Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് വനിത ജഡ്ജിമാർ ഉൾപ്പെടുന്ന ബെഞ്ച് ആണെങ്കിൽ എന്താകും അഭിഭാഷകർ വിശേഷിപ്പിക്കുക? 'Your lordships' എന്നാകുമോ 'Your ladyships' എന്നാകുമോ? ഒരേ സമയം മൂന്ന് വനിതാ ജഡ്ജിമാർ എന്ന അപൂർവ്വതയ്ക്ക് സാക്ഷ്യം വഹിക്കാൻ സുപ്രീംകോടതി ഒരുങ്ങുമ്പോൾ: ബാലഗോപാൽ ബി നായർ എഴുതുന്നു

രണ്ട് വനിത ജഡ്ജിമാർ ഉൾപ്പെടുന്ന ബെഞ്ച് ആണെങ്കിൽ എന്താകും അഭിഭാഷകർ വിശേഷിപ്പിക്കുക? 'Your lordships' എന്നാകുമോ 'Your ladyships' എന്നാകുമോ? ഒരേ സമയം മൂന്ന് വനിതാ ജഡ്ജിമാർ എന്ന അപൂർവ്വതയ്ക്ക് സാക്ഷ്യം വഹിക്കാൻ സുപ്രീംകോടതി ഒരുങ്ങുമ്പോൾ: ബാലഗോപാൽ ബി നായർ എഴുതുന്നു

ബാലഗോപാൽ ബി നായർ

'My lords', 'Your lordships'  2005 ൽ സുപ്രീം കോടതിയിൽ ആദ്യം എത്തിയ ദിവസം മുതൽ ഈ അഭിസംബോധന കേൾക്കാതെ ഒരു ദിവസം പോലും കോടതി റിപ്പോർട്ടിങ് കടന്ന് പോയിട്ടില്ല. ഇടയ്ക്ക് ഏകവചനം ആയി 'My lord', 'Your lordship' or 'Your honour' എന്ന അഭിസംബോധനകൾ കേൾക്കാറുണ്ട്. ഒരിക്കൽ മാത്രം ആണ് Your ladyship എന്ന അഭിസംബോധന കേട്ടിട്ടുള്ളത്. അറ്റോർണി ജനറൽ ആയിരുന്ന ഗുലാം വാഹൻവതി ഏതോ കേസ് വാദിക്കുമ്പോൾ ബെഞ്ചിൽ അംഗം ആയിരുന്ന ജസ്റ്റിസ് ഗ്യാൻസുധ മിശ്ര ഒരു ചോദ്യം ഉന്നയിച്ചു. അതിന് ഗുലാം വാഹൻവതി മറുപടി തുടങ്ങിയത് Yes, your ladyship എന്ന അഭിസംബോധനയോടെ ആണ്. എന്നാൽ ഒരിക്കൽ പോലും Yes, your ladyships എന്ന ബഹുവചന അഭിസംബോധന കോടതി മുറിയിൽ കേട്ടിട്ടില്ല.

ചൊവ്വാഴ്ച രാവിലെ 10. 30 ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി സുപ്രീം കോടതി ജഡ്ജി ആയി സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കുന്നതോടെ സുപ്രീം കോടതിയുടെ 68 വർഷത്തെ ചരിത്രം തിരുത്തപ്പെടുക ആണ്. ഒരേസമയം മൂന്ന് വനിതാ ജഡ്ജിമാർ എന്ന അപൂർവ്വതയ്ക്ക് സുപ്രീംകോടതി അന്ന് മുതൽ സാക്ഷ്യം വഹിക്കാൻ പോകുക ആണ്. മറ്റൊരു ചരിത്ര നേട്ടത്തിന് കൂടി ഒരു പക്ഷേ സുപ്രീം കോടതി ഈ കാലയളവിൽ സാക്ഷ്യം വഹിച്ചേക്കാം. Yes, your ladyships എന്ന ബഹുവചന അഭിസംബോധന കോടതി മുറിയിൽ ഉയരുന്ന നിമിഷം.

സുപ്രീം കോടതിയിൽ സീനിയോറിറ്റിയിൽ 12 മാത് ആയ ജസ്റ്റിസ് ആർ ഭാനുമതി ആണ് ചൊവ്വാഴ്‌ച്ച മുതൽ 12 നമ്പർ കോടതിയിലെ പ്രെസൈഡിങ് ജഡ്ജ്. ചൊവ്വാഴ്ച ജസ്റ്റിസ് അബ്ദുൽ നസീർ ആണ് ജസ്റ്റിസ് ആർ ഭാനുമതിക്ക് ഒപ്പം. എന്നാൽ ബുധനാഴ്ച മുതൽ പുതുതായി സത്യപ്രതിജ്ഞ ജഡ്ജിമാരിൽ ഒരാൾ ആകും ജസ്റ്റിസ് ഭാനുമതിക്ക് ഒപ്പം. ഇത് ആരാണ് എന്ന് ഇപ്പോൾ വ്യക്തമല്ല. ജസ്റ്റിസ് ഇന്ദിര ബാനർജീ ആണ് ജസ്റ്റിസ് ഭാനുമതിക്ക് ഒപ്പം എങ്കിൽ അത് മറ്റൊരു ചരിത്രം ആകും. രണ്ട് വനിത ജഡ്ജിമാർ ഒരുമിച്ച് ഒരേ ബെഞ്ചിൽ.

2005 ൽ ഞാൻ സുപ്രീം കോടതിയിൽ മാധ്യമപ്രവർത്തകൻ ആയി ആദ്യം എത്തുമ്പോൾ ജസ്റ്റിസ് രുമ പാൽ ആയിരുന്നു കോടതിയിൽ ഉണ്ടായിരുന്ന ഏക വനിത ജഡ്ജി. 2006 ൽ ജസ്റ്റിസ് രുമ പാൽ വിരമിച്ചു. 2010 ൽ ആണ് ജസ്റ്റിസ് ഗ്യാൻസുധ മിശ്ര സുപ്രീം കോടതിയിൽ എത്തുന്നത്. 2011 സെപ്റ്റംബർ 13ന് ജസ്റ്റിസ് രഞ്ജനാ ദേശായി സുപ്രീംകോടതി ജഡ്ജി ആയി. 2014 ൽ വിരമിക്കുന്നത് വരെ ജസ്റ്റിസ് ഗ്യാൻസുധ മിശ്രയും ജസ്റ്റിസ് രഞ്ജനാ ദേശായിയും ഒരേ കാലയളവിൽ സുപ്രീം കോടതിയിൽ ഉണ്ടായിരുന്നു. 2013 ൽ ജസ്റ്റിസ് അഫ്താബ് ആലം പ്രെസൈഡ് ചെയ്തിരുന്ന ബെഞ്ചിൽ ഈ രണ്ട് പേരും അംഗം ആയിരുന്നു. കുറച്ച് ദിവസം ജസ്റ്റിസ് അഫ്താബ് ആലം അവധിയിൽ ആയിരുന്നപ്പോൾ ജസ്റ്റിസ് ഗ്യാൻസുധ മിശ്ര പ്രെസൈഡ് ചെയ്ത ബെഞ്ചിൽ ജസ്റ്റിസ് രഞ്ജന ദേശായി അംഗം ആയിരുന്നു. ചുരുക്കി പറഞ്ഞാൽ 'ആക്‌സിഡന്റൽ' വനിത ജഡ്ജ് ബെഞ്ച് സുപ്രീം കോടതിയിൽ ഉണ്ടായിട്ടുണ്ട്. കാര്യമായ കേസ്സുകൾ ആ ബെഞ്ച് പരിഗണിച്ചിരുന്നില്ല എന്നാണ് ഓർമ്മ. എന്നാൽ അതിനെ ഒരു സ്ഥിരം സംവിധാനം എന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല.

2005 ന് മുമ്പുള്ള ചരിത്രം പരിശോധിച്ചാലും രണ്ട് വനിത ജഡ്ജിമാർ ഉൾപ്പെട്ട ബെഞ്ച് കേസ് പരിഗണിക്കാൻ ഉള്ള സാധ്യത കുറവാണ്. 1989 സുപ്രീം കോടതിയിൽ ആദ്യ വനിത ജഡ്ജി ആയി ചുമതയേറ്റ ജസ്റ്റിസ് ഫാത്തിമ ബീവി 1992 ൽ വിരമിച്ചു. 1994 ആണ് ജസ്റ്റിസ് സുജാത മനോഹർ സുപ്രീം കോടതിയിൽ എത്തുന്നത്. 99 ൽ വിരമിച്ചു. അതിനും ഒരു വർഷത്തിന് ശേഷം ആണ് ജസ്റ്റിസ് രുമ പാൽ സുപ്രീം കോടതിയിൽ എത്തുന്നത്.

രണ്ട് വനിത ജഡ്ജിമാർ ഉൾപ്പെടുന്ന ബെഞ്ച് ആണെങ്കിൽ എന്താകും അഭിഭാഷകർ വിശേഷിപ്പിക്കുക ? 'Your lordships' എന്നാകുമോ 'Your ladyships' എന്നാകുമോ ? 'Your ladyship' എന്ന വിശേഷണം ലിംഗ വിവേചനം ആണെന്ന് അഭിപ്രായപ്പെട്ട വനിത ജഡ്ജിമാർ ഉണ്ട്. ഏറ്റവും ഒടുവിൽ അത്തരം ഒരു അഭിപ്രായം കേട്ടത് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ നിന്നാണ്. പഞ്ചാബിലെ അഡ്വക്കേറ്റ് ജനറൽ അതുൽ നന്ദ 'Your ladyship' എന്ന് വിശേഷിപ്പിച്ചതിനെ ജസ്റ്റിസ് ദയ ചൗധരി വിലക്കി. വിശേഷണം ലിംഗ വിവേചനപരം എന്നായിരുന്നു ജസ്റ്റിസ് ദയയുടെ നിലപാട്.

കൊളോണിയൽ കാലഘട്ടത്തിലെ അടിമത്ത വ്യവസ്ഥയുടെ ബാക്കി പത്രം ആയ 'My lord', 'Your lordship', 'Your honour' എന്നിവ ജഡ്ജിമാരെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്നത് വിലക്കണം എന്ന് ആവശ്യപ്പെട്ട് 2014 ൽ സുപ്രീം കോടതിയിൽ ഒരു പൊതു താത്പര്യ ഹർജി വന്നിരുന്നു. ചീഫ് ജസ്റ്റിസ് ആയിരുന്ന എച്ച് എൽ ദത്തുവും ജസ്റ്റിസ് എസ് എ ബോബ്‌ഡെയും അടങ്ങുന്ന ബെഞ്ച് ആ പൊതു താത്പര്യ ഹർജി തള്ളിയെങ്കിലും ഈ അഭിസംബോധന നിർബന്ധം അല്ലെന്ന് വ്യക്തമാക്കിയിരുന്നു.

കാത്തിരിക്കാം 'Your ladyships' എന്ന അഭിസംബോധന സുപ്രീം കോടതിയിൽ ഉയരുന്നത് കേൾക്കാൻ. അധികം വൈകാതെ അത് കേൾക്കും എന്ന് ഉറപ്പ്. സുപ്രീം കോടതിയിലെ ചരിത്രത്തിലെ മറ്റൊരു അപൂർവ്വ നിമിഷത്തിന് കൂടി അങ്ങനെ സാക്ഷി ആകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP