Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്നലെ രാവിലെ തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമായില്ല; മരണ സംഖ്യ ഉയരുമ്പോൾ കാണാതായവരുടെ എണ്ണം പെരുകുന്നു; ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ മരങ്ങൾ വീഴുന്നത് പതിവാകുന്നു; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല; റോഡുകളും റെയിൽ പാളങ്ങളും വെള്ളത്തിൽ; പെരുമഴയിൽ ജീവിതം സ്തംഭിച്ച് കേരളം

ഇന്നലെ രാവിലെ തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമായില്ല; മരണ സംഖ്യ ഉയരുമ്പോൾ കാണാതായവരുടെ എണ്ണം പെരുകുന്നു; ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ മരങ്ങൾ വീഴുന്നത് പതിവാകുന്നു; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല; റോഡുകളും റെയിൽ പാളങ്ങളും വെള്ളത്തിൽ; പെരുമഴയിൽ ജീവിതം സ്തംഭിച്ച് കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഴ തുടങ്ങിയിട്ട് 24 മണിക്കൂർ പിന്നിട്ടു. എന്നിട്ടും ശമനമില്ല. ശക്തമായ മഴ തുടങ്ങുമ്പോൾ കേരളം ഭയന്ന് വിറയക്കുകയാണ്. മഴക്കെടുതിയിൽ മരണങ്ങളും ഉയരുന്നു. കോഴിക്കോട് ജില്ലയിൽ രണ്ടു പേരും ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തരും മരിച്ചു. ഏഴുവയസ്സുകാരനടക്കം മൂന്നു പേരെ കാണാതായി. തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ടു ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും നല്ല മഴ തുടരുമ്പോൾ ജാഗ്രതാ നിർദ്ദേശം നൽകി ദുരന്തനിവരാണ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് സർക്കാർ.

വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ഒഡീഷ തീരത്തെ ന്യൂനമർദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെയാണു തെക്കൻ ജില്ലകളിൽ മഴ കനത്തത്. വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി കുറഞ്ഞു. രണ്ടുപേർ മരം വീണും ഒരാൾ ഷോക്കേറ്റുമാണു മരിച്ചത്. കനത്തമഴയിൽ സൗത്ത് റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറി സിഗ്‌നൽ സംവിധാനം തകരാറിലായി. ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

കൊച്ചുവേളി ബെംഗളൂരു, തിരുവനന്തപുരം ഗുരുവായൂർ ഇന്റർസിറ്റി ട്രെയിനുകൾ വഴിയിൽ പിടിച്ചിട്ടു. അടുത്ത ചൊവ്വാഴ്ച വരെ സംസ്ഥാനത്തു വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

ശക്തമായ മഴയേ തുടർന്ന് ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും രംഗത്ത് വന്നു. അതിശക്തമായ മഴ തുടരും എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്നാണ് പൊതുജനങ്ങൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ചത്. തുടർച്ചയായി മഴ ലഭിച്ചതിനാൽ, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് കാരണമാകാമെന്നാണ് അഥോറിറ്റി പറയുന്നത്.

മരണ സംഖ്യ ഉയരുന്നു

കോഴിക്കോട് ഓമശ്ശേരി മാനിപുരം കല്ലുരുട്ടി അയ്യത്തൻകുന്ന് കല്യാണി (85) സ്വന്തം പറമ്പിൽ മരത്തിനടിയിൽപെട്ടു മരിച്ചു. കണ്ണൂരിൽ പേരാവൂർ ഇരിട്ടി സംസ്ഥാന പാതയിൽ ഓട്ടോയ്ക്കു മുകളിൽ മരം വീണാണ് ആര്യപ്പറമ്പ് കാഞ്ഞിരക്കാട്ട് സിറിയക്കിന്റെ മകൾ സിതാര (20) മരിച്ചത്. ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്കു പരുക്കേറ്റു.

ആലപ്പുഴ തൈക്കാട്ടുശേരി മണപ്പുറം ഫിഷർമെൻ കോളനിയിൽ പുരഹരന്റെ ഭാര്യ സുഭദ്ര (60) പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്നു ഷോക്കേറ്റാണു മരിച്ചത്. കോഴിക്കോട്ട് ഫറോക്ക് കരുവൻതിരുത്തി സായ്മഠത്തിനു സമീപം ആവത്താൻ വീട്ടിൽ റജീഷ് കുമാറിന്റെ മകൻ വൈഷ്ണവ് (17) വെള്ളക്കെട്ട് കടന്നു പോകവെ ബൈക്കിൽ നിന്നു വീണു ബസിനടിയിൽപെട്ടു മരിച്ചു. പാലക്കാട് ആലത്തൂർ കാവശേരി വാവുള്ളിപുരം അബൂബക്കറിന്റെ മകൻ ആഷിക്കിനെ (22) നെല്ലിയാമ്പതിയിൽ കാണാതായി. മലപ്പുറം തേഞ്ഞിപ്പലം മാതാപ്പുഴ കറുത്താമകത്ത് ഷാക്കിറയുടെ മകൻ മുഹമ്മദ് റബീഹ് (ഏഴ്) കടലുണ്ടിപ്പുഴയിലെ മാതാപ്പുഴ കടവിൽ ഒഴുക്കിൽപെട്ടു.

പത്തനംതിട്ട വള്ളിക്കോട് കോട്ടയം ഇളപ്പുപാറ തടത്തുകാലായിൽ ബൈജു (31) ശനിയാഴ്ചയാണ് അച്ചൻകോവിലാറ്റിൽ അട്ടച്ചാക്കൽ കൊല്ലേത്തുമൺ കാവുംപുറത്തു കടവിൽ ഒഴുക്കിൽപെട്ടത്. പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു. പേരാവൂർ കോളയാട് ആര്യപ്പറമ്പിലെ കാഞ്ഞിരക്കാട്ട് സിറിയക്കിന്റെയും സെലിയുടെയും മകൾ സിത്താര സിറിയക്കാണ് (20) ദാരുണമായി മരിച്ചത്.

പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആര്യപ്പറമ്പ് എടക്കോട്ടയിലെ വിനോദ് (42), സിത്താരയുടെ മാതാപിതാക്കളായ സിറിയക്ക് (55), സെലിൻ (48) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ടവരെ ഇതുവഴി വന്ന സണ്ണി ജോസഫ് എംഎ‍ൽഎയുടെ വാഹനത്തിലാണ് ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചത്.

സിത്താരയുടെ ഏക സഹോദരൻ സിജൊ സിറിയക്ക് മാസങ്ങൾക്ക് മുൻപ് ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചിരുന്നു. പേരാവൂർ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി കാറ്റിൽ കനത്ത നാശമുണ്ടായിട്ടുണ്ട്.

ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു

വനത്തിൽ കനത്ത മഴ തുടരുന്നതിനാൽ നെയ്യാർ ഡാമിലെ നാലു ഷട്ടറുകൾ ഒൻപത് ഇഞ്ച് തുറന്നു. നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചു.

കോഴഞ്ചേരി വെള്ളാറേത്ത് മാത്യു വി. ഫിലിപിന്റെ വീടിനു സമീപം റോഡിലേക്ക് മരം വീണ നിലയിൽ. ചിത്രം: നിഖിൽ രാജ് ജലനിരപ്പ് ഉയർന്നതിനാൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ തുറക്കും. 774 മീറ്ററാണ് നിലവിലെ ജലനിരപ്പ്. കരമാൻ തോട്ടിലൂടെ വെള്ളം പനമരം പുഴയിലേക്കാണ് തുറന്നു വിടുക. തോടിന്റെ ഇരുവശവും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കോഴഞ്ചേരി മേലുകര കിഴക്കേടത്ത് ഭാസ്‌കരൻനായരുടെ വീടിന്റെ മേൽക്കൂര തേക്ക് വീണ് തകർന്ന നിലയിൽ. ചിത്രം: നിഖിൽ രാജ് അതേസമയം, മാനന്തവാടി പേരിയയിൽ ഒഴുക്കിൽപ്പെട്ട ഏഴു വയസ്സുകാരനെ കണ്ടെത്തിയിട്ടില്ല. മൂന്നാറിൽ ഒഴുക്കിൽപ്പെട്ടു കാണാതായ, ആറുമാസം പ്രായമുള്ള കുഞ്ഞുൾപ്പടെ മൂന്നു പേർക്കായുള്ള തിരച്ചിൽ രാവിലെ പുനരാരംഭിക്കും.

കുമ്പഴ ചേന്നംപള്ളിൽ പുഷ്പമംഗലത്ത് പി.പി. ഹരികുമാറിന്റെ വീടിന് മുകളിലേക്ക് മരം വീണപ്പോൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ കൂത്താട്ടുകുളത്ത് ഇലക്ട്രിക്കൽ സബ്‌സ്റ്റേഷന്റെ മതിൽ ഇടിഞ്ഞു തോട്ടിലേക്ക് വീണു. തോട്ടിൽ നിന്നുള്ള വെള്ളം അടുത്ത പുരയിടത്തിലും ഫ്‌ളവർമില്ലിലും കയറി. മില്ലിനുള്ളിലെ മോട്ടോറുകളും വെള്ളത്തിലായി.

അഥോറിറ്റിയുടെ നിർദ്ദേശങ്ങൾ ചുവടെ:

  • ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
  • ബീച്ചുകളിൽ കടലിൽ ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
  • മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനനങ്ങൾ നിർത്താതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
    മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
    ഉരുൾപൊട്ടൽ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾ ജാഗരൂകരായിരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
  • ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കുവാൻ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു
  • പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP