Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ലക്ഷം കോടി മുടക്കിയാൽ അതിവേഗ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്താൻ എടുക്കുക ഏഴ് മണിക്കൂർ; 500 കോടിയിൽ രണ്ട് മണിക്കൂർ കൊണ്ട് പറക്കും ബോട്ടിൽ പറന്നെത്താം; കടന്നപ്പള്ളിയെ കണ്ണുരുട്ടി വിരട്ടി സ്വപ്‌ന പദ്ധതിയെ തകർക്കാൻ റിയൽ എസ്റ്റേറ്റ് മാഫിയ സജീവം; കേരളത്തിന്റെ വികസന ഭൂപടത്തിൽ പുതു അധ്യായമാകാൻ എത്തുന്ന 'വിഗ് ക്രാഫ്റ്റിനെ' അട്ടിമറിക്കാൻ കമ്മീഷൻ മോഹികളായ രാഷ്ട്രീയക്കാരും

ഒരു ലക്ഷം കോടി മുടക്കിയാൽ അതിവേഗ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്താൻ എടുക്കുക ഏഴ് മണിക്കൂർ; 500 കോടിയിൽ രണ്ട് മണിക്കൂർ കൊണ്ട് പറക്കും ബോട്ടിൽ പറന്നെത്താം; കടന്നപ്പള്ളിയെ കണ്ണുരുട്ടി വിരട്ടി സ്വപ്‌ന പദ്ധതിയെ തകർക്കാൻ റിയൽ എസ്റ്റേറ്റ് മാഫിയ സജീവം; കേരളത്തിന്റെ വികസന ഭൂപടത്തിൽ പുതു അധ്യായമാകാൻ എത്തുന്ന 'വിഗ് ക്രാഫ്റ്റിനെ' അട്ടിമറിക്കാൻ കമ്മീഷൻ മോഹികളായ രാഷ്ട്രീയക്കാരും

ആർ പീയൂഷ്

തിരുവനന്തപുരം: സീ പ്ലെയിനിന്ന സമാനമായതും എന്നാൽ സീപ്ലെയിൻ അല്ലാത്തതുമായി അതിവേഗ ബോട്ട് സംവിധാനമാണ് വിഗ് ക്രാഫ്റ്റ്. അതിവേഗ യാത്രയ്ക്ക് കേരളത്തിന് യോജിച്ച ഗതാഗത രൂപം. അതിവേഗ റെയിൽവെ പാതയെ കുറിച്ചും ബുള്ളറ്റ് ട്രെയിനുകളെ കുറിച്ചുമുള്ള ചർച്ചകൾക്കിടെ വിഗ് ക്രാഫ്റ്റിന്റെ സാധ്യതയും തേടുകയാണ് കേരള സർക്കാർ. അതിനിടെ റിയൽ എസ്റ്റേറ്റ് ലോബികൾ ഇത് അട്ടിമറിക്കാനും സജീവമായി രംഗത്തുണ്ട്. വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തുന്ന പദ്ധതിയാണ് അതിവേഗ റെയിൽ പാതയും ബുള്ളറ്റ് ട്രെയിനും. അതിവേഗ ആഡംബര യാത്രയ്ക്ക് വിഗ് ക്രാഫ്റ്റാണ് നല്ലതെന്ന് പിണറായി സർക്കാർ തിരിച്ചറിഞ്ഞു. ഇതു സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയ ആവേശത്തോടെ ഏറ്റെടുത്തു. ഇത് മനസ്സിലാക്കിയാണ് മുളയിലേ ചർച്ചകൾ ഇല്ലാതാക്കാൻ ചില റിയൽ എസ്‌റ്റേറ്റ് ലോബികൾ രംഗത്ത് വരുന്നത്.

അതിവേഗ റെയിൽ പാതയ്ക്കും ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കുമെല്ലാം സ്ഥലം എടുപ്പ് നിർബന്ധമാണ്. ഇതിൽ ചില റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങൾ കടന്നു കൂടാറുണ്ട്. കേരളം മുഴുവൻ സ്റ്റേഷനുകൾ നിർമ്മിക്കാം. പാലം പണിയാം. ട്രാക്ക് ഒരുക്കാം. എന്നാൽ ഒരു പറക്കും ബോട്ട് എന്നു വിശേഷിപ്പിക്കാവുന്ന വിഗ് ക്രാഫ്റ്റുകൾ എത്തിച്ചാൽ ഇതെല്ലാം അട്ടിമറിക്കപ്പെടും. കാസർകോട് തിരുവനന്തപുരം വരെ തീരമുള്ള കേരളത്തിന് വിനോദസഞ്ചാരം മുന്നിൽ കണ്ട് പരീക്ഷിക്കാൻ സാധിക്കാവുന്ന സംവിധാനമാണ് വിഗ്. 500 കോടി രൂപയുണ്ടെങ്കിൽ നടപ്പിലാക്കാവുന്ന ഈ വിഗ് സർവീസ് പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ഇതിനായി വിമാനങ്ങൾ മാത്രം വാങ്ങിയാൽ മതി. തീരത്തെ അടിസ്ഥാന സൗകര്യം ഉപയോഗിച്ച് നടപ്പാക്കാം. അതിവേഗ റെയിൽപാതയ്ക്കും ബുള്ളറ്റ് ട്രെയിനുമെല്ലാം വേണ്ടത് പതിനായിരക്കണക്കിന് കോടി നിക്ഷേപമാണ്. അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പിണറായി ഇത്തരമൊരു പദ്ധതിക്ക് വേണ്ടി ശ്രമം തുടങ്ങിയത്.

സമൂഹമാധ്യമങ്ങളിൽ പ്രചരണം തുടങ്ങിയതോടെയാണ് കള്ളക്കളികളുമായി ഒരു കൂട്ടർ രംഗത്ത് വന്നത്. സീപ്ലെയിൻ ഉണ്ടാക്കുന്ന സാമൂഹിക ആഘാതം ഉയർത്തി തീരവാസികളെ കൊണ്ട് പദ്ധതി അട്ടിമറിക്കാനാണ് നീക്കം. മീൻ പിടിത്തത്തെ ഇത് ദോഷമായി ബാധിക്കുമെന്ന പ്രചരണവുമായി ഇവർ എത്തിക്കഴിഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സീപ്ലെയിൻ പദ്ധതിയെ അട്ടിമറിച്ചതിന് പിന്നിലും ഇതേ റിയിൽ എസ്റ്റേറ്റ് ലോബിയായിരുന്നു. ഇവർക്ക് ഇപ്പോൾ സിപിഎമ്മിലെ കണ്ണൂരിൽ നിന്നുള്ള ചില നേതാക്കളുടെ പിന്തുണയുമുണ്ട്. കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പെട്ട നേതാക്കളുടെ നേതൃത്വത്തിലാണ് ഇത്. വിഗ് ക്രാഫ്റ്റുമായി ചർച്ച നടത്തിയത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ്. ഇനി ഇത്തരം ചർച്ചകൾ വേണ്ടെന്ന് കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവ് കടന്നപ്പള്ളിയെ താക്കീത് ചെയ്തുവെന്നാണ് സൂചന. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചർച്ചയാക്കി പദ്ധതി പൊളിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

'വിഗ് ക്രാഫ്റ്റ്' സാങ്കേതിക വിദ്യയെ സംസ്ഥാനത്തെ സാഹചര്യത്തിന് അനുകൂലമാക്കി മാറ്റാമോ എന്ന സാധ്യതയാണ് തുറമുഖ വകുപ്പ് മന്ത്രിയായ കടന്നപ്പള്ളി തേടിയത്. സീ പ്ലെയിനിന്ന സമാനമായതും എന്നാൽ സീപ്ലെയിൻ അല്ലാത്തതുമായി അതിവേഗ ബോട്ട് സംവിധാനമാണ് വിഗ് ക്രാഫ്റ്റ്. അതിവേഗ പാതയേക്കാളും ബുള്ളറ്റ് ട്രെയിനുകളേക്കാളും ഗുണകരമായ സംവിധാനമാണ് ഇത്. ഗ്ലോബൽ മറീൻ കൺസൾട്ടന്റ്‌സ് ഗ്രൂപ്പ് (ജി.എം.സി.ജി.) എന്ന അന്തരാഷ്ട്ര ഷിപ്പിങ് ബ്യൂറോ വിഗ് സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിച്ച് കഴിഞ്ഞമാസം കേരളത്തിൽ എത്തിയിരുന്നു. ജി.എം.സി.ജിക്ക് കീഴിലുള്ള ഇന്റർനാഷണൽ ഷിപ്പിങ് ബ്യൂറോ (ഐ.എസ്.ബി.) ആണ് തിരുവനന്തപുരത്തെയും കാസർകോടിനെയും ബന്ധിപ്പിക്കുന്ന വിഗ് സർവ്വീസിനുള്ള പദ്ധതിനിർദ്ദേശം ഇടതു സർക്കാറിന് സമർപ്പിച്ചുണ്ട്. ഈ പദ്ധതി പൊളിക്കാനാണ് റിയൽ എസ്റ്റേറ്റ് ലോബിയുടെ നീക്കം.

1950ൽ സൈനികാവശ്യത്തിനായി സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്തതാണ് വിഗ് ക്രാഫ്റ്റ് സാങ്കേതികവിദ്യ. സൈനികാവശ്യത്തിന് വിഗ് ഉപയോഗിക്കാറുണ്ടെങ്കിലും സിവിലിയൻ -വാണിജ്യ ആവശ്യങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താൻ ഇതുവരെ സാധിച്ചിരുന്നില്ല. എന്നാൽ ഫെബ്രുവരിയിൽ ലണ്ടനിൽ നടന്ന ഇന്റർനാഷണൽ മാരിടൈം കോൺഫറൻസിൽ വിഗ് ക്രാഫ്റ്റ് എല്ലാ വിഭാഗക്കാർക്കും ഉപയോഗിക്കാം എന്ന തീരുമാനം എടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേരള സർക്കാരിനു മുന്നിൽ പദ്ധതി നിർദ്ദേശം വന്നതും. വളരെ ചെലവു കുറഞ്ഞ ഗതാഗത സംവിധാനം എന്ന നിലയിലാണ് ഈ പദ്ധതി ശ്രദ്ധിക്കപ്പടെുന്നത്. കേരളത്തെ പോലൊരു സംസ്ഥാനത്തിന് ഉതകുന്ന കൊക്കിലൊതുങ്ങുന്ന പദ്ധതിയായി കണക്കാക്കാം ഇതിനെ.

508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചെലവ് 1,10,000 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. 430 കിലോമീറ്റർ ദൈർഘ്യത്തിൽ തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽ ഇടനാഴി സ്ഥാപിക്കണമെങ്കിൽ 1,27,849 കോടി രൂപ വേണ്ടി വരും. തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്ക് 2 മണിക്കൂർ കൊണ്ടു സഞ്ചരിക്കാമെന്നാണ് അതിവേഗ റെയിൽ ഇടനാഴിയിൽ വിഭാവനം ചെയ്യുന്നതെങ്കിൽ തീരത്തിനു സമാന്തരമായി കടലിലൂടെ തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെയുള്ള 590 കിലോമീറ്റർ താണ്ടാൻ വിഗിന് വേണ്ടത് 2 മണിക്കൂർ മാത്രം. വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ഫ്യുവൽ തന്നെയാണ് വിഗിലും ഉപയോഗിക്കുന്നത്. ഒരാൾക്ക് 1500 രൂപ കൊടുത്താൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്താനുമാകും. ലക്ഷദ്വീപിലേക്കും സർവ്വീസ് നടത്താൻ കഴിയും.

മണിക്കൂറിൽ 100 മുതൽ 500 വരെ കിലോമീറ്റർ വേഗത്തിലാണ് വിഗ് സഞ്ചരിക്കുന്നത്. ഇത് സാധാരണ കപ്പലുകളുടെ വേഗത്തിന്റെ 2 മുതൽ 5 വരെ മടങ്ങാണ്. എന്നിട്ടും കപ്പലുകളെ അപേക്ഷിച്ച് വിഗിന്റെ സഞ്ചാരം സുഗമമായതിനാൽ കടൽച്ചൊരുക്ക് ഉൾപ്പെടെയുള്ള അസ്വസ്ഥതകൾക്കു സ്ഥാനമില്ല. ശബ്ദമലിനീകരണമില്ല, വെള്ളത്തിനടിയിൽ യന്ത്രചലനമില്ല -അതിനാൽത്തന്നെ വെള്ളത്തിന്റെ ഗുണനിലവാരത്തിനോ കടൽജീവികൾക്കോ ഹാനികരമല്ല. 50 സെന്റിമീറ്റർ മുതൽ 6 മീറ്റർ വരെ ഉയരത്തിലാണ് സഞ്ചാരമെന്നതിനാൽ അപകടസാദ്ധ്യത തീരെയില്ല. അത്യാവശ്യ ഘട്ടങ്ങളിൽ 150 മീറ്റർ വരെ ഉയരത്തിൽ വിഗിന് പറന്നുയരാനാവും. സീ പ്ലെയിനിനെക്കാൾ ഗതിവേഗം വിഗിനുണ്ട് എന്നതാണ് പ്രധാന കാര്യം.

വെള്ളത്തിലും ഇറങ്ങാൻ കഴിയുമെങ്കിലും സീ പ്ലെയിൻ എന്നത് വിമാനം തന്നെയാണ്. എന്നാൽ, ജലയാനങ്ങളുടെ പട്ടികയിൽപ്പെടുന്നതാണ് വിഗ് ക്രാഫ്റ്റ്. അതിവേഗ ജലയാനങ്ങളുടെ പട്ടികയിലാണ് വിഗിനെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കപ്പൽ സഞ്ചാരത്തിന് സമാനമാണ് ഇതും. അതുകൊണ്ട് തന്നെ കടലിൽ പാരിസ്ഥിതിക ആഘാതം ഉണ്ടാകുന്നുമില്ല. ഇത് മറച്ചുവച്ചുള്ള പ്രക്ഷോഭത്തിനാണ് റിയൽ എസ്‌റ്റേറ്റ് മാഫിയ തയ്യാറെടുക്കുന്നത്. കേരളത്തിലെ വിനോദസഞ്ചാര വികസനത്തിലും നിർണ്ണായക പങ്കുവഹിക്കാൻ വിഗിന് സാധിക്കും. വേണമെങ്കിൽ കരയിലൂടെയും പറക്കാൻ ശേഷിയുണ്ട് എന്നതിനാൽ കേരളത്തിലെ കായലുകളെ കൂടി ഉൾപ്പെടുത്തി ഉൾനാടൻ ഗതാഗതത്തിന് വിഗ് ഉപയോഗിക്കാം.

ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, എയർ ആംബുലൻസ്, തിരദേശ നിരീക്ഷണം എന്നിവയ്‌ക്കെല്ലാം വിഗ് പ്രയോജനപ്പെടുത്താം. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർക്ക് ഒരു പുതിയ തൊഴിൽ സാദ്ധ്യതയും വിഗ് തുറന്നിടുന്നുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെ ഒരു തരത്തിലും ഹനിക്കുന്നില്ല എന്നതു തന്നെയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം വിഗിന്റെ ഏറ്റവും വലിയ സവിശേഷത. തീർത്തും പരിസ്ഥിതിസൗഹൃദമായ ഒരു പദ്ധതി. സർക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കിൽ കേരളത്തിന്റെ വികസന കുതിപ്പിൽ ഒരു സുപ്രധാന നാഴികകല്ലാക്കി ഈ പദ്ധതിയെ മാറ്റാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP