Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലപ്പുഴ-ചങ്ങനാശേരി റോഡ് അടുത്ത വർഷം പൊതുമരാമത്ത് തിരിച്ചെടുക്കും; ഇങ്ങനെ മോശം റോഡ് കേരളത്തിലുണ്ടോ? കരാറുകാരെ നിലയ്ക്ക് നിർത്തണം; ഖജനാവിൽ നിന്ന് ചെലവാക്കുന്ന പണത്തിന്റെ ഗുണം നാട്ടുകാർക്ക് ലഭിക്കണം; കെഎസ്ടിപിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി. സുധാകരൻ

ആലപ്പുഴ-ചങ്ങനാശേരി റോഡ് അടുത്ത വർഷം പൊതുമരാമത്ത് തിരിച്ചെടുക്കും; ഇങ്ങനെ മോശം റോഡ് കേരളത്തിലുണ്ടോ? കരാറുകാരെ നിലയ്ക്ക് നിർത്തണം; ഖജനാവിൽ നിന്ന് ചെലവാക്കുന്ന പണത്തിന്റെ ഗുണം നാട്ടുകാർക്ക് ലഭിക്കണം; കെഎസ്ടിപിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി. സുധാകരൻ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: കരാറുകാരെ തല്ലിയും തലോടിയും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണം കെഎസ്ടിപിയാണെന്നും തിരുവല്ല തോണ്ടറ പാലത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ അദ്ദേഹം പറഞ്ഞു. കരാറുകാരെ സ്വതന്ത്രമായും നിർഭയമായും പിഡബ്ല്യുഡി മാനുവൽ അനുസരിച്ച് ജോലി ചെയ്യാൻ അനുവദിക്കണം. വീഴ്ച വരുത്തിയാൽ നടപടിയെടുക്കണം.

വീഴ്ച വരുത്തുന്ന കരാറുകാരന്റെ ലൈസൻസ് തിരിച്ചെടുത്ത് കോൺട്രാക്ട് പണി അവസാനിപ്പിക്കണം. ഇതിനെല്ലാം അധികാരമുണ്ടായിരിക്കേ, നോട്ടീസ് നൽകുകയോ, വിശദീകരണം ചോദിക്കുകയോ ഒന്നും ചെയ്യാതെ പോകുകയാണ്. ഇതൊക്കെ പറയുന്നത് ആരെയും ആക്ഷേപിക്കാനല്ല. ഖജനാവിലെ പണം കോടാനു കോടി കൊടുക്കുകയാണ്. അതിന്റെ പൂർണമായ ഗുണം കൃത്യസമയത്ത് നാടിനുണ്ടാകണം. നാളിതു വരെയുള്ളതിൽ ഏറ്റവും മികച്ച രീതിയിലാണ് എംസി റോഡ് നിർമ്മിച്ചിരിക്കുന്നത്. കുറച്ചുകൂടി ഇതു നന്നാക്കാം. പാറയിൽ ഉറപ്പിക്കാതിരുന്നതിന്റെ ഫലമായാണ് ഏനാത്ത് പാലത്തിന് ബലക്ഷയമുണ്ടായത്. ചങ്ങനാശേരി- ആലപ്പുഴ റോഡ് കെഎസ്ടിപിയുടെ ചുമതലയിലുള്ള വളരെ മോശം സ്ഥിതിയിലുള്ള റോഡാണ്.

ഇങ്ങനെ ഒരു റോഡ് കേരളത്തിൽ വേറെയുണ്ടോ?. കെഎസ്ടിപിയിൽ നിന്നു പൊതുമരാമത്ത് വകുപ്പിന് ഈ റോഡ് തിരിച്ചെടുക്കണമെങ്കിൽ ഇനി അടുത്തവർഷമേ പറ്റു. 2019 മാർച്ച് വരെ ഈ റോഡ് കെഎസ്ടിപിയുടെ കോൺട്രാക്ടറുടെ കാലാവധിയിലാണ്. ഈ റോഡ് മികച്ച നിലയിൽ പരിപാലിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണ്. 2015ൽ റോഡ് നിർമ്മിച്ച് രണ്ടാം വർഷമേ തകർന്നു. എൽഡിഎഫ് സർക്കാർ ചുമതലയേറ്റ ശേഷം സമ്മർദ്ദം ചെലുത്തി അറ്റകുറ്റപ്പണി നടത്തി. റോഡ് അറ്റകുറ്റപ്പണി നടത്താൻ എല്ലാ വർഷവും ഈ കോൺട്രാക്ടറോട് വഴക്കുണ്ടാക്കേണ്ട സ്ഥിതിയാണ്. കുഴപ്പക്കാരനായ കോൺട്രാക്ടറെ എന്തുകൊണ്ട് കെഎസ്ടിപി ഉദ്യോഗസ്ഥന്മാർ ഭയപ്പെടുന്നു എന്നു മനസിലാകുന്നില്ല.

പിഡബ്ല്യുഡി മാനുവൽ എന്ന വജ്രായുധമാണ് കെഎസ്ടിപി ഉദ്യോഗസ്ഥരുടെ കൈയിലുള്ളത്. അതുപയോഗിച്ചാൽ വീഴ്ച വരുത്തുന്ന കരാറുകാരന്റെ കോൺട്രാക്ട് പോകും. പക്ഷേ, ചെയ്യത്തില്ല. അപ്പോ അതിനെന്തെങ്കിലും കാരണം കാണും. ഇപ്പോഴുള്ളവർ അല്ലെങ്കിൽ മുൻപുള്ളവർ കാരണമുണ്ടാക്കി കാണും. ഉദ്യോഗസ്ഥർ ചുമതല നിറവേറ്റേണ്ടേ?. അതുകൊണ്ടാണ് വീഴ്ച വരുത്തിയ എക്സിക്യുട്ടീവ് എൻജിനിയറെ സസ്പെൻഡ് ചെയ്തത്. പ്രതീകാത്മകമായാണ് നടപടി സ്വീകരിച്ചത്. സസ്പെൻഡ് ചെയ്യപ്പെട്ടയാൾ പിറ്റേദിവസം കാണാൻ വന്നു. പക്ഷേ, കാണാൻ അനുമതി നൽകിയില്ല. അവരാണ് ഉത്തരവാദിയെന്ന് ജനം അറിയണം.

കോൺട്രാക്ടർ ചെയ്യേണ്ട ജോലി ചെയ്യാതെ പണം വാങ്ങുകയാണ്. കരാറുകാരനെ കൊണ്ട് ജോലി ചെയ്യിച്ചാൽ പോരേ. അതു ചെയ്യിച്ചില്ല. സർവത്ര പഴി കേട്ടു. കെഎസ്ടിപിയെ പോലെ മാതൃകാപരമായി റോഡു നിർമ്മിക്കേണ്ട പ്രസ്ഥാനം ഇങ്ങനെയായാൽ പറ്റുമോ? ഇങ്ങനെ നാട്ടിൽ നടക്കുന്നത്, കോൺട്രാക്ടറുടെ കുറ്റമല്ല. അവരെ അങ്ങനെ ആക്കി എടുക്കുകയാണ്. ടെൻഡർ പിടിക്കുമ്പോൾ തന്നെ 10 ശതമാനം അങ്ങ് പോക്കറ്റിൽ വാങ്ങും. അവരു പിന്നെ വർക്ക് ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP