Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച കത്തിൽ കഴമ്പില്ല; ജസ്റ്റിസ് കെ.എം.ജോസഫിനായി സുപ്രീം കോടതി കൊളീജിയം വീണ്ടും; ഋഷികേശ് റോയിയെ ചീഫ് ജസ്‌ററിസായി നിയമിക്കാനും ശുപാർശ

കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച കത്തിൽ കഴമ്പില്ല; ജസ്റ്റിസ് കെ.എം.ജോസഫിനായി സുപ്രീം കോടതി കൊളീജിയം വീണ്ടും; ഋഷികേശ് റോയിയെ ചീഫ് ജസ്‌ററിസായി നിയമിക്കാനും ശുപാർശ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്നു സുപ്രീം കോടതി കൊളീജിയം വീണ്ടും ശുപാർശ ചെയ്തു. കഴിഞ്ഞ ജനുവരിയിൽ തങ്ങൾ നൽകിയ ശുപാർശ തള്ളിയതിനു കാരണങ്ങൾ പറഞ്ഞു കേന്ദ്രത്തിൽനിന്നു ലഭിച്ച കത്തുകളിൽ ജസ്റ്റിസ് ജോസഫിന് എതിരായി ഒന്നും തന്നെയില്ലെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയം ചൂണ്ടിക്കാട്ടി.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജിയെയും ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണിനെയും സുപ്രീം കോടതി ജഡ്ജിമാരാക്കണമെന്നും കൊളീജിയം ശുപാർശ ചെയ്തു. ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, കുര്യൻ ജോസഫ്, എ.കെ.സിക്രി എന്നിവരുമുൾപ്പെട്ട കൊളീജിയത്തിന്റേതാണു തീരുമാനം. ജസ്റ്റിസ് ജോസഫിന്റെ പേര് പ്രത്യേകമായാണു ശുപാർശ ചെയ്തിട്ടുള്ളത്.

കൊളീജിയം ഒരു പേര് രണ്ടാമതും ശുപാർശ ചെയ്താൽ സർക്കാർ അത് അംഗീകരിക്കണമെന്നാണു വ്യവസ്ഥ. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നും പട്‌ന ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കണമെന്നും ശുപാർശയുണ്ട്.

ഡൽഹി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തലിനെ ജമ്മുകശ്മീരിലും കൽക്കട്ട ഹൈക്കോടതി ജസ്റ്റിസ് അനിരുദ്ധ ബോസിനെ ജാർഖണ്ഡ് ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസാക്കുക. ബോംബെ ൈഹക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി വി.കെ.തഹിൽരമണിയെ മദ്രാസിലും ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.ആർ.ഷായെ പട്‌നയിലും രാജസ്ഥാൻ ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.എസ്.ജവേരിയെ ഒഡീഷ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസാക്കുക. പട്‌നയിലെ അഡിഷനൽ ജഡ്ജി അരുൺകുമാറിനെ സ്ഥിരം ജഡ്ജിയാക്കണം.

സുപ്രീം കോടതിയിലേക്കു ശുപാർശ ചെയ്യപ്പെട്ട ജസ്റ്റിസ് ഇന്ദിര ബാനർജി ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റിയിൽ നാലാമതും ജസ്റ്റിസ് വിനീത് സരൺ അഞ്ചാമതുമാണ്. സീനിയോറിറ്റി, മികവ്, സംശുദ്ധി എന്നിവ കണക്കിലെടുത്താണ് ഇവരെ ശുപാർശ ചെയ്യുന്നതെന്നു കൊളീജിയം വ്യക്തമാക്കി. സുപ്രീം കോടതിയിലെ അനുവദനീയ അംഗബലം 31 ആണ്. നിലവിൽ 22 പേർ; ഒൻപതു പേരുടെ ഒഴിവുണ്ട്; മൂന്ന് ഒഴിവുകൾ ഈ ശുപാർശകളിലൂടെ നികത്തപ്പെടും കൊളീജിയം വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP