Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലെ മാത്രം പൊലിഞ്ഞത് 12 ജീവനുകൾ; നദികൾ കരവിഞ്ഞൊഴുകുന്നു; അനേകം പാലങ്ങൾ വെള്ളത്തിൽ; ആനേകായിരം കൃഷിയിടങ്ങൾ മുങ്ങി; അണക്കെട്ടുകൾ മിക്കതും തുറന്നുവിട്ടു; റോഡ്-റെയിൽ മാർഗ്ഗങ്ങൾ പൂർവ്വസ്ഥിതിയിലായില്ല; മൂന്നാം ദിവസവും നിലയ്ക്കാത്ത മഴ നാലു ജില്ലകളെ പൂർണ്ണമായും ഒറ്റപ്പെടുത്തി; ഇന്നു ശക്തി കുറയുന്ന പെരുമഴ രണ്ട് ദിവസത്തിനകം വീണ്ടും ആഞ്ഞടിക്കും; തോരാ മഴയിൽ വിറച്ച് കേരളം

ഇന്നലെ മാത്രം പൊലിഞ്ഞത് 12 ജീവനുകൾ; നദികൾ കരവിഞ്ഞൊഴുകുന്നു; അനേകം പാലങ്ങൾ വെള്ളത്തിൽ; ആനേകായിരം കൃഷിയിടങ്ങൾ മുങ്ങി; അണക്കെട്ടുകൾ മിക്കതും തുറന്നുവിട്ടു; റോഡ്-റെയിൽ മാർഗ്ഗങ്ങൾ പൂർവ്വസ്ഥിതിയിലായില്ല; മൂന്നാം ദിവസവും നിലയ്ക്കാത്ത മഴ നാലു ജില്ലകളെ പൂർണ്ണമായും ഒറ്റപ്പെടുത്തി; ഇന്നു ശക്തി കുറയുന്ന പെരുമഴ രണ്ട് ദിവസത്തിനകം വീണ്ടും ആഞ്ഞടിക്കും; തോരാ മഴയിൽ വിറച്ച് കേരളം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തോരാമഴയിൽ വിറങ്ങലിച്ച് കേരളം. വൻ നാശ നഷ്ടമാണ് രണ്ട് ദിവസമായി തിമിർത്ത് പെയ്യുന്ന മഴയിൽ സംസ്ഥാനത്തുണ്ടായത്. മഴക്കെടുതിയിൽ തിങ്കളാഴ്ച 12 പേർ മരിച്ചു. മൂന്നുപേരെ കാണാതായി. പത്തനംതിട്ടയിൽ പമ്പയിൽ ശബരിമല തീർത്ഥാടകനെയും കോട്ടയത്ത് മണിമലയാറ്റിൽ മീൻപിടിച്ചുകൊണ്ടിരുന്ന രണ്ടുപേരെയും ഒഴുക്കിൽപ്പെട്ട് കാണാതായി. സംസ്ഥാനത്ത് എട്ടുകോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. ഇടുക്കിയിൽ ഏഴിടത്തും കോട്ടയത്ത് മൂന്നിടത്തും ഉരുൾപൊട്ടി. പത്തനംതിട്ടയിലും വ്യാപക നാശനഷ്ടമാണ് മഴയുണ്ടാക്കിയത്. ഈ മൂന്ന് ജില്ലകളും ഏതാണ് ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ചൊവ്വാഴ്ച കേരള, ലക്ഷദ്വീപ് തീരമേഖലയിൽ 35-45 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയാകാം. മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച കേരളതീരത്തും കടലിലും ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ ശക്തമായ പടിഞ്ഞാറൻ കാറ്റാണു കേരളത്തിൽ കനത്ത മഴയ്ക്കു കാരണമായത്. ഇന്ന് മഴയുടെ ശക്തി കുറയുമെങ്കിലും വീണ്ടും ആഞ്ഞടിക്കാനാണഅ സാധ്യത. ഇതോടെ ദുരന്ത നിവാരണ അഥോറിറ്റി കർശന ജാഗ്രതാ നിർദ്ദേശം കളക്ടർമാർക്ക് നൽകിയിട്ടുണ്ട്.

പമ്പയിൽ ഒഴുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകനായ ആലപ്പുഴ കനാൽ വാർഡ് സന്ധ്യാഭവനിൽ ഗോപകുമാറിനെ കാണാതായി. പമ്പയും അച്ചൻകോവിലാറും ഉൾപ്പെടെയുള്ള നദികൾ കരകവിഞ്ഞൊഴുകിയതോടെ അപ്പർ കുട്ടനാട് പൂർണമായും ഒറ്റപ്പെട്ടു. ഏക്കർകണക്കിന് കൃഷിനശിച്ചു. മീനച്ചിലാറ്റിലെ വെള്ളംകയറിയതോടെ പാലാ പട്ടണവും കുമരകവും ഒറ്റപ്പെട്ടു. കോട്ടയം-കുമരകം, ചങ്ങനാശ്ശേരി-ആലപ്പുഴ, പാലാ-ഏറ്റുമാനൂർ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം ജില്ലയിൽ 29 ക്യാമ്പുകളിലായി 3218 പേരെയും മൂവാറ്റുപുഴ താലൂക്കിൽ 1200 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെത്തുടർന്ന്, കപ്പൽ വഹിച്ചുകൊണ്ടുപോകുന്ന അബുദാബിയുടെ ബാർജ് അമ്പലപ്പുഴയ്ക്കടുത്ത നീർക്കുന്നത്ത് തീരത്ത് ഇടിച്ചുനിന്നു. അങ്ങനെ കോട്ടയത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും വ്യാപക നാശ നഷ്ടമാണ് ഉണ്ടാക്കിയത്. വടക്കൻ കേരളത്തിലും മഴ അതിശക്തമാണ്.

കോട്ടയം തലപ്പലം മേലമ്പാറ കുന്നത്ത് കെ.വി. ജോസഫ് (55), കാഞ്ഞിരപ്പള്ളി ചെറുവള്ളി ആറ്റുപുറത്ത് ശിവൻകുട്ടി (55), കൊൽക്കത്ത ബർദുവാൻ ജില്ലയിലെ ഷിബു അധികാരി (36), പത്തനംതിട്ട ഓതറ സ്വദേശിയായ മനോജ് കുമാർ, കൊല്ലം തേവലക്കര കൂഴംകുളങ്ങര വടക്കതിൽ വീട്ടിൽ അനൂപ് (കണ്ണൻ-12), കോയിവിള അജിഭവനത്തിൽ ബെനഡിക്ട് (46), തലശ്ശേരി പെരിങ്ങത്തൂർ കരിയാട് മുക്കാളിക്കരയിലെ വലിയത്ത് നാണി (68), മലപ്പുറം ചങ്ങരംകുളത്ത് ബകാഞ്ഞിയൂർ അദിനാൻ (14), ആലപ്പുഴ ചെങ്ങന്നൂർ തൈമറവുങ്കര പടിഞ്ഞാറ്റോതറ കല്ലുവെട്ടുകുഴിയിൽ വീട്ടിൽ മനോജ്കുമാർ (42), വയനാട് 42-ാം മൈലിൽ അജ്മൽ, കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിൽ വെള്ളാരുക്കുത്ത് ആദിവാസിക്കോളനി നിവാസിയായ പുത്തൻപുരയിൽ ടോമി തോമസ് (57), കാസർകോട് തൃക്കരിപ്പൂരിൽ ടി.പി.മുഹമ്മദ് മുഷ്‌റഫ്(14) എന്നിവരാണ് മഴക്കെടുതിയിൽ മരിച്ചത്.

ഡാമുകളെല്ലാം നിറഞ്ഞു കവിയുന്നു

നദികളും തോടുകളും കരകവിഞ്ഞു. അണക്കെട്ടുകൾ തുറന്നു. റോഡുകൾ തകർന്നു. വീടുകൾ വെള്ളത്തിനടിയിലായി. കൊല്ലം-പരവൂർ തീരദേശപാതയിൽ കാക്കത്തോപ്പിൽ കടലാക്രമണത്തിൽ റോഡ് തകർന്നതോടെ ഗതാഗതം നിലച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഗതാഗതം മുടങ്ങി. 111 വീടുകൾ ഭാഗികമായും ഒരു വീടു പൂർണമായും തകർന്നു. 240 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ 34.17 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ആലപ്പുഴ ജില്ലയിൽ 1.24 കോടിയുടെ കൃഷിനാശമുണ്ടായി. 45 വീടുകൾക്കു ഭാഗിക നാശം. 9.38 ലക്ഷം രൂപയുടെ നഷ്ടം. കുട്ടനാട്ടിലെ രണ്ടാം കൃഷി പൂർണമായും നശിച്ചു. പാലക്കാടു ജില്ലയിൽ നെല്ലിയാമ്പതിയിൽ സന്ദർശകർക്കു വിലക്കേർപ്പെടുത്തി. പറമ്പിക്കുളം അണക്കെട്ടിൽ രണ്ടുദിവസം കൊണ്ട് ഒഴുകിയെത്തിയത് ഒന്നര ടിഎംസി വെള്ളം. ഇതു റെക്കോർഡാണ്.

പ്രാഥമിക കണക്കുപ്രകാരം പാലക്കാട് ജില്ലയിൽ 1960 ഹെക്ടർ കൃഷിനശിച്ചു. മംഗലം ഡാം കടപ്പാറ ചെമ്പൻകുന്ന് വനത്തിനുള്ളിൽ ഉരുൾപൊട്ടി മൂന്നേക്കറോളം സ്ഥലം ഒലിച്ചുപോയി. ഇതിൽ 12.83 കോടിയുടെ കൃഷിനാശമാണ്. 428 വീടുകൾ ഭാഗികമായും 12 വീടുകൾ പൂർണമായും തകർന്നു. മലപ്പുറത്ത് 715.35 ഹെക്ടർ പ്രദേശത്തു കൃഷി നശിച്ചു. 113.9 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാരാപ്പുഴ, ബാണാസുര സാഗർ അണക്കെട്ടുകൾ തുറന്നു. മാനന്തവാടിയിലെ വയനാട് - പാൽച്ചുരം റോഡിൽ മണ്ണിടിഞ്ഞു. പേര്യ 37ൽ ഗതാഗതനിയന്ത്രണം. 15.72 കോടിയുടെ കൃഷി നശിച്ചു. 336 വീടുകൾ ഭാഗികമായും 13 വീടുകൾ പൂർണമായും തകർന്നു. കണ്ണൂർ ജില്ലയിൽ മലയോരത്തു വ്യാപക നാശം. 18.39 ലക്ഷം രൂപയുടെ കൃഷി നശിച്ചു.

കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് ജനജീവിതം ദുഷ്‌കരമായി. ട്രാക്കിൽ വെള്ളം കയറി ട്രയിൻ ഗതാഗതം താറുമാറായി. പല ആദിവാസ ഊരുകളും ഒറ്റപ്പെട്ട നിലയിലാണ്. തീരമേഖലയിൽ കടലാക്രമണവും ശക്തമായിട്ടുണ്ട്. കനത്ത മഴയിൽ കൊച്ചി നഗരം വെള്ളത്തിലായി. കമ്മട്ടിപ്പാടത്തെ വീടുകളിലെല്ലാം വെള്ളംകയറി. എംജി റോഡിലും വെള്ളം കയറി. കെ.എസ്ആർടിസി സ്റ്റാൻഡ് പൂർണമായും വെള്ളത്തിലായി. പൂത്തോട്ടയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്.

മുല്ലപ്പെരിയാറും ഭീതിയിൽ

മുല്ലപ്പെരിയാർ ജലനിരപ്പ് കുതിച്ചുയരുന്നു. ഒരു ദിവസംകൊണ്ട് ജലനിരപ്പ് മൂന്നടി ഉയർന്നു. തിങ്കളാഴ്ച വൈകുന്നേരം ജലനിരപ്പ് 130.4 അടിയിലെത്തി. ഞായറാഴ്ച 127 അടിയായിരുന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് സംഭരണശേഷിയുടെ 65.25 ശതമാനത്തിലെത്തി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഞായറാഴ്ച പെയ്ത 15.3 സെന്റിമീറ്റർ മഴയിൽ ജലനിരപ്പ് ശനിയാഴ്ചത്തേക്കാൾ നാലടി വർദ്ധിച്ചു. തിങ്കളാഴ്ച ജലനിരപ്പ് 2371.28 അടിയാണ്. കഴിഞ്ഞവർഷം ഇതേദിവസം ജലനിരപ്പ് 2316.9 അടിയായിരുന്നു. നിലവിൽ കഴിഞ്ഞ വർഷത്തേക്കാൾ 54.38അടി വെള്ളം ഡാമിൽ കൂടുതലാണ്.

തിങ്കളാഴ്ച രാവിലെയുള്ള കണക്കനുസരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് സെക്കൻഡിൽ 5652 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. തമിഴ്‌നാട്ടിലേക്ക് പെൻസ്റ്റോക്ക് പൈപ്പുകളിലൂടെ 1400 ഘനയടിയും ഇറച്ചിപ്പാലം കനാലിലൂടെ 400 ഘനയടിയും ഉൾപ്പെടെ 1800 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ 84 മില്ലിമീറ്ററും തേക്കടിയിൽ 64 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. മുല്ലപ്പെരിയാർ വെള്ളം തമിഴ്‌നാട്ടിൽ ശേഖരിക്കുന്ന വൈഗ അണക്കെട്ടിൽ ജലനിരപ്പ് 50 അടിയിലെത്തി. വൈഗ അണക്കെട്ടിന്റെ സംഭരണശേഷി 71 അടിയാണ്.

ട്രെയിനുകളെല്ലാം വൈകി ഓടുന്നു

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളെല്ലാം വെള്ളത്തിലാണ്. ആലപ്പുഴ ചന്തിരൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് മുകളിലേക്കാണ് രാവിലെ 6.45 ഓടെ മരംവീണത്. ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. ആളപായമില്ല. ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്.കോട്ടയം മേഖലയിൽ ട്രെയിൻ ഗതാഗതം താറുമാറായി. മൂന്നര മണിക്കൂർ വരെ വൈകി എറണാകുളം ജംക്ഷൻ ഒഴിവാക്കിയാണു ട്രെയിനുകളെത്തുന്നത്.

മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്‌പ്രസിനുമുകളിൽ മരംവീണതിനെത്തുടർന്ന് തീവണ്ടികൾ മണിക്കൂറുകളോളം വൈകി. തിങ്കളാഴ്ച വെളുപ്പിന് അഞ്ചിന് അരൂർ വെളുത്തുള്ളി ഭാഗത്താണ് മരംവീണത്. വൈദ്യുതക്കമ്പിയോടൊപ്പമാണ് മരം വീണത്. എന്നാൽ, വൈദ്യുതലൈൻ ബോഗികളിൽ മുട്ടിയില്ല. ഇതിനാൽ വൻ ദുരന്തം ഒഴിവായി.

കനത്ത മഴയിൽ ട്രാക്കുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് തകരാറിലായ സിഗ്നൽ സംവിധാനം പൂർവസ്ഥിതിയിലാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് റെയിൽവേ അറിയിട്ടു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് സിഗ്നൽ സംവിധാനം തകരാറിലായത്. ഇത് കേരളത്തിൽ ഉടനീളം ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും സിഗ്നൽ പൂർവസ്ഥിതിയിലാക്കാൻ ദിവസങ്ങൾ തന്നെ വേണ്ടിവന്നേക്കാമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.

സിഗ്നൽ തകരാറിനെ തുടർന്ന് എറണാകുളം വഴിയുള്ള ദീർഘദൂര സർവീസ് നടത്തുന്നവ ഉൾപ്പെടെയുള്ള മിക്കവാറും ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. തുറവൂരും മുളന്തുരുത്തിയിലും ട്രാക്കിൽ മരം വീണതും ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചു. കൃത്യമായി സിഗ്നൽ നൽകാനാകാത്തതിനാൽ പലയിടത്തും ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. ഇന്ന് ഇതുവരെ 10 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. മറ്റു നിരവധി ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ പ്ലസ്ടു തലം വരെയുള്ള എല്ലാ സ്‌കൂളുകൾക്കും, ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകൾക്കും, തൃശ്ശൂർ ജില്ലയിലെ രണ്ട് താലൂക്കുകൾക്കും അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ പ്ലസ്ടു തലം വരെയുള്ള എല്ലാ സ്‌കൂളുകൾക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നഴ്സറി ക്ലാസുകൾ, അംഗൻവാടികൾ, സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. കോളേജുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധിയില്ല.

ആലപ്പുഴയിലെ നാല് താലൂക്കുകളിലെ പ്രൊഫഷൺ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച അവധി നൽകിയിരിക്കുന്നത്. കാർത്തികപ്പള്ളി, കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകളിലാണ് അവധി. ചെങ്ങന്നൂരിൽ ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധിയായിരിക്കും. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്ഇ, സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

അതേസമയം മഹാത്മാഗാന്ധി, കണ്ണൂർ, സർവകലാശാലകൾ ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ജൂലൈ 16,17 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സിയാൽ സുരക്ഷിതം

കനത്ത മഴയെത്തുടർന്ന് കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽ വെള്ളം കയറിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സിയാൽ. വാർത്തയോടൊപ്പം പ്രചരിക്കുന്ന ചിത്രം വേറേതോ വിമാനത്താവളത്തിന്റേതാണെന്നും സിയാൽ അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിന്റെ പാർക്കിങ് ഏരിയയിൽ വെള്ളം കയറിയെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങൾ വഴി വാർത്തയും ചിത്രവും പ്രചരിക്കുന്നത്. വിമാനസർവ്വീസുകൾ റദ്ദ് ചെയ്തെന്നും പ്രചരണമുണ്ട്. എന്നാൽ ഇവയൊക്കെ വാസ്തവവിരുദ്ധമാണെന്നും സിയാൽ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ മഴ മൂലം വിമാനത്താവളത്തിന്റെ പ്രവർത്തനത്തിൽ യാതൊരു തടസ്സവും നേരിട്ടിട്ടില്ല. ഒരു വിമാനസർവ്വീസ് പോലും മഴയെത്തുടർന്ന് തടസ്സപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP