Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്മ്യൂണിറ്റി ഷീൽഡിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; ചാമ്പ്യൻസ് ലീഗ് ജേതാക്കളുടെ വിജയം നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം; മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി 200 ഗോൾ തികയ്ക്കുന്ന ആദ്യ താരമായി സെർജിയോ അഗ്യൂറോ

കമ്മ്യൂണിറ്റി ഷീൽഡിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; ചാമ്പ്യൻസ് ലീഗ് ജേതാക്കളുടെ വിജയം നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം; മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി 200 ഗോൾ തികയ്ക്കുന്ന ആദ്യ താരമായി സെർജിയോ അഗ്യൂറോ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: എഫ് എ കപ്പ് വിജയികളും പ്രീമിയർ ലീഗ് ജേതാക്കളും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടം ശ്വാസമടക്കിപ്പിടിച്ചാണ് ആരാധകർ വീക്ഷിച്ചത്. ഒടുക്കം കമ്മ്യൂണിറ്റി ഷീൽഡിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ മുട്ടു കുത്തിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ  സിറ്റി ചെൽസിയെ തകർത്തെറിഞ്ഞത്. അർജന്റീനയുടെ താരമായ സെർജിയോ അഗ്യൂറോയാണ് മാഞ്ചസ്റ്ററിനായി രണ്ടു തവണ ഗോൾ നേടിയത്. ഇതോടെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം  കമ്മ്യുണിറ്റി ഷീൽഡ് നേടുന്ന ടീമായി മാറി.

മാഞ്ചസ്റ്റർ സിറ്റിക്കായി 200 ഗോൾ തികയ്ക്കുന്ന ആദ്യ താരമെന്ന പദവി മൽസരത്തിലെ ആദ്യ ഗോൾ നേടിയ അഗ്യൂറോയ്ക്ക് സ്വന്തം. ഇന്ത്യ ആതിഥ്യം വഹിച്ച അണ്ടർ 17 ലോകകപ്പിൽ ഇംഗ്ലണ്ടിനായി കളിച്ച ഫിൽ ഫോഡന്റെ പാസിൽനിന്നാണ് അഗ്യൂറോ സിറ്റിയുടെ ആദ്യഗോൾ നേടിയത്. 2011 മുതൽ മാഞ്ചസ്റ്റർ സിറ്റിയിലെ പ്രധാന താരമാണ് അഗ്യൂറോ. മധ്യനിരയിലെ പ്രധാനികളായ കെവിൻ ഡിബ്രൂയ്‌നെ, റഹിം സ്റ്റെർലിങ് എന്നിവരെക്കൂടാതെയാണ് സീസണിലെ ആദ്യ പ്രധാന പോരാട്ടത്തിന് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ടീമിനെ ഇറക്കിയത്. ചിലെയുടെ ക്ലോഡിയോ ബ്രാവോയെ ഗോൾവലയ്ക്കു മുന്നിൽ നിയോഗിച്ച ഗ്വാർഡിയോള, ഈ സീസണിൽ ടീമിനൊപ്പം ചേർന്ന റിയാദ് മഹ്‌റെസിനും അരങ്ങേറ്റത്തിന് അവസരം നൽകി.

മറുവശത്ത് ട്രാൻസ്ഫർ മാർക്കറ്റിലെ പ്രധാന പേരുകളായ ഏഡൻ ഹസാർഡ്, ഗോൾകീപ്പർ തിബോ കുർട്ടോ എന്നിവർക്കൊപ്പം പ്രമുഖ താരങ്ങളായ എൻഗോളോ കാന്റെ, ഒലിവർ ജിറൂദ്, മിച്ചി ബാത്ഷുവായി തുടങ്ങിയവരെ പുറത്തിരുത്തിയാണ് ചെൽസിയുടെ പുതിയ പരിശീലകൻ മൗറീസിയോ സാറി ടീമിനെ ഇറക്കിയത്. ബ്രസീലിയൻ താരം വില്യനെയും സാറി പകരക്കാരുടെ ബെഞ്ചിലിരുത്തി. കുർട്ടോയുടെ അസാന്നിധ്യത്തിൽ അർജന്റീന ഗോൾകീപ്പർ വില്ലി കബല്ലീറോയാണ് ചെൽസിയുടെ ഗോൾവല കാത്തത്.

തുടക്കം മുതലേ മാഞ്ചസ്റ്റർ സിറ്റിക്കായിരുന്നു കളിയിൽ ആധിപത്യം. 13-ാം മിനിറ്റിൽത്തന്നെ അവർ മുന്നിലെത്തുകയും ചെയ്തു. ഫിൽ ഫോഡനിൽനിന്നും ലഭിച്ച പന്തുമായി ബോക്‌സിലേക്ക് കടന്ന അഗ്യൂറോ, അർജന്റീന ടീമിൽ തന്റെ സഹതാരം കൂടിയായ ചെൽസി ഗോൾകീപ്പർ കബല്ലീറോയെ കബളിപ്പിച്ച് പന്ത് വലയിലാക്കി. സ്‌കോർ 1-0. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് രണ്ടാക്കി ഉയർത്തി. 58-ാം മിനിറ്റിൽ അഗ്യൂറോ തന്റെ രണ്ടാം ഗോളും സ്വന്തമാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP