Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുന്നതിന് മുൻപേ പാളയത്തിൽ പട; രജനിയുടെ ആരാധക സംഘടനാ സെക്രട്ടറിയെ പുറത്താക്കിയതായി അഭ്യൂഹം; ഫണ്ട് കൈകാര്യം ചെയ്തതിൽ തിരിമറിയെന്ന് ആരോപണം;പിന്നാലെ വാർത്തതള്ളി സംഘടനാ ട്രഷറർ രംഗത്തെത്തി; പാർട്ടി പ്രഖ്യാപനം വൈകില്ലെന്നും സൂചന

രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുന്നതിന് മുൻപേ പാളയത്തിൽ പട; രജനിയുടെ ആരാധക സംഘടനാ സെക്രട്ടറിയെ പുറത്താക്കിയതായി അഭ്യൂഹം; ഫണ്ട് കൈകാര്യം ചെയ്തതിൽ തിരിമറിയെന്ന് ആരോപണം;പിന്നാലെ വാർത്തതള്ളി സംഘടനാ ട്രഷറർ രംഗത്തെത്തി; പാർട്ടി പ്രഖ്യാപനം വൈകില്ലെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ രജനികാന്തിന്റെ  പാളയത്തിൽ പട. പാർട്ടി പ്രവർത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തിൽ രൂപീകരിച്ച ആരാധക സംഘടനയായ രജനി മക്കൾ മൻട്രത്തിന്റെ സെക്രട്ടറി രാജുമഹാലിംഗത്തെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾതള്ളി മൻട്രം അഡ്‌മിനിസ്‌ട്രേറ്റർ വി എം.സുധാകർ രംഗത്തെത്തുകയായിരുന്നു. ഇതുതെറ്റാണെന്നും രാജു ഇപ്പോഴും സംഘടനയിൽ തുടരുന്നുണ്ടെന്നും രജനീകാന്തിനെ സന്ദർശിച്ച ശേഷം മൻട്രം അഡ്‌മിനിസ്‌ട്രേറ്റർ വ്യക്തമാക്കി.

രജനി മക്കൾ മൻട്രത്തെ രാഷ്ട്രീയ പാർട്ടിയായി രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് രാജു മഹാലിംഗമാണ്. സിനിമാ നിർമ്മാണ കമ്പനിയായ ലെയ്ക പ്രൊഡക്ഷൻസിലെ ജോലി രാജിവച്ചാണു രാജു, രജനിക്കൊപ്പം ചേർന്നത്. അതിനു പിന്നാലെ മൻട്രത്തിന്റെ സെക്രട്ടറിയായി നിയമിതനാകുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടന കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നതു രാജുവാണ്.

മൻട്രത്തിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നതിലുള്ള അഭിപ്രായ വ്യത്യാസംമൂലം രാജു മഹാലിംഗത്തെ പുറത്താക്കിയെന്ന വാർത്ത ട്വിറ്ററിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നു. തുടർന്നാണു സുധാകർ വിശദീകരണവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മൻട്രത്തിനു നിലവിൽ 38,000 യൂണിറ്റുകളുണ്ട്. ഒരു യൂണിറ്റിൽ കുറഞ്ഞത് 30 അംഗങ്ങൾ. രണ്ടു മാസത്തിനിടെ 25,000 യൂണിറ്റുകൾ കൂടി രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണു മൻട്രം ഭാരവാഹികൾ.
സിനിമാ ചിത്രീകരണത്തിനു ശേഷം കഴിഞ്ഞ ദിവസം ചെന്നൈയിൽ തിരിച്ചെത്തിയ രജനി പാർട്ടി രൂപീകരണ ശ്രമങ്ങൾ ഊർജിതമാക്കി. പ്രധാന ഉപദേശകൻ തമിഴരുവി മണിയൻ ഇന്നലെ താരത്തെ സന്ദർശിച്ചു. പാർട്ടി രൂപീകരണത്തിൽനിന്നു പിന്നോട്ടില്ലെന്നും സെപ്റ്റംബറിൽ പ്രഖ്യാപനമുണ്ടായേക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മണിയൻ പറഞ്ഞു.

അതേസമയം, സ്വന്തം പാർട്ടിയായ മക്കൾ നീതി മയ്യം തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാനുള്ള നീക്കങ്ങളുമായി നടൻ കമൽ ഹാസനും സജീവമാണ്. ആൽവാർപേട്ടിലെ പാർട്ടി ആസ്ഥാനത്തു പതാക ഉയർത്തിയ ശേഷം കമൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗങ്ങളുടെയും വിവിധ മേഖകളിലെയും ജില്ലകളിലെയും പാർട്ടി ചുമതല വഹിക്കുന്ന നേതാക്കളുടെയും പട്ടികയാണു പുറത്തുവിട്ടത്. നിർവാഹക സമിതിയും മേഖലാ കമ്മിറ്റികളും കൂടുതൽ ആളുകളെ ചേർത്തു വിപുലപ്പെടുത്തുമെന്നു കമൽ പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച അഡ്‌ഹോക് കമ്മിറ്റിയിലെന്ന പോലെ കമൽ തന്നെയാണു പ്രസിഡന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP