Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലുവ, പെരുമ്പാവൂർ മേഖലയിൽ നിന്നും 6500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും; സൈന്യം ആലുവയിൽ എത്തി; പ്രളയദുരന്തം വിലയിരുത്താൻ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലേക്ക്; പൊതുപരിപാടികൾ റദ്ദാക്കിയ മുഖ്യമന്ത്രി നാളെ ഹെലികോപ്ടറിൽ പ്രളയമേഖല നിരീക്ഷിക്കും; പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; ആലുവ ബലിതർപ്പണ ചടങ്ങിന് മാറ്റമില്ല

ആലുവ, പെരുമ്പാവൂർ മേഖലയിൽ നിന്നും 6500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും; സൈന്യം ആലുവയിൽ എത്തി; പ്രളയദുരന്തം വിലയിരുത്താൻ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലേക്ക്; പൊതുപരിപാടികൾ റദ്ദാക്കിയ മുഖ്യമന്ത്രി നാളെ ഹെലികോപ്ടറിൽ പ്രളയമേഖല നിരീക്ഷിക്കും; പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; ആലുവ ബലിതർപ്പണ ചടങ്ങിന് മാറ്റമില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ ആലുവ മേഖല അതീവ ജാഗ്രതയിൽ. പെരിയാറിന്റെ തീരത്തുള്ള 6500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനത്തിനായി ആലുവയിൽ സൈന്യം ഇറങ്ങിയിട്ടുണ്ട്. ഇടുക്കിയുടെ ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് ഷട്ടറുകൾ തുറക്കുന്നത് എന്നതു കൊണ്ട് തന്നെ അതീവ ജാഗ്രതയാണ് എങ്ങും. വെള്ളത്തിന്റെ ഒഴുക്കി കളയൽ തോത് വർദ്ധിപ്പിച്ചാൽ ആലുവ മേഖലയിൽ ദുരിതം വലിയ തോതിൽ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യം മുന്നിൽ കണ്ടുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്.

അതിനിടെ കാലവർഷം ദുരിതപ്പെയ്ത്തായി തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പെയ്യുന്ന മഴ എതാനും ദിവസങ്ങൾ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. മഴയും ഉരുൾപൊട്ടലും കൂടുതൽ ദുരന്തം വിതച്ച വയനാട്ടിൽ ഈ മാസം 14 വരെ കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ വകുപ്പ് വയനാട് ജില്ലയിൽ ഈ മാസം 14 വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ രൂക്ഷമായതിനെ തുടർന്ന് ജില്ല തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. വയനാടിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പാതകളെല്ലാം തന്നെ പൂർണമായും ഭാഗീകമായും തടസപ്പെട്ട നിലയിലാണ്.

വയനാടിന് പുറമെ, ഇടുക്കിയിലും ദുരന്ത നിവാരണ സേന റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ 13-ാം തീയതി വരെ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് 13-ാം തീയതി വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ നാശം വിതച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് ശനിയാഴ്ച വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനിട രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഓഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതു പരിപാടികൾ റദ്ദാക്കി. മുഖ്യമന്ത്രി നാളെ ഹെലികോപ്ടറിൽ ദുരിതബാധിത മേഖലയിൽ നിരീക്ഷണം നടത്താനും സാധ്യതയുണ്ട്. ഇടുക്കി ഡാമിൽ നിന്നും കൂടുതൽ വെള്ളം തുറന്നുവിടാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. നിലവിലുള്ളതിനേക്കാൾ മൂന്നിരട്ടി വെള്ളം തുറന്നുവിടുകയാണ്. പെരിയാറിലും പെരിയാറിന്റെ കൈവഴികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

കാലവർഷക്കെടുതി കലുഷിതമാണെന്നും ഏവരും ജാഗ്രത പാലിക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസ്. അവലോകനങ്ങൾ കൃത്യമായി നടക്കുന്നുണ്ട്. സൈനിക സഹായവും ലഭിച്ചു. ഇതുകൂടാതെ കർണാടക, തമിഴ്‌നാട് സർക്കാറുകളുടെ സഹായവും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. കർണാടകം 10 കോടിയാണ് നൽകിയത്. പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എേല്ലാം സജ്ജമാണ്. കലക്ടർമാർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മഴ തുടരുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രണാതീതമാകുകയാണ്. ഇനിയും ജലനിരപ്പുയർന്നാൽ ഓഫീസുകൾക്ക് അവധി നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളം ഇപ്പോൾ സുരക്ഷിതമാണ്. റൺവേയിൽ വെള്ളം കയറാതെ ശ്രദ്ധിക്കുന്നുണ്ട്. വിമാനത്താവളം അടക്കേണ്ടി വന്നാൽ തിരുവനന്തപുരം വിമാനത്താവളം സജ്ജമാക്കും. ആലുവ ബലിതർപ്പണ ചടങ്ങിന് മാറ്റമില്ലെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു. ഇവിടെ തർപ്പണം നടത്തുന്നതി നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് ചർച്ച ചെയ്തു. കേന്ദ്രത്തിൽ നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി. അടുത്ത ദിവസം രാജ്‌നാഥ് സിങ് കേരളത്തിൽ സന്ദർശമം നടത്തും. അതേസമയം, ആലുവയിലെ രക്ഷാപ്രവർത്തനത്തിനായി ആർമി എഞ്ചിനിയറിങ് വിഭാഗത്തിന്റെ സംഘമെത്തി. 32 അംഗ സംഘം പൊലീസിനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകും. സെക്കന്തരാബാദിൽ നിന്നും വിമാനമാർഗമാണ് സംഘം നെടുമ്പാശേരി മേഖലയിൽ ക്യാമ്പ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP