Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഹാപ്രതിഭയുടെ മസ്തിഷ്‌ക്ക മരണം! ഒരു കമൽ ചിത്രത്തിന്റെ യാതൊരു മേന്മയുമില്ലാതെ വിശ്വരൂപം 2; ഇത് ഉലകനായകന്റെ രാഷ്ട്രീയ പ്രവേശനത്തിനൊപ്പം കൂട്ടിക്കെട്ടാനെടുത്ത ടൈപ്പ് സിനിമ; മോശം തിരക്കഥയുടെ പരിക്ക് ഹോളിവുഡ്ഡ് സ്റ്റെലിലുള്ള ആഖ്യാനം വഴി മറികടക്കാനുള്ള ശ്രമവും വിജയിക്കുന്നില്ല; ആഗോള തീവ്രവാദ രാഷ്ട്രീയത്തോടുള്ള സമീപനത്തിലും ചിത്രം മലക്കം മറിയുന്നു

മഹാപ്രതിഭയുടെ മസ്തിഷ്‌ക്ക മരണം! ഒരു കമൽ ചിത്രത്തിന്റെ യാതൊരു മേന്മയുമില്ലാതെ വിശ്വരൂപം 2; ഇത് ഉലകനായകന്റെ രാഷ്ട്രീയ പ്രവേശനത്തിനൊപ്പം കൂട്ടിക്കെട്ടാനെടുത്ത ടൈപ്പ് സിനിമ; മോശം തിരക്കഥയുടെ പരിക്ക് ഹോളിവുഡ്ഡ് സ്റ്റെലിലുള്ള ആഖ്യാനം വഴി മറികടക്കാനുള്ള ശ്രമവും വിജയിക്കുന്നില്ല; ആഗോള തീവ്രവാദ രാഷ്ട്രീയത്തോടുള്ള സമീപനത്തിലും ചിത്രം മലക്കം മറിയുന്നു

എം മാധവദാസ്

.ആർ റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു; സംഗീതത്തിൽ തനിക്ക് വല്ല സംശയവും വന്നാൽ ചോദിക്കുക കമൽഹാസനോടാണെന്ന്! അതാണ് കമൽ.എ ആർ റഹ്മാനുപോലും സംശയം ദൂരീകരിക്കത്തക്ക അറിവ് തന്റെ പ്രധാന മേഖലയല്ലാത്ത സംഗീതത്തിൽപോലും ഉള്ളയാൾ.അഭിനയം,നൃത്തം,രചന,സംവിധാനം എന്നിങ്ങനെ ബഹുമേഖലകളിൽ നിറഞ്ഞുനിൽക്കാൻ കഴിയുന്ന ഇന്ത്യൻ സിനിമയിലെ ഒരേ ഒരു സകലകലാവല്ലഭൻ.കുള്ളനായും,ബുദ്ധിമാന്ദ്യമുള്ളവനായും, ഊമായായും, ഇരട്ടയായും,ഫോർബിളായും, എന്തിന് സാക്ഷാൽ ദശാവതാരമായും വേഷപ്പകർച്ച നടത്താൻ കഴിയുന്ന നമ്മുടെ സ്വകാര്യ അഹങ്കാരം. കോമഡിയും ആക്ഷനും നൃത്തവും സംഗീതവും എന്നുവേണ്ട എന്തും വഴങ്ങും. ഈ മുടിചൂടാമന്നൻ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത വിശ്വരൂപം 2 കണ്ടാൽ പക്ഷേ നാം അന്തം വിട്ടിരുന്നുപോകും.ഒരു കമൽ ചിത്രത്തിന്റെ യാതൊരു ക്വാളിറ്റിയും അതിനില്ല. ഉലകാനായകന്റെ രാഷ്ട്രീയ പ്രവേശം മുന്നിൽ കണ്ടുള്ള ഒരു ടിപ്പിക്കൽ തമിഴ് മസാല.'കുരുതിപ്പുനൽ' തൊട്ടുള്ള തന്റെ പഴയ ചിത്രങ്ങളെ അനുകരിക്കയല്ലാതെ പുതുയായി ഒന്നും ചെയ്യാൻ കമലിന് കഴിയുന്നില്ല.

കമലിൻെ അഭിനയത്തിലുമില്ല ആരാധകരെ ത്രസിപ്പിച്ചിരുന്ന ആ ഫയർ. 64ാം വയസ്സിന്റെ ജരാനരകൾ പലയിടത്തും വ്യക്തം.( ലുക്കിസത്തിൽ നമ്മുടെ മമ്മുക്കയെ കണ്ട് പഠിക്കണം) ചിത്രത്തിന്റെ തിരക്കഥയാണ് പറ്റെ പാളിപ്പോയത്.ഒന്നാം ഭാഗത്തിലെ വില്ലന്മ്മാർ രണ്ടാംഭാഗത്തിൽ വന്ന് പ്രതികാരം ചെയ്യുന്നതും നായകൻ അത് അതിജീവിക്കുന്നതുമായ ഒരു പൈങ്കിളി കഥ.ഈ പൊട്ടക്കഥയെ ഒന്നാന്തരം ക്യാമറയും ടേക്കിങ്ങ്സും ഉപയോഗിച്ച്, മികച്ച സാങ്കേതിക പരിചരണത്തിലൂടെ മികവുറ്റതാക്കാൻ കമൽ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്.പ്രമേയങ്ങൾ തെരഞ്ഞെടുക്കുന്നതിലും കൃത്യമായ ട്വിസ്റ്റുകൾ വരുത്തുന്നതിലുമൊക്കെ സാധാരണ കാണാറുള്ള കമൽഹാസൻ  മാജിക്ക് ഇത്തവണ ഏശിയിട്ടില്ല. ഒരു മഹാപ്രതിഭയുടെ മസ്തിഷ്‌ക്ക മരണം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചകളാണ് ഈ പടം നൽകുന്നവത്.ഇസ്ലാമിക തീവ്രാവാദം സംബന്ധിച്ച വിശ്വരൂപത്തിലെ നിലപാടിൽനിന്ന് ്മലക്കം മറിഞ്ഞ് കമൽ കൃത്യമായ രാഷ്ട്രീയക്കാരനാവുന്നതും ഈ ചിത്രത്തിൽ പ്രകടമാണ്.

നൂറ്റിയൊന്ന് ആവർത്തിച്ച കഥയും തിരക്കഥയും

എന്തെല്ലാം പരിമിതികൾ ഉണ്ടായിരുന്നെങ്കിലും ഒന്നാം വിശ്വരൂപം കണ്ടിരിക്കാവുന്ന ഒരു ചിത്രമായിരുന്നു. ആഗോള ഇസ്ലാം ഭീകരതയെ കൃത്യമായി നിർവചിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. ഇസ്ലാമിനെ അപമാനിക്കുന്നുവെന്നതിന്റെ പേരിൽ തമിഴ്സംഘടനകൾ നടത്തിയ വ്യാപകമായ പ്രതിഷേധവും തുടർന്നുണ്ടായ സെൻസർ കട്ടുകളും ചേർന്നതോടെ ചിത്രത്തിന്റെ മാർക്കറ്റ് വാല്യൂ ഉയർന്നു. അഫ്ഗാനിസ്ഥാനിലെ മലനിരകളിൽപോയുള്ള റോയുടെ സ്പൈവർക്കും താലിബാൻകാരുമെല്ലാം ചേർന്ന യുദ്ധത്തിന്റെ വ്യത്യസ്തമായ പശ്ചാത്തലവും ബോറടിപ്പിക്കാത്ത ക്രാഫ്റ്റും വിശ്വരൂപത്തെ ഹിറ്റാക്കി.ചിത്രം നൂറുകോടി കടന്നു.പക്ഷേ വിശ്വരൂപം 2ലേക്ക് വരിക.മൂന്നേകാൽ മണിക്കുറുള്ള ചിത്രത്തിന്റെ പല ഭാഗങ്ങളും ബോറടിയാണ്. പണിയറിയാവുന്ന ഒരു എഡിറ്റർ ഉണ്ടായിരുന്നെങ്കിൽ അര മണിക്കൂർ നിഷ്‌ക്കരുണം വെട്ടാമായിരുന്നു. അനാവശ്യമെന്ന് ഒറ്റ നോട്ടത്തിൽ തോനുന്ന അത്രക്കധികം രംഗങ്ങൾ ഈ പടത്തിലുണ്ട്.അതുകൊണ്ടുതന്നെ വിശ്വരൂപത്തിന്റെ ചടുലത രണ്ടാം സർഗത്തിന് കിട്ടുന്നില്ല.

വിശ്വനാഥ് എന്ന് വിളിക്കുന്ന വിസാം അഹമ്മദ് കാശ്മീരിയെന്ന റോ ഏജന്റിന്റെ പുതിയ ദൗത്യവും അയാളോട് കണക്കുതീർക്കാനെത്തുന്ന പഴയ തീവ്രവാദ സംഘത്തിന്റെ ശ്രമവുമാണ് രണ്ടാം വിശ്വരൂപം പറയുന്നത്.അപ്പോളും വിശ്വരൂപം ഒന്നിന്റെ പ്രമേയ പരിസരമായ താലിബാൻ കേന്ദ്രങ്ങളും യുദ്ധവും വരുമ്പോഴാണ് ചിത്രം ത്രില്ലടിപ്പിക്കുന്നത്.പുതിയ ദൗത്യത്തിനായി വിദേശത്തേക്ക് പോകുന്ന വിസാമും, ഭാര്യയായ വേഷമിട്ട പൂജാകുമാറും, സ്പൈ കമ്പാനിയനായ ആൻഡ്രിയ ജർമിയുമടങ്ങുന്ന സംഘത്തെ കാണിച്ചാണ് ചിത്രം തുടങ്ങുന്നത്.ആദ്യ പകുതിയുടെ 15 മിനുട്ട് കഴിയുമ്പോഴേക്കും പല ഇംഗ്ലീഷ് സിനിമകളുടെ അനുകരണം മണക്കും.ഒന്നര മണിക്കൂറോളം നീണ്ട ആദ്യപകുതി കഴിയുമ്പോൾ ക്ഷമനഃശിക്കും.

ന്യൂയോർക്ക് സിറ്റിയെ തകർക്കുവാൻ ശ്രമിക്കുന്ന അൽഖ്വയ്ദ തീവ്രവാദി ഒമർഖുറേഷിയുടെ ശ്രമങ്ങൾ വിസാം അഹമ്മദ് തകർക്കുന്നു. അവിടെനിന്ന് രക്ഷപ്പെടുന്ന ഒമർ ഖുറേഷിയും സലീമും ഇന്ത്യയിലെത്തുന്നു. ഒരു സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയെ ആക്രമിക്കുവാൻ ഒരുങ്ങുന്ന ഈ തീവ്രവാദ സംഘത്തെ വിസാം അഹമ്മദിന്റെ നേതൃത്വത്തിൽ എങ്ങനെ ചെറുക്കുന്നുവെന്നതാണ് ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.

രണ്ടാം പകുതിയിൽ ചിത്രം കുറെക്കൂടി രസകരമാവുന്നു. അൽഷിമേഴ്സ് ബാധിച്ചഅമ്മയൂമൊത്തുള്ള വിസാമിന്റെ രംഗങ്ങൾ നമ്മെ നൊമ്പരപ്പെടുത്തും.വിസാമും ഭാര്യയുമായുള്ള ഇമോഷണൽ ഡ്രാമയും നന്നായിട്ടുണ്ട്. പിന്നീടങ്ങോട്ട് തട്ടിക്കൊണ്ടപോകലും മോചനവുമൊക്കെയായി, ജോഷിയുടെ 'ഗോഡൗൺ ക്ലൈമാക്സിന്റെ' ഹോളിവുഡ്ഡ് അഡാപ്റ്റേഷനാണ്.നായകൻ സൂപ്പർ സ്റ്റാർ നായകൻ ആയതുകൊണ്ട് ക്ലൈാമാക്സിൽ എന്തുസംഭവിക്കുമെന്ന് ഏത് അവിദഗ്ധനായ കാക്കാലനും പ്രവചിക്കാൻ കഴിയും! ഇത് വല്ലാത്തൊരു പ്രതിഭാ ദാരിദ്രമാണ്.മഹാനദിയുടെയും, കുരുതിപ്പുനലിന്റെയുമൊക്കെ ക്ലൈമാക്സ കണ്ട് പനിച്ച കട്ട കമൽ ഫാനായിപ്പോയ കാലം ഒരു തലമുറക്കുണ്ട്. ആ പ്രതിഭയുടെ മസ്തിഷ്‌ക്ക മരണമാണ് ഇവിടെ കാണുന്നത്.

മലക്കം മറിയുന്നു ആഗോള മുസ്ലിം തീവ്രവാദ രാഷ്ട്രീയം

പക്ഷേ ഈ ചിത്രത്തിന്റെ രാഷ്ട്രീയ ഉള്ളടക്കവും വല്ലാതെ മാറിപ്പോയിരിക്കുന്നു. എന്തിനായിരുന്നു, ഒന്നാം വിശ്വരൂപത്തിനെതിരെ തമിഴ്‌നാട്ടിലേതടക്കമുള്ള മുസ്ലിം സംഘടനകൾ ഉറഞ്ഞുതുള്ളിയത് എന്നോർക്കുക. അതിൽ പ്രവാചകനെയൊ ദൈവത്തെയും അപമാനിക്കുന്നതോ, മുസ്ലീങ്ങളെ അപകീർത്തിപ്പെടുത്തുന്നതോ ആയ യാതൊരു വാചകങ്ങളും കാണാൻ കഴിയില്ല. പിന്നെന്താണ്. ഐഎസിന്റെയും അൽഖായിദയുടെയും താലിബാന്റെയുമൊക്കെ ട്രെയിനിങ്ങ് ക്യാമ്പുകളിൽ നടക്കുന്ന സംഭവങ്ങൾ ഒരു സിസിടിവിയിലെന്നപോലെ റിയലിസ്റ്റിക്കായി ചിത്രം കാണിച്ചുതരുന്നു. ഉദാഹരണമായി താലിബാൻകാർ തലവെട്ടുന്നത് അള്ളാഹു അക്‌ബർ ഉറക്കെ ചൊല്ലിയാണ്.! നിരത്തിനിർത്തി വെടിവെക്കുന്നതും സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുന്നതുമൊക്കെ അള്ളാഹുവിന്റെ നാമത്തിലാണ്.ഇതൊരു സത്യമാണ്.താലിബാനും ഐഎസും അത് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.തങ്ങൾ ഖുർആനെയാണ്, യഥാർഥ ഇസ്ലാമിനെയാണ് പിന്തുടരുന്നത് എന്ന്. ഈ നഗ്നമായ സത്യം ഒന്നാം വിശ്വരൂപത്തിൽ വന്നു.

നോക്കുക വിശ്വാസികൾ ഒന്നടങ്കം ഞെട്ടി.ബാങ്കുവിളികേട്ട് നിസ്‌ക്കരിക്കാൻ പോയി തിരിച്ചുവെന്ന് പിഞ്ചുകുട്ടികളെപ്പോലും അല്ലാഹു അക്‌ബർ പറഞ്ഞ് വെടിവെച്ച് കൊല്ലുന്നത് അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല.അവരെ പറഞ്ഞിട്ട് കാര്യമില്ല. അവർ അറിയുന്ന ഇസ്ലാം ഇതല്ല.അതോടെ അവർ ഇസ്ലാമിനെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തി.

കമൽഹാസനെ സംബന്ധിച്ച് അങ്ങേയറ്റം ഷോക്കിങ്ങായ സംഭവമായിരുന്നു ഇത്.ഒരു ആയുഷ്‌ക്കാലം മുഴുവൻ ന്യൂനപക്ഷ അവകാശങ്ങൾക്കായി പോരടിച്ച അദ്ദേഹം ഒരിക്കലും കരുതിയില്ല, തന്റെ സകല സമ്പാദ്യവുമെടുത്ത് നിർമ്മിച്ച ഈ ചിത്രത്തിന്റെ റിലീസ് മുസ്ലിം സംഘടനകൾ തന്നെ തടയുമെന്ന്. ആദ്യഘട്ടത്തിൽ കമൽ അമ്പരക്കുകയായിരുന്നു. ഈ ചിത്രത്തിൽ എന്താണ് ഇസ്ലാം വിരുദ്ധതയെന്ന്.  മുസ്ലിം സംഘടനകളാവട്ടെ കമൽഹാസനെതിരെ വ്യക്തിപരമായി ഒന്നും പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. ചിത്രത്തിലെ ആ രംഗങ്ങൾ നീക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അത് ഭാഗികമായി അംഗീകരിക്കപ്പെട്ടതോടെയാണ്  ചിത്രം പുറത്തിറങ്ങിയതും, വലിയ ഹിറ്റാവുന്നതും, കമൽഹാസൻ കടക്കെണിയിൽനിന്ന് രക്ഷപ്പെടുന്നുതും.

എന്നാൽ വിശ്വരുപം രണ്ടിൽ ഈ പറഞ്ഞ ഒരു ഇടപാടുമില്ല.മാത്രമല്ല താനൊരു മുസ്ലീമാണെന്നും ഇന്ത്യയാണ് യഥാർഥ നാട് എന്നൊക്കെ പറയുന്ന പതിവ് ഡയലോഗും വിസാം അഹമ്മദ് കാശ്മീരിയുടെ വായിൽ കമൽ തന്നെ തള്ളിക്കൊടുക്കുന്നു. 'ഏത് മതത്തിൽ വിശ്വസിക്കുന്നതും പാപമല്ല സഹോദരാ, എന്നാൽ ദേശദ്രോഹിയായി മാത്രമിരിക്കാൻ പാടില്ല' എന്നും കമലിന്റെ കഥാപാത്രം പറയുന്നു. 

അതായത് ഒന്നാം വിശ്വരൂപം തീർത്തും റിയലിസ്റ്റിക്കായ തീവ്രാദ രാഷ്ട്രീയമാണ് പറയുന്നതെങ്കിൽ രണ്ടാം വിശ്വരുപം ഏത് സമയവും ഇരവാദത്തിലേക്ക് വീണുപോകാവുന്ന, മതമല്ല മതത്തെ തെറ്റായി പ്രാക്ടീസ് ചെയ്യുന്നതാണ് പ്രശ്നമെന്ന വാദത്തിലേക്ക് പോകുയാണ്.ഒരുപക്ഷേ രാഷ്ട്രീയക്കാരനായ കമലിന് കൂടുതൽ അഭികാമ്യം അതായിരിക്കും.  ഉലകനായകാ.. അങ്ങേക്ക് നല്ല രാഷ്ട്രീയ ഭാവിയുണ്ട്.ഈ രീതിയിലുള്ള അഴകൊഴമ്പൻ നിലപാട് തന്നെയാണ് തമിഴ്‌നാട്ടിൽ വേണ്ടതും.

64ാം വയസ്സിന്റെ ക്ഷീണം മുഖത്ത് പ്രകടം

വേട്ടയാട് വിളയാട് എന്ന ഗൗതംമേനോൻ ചിത്രം കണ്ടവരാരും അതിൽ കമലിന്റെ ആദ്യസീൻ മറന്നുപോവില്ല.കണ്ണ് ചൂഴ്്ന്നെടുക്കുമെന്ന് വെല്ലുവിളിച്ച് വില്ലനെ തേടിപോയി, കൈ കൊണ്ട് കണ്ണ് കാണിച്ചുകൊടുക്കുന്ന കമലിന്റെ മരണമാസ് സീനുണ്ട്. ബ്രാൻഡോ പിറകിൽ നിൽക്കും.നമ്മുടെ ഭരതന്റെ തേവർ മകനിൽ ശിവാജിയുടെ മൃതദേഹം കാണാൻ വരുന്ന വരെവൊന്ന് കാണണം. ആ കരിസ്മയൊക്കെ എവിടെപ്പോയി.64ാം വയസ്സിന്റെ ക്ഷീണം മുഖത്ത് കാണുന്ന രീതിയിൽ, ചൈതന്യക്കുറവ് പ്രകടമാണ് അദ്ദേഹത്തിന്റെ പല സീനുകൾക്കും.സംഘട്ടന രംഗങ്ങളിലൊക്കെ പഴയ കമലിന്റെ ഡമ്മിമാത്രം.എന്നിട്ടും ഡ്യൂപ്പില്ലാതെ ഈ വേഷം ചെയ്യണമെന്ന നിർബന്ധബുദ്ധിക്കും കൊടുക്കണം ഒരു കൈയടി.

കമലിന്റെ സന്തതസഹചാരിയായ ആൻഡ്രിയ ജർമ്മിയാണ് ചിത്രത്തിൽ തകർത്തത്.ഭാര്യയായി വേഷമിട്ട പൂജാകുമാർ ഉള്ളത് വൃത്തിയായി ചെയ്തിട്ടുണ്ട്.ശേഖർ കപൂർ, നാസർ, വാഹിദ്റഹ്മാൻ, രാഹുൽബോറ, ജയദീപ് അലവട്ട്, ആനന്ദ് മഹാദേവൻ, യൂസഫ് ഹുസൈൻ, രാജേന്ദ്രഗുപ്ത തുടങ്ങിയവരാണ് ഈ പടത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.ഗാനങ്ങൾ അധികമില്ലാത്തതിനും ഉള്ളത് വലിച്ചുനീട്ടാത്തതിനും പ്രേക്ഷകർ കമൽഹാസനോട് കടപ്പെട്ടിരിക്കും.ഛായാഗ്രഹണം നിർവഹിച്ച സാംദത്ത്, സനു ജോൺ വർഗീസ് എന്നിവക്കും അഭിമാനിക്കാം. അവസാനമായി പറയട്ടെ... കമൽസാർ, ഞങ്ങളുടെ മനസ്സിൽ അങ്ങേക്കുള്ള സ്ഥാനം ഇത്തരം ചീളു സിനിമകൾ കൊണ്ട് തകർക്കരുതേ.

വാൽക്ഷ്ണം: ഏറ്റവും അപലപനീയമായി തോന്നിയത് ഈ പടത്തിന്റെ തുടക്കത്തിൽ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ പരസ്യം കാണാമെന്നതാണ്. പാട്ടും സാമൂഹിക പ്രവർത്തനവും ക്ലാസുമൊക്കെയായി കമൽ ന്യൂസ് റീൽ! രജനികാന്ത് എത്ര ഭേദമാണ്. തന്റെ പുതിയ ചിത്രമായ 'കാല'യുടെ തുടക്കത്തിൽ തന്റെ പാർട്ടിയുടെ പരസ്യം വെച്ചില്ലല്ലോ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP