Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുണിക്കടകളിൽ സ്ത്രീതൊഴിലാളികൾക്ക് ഇരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്ത മിഠായിത്തെരുവിലെ സാധാരണക്കാരി പി വിജി കവർ ചിത്രമായി വന്ന ആഴ്‌ച്ചപ്പതിപ്പാണിത്; പെൺകുട്ടികളുടെ ബഞ്ചിൽ ഇരുന്ന കുറ്റത്തിന് കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട ദളിത് വിദ്യാർത്ഥി ദിനുവിന്റെ കവർസ്റ്റോറി ചെയ്തതും ഇവരാണ്; പരിമിതികൾക്കിടയിലും മാതൃഭൂമി നിർവഹിക്കുന്നത് വലിയ സാംസ്കാരിക ദൗത്യം

തുണിക്കടകളിൽ സ്ത്രീതൊഴിലാളികൾക്ക് ഇരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്ത മിഠായിത്തെരുവിലെ സാധാരണക്കാരി പി വിജി കവർ ചിത്രമായി വന്ന ആഴ്‌ച്ചപ്പതിപ്പാണിത്; പെൺകുട്ടികളുടെ ബഞ്ചിൽ ഇരുന്ന കുറ്റത്തിന് കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട ദളിത് വിദ്യാർത്ഥി ദിനുവിന്റെ കവർസ്റ്റോറി ചെയ്തതും ഇവരാണ്; പരിമിതികൾക്കിടയിലും മാതൃഭൂമി നിർവഹിക്കുന്നത് വലിയ സാംസ്കാരിക ദൗത്യം

സജീവ് അല

ചൊവ്വാഴ്ചയാണ് എനിക്കേറ്റവും പ്രിയപ്പെട്ട ദിവസം. അന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് കയ്യിൽ കിട്ടുന്നത്.ഇരുപത്തിയഞ്ച് വർഷത്തിന് മേലെയായി മാതൃഭൂമി വാരിക വായിക്കുന്നു.  ഒരു ലക്കം മിസ്സായാൽ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടുന്നിടത്തോളം ഇഷ്ടവും സ്നേഹവും അഴ്ചപ്പതിപ്പിനോടുണ്ട്. സാഹിത്യത്തിനൊപ്പം തന്നെ സാമൂഹ്യ രാഷ്ട്രീയ താത്വിക വിഷയങ്ങളും ആഴ്ചപ്പതിപ്പിന്റെ താളുകളിൽ വെട്ടിത്തിളങ്ങാറുണ്ട്.

മറിയക്കുട്ടി എന്നൊരു പ്രണയകഥ മാതൃഭൂമി ഓണപ്പതിപ്പിൽ വിദ്യാർത്ഥികാലത്ത് വായിച്ച് ചങ്ക് തകർന്നാണ് എൻ. മോഹനന്റെ ആരാധകനായി മാറിയത്.സാറാ ജോസഫിന്റെ ഒതപ്പും ആളോഹരിആനന്ദവും വായിച്ചാനന്ദിച്ചത് മാതൃഭൂമിയിലാണ്.ഞങ്ങൾ യുക്തിവാദികളെ അമ്പേ പരിഹസിക്കുന്ന വി ജെ ജയിസിന്റെ നിരീശ്വരൻ മാതൃഭൂമി താളുകളിലാണ് ഇടം കണ്ടത്.ഒരു കന്യാസ്ത്രീയുടെ ജീവിതചിത്രമായ വി ജെ ജയിംസ് കഥ അനിയത്തിപ്രാവ് വായിച്ചതിന് ശേഷമാണ് കർത്താവിന്റെ മണവാട്ടിമാരെ കൂടുതൽ സ്നേഹിച്ചും ആദരിച്ചും തുടങ്ങിയത്.

മലയാളത്തിലെ മികച്ചതിൽ മികച്ചതായ കഥകളും കവിതകളും നോവലുകളും പ്രകാശനം ചെയ്യപ്പെടുന്നത് മാതൃഭൂമിയിലാണ്. സെലിബ്രിറ്റി എഴുത്തുകാർക്ക് നല്കുന്ന അതേ പരിഗണനയും പരിലാളനയും നവാഗതപ്രതിഭകൾക്കും മാതൃഭൂമി നല്കിവരുന്നു. സുഭാഷ് ചന്ദ്രനും എസ് ഹരീഷും എല്ലാം ശ്രദ്ധിക്കപ്പെട്ടത് ആഴ്ചപ്പതിപ്പിന്റെ സർഗതാളുകളിലൂടെയാണ്.സാഹിത്യസൃഷ്ടികൾക്ക് നല്കുന്ന അതേ സ്പെയിസും പ്രാധാന്യവും ചിന്തകൾക്ക് തിരികൊളുത്തുന്ന തീകൊളുത്തുന്ന ലേഖനങ്ങൾക്കും മാതൃഭമി ആഴ്ചപ്പതിപ്പ് നല്കിവരുന്നു.

ഒരു കമ്മ്യൂണിസ്റ്റുകാരനിൽ നിന്ന് ഇസ്ളാമിക തീവ്രവാദികളുടെ സൈദ്ധാന്തികനായുള്ള കെ ഇ എൻ കുുഞ്ഞഹമ്മദിന്റെ രൂപാന്തരണം വാരികയിലുടെയാണ് കണ്ടറിഞ്ഞത്. ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ ആഞ്ഞടിക്കുന്ന ഒരു ലേഖനമില്ലാതെ അടുത്തെങ്ങും ആഴ്ചപ്പതിപ്പ് ഇറങ്ങിയിട്ടേയില്ല.അംബേദ്ക്കറും ദളിത് രാഷ്ട്രീയവും ഇന്ത്യയും കേരളവും ചർച്ച ചെയ്തുതുടങ്ങുന്നതിന് എത്രയോ മുൻപ് ദളിത് എഴുത്തുകാരനായ ശരൺകുമാർ ലിംബോളയുടെ ആത്മകഥ മാതൃഭൂമിയുടെ ലക്കങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞിരുന്നു.

ദളിത്- സ്ത്രീപക്ഷ രാഷ്ട്രീയത്തിന് ഏറ്റവും ശക്തമായ സൈദ്ധാന്തിക പിൻതുണ നല്കുന്ന മുഖ്യാധാരാ പ്രസിദ്ധീകരണവും മാതൃഭൂമി അഴ്ചപ്പതിപ്പ് തന്നെമാണ്.പെൺകുട്ടികളുടെ ബഞ്ചിൽ ഇരുന്ന കുറ്റത്തിന് കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട ദളിത് നിദ്യാർത്ഥി ദിനുവിന്റെ കവർചിത്രവും അഭിമുഖവുമായാണ് ആയിടയ്ക്ക് ഒരു ലക്കം പുറത്തുവന്നത്.

കേരളത്തിലെ തുണിക്കടകളിൽ പത്തും പതിനൊന്നും മണിക്കൂർ ഇരിക്കാനും മൂത്രമൊഴിക്കാനും അനുവാദമില്ലാതെ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ ദുരവസ്ഥ ആദ്യം ചർച്ചയാക്കിയതും മാതൃഭൂമി വീക്ക് ലിയാണ്.അസംഘടിത മേഖലകളിൽ തൊഴിലെടുക്കുന്ന സ്ത്രീകൾ നേരിടുന്ന കൊടിയ ചൂഷണത്തിന് നേരെ വിപ്ലവജിഹ്വകൾ കണ്ണടച്ചപ്പോൾ വമ്പൻ തുണിക്കടയുടെ ഒത്ത നടുക്കുള്ള ഗ്രാനൈറ്റ് തിളക്കത്തിൽ വന്നിരുന്ന് മൂത്രമൊഴിച്ച് പ്രതിഷേധിച്ച സെയിൽസ് ഗേളിന്റെ പ്രതിഷേധം പറയുന്ന സാറാ ജോസഫിന്റെ കഥ ആഴ്ചപ്പതിപ്പിൽ അച്ചടി മഷി പുരണ്ട് പുറത്തിറങ്ങി.

മാതൃഭൂമി വാരികയുടെ ഉള്ളടക്കത്തിനോട് ഒരു വിയോജിപ്പും ഇല്ലയോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നു തന്നെയാണ് ഉത്തരം.പത്രമൊതലാളിയായ വീരേന്ദ്രകുമാറിനെ പുകഴ്‌ത്തി വാഴ്‌ത്തുന്ന ലേഖനങ്ങൾ ഇടയ്ക്കിടെ ആഴ്ചപ്പതിപ്പിന്റെ ശോഭ കെടുത്താറുണ്ട്.ഹരിതവിപ്ളവത്തെ തള്ളിപ്പറയുന്ന ജൈവകൃഷി മാനിയാക്കാർക്ക് അർഹിക്കുന്നതിൽ കൂടുതൽ പരിഗണന മാതൃഭൂമിയുടെ താളുകളിൽ ലഭിച്ചുവരുന്നു. അപകടകരമായ വാക്സിൻ വിരുദ്ധ ലേഖനങ്ങൾ ആഴ്ചപ്പതിപ്പിൽ ഇടം പിടിച്ചിട്ടുണ്ട്. എല്ലാത്തരം വികസനപ്രവർത്തനങ്ങളേയും എതിർക്കുന്ന കടുത്ത പരിസ്ഥിതിവാദത്തിന് അമിതപ്രാധാന്യം വാരിക നല്കിവരുന്നു.

വിമർശനവും വിയോജിപ്പും അവിടെത്തന്നെ നില്ക്കുമ്പോഴും തുണിക്കടകളിൽ സ്ത്രീതൊഴിലാളികൾക്ക് ഇരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്ത മിഠായിത്തെരുവിലെ സാധാരണക്കാരി പി വിജി കവർ ചിത്രമായിവരുന്ന മലയാളത്തിലെ ആദ്യത്തൈ ആദിവാസി സംവിധായിക ലീല സന്തോഷിന്റെ അഭിമുഖം അതീവപ്രാധാന്യത്തോടെ അച്ചടിക്കുന്ന ഒരേയൊരു പ്രസിദ്ധീകരണം മാതൃഭൂമി അഴ്ചപ്പതിപ്പ് മാത്രമാണെന്ന് ഏടുത്ത് പറയാതെ വയ്യ.ഹിന്ദു- ഇസ്ളാമിക മതമൗലികവാദികൾ ഒരേ സമയം മാതൃഭൂമിയെ എതിർക്കുന്നുവെന്ന ഒറ്റക്കാരണത്താൽ തന്നെ ആ പ്രസിദ്ധീകരണത്തോടുള്ള ഇഷ്ടം പതിന്മടങ്ങായി മാറുന്നു.

മാതൃഭൂമിക്ക് പകരം ജന്മഭൂമി എന്നത് പാലിന് പകരം പട്ടച്ചാരായം സജസ്റ്റ് ചെയ്യുന്ന പരിപാടിയല്ലാതെ മറ്റൊന്നുമല്ല.

( എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ സജീവ് അല ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP