ഡിപിഐ റെയ്ഡുകളൊക്കെ പരിഹാസ്യമെന്ന് ആരോപിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഭിമന്യുവിന്റ ഘാതകരായ കാമ്പസ് ഫ്രണ്ടുകാരെ ഇതുവരെ പിടികൂടാൻ കേരളാ പൊലീസിന് സാധിച്ചിട്ടില്ല. പ്രതികൾ ഇതിനോടകം സുരക്ഷിത സ്ഥാലത്ത് എത്തിയിട്ടുണ്ടാകും എന്ന കാര്യം ഏതാണ് ഉറപ്പാണ്. ഈ വിഷയത്തിൽ സിപിഎമ്മിനുള്ളിൽ നിന്നു തന്നെ എതിർപ്പുയരുമ്പോഴും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് നേതാക്കൾ എന്ന ആക്ഷേപവും ശക്തമാണ്. എസ്എഫ്‌ഐക്കാരെ കൊലപ്പെടുത്തിയ തീവ്രവാദികളെ പോലും തൊടാത്ത ഇടതു സർക്കാർ ഇപ്പോൾ മറ്റു ചില കാര്യങ്ങളിലും ന്യൂനപക്ഷ പ്രീണന നയം സ്വീകരിക്കുകയാണ്. മുസ്ലിം സംഘടനകൾക്കിടയിൽ പോലും താൽപ്പര്യമില്ലാത്ത ന്യൂനപക്ഷ സംഘടനയും കേരളത്തിൽ തീവ്രവാദത്തിന് വേരിട്ട നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ(സിമി) നിരോധനം നീട്ടുന്ന കാര്യത്തിലുമാണ് സർക്കാറിന് ഇരട്ടത്താപ്പ് തുടരുന്നത്.

നിരോധനം നീട്ടുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തോട് ആവശ്യപ്പെട്ടിട്ടും ഈ വിഷയത്തിലും ഇരട്ടത്താപ്പ് തുടരുകയാണ് സർക്കാർ. ജൂണിൽ മന്ത്രാലയം ജോയന്റ് സെക്രട്ടറി എസ്.സി.എൽ. ദാസിന്റെ കത്ത് സംസ്ഥാന ആഭ്യന്തരവകുപ്പിന് ലഭിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും കേരളം മറുപടി നൽകിയിട്ടില്ല. സിമി നിരോധനം വേണോ വേണ്ടയോ എന്ന കാര്യത്തിൽ തികഞ്ഞ മൗനത്തിലാണ് സർക്കാർ. കേരളത്തിൽ തീവ്രവാദത്തിന്റെ വിത്തുകൾ വിതച്ചത് സിമിയാണ്. ഇപ്പോൾ പോപ്പുലർ ഫ്രണ്ടിന്റെയും മറ്റും ഭാഗമായി മുൻ സിമിക്കാർ സജീവമാണ് താനും. സിമി നിരോധനം ഏർപ്പെടുത്തിയെങ്കിലും പേരുമാറ്റിയും വിവിധ സംഘടനകളിൽ ചേക്കേറിയും സിമി നേതാക്കളും അണികളും അവരുടെ പ്രവർത്തനവുമായി മുന്നോട്ടു പോകുകയായിരുന്നു.

ഈ സാഹചര്യത്തിൽ കൂടിയാണ് ദേശവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സിമിയുടെ നിരോധനം നീട്ടേണ്ടതുണ്ടോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തോട് ചോദ്യം ഉന്നയിച്ചത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സിമിയുടെ നിരോധനം നീട്ടുന്നതിൽ അഭിപ്രായം തേടിയിരിക്കുന്നത്. സിമിയുടെ പഴയനേതാക്കളാണ് പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഇപ്പോഴുള്ളതെന്നതും ശ്രദ്ധേയമാണ്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ എതിർക്കുന്ന നിലപാടാണ് സിപിഎമ്മിനുള്ളത്

ഏതെങ്കിലും സംഘടനയെ നിരോധിക്കണമോ എന്നു തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഇക്കാര്യത്തിൽ കേരള സർക്കാരിന് പ്രത്യേക അഭിപ്രായമില്ല. സിമി നിരോധനവുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കത്തിന് മറുപടി നൽകുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ അഭിപ്രായപ്പെട്ടത്.

സിമിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവർ പിന്നീട് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ, സിമി പ്രവർത്തകരെ പ്രതികളാക്കി കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളടക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. സിമിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് നോഡൽ ഓഫീസറെ ചുമതലപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. സിമിയുടെ നിരോധന കാലാവധി 2019 ജനുവരി 31-ന് അവസാനിക്കും. അതിനുശേഷവും നിരോധനം തുടരണമോയെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആരായുന്നത്. 2014 ഫെബ്രുവരി ഒന്നിനാണ് അഞ്ചുവർഷത്തേക്ക് സിമിയെ കേന്ദ്രം നിരോധിച്ചത്.

'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' മുദ്രാവാക്യം ഉയർത്തി 1977-ലാണ് ഉത്തർപ്രദേശിലെ അലിഗഢിൽ സിമി നിലവിൽവന്നത്. ഇതിനിടെ പലവട്ടം കേന്ദ്ര സർക്കാരും നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിനുള്ള ട്രിബ്യൂണലും സിമിയെ നിരോധിച്ചു. ബാബറി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് 1993-ലായിരുന്നു ആദ്യ നിരോധനം. അമേരിക്കയിലെ 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്നത്തെ ബിജെപി. സർക്കാർ സിമിയെ വീണ്ടും നിരോധിച്ചു. 2003-ലും 2006-ലും സിമിയെ നിരോധിച്ചിരുന്നു.

നിരോധനകാലത്തും സിമിപ്രവർത്തകർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി സംസ്ഥാന ആഭ്യന്തരവകുപ്പ് 2014-ൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. സിമിയുടെ പുതിയരൂപമാണ് രാജ്യത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടെന്നാണ് എൻ.ഐ.എ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത്. എൺപതുകളിൽ സിമിയുടെ തലപ്പത്തുണ്ടായിരുന്നവരാണ് ഇപ്പോൾ പോപ്പുലർ ഫ്രണ്ട് ദേശീയനേതാക്കളായ ഇ.എം. അബ്ദുൽ റഹ്മാൻ, ഇ. അബൂബക്കർ, അബ്ദുൽ ഹമീദ് തുടങ്ങിയവർ എന്നും എൻ.ഐ.എ. ചൂണ്ടിക്കാട്ടുന്നു.

വാഗമണിലെ തങ്ങൾപാറയിൽ സിമി 2007 ഡിസംബർ-10 മുതൽ 12 വരെ രഹസ്യമായി നടത്തിയ സായുധ ക്യാമ്പ് ദേശവിരുദ്ധപ്രവർത്തനമായി കോടതി വിധിച്ചിരുന്നു. കേസിൽ 18 പേർ കുറ്റക്കാരാണെന്നാണ് എൻ.ഐ.എ. കോടതി വിധിച്ചത്. മധ്യപ്രദേശിലെ ഇന്ദോറിൽ നടത്തിയ ഗൂഢാലോചനയ്ക്കും തയ്യാറെടുപ്പുകൾക്കും ശേഷമാണ് വാഗമണിൽ ക്യാമ്പ് സംഘടിപ്പിച്ചതെന്നായിരുന്നു കണ്ടെത്തൽ. ഉന്നംതെറ്റാതെ നിറയൊഴിക്കാനും പെട്രോൾബോംബ് നിർമ്മിക്കാനും പരിശീലനം നൽകിയ ക്യാമ്പിൽ പങ്കെടുത്തവരിൽ ആറു എൻജിനീയർമാരും മൂന്നു പേർ ഡോക്ടർമാരുമായിരുന്നു.

അഭിമന്യു വധക്കേസിൽ എസ് ഡി പി ഐയെ കുടുക്കാൻ കേരളാ പൊലീസ് സജീവ ഇടപെടൽ നടത്തുമ്പോഴും നിരോധനം വേണ്ടെന്ന പക്ഷമാണ് പിണറായി സർക്കാരിനുള്ളത്. ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിനേയും എസ് ഡി പി ഐയേയും ഉടൻ കേന്ദ്ര സർക്കാർ നിരോധിക്കില്ല. കേരളത്തിൽ നിന്നടക്കം വിവിധ സംഘടനകളെക്കുറിച്ചു രഹസ്യാന്വേഷണ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ പക്കലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ നയത്തിനും നിലപാടുകൾക്കും രൂപം നൽകുന്നുമുണ്ട്. എന്നാൽ സംഘടനകളെ നിരോധിക്കുന്ന കാര്യത്തിൽ ഭരണപരമായ തീരുമാനത്തിനൊപ്പം രാഷ്ട്രീയ തീരുമാനവുമുണ്ടാവണം. പോപ്പുലർ ഫ്രണ്ടിന്റെ കാര്യത്തിലും ഈ മാനദണ്ഡമാവും പിന്തുടരുക. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന നിർദ്ദേശത്തോടു സംസ്ഥാന സർക്കാരും സിപിഎമ്മും അനുകൂലിക്കില്ല.

അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തിൽ ഇടതുകേന്ദ്രങ്ങളിൽ നിന്നടക്കം ഈ ആവശ്യം ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാരും ഇതു സംബന്ധിച്ച വിവരങ്ങൾ തേടി. സംഘടനാ നിരോധനം ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്കുള്ള ശാശ്വത പരിഹാരമല്ലെന്നാണു സിപിഎമ്മിന്റെ അഭിപ്രായം. ഇത് എസ് ഡി പി ഐയ്ക്കും പോപ്പുലർ ഫ്രണ്ടിനും താൽകാലിക ആശ്വാസം നൽകും. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചാൽ ആ പേരു മാറ്റി മറ്റൊരു പേരിൽ പ്രവർത്തനം തുടങ്ങും.

എസ്.ഡി.പി.ഐ തീവ്രവാദ സംഘടനയാണെന്ന കാര്യത്തിൽ ആർക്കാണ് സംശയമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ചോദിച്ചിരുന്നു. വെല്ലുവിളിക്കുന്നവരെ നേരിടുമെന്ന സന്ദേശമാണ് മഹാരാജാസ് കോളജ് വഴി അവർ നടത്തിയത്. എസ്.ഡി.പി.ഐയുമായുള്ള ധാരണ സംബന്ധിച്ച ചോദ്യത്തിന് ഇക്കാര്യത്തിൽ സിപിഎം നിലപാട് നേരത്തേ വ്യക്തമാക്കിയതാണെന്നും സംഘടനയെ നിരോധിക്കുന്നതെല്ലാം പിന്നീടാകാമെന്നും മന്ത്രി വിശദീകരിച്ചിരുന്നു. എന്നാൽ ഈ തീവ്രവാദ സംഘടനയെ എന്തിന് നിരോധിക്കാതിരിക്കണം എന്ന ചോദ്യമാണ് സർക്കാർ ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന് ബിജെപി നിലപാട് വ്യക്തമാക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ട് - എസ്ഡിപിഐ റെയ്ഡുകളൊക്കെ പരിഹാസ്യമെന്നും ബിജെപി ആരോപിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP