Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഞ്ചിനിയറിങ് ഡിഗ്രിയും കൈയിൽ വച്ച് തൊഴിലില്ലാതെ തേരാപാര നടക്കുന്ന മലയാളികൾക്ക് മറ്റൊരു പിൻഗാമികൾ കൂടി! ലക്ഷങ്ങൾ മുടിച്ച് ഡോക്ടറായ മലയാളികളിൽ പലരും തൊഴിൽ ഇല്ലാതെ അലയുന്നു; 10,000 ഡോക്ടർമാർ തൊഴിൽ രഹിതരെന്ന് റിപ്പോർട്ട്; 15,000 രൂപ കിട്ടിയാൽ ജോലി ചെയ്യാൻ തയ്യാറായി അനേകം യുവ ഡോക്ടർമാർ; പഞ്ചനക്ഷത്ര ആശുപത്രികളിൽ നക്കാപ്പിച്ച കൊടുത്ത് പീഡനം; മക്കളെ ഞെക്കിപ്പിഴിഞ്ഞ് ഡോക്ടർമാരാക്കുന്ന മാതാപിതാക്കൾ ഈ കണക്ക് അറിയുക

എഞ്ചിനിയറിങ് ഡിഗ്രിയും കൈയിൽ വച്ച് തൊഴിലില്ലാതെ തേരാപാര നടക്കുന്ന മലയാളികൾക്ക് മറ്റൊരു പിൻഗാമികൾ കൂടി! ലക്ഷങ്ങൾ മുടിച്ച് ഡോക്ടറായ മലയാളികളിൽ പലരും തൊഴിൽ ഇല്ലാതെ അലയുന്നു; 10,000 ഡോക്ടർമാർ തൊഴിൽ രഹിതരെന്ന് റിപ്പോർട്ട്; 15,000 രൂപ കിട്ടിയാൽ ജോലി ചെയ്യാൻ തയ്യാറായി അനേകം യുവ ഡോക്ടർമാർ; പഞ്ചനക്ഷത്ര ആശുപത്രികളിൽ നക്കാപ്പിച്ച കൊടുത്ത് പീഡനം; മക്കളെ ഞെക്കിപ്പിഴിഞ്ഞ് ഡോക്ടർമാരാക്കുന്ന മാതാപിതാക്കൾ ഈ കണക്ക് അറിയുക

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശൂരും മാത്രം മെഡിക്കൽ കോളേജുകൾ. പഠിച്ചിറങ്ങുന്നത് പ്രതിവർഷം 300 പേരും. എൻട്രൻസ് എഴുതി ജയിക്കുന്ന മിടുക്കർക്ക് മാത്രം പ്രാപ്യമായിരുന്നു കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസം. കള്ളക്കളികളൊന്നും നടക്കാത്തതു കൊണ്ട് തന്നെ കേരളത്തിലെ ആരോഗ്യ മോഡലിന് കരുത്ത് കൂടി. സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിവരെല്ലാം അതിപ്രശസ്തരായ ഡോക്ടർമാരുമായി. ഇതൊക്കെ കേരളത്തിന് പഴങ്കഥയാണ്. ആഗോളവത്സകരണ കാലത്ത് സ്വാശ്രയ മെഡിക്കൽ കോളേജുകൾ കൂണുപോലെ കുതിച്ചുയർത്തുന്നു. അമ്പത് ശതമാനം സർക്കാർ മെറിറ്റും അട്ടിമറിച്ചതോടെ ആർക്ക് വേണമെങ്കിലും സ്വകാര്യ മെഡിക്കൽ കോളേജിൽ അഡ്‌മിഷൻ കിട്ടുന്ന സ്ഥിതിയെത്തി. ഇതു തന്നെയാണ് എഞ്ചിനിയറിങ് കോളേജുകളിലും സംഭവിച്ചത്. പ്രതിവർഷം പതിനായിരങ്ങളാണ് ബിടെക് ബിരുദവുമായെത്തിയത്. ഇതോടെ ഇവരിൽ ബഹുഭൂരിഭാഗവും തൊഴിൽ രഹിതരായി. മെഡിക്കൽ രംഗത്ത് ഇത് സംഭവിക്കുന്നുവെന്നതാണ് സൂചന.

കേരളത്തിൽ രജിസ്റ്റർ ചെയതിട്ടുള്ള പതിനായിരത്തോളം എം.ബി.ബി.എസ്. ഡോക്ടർമാർക്ക് ജോലിയില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) കേരള ഘടകം പറയുന്നു. ഡോക്ടർമാരെ ആവശ്യത്തിന് കിട്ടാനില്ലെന്ന ആരോപണം ശരിയല്ലെന്ന് ഐ.എം.എ. പറയുന്നു. സർക്കാർ ആശുപത്രികളിലേക്ക് ഡോക്ടർമാരെ കിട്ടുന്നില്ലെന്ന് സർക്കാർ പരാതി പറയാറുണ്ട്. മെഡിക്കൽ രംഗത്ത് സ്വകാര്യ വൽക്കരണത്തിന് കൂടുതൽ ഊന്നൽ കൊടുക്കാനുള്ള കാരണവും ഇതാണ്. എന്നാൽ പ്രാഥമിക ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ പോന്ന വിധത്തിൽ ഡോക്ടർമാർ കേരളത്തിൽ പണിയില്ലാതെയുണ്ടെന്നാണ് ഐഎംഎയുടെ കണക്ക് വിശദീകരിക്കുന്നത്. കേരളത്തിൽ നിരവധി സ്വാശ്രയ കോളേജുകളുണ്ട്. ഇതിന് പുറമേ തമിഴ്‌നാട്ടിലും കർണ്ണാടകയിലും അന്ധ്രയിലേക്കും സ്വാശ്രയ കോളേജിൽ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടർമാർ. പോരാത്തതിന് ചൈനയിലും മറ്റും പഠിക്കുന്നവരും കേരളത്തിലുണ്ട്. ഇവർക്കെല്ലാം മതിയായ ജോലിക്കുള്ള സാഹചര്യം കേരളത്തിൽ ഇല്ലെന്നതാണ് യാഥാർത്ഥ്യം.

പണമുള്ളവരെല്ലാം മക്കളെ ഡോക്ടർമാരാക്കാൻ ശ്രമിക്കുന്നു. നീറ്റ് നിലവിൽ വന്നപ്പോഴും കാശുണ്ടെങ്കിൽ ആർക്കും ഡോക്ടർമാരാകാമെന്നതാണ് അവസ്ഥ. എൻ ആർ ഐ സീറ്റിൽ പഠിച്ചിറങ്ങാൻ കോടികളാണ് പലരും മുടക്കുന്നത്. ഇങ്ങനെ പഠിച്ചിറങ്ങുന്ന ഡോക്ടർമാരാണ് ജോലി ഇല്ലാതെ പാടുപെടുന്നത്. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ മോഡേൺ മെഡിസിൻ വിഭാഗത്തിൽമാത്രം 60,000 ഡോക്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ സർക്കാർ ഡോക്ടർമാർ എഴായിരത്തോളം വരും. തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രമുഖ ആശുപത്രികളിൽ ജോലി അന്വേഷിച്ച് ദിവസം ഇരുനൂറോളം അന്വേഷണങ്ങൾ എത്താറുണ്ട്. അതായത് ജോലി ഇല്ലാത്തവർ പെരുകുന്നതിന്റെ ലക്ഷ്ണമാണ്. പല സ്വകാര്യ ആശുപത്രികളും ചൂഷണവും നടത്തുന്നു. നേഴ്‌സുമാർക്ക് നൽകുന്നതിന് സമാനമായി തുച്ഛമായ ശമ്പളമാണ് കോടികൾ മുടക്കി പഠിച്ചിറങ്ങിയ ഡോക്ടർമാർക്കും കൊടുക്കുന്നത്.

ഇങ്ങനെ സ്വകാര്യ ആശുപത്രിയിൽ ജോലി അന്വേഷിച്ചെത്തുന്നവരിൽ കൂടുതലും വിദേശത്തുനിന്നും പഠിച്ചെത്തുന്ന എം.ബി.ബി.എസുകാരാണ്. ചെറിയ ആശുപത്രികളിലും ഇവർ ജോലിക്കായി കയറിയിറങ്ങും. 15,000 രൂപയ്ക്കുപോലും ജോലിചെയ്യാൻ ഇവർ തയ്യാറാണ്. സർക്കാർ മേഖലയിൽ താൽകാലിക ജോലിക്കും നിരവധി പേർ തയ്യാറാണ്. സർക്കാർ ആശുപത്രികളിലും ഇ.എസ്‌ഐ. ഡിസ്‌പെൻസറികളിലും താത്കാലിക ഒഴിവുകളിൽ ജോലി കിട്ടാനും നിരവധി പേർ മത്സരിക്കുന്നു. ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിലും ഡോക്ടർമാർക്ക് ക്ഷാമമില്ല. ആരും ഡോക്ടർമാരെ തേടി ഐഎംഎയെ സമീപിക്കാറുമില്ല. വിദേശത്തും സാധ്യത കുറഞ്ഞു. ഇതോടെയാണ് നാട്ടിലെ ഡോക്ടർമാർ കൂടുന്നതിന് സാഹചര്യമൊരുങ്ങിയത്. മുമ്പ് ഗൾഫിലും മറ്റും മലയാളി ഡോക്ടർമാർക്ക് മികച്ച സാധ്യതയായിരുന്നു. സർക്കാർ മെഡിക്കൽ കോളേജിലെ പഠന നിലവാരമായിരുന്നു ഇതിന് കാരണം. അമേരിക്കയിൽ പോലും കേരളത്തിലെ ഡോക്ടർമാരെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന സാഹചര്യമുണ്ടായിരുന്നു.

എന്നാൽ സ്വാശ്രയ കോളേജുകൾ കൂണു പോലെ മുളച്ചതോടെ ഡോക്ടർമാരുടെ നിലവാരത്തിൽ ഇടിവുണ്ടായി. രോഗികൾ ഇല്ലാത്ത മെഡിക്കൽ കോളേജുകളിൽ പഠിച്ചിറങ്ങുന്നവർക്ക് രോഗനിർണ്ണയ പരിചയവും കുറഞ്ഞു. ഇതോടെ വിദേശത്തും സാധ്യതകൾ കുറഞ്ഞു. മെഡിക്കൽ പ്രവേശന സമയമായ ജൂൺ, ജൂലായ് മാസങ്ങളിലാണ് ഡോക്ടർമാർ കുറവെന്ന ചർച്ച ഉയർത്തുന്നത്. വിദേശ മെഡിക്കൽ കോളേജിലേക്ക് വിദ്യാർത്ഥികളെ അയക്കുന്ന ചില ലോബികളാണ് ഇതിന് പിന്നിൽ. ഇങ്ങനെ പോയാൽ താമസിയാതെ മെഡിക്കൽ വിദ്യാഭ്യാസ രംഗവും താറുമാറാകും. തിരുവനന്തപുരത്തെ രണ്ടു സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകർക്ക് ആറുമാസമായി ശമ്പളമില്ലെന്നും ഐഎംഎ വിശദീകരിക്കുന്നു. നേഴ്‌സുമാർക്ക് സമാനമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും മാന്യമായ ശമ്പളത്തിന് സമരം ചെയ്യുന്ന കാലം വിദൂരമല്ലെന്നാണ് പുറത്തുവരുന്ന സൂചന.

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പുനഃക്രമീകരണത്തിന് സമയമായി എന്നാണ് ഐഎംഎയുടെ നിരീക്ഷണം. ഡോക്ടർമാരുടെ തൊഴിലില്ലായ്മ രൂക്ഷമാണ്. അതിനാൽ, സ്വകാര്യ-സർക്കാർ മേഖലകളിൽ പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങരുതെന്നാണ് ഐഎംഎ പോലും സർക്കാരിനോട് ആവശ്യപ്പെടുന്നത്. 2001ൽ എ. കെ. ആന്റണിയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയ യു.ഡി.എഫ് സർക്കാരാണ് കേരളത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് കാതലായ ദിശാവ്യതിയാനം കൊണ്ടുവന്നത്. 1993ൽ പരിയാരം മെഡിക്കൽ കോളേജിലൂടെ സ്വാശ്രയ വിദ്യാഭ്യാസം മെഡിക്കൽ മേഖലയിൽ തുടങ്ങിയെങ്കിലും അത് ലക്ഷിച്ച ഫലം ഉണ്ടാക്കിയില്ല. എൻഒസി കിട്ടിയ സ്വാശ്രയ മാനേജ്മെന്റുകൾ കേരളത്തിലുടനീളം സ്ഥാപനങ്ങൾ ഉയർത്തുകയും അവയ്ക്ക് പലവിധത്തിലും യൂണിവേഴ്‌സിറ്റി, മെഡിക്കൽ കൗൺസിൽ അംഗീകാരങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഇതു മാത്രമല്ല സർക്കാർ വാഗ്ദാനത്തിന് വിപരീതമായ് അൻപത് ശതമാനം സീറ്റുകളിൽ മെറിറ്റ് പ്രവേശനം നിഷേധിക്കുകയോ, കൂടിയ ഫീസ് ഈടാക്കുകയോ ചെയ്തു തുടങ്ങി. എല്ലാം കച്ചവടമായി. ഇതോടെയാണ് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഇടിഞ്ഞു തുടങ്ങിയത്.

നിലവിലുള്ള സർക്കാർ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്കാദമിക നിലവാരം ഉയർത്തുകയും, അവയിൽ മെറിറ്റിന് കൂടുതൽ പ്രാധാന്യം കിട്ടുന്ന തരത്തിലും സാമൂഹ്യനീതിയിലധിഷ്ഠിതമായ സംവരണതത്വങ്ങൾ പാലിച്ച് കൊണ്ടുമുള്ള പ്രവേശന സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ നിലവാരമുള്ള ഡോക്ടർമാരും ഉണ്ടാകു. ആരോഗ്യ വിദ്യാഭ്യാസമേഖലയിൽ ദൂരകാഴ്ചയുള്ളതും സാമൂഹികബോധത്തോടെയുള്ളതുമായ നയം സ്വീകരിച്ചില്ലെങ്കിൽ ഡോക്ടർമാരുടെ തൊഴിൽ ഇല്ലായ്മ ഉയരുകയേ ഉള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP