Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴ പിൻവാങ്ങി തുടങ്ങിയ ഇന്നലെ മാത്രം മരിച്ചത് 14 പേർ; കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 102ആയി; 12 പേരെ ഇനിയും കണ്ടെത്തിയില്ല; 59, 517 പേർ ദുരിതാശ്വാസ ക്യാമ്പുകൾ; വീടും കൃഷിയും നഷ്ടപ്പെട്ടവർ അനേകം; മധ്യകേരളം തീരാ ദുരിതത്തിൽ തന്നെ; ഇന്ന് ശക്തമാകുന്ന മഴ ഞായറാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും സംഘവും ഡൽഹിയിൽ

മഴ പിൻവാങ്ങി തുടങ്ങിയ ഇന്നലെ മാത്രം മരിച്ചത് 14 പേർ; കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 102ആയി; 12 പേരെ ഇനിയും കണ്ടെത്തിയില്ല; 59, 517 പേർ ദുരിതാശ്വാസ ക്യാമ്പുകൾ; വീടും കൃഷിയും നഷ്ടപ്പെട്ടവർ അനേകം; മധ്യകേരളം തീരാ ദുരിതത്തിൽ തന്നെ; ഇന്ന് ശക്തമാകുന്ന മഴ ഞായറാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും സംഘവും ഡൽഹിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സംസ്ഥാനത്തു മഴയ്ക്ക് ചെറിയ ശമനമുണ്ട്. എന്നാൽ ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകുമെന്നാണ് കലാവസ്ഥാ പ്രവചനം. മഴ കുറഞ്ഞെങ്കിലും വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരിതം തുടരുകയാണ്. അതുകൊണ്ട് തന്നെ വീണ്ടും ശക്തമായ മഴ എത്തിയാൽ കേരളം വീണ്ടും ദുരിതത്തിലേക്ക് മാറും. ബുധനാഴ്ച മാത്രം മഴദുരിതത്തിൽ 14 പേർ മരിച്ചു. ഇതോടെ ഇത്തവണ കാലവർഷക്കെടുതിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 102 ആയി. മഴക്കെടുതിയിൽ മധ്യകേരളം ദുരിതത്തിൽ തന്നെയാണ്. അതിനിടെ മഴക്കെടുതിയെത്തുടർന്നുള്ള ദുരിതാശ്വാസത്തിനായി 113.19 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. തുക അടിയന്തരമായി വിതരണം ചെയ്യാൻ കലക്ടർമാർക്കു നിർദ്ദേശം നൽകി.

സംസ്ഥാനത്ത് 22 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള - ലക്ഷദ്വീപ് തീരങ്ങളിലും, അറബി കടലിന്റെ മധ്യഭാഗം, തെക്ക് ഭാഗം, വടക്ക് ഭാഗം, പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ജൂലായ് 22 വരെ സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്കും 22 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

കനത്ത മഴയുണ്ടാക്കിയ ദുരന്തങ്ങളിൽ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ രണ്ടുപേർ വീതവും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്.12 പേരെ കാണാതായി. 59,517 പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്. ഇന്നു മഴ വീണ്ടും ശക്തമാകുമെന്നും ഞായറാഴ്ച വരെ തുടരുമെന്നുമാണു കാലാവസ്ഥാ പ്രവചനം. മിക്ക ജില്ലകളിലും റോഡ്, റെയിൽ ഗതാഗതങ്ങൾ തടസ്സപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറി. തീരപ്രദേശത്തു കടൽക്ഷോഭം. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി. മഴ തുടർന്നാൽ തീവണ്ടി ഗതാഗതം ഇനിയുള്ള ദിനങ്ങളിലും ദുരിത പൂർണ്ണമാകും. മീനച്ചിലാറിൽ വെള്ളം വീണ്ടും ഉയർന്നു. കാലവർഷക്കെടുതിമൂലമുള്ള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിനു കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയയ്ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

വടക്കൻ കേരളത്തിലും മിക്കയിടങ്ങളിലും റോഡ്-റെയിൽ ഗതാഗതങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി വീടുകശളിൽ വെള്ളം കയറി. താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം കർശനമായി തുടരും. ദൈനംദിന സർവീസുള്ള യാത്രാ ബസുകൾക്ക് സർവീസ് നടത്താം. ടൂറിസ്റ്റ് ബസുകൾ, സ്‌കാനിയ പോലുള്ള വലിയ വാഹനങ്ങൾ ചരക്കു വാഹനങ്ങൾക്കുമുള്ള ഗതാഗത നിയന്ത്രണം തുടരുമെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചു. വയനാട് ചുരത്തിൽ മണ്ണിടിഞ്ഞ റോഡിലെ നിർമ്മാണ് പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നിവ മൂലം സംസ്ഥാനത്തെ 27,000ത്തിലധികം പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്. തീരപ്രദേശത്തെയും സമതലങ്ങളെയും മലയോര മേഖലകളെയും തളർത്തിയാണ് ദുരിതം എത്തിയത്. 965 വില്ലേജുകളെ കെടുതി ബാധിച്ചിട്ടുണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. ഇതിനകം 90 മരണം റിപ്പോർട്ട് ചെയ്തു. അൻപതിലേറെ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. 333 വീടുകൾ പൂണമായും എണ്ണായിരത്തിലധികം വീടുകൾ ഭാഗികമായും തകർന്നു. പതിനായിരത്തോളം ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. അതിനിടെ വീടുകൾ പൂർണമായോ ഭാഗികമായോ നശിച്ചവർക്കു നൽകുന്ന ധനസഹായം നാലു ലക്ഷം രൂപയാക്കി.

മൂവാറ്റുപുഴയാർ കവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കിയത്. വൈക്കം താലൂക്കിലെ 18 വില്ലേജുകളും വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലാണെന്ന് അധികൃതർ അറിയിച്ചു. 20,000-ത്തോളം കുടുംബങ്ങൾ വെള്ളപ്പൊക്കത്തിൽ വിഷമിക്കുകയാണ്. താലൂക്കിൽ 250 വീടുകൾക്ക് ഭാഗികമായ നാശം സംഭവിച്ചു. 1,021 കുടുംബങ്ങളിലെ 3,250 പേരെ 32 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോട്ടയം-വൈക്കം റോഡിൽ തുറുവേലിക്കുന്ന്, ഇളംകാവ്, പൊട്ടൻചിറ മേഖലകളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതത്തിന് തടസ്സമായി. കറവപ്പശുക്കളെ വളർത്തി ഉപജീവനമാർഗം തേടിയിരുന്ന ക്ഷീര കർഷകർ കഷ്ടപ്പാടിലാണ്. സഹായ ദൗത്യവുമായി താലൂക്ക്-വില്ലേജ് അധികൃതർ രംഗത്തുണ്ടെങ്കിലും ദുരിതബാധിത പ്രദേശങ്ങളിൽ എത്തിപ്പെടാനുള്ള സൗകര്യം തടസ്സമായതും പ്രശ്‌നമാണ്.

പ്രളയത്തിൽപ്പെട്ടു വീടു നിന്ന ഭൂമി ഒഴുകിപ്പോകുകയും സംസ്ഥാനത്തു സ്വന്തമായി വേറെ ഭൂമി ഇല്ലാതിരിക്കുകയോ ഉള്ള സ്ഥലം വീടുവയ്ക്കാൻ യോഗ്യമല്ലെങ്കിലോ വേറെ സ്ഥലം വാങ്ങുന്നതിനായി പരമാവധി ആറു ലക്ഷം രൂപ അനുവദിക്കാനാണ് സർക്കാർ തീരുമാനം. ദുരന്ത ബാധിതരുടെ വീട് തകർന്നാൽ അതേ സ്ഥലത്ത് വീട് പുനർ നിർമ്മിക്കാൻ തദ്ദേശ സ്ഥാപനം ഒരു ദിവസത്തിനുള്ളിൽ അനുമതി നൽകും.

കോട്ടയവും കുട്ടനാടും വെള്ളത്തിൽ തന്നെ

കോട്ടയത്തും കുട്ടനാട്ടിലും വെള്ളപ്പൊക്കത്തിനിടയാക്കിയത് ഇടുക്കി, കോട്ടയം ജില്ലകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ അതിശക്തമായ മഴ. രണ്ടു ജില്ലകളിലും മഴയുടെ അളവ് അഞ്ചുദിവസം കൊണ്ടു 47% കൂടി. പത്തനംതിട്ടയിൽ 15%, ആലപ്പുഴയിൽ 10% വീതം മഴ കൂടി. ഇടുക്കിയിലെയും കോട്ടയത്തെയും കനത്ത മഴ കുട്ടനാടിനെയും മുക്കി.

മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ മഴ കുറഞ്ഞിട്ടും വെള്ളമിറങ്ങുന്നില്ല. ഒഴുക്കു തടസ്സപ്പെട്ടതാണു പ്രധാന കാരണം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമടിഞ്ഞു കായലുകളുടെയും പുഴകളുടെയും ആഴവും കയ്യേറ്റം മൂലം വീതിയും കുറഞ്ഞു. തണ്ണീർത്തടങ്ങളും വയലുകളും വ്യാപകമായി നികത്തിയതും പ്രശ്‌നമാണ്. ജൂണിൽ ലഭിച്ച നല്ല മഴയിൽ ഭൂജലനിരപ്പ് ഉയർന്നു. ഇതോടെ വെള്ളം വലിച്ചെടുക്കാനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞു. മുൻപു പശ്ചിമ ഘട്ടത്തിൽ മഴ പെയ്താൽ ഒരുദിവസം കഴിഞ്ഞാണു പുഴകളിൽ ജലനിരപ്പ് ഉയർന്നിരുന്നത്. ഇപ്പോൾ മണിക്കൂറുകൾക്കകം ഉയരുന്നു. പശ്ചിമ ഘട്ടത്തിന്റെ നാശം ജലസംഭരണശേഷിയെയും ബാധിച്ചെന്നാണ് വിലയിരുത്തൽ

ഒഡീഷ തീരത്തെ ശക്തമായ ന്യൂനമർദവും അറബിക്കടലിൽ കേരളം മുതൽ ഗുജറാത്ത് വരെ തീരത്തു രൂപംകൊണ്ട ന്യൂനമർദ പാത്തിയുമാണു കനത്ത മഴയ്ക്കു കാരണമായത്. ഏതാനും വർഷം മുൻപുവരെ ജൂലൈയിൽ ബംഗാൾ ഉൾക്കടലിൽ ഇത്തരം ന്യൂനമർദങ്ങളും തുടർന്നു മധ്യകേരളത്തിൽ മഴയും പതിവായിരുന്നുവെന്നു കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ് പറഞ്ഞു. എന്നാൽ സമീപ വർഷങ്ങളിൽ ഇതു നിലച്ച മട്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP