Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുക്കിയിൽ നിന്നും തുറന്നുവിട്ട വെള്ളം ആലുവയിൽ എത്തിയപ്പോൾ വൈകീട്ട് ഏഴ് മണിയായി; അറബിക്കടലിലേക്കുള്ള യാത്രയിൽ ഇരുകരകളും നിറഞ്ഞെങ്കിലും അപകടം എല്ലാം ഒഴിഞ്ഞതിന്റെ ആശ്വാസം; ആലുവയും പെരുമ്പാവൂരും ജലനിരപ്പ് ഇന്നലത്തേക്കാൾ കുറവെങ്കിലും ജാഗ്രത പാലിക്കണമെന്ന് കലക്ടർ; എട്ടു ജില്ലകളിൽ മഴ ശക്തമായി തുടർന്നതോടെ കണ്ണടക്കാതെ കേരളം; മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നപ്പോൾ എങ്ങും ആശങ്ക മാത്രം

ഇടുക്കിയിൽ നിന്നും തുറന്നുവിട്ട വെള്ളം ആലുവയിൽ എത്തിയപ്പോൾ വൈകീട്ട് ഏഴ് മണിയായി; അറബിക്കടലിലേക്കുള്ള യാത്രയിൽ ഇരുകരകളും നിറഞ്ഞെങ്കിലും അപകടം എല്ലാം ഒഴിഞ്ഞതിന്റെ ആശ്വാസം; ആലുവയും പെരുമ്പാവൂരും ജലനിരപ്പ് ഇന്നലത്തേക്കാൾ കുറവെങ്കിലും ജാഗ്രത പാലിക്കണമെന്ന് കലക്ടർ; എട്ടു ജില്ലകളിൽ മഴ ശക്തമായി തുടർന്നതോടെ കണ്ണടക്കാതെ കേരളം; മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നപ്പോൾ എങ്ങും ആശങ്ക മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നതോടെ കുതിച്ചൊഴുകി എത്തിയ പെരിയാർ കാര്യമായ നാശനഷ്ടങ്ങൾ വരുത്താതെ അറബിക്കടലിൽ പതിച്ചു. ഇടുക്കി അണക്കെട്ടിൽ നിന്നും വലിയ തോതിൽ വെള്ളം ഒഴുക്കിവിട്ടെങ്കിലും ആലുവ പെരുമ്പാവൂർ മേഖലയെ അത് കാര്യമായി ബാധിച്ചില്ല. ജലനിരപ്പ് ഉയർന്നെങ്കിലും കരകവിഞ്ഞ് ഒഴുകേണ്ട സാഹചര്യം ഉണ്ടായില്ല. അതുകൊണ്ട് തന്നെ പെരിയാറിന്റെ കരകളിൽ ജീവിക്കുന്നവരുടെ വീടുകൾക്കും മറ്റും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഇതോടെ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. അഞ്ച് ഷട്ടറുകളും തുറന്നതോടെ ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് വെള്ളം ആലുവയിൽ എത്തിയത്.

മൂന്ന് മീറ്റർ വരെ ഉയരത്തിൽ ജലനിരപ്പ് ഉയരുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഏതാനം അടി മാത്രമാണ് ജലനിരപ്പ് ഉയർന്നത്. ഇന്നലത്തേക്കാൾ ജലനിരപ്പ് കുറഞ്ഞ നിലയിലാണ് ഇപ്പോൾ ആലുവയിലെ അവസ്ഥ. സ്ഥിതികഗതികൾ നിയന്ത്രണ വിധേയമാണെങ്കിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായാൽ സ്വീകരിക്കേണ്ട നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നു. 6500ത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. കർക്കിടക വാവു ബലി ദിനമായ ഇന്ന് വെള്ളം കുറഞ്ഞ സാഹചര്യത്തിൽ ബലിതർപ്പണം നടത്തുന്നതിന് തടമുണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം ജലനിരപ്പ് കുറഞ്ഞെങ്കിലും ജനങ്ങൾ നദിയുടെ അടുത്തേക്കു പോകുന്നതിൽനിന്നും മുറിച്ചു കടക്കുന്നതിൽനിന്നും പിന്തിരിയണമെന്നും അറിയിപ്പുണ്ട്. അതേസമയം, ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റവന്യു ഓഫിസുകൾ ശനിയാഴ്ചയും ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കണമെന്നും കലക്ടർ അറിയിച്ചു.

മൂന്നു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെ ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയ്ക്കാണ് മറ്റു രണ്ടു ഷട്ടറുകളും തുറന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സാഹചര്യം ഉടലെടുക്കുന്നത്. നീരൊഴുക്കു തുടർന്നതിനാൽ ഉച്ചയ്ക്കു തുടങ്ങിയ ട്രയൽ റൺ രാത്രിയിലും തുടർന്നിരുന്നു. അതീവജാഗ്രതാ നിർദ്ദേശവും (റെഡ് അലർട്ട്) കെഎസ്ഇബി പുറപ്പെടുവിച്ചിരുന്നു. രാവിലെ ഏഴിന് രണ്ടു ഷട്ടറുകൾ 40 സെന്റി മീറ്റർ വീതം തുറന്നു വെള്ളം പുറത്തേക്കു വിട്ടിരുന്നു. എന്നിട്ടും ജലനിരപ്പ് വർധിച്ചതിനാലാണ് എല്ലാ ഷട്ടറുകളും തുറക്കേണ്ടി വന്നത്.

അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് 2401 അടിയും പിന്നിട്ടു. 2403 അടിയാണു പരമാവധി ശേഷി. കൂടുതൽ ജലം തുറന്നുവിട്ടതോടെ വെള്ളിയാഴ്ച രാത്രിയോടെ ജലനിരപ്പിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. നീരൊഴുക്ക് ഇനിയും വർധിച്ചാൽ ഷട്ടർ കൂടുതൽ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടിവരും. ഇതു പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയർത്തും. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.

ആലുവയിലെ താഴ്ന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം. ആലുവ, കുന്നത്തുനാട്, പറവൂർ, കോതമംഗലം എന്നീ താലൂക്കുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇവിടങ്ങളിൽ നിന്ന് 6500 ഓളം കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഏലൂർ, ചെമ്പകശേരി, തോട്ടുമുഖം, ചൊവ്വര, കാഞ്ഞൂർ, ചെങ്ങൽ, ഏലൂർ എന്നിവടങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും നാവികസേനയുടെ ഹെലികോപ്റ്ററും പെരിയാറിൽ നിരീക്ഷണം നടത്തി.

ഷട്ടറുകൾ അടച്ചില്ല, ഇപ്പോൾ പുറത്തുവിടുന്നത് സെക്കൻഡിൽ 800 ഘനയടി വെള്ളം

ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞിട്ടുണട്. . അഞ്ച് ഷട്ടറുകളും തുറന്നതോടെയാണ് ജലനിരപ്പ് കുറഞ്ഞത്. 2401.68 അടിയാണ് നിലവിലെ ജലനിരപ്പ്. ഇപ്പോൾ സെക്കൻഡിൽ 800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ചെറുതോണി ഡാമിലെ അഞ്ച് ഷട്ടറുകളും ഉയർത്തിയത്. ഇന്നലെ ഒരു ഷട്ടർ തുറന്നിരുന്നു. രാവിലെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. എന്നിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടർന്നാണ് അഞ്ച് ഷട്ടറുകളും തുറന്നത്. ഇന്നലെ തുറന്ന ഷട്ടർ അടച്ചിരുന്നില്ല. രാവിലെ രണ്ട് ഷട്ടറുകൾ 40 സെന്റിമീറ്റർ വീതം തുറന്ന് വെള്ളം പുറത്തേക്ക് വിട്ടു. എന്നിട്ടും ജലനിരപ്പ് കുറയാഞ്ഞതിനെ തുടർന്നാണ് എല്ലാ ഷട്ടറുകളും തുറന്നുവിട്ടത്. 26 വർഷത്തിനിടെ ഇത് ആദ്യമായാണ് ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറക്കുന്നത്.

മഴക്കെടുതിയിൽ മരണം 29 ആയി

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി ശക്തമാണ്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.രണ്ടു ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്തു മരണം 29 ആയി. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടതോടെ തീരമേഖലകളിൽ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മഴയ്‌ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുൾപൊട്ടലുണ്ടായി. പമ്പ ത്രിവേണി പാലം വെള്ളത്തിനടിയിലായി. ആനത്തോട് കൊച്ചുപമ്പ ഡാം തുറന്നുവിട്ടതിനെ തുടർന്നാണു പാലത്തിനു മുകളിൽ വെള്ളം കയറിയത്. ഇതോടെ ശബരിമലയിലേക്കുള്ള വഴിയും തടസപ്പെട്ടു.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റർ മുഖേന വയനാട്ടിൽ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തിൽ ഉള്ളത്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ വയനാട്ടിലെത്തി. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും പ്രവർത്തനം ആരംഭിച്ചു. 48 പേരടങ്ങുന്ന ഒരു സംഘം നിലവിൽ കോഴിക്കോട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. രാത്രിയോടെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങൾ പാലക്കാട് എത്തി. ഇവരിൽ 28 പേരടങ്ങുന്ന ഒരു സംഘം പാലക്കാടും 48 പേരടങ്ങുന്ന മറ്റൊരു സംഘം ഇടുക്കിയിലേക്കും പോയി.

ബലിതർപ്പണത്തിനെത്തുന്നവർ പൊലീസ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം

കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് പൊലീസും മറ്റ് ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബലിതർപ്പണത്തിന് ഇറങ്ങേണ്ടി വരുന്ന ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളിൽ പ്രകൃതിക്ഷോഭം മൂലം കനത്ത നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബലിതർപ്പണത്തിനെത്തുന്നവർ അപകടമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം.

ഡാമുകൾ തുറക്കുന്നതിനാൽ പുഴകളിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നു വരാൻ സാധ്യതയുണ്ട്. കടലോരങ്ങളിൽ കടലാക്രമണ സാധ്യതയും നിലനിൽക്കുന്നു. ബലിതർപ്പണ കേന്ദ്രങ്ങളിൽ എത്തുന്നവർ ഇത്തരം സാഹചര്യം കൂടി പരിഗണിച്ച് പൊലീസുമായി സഹകരിക്കണം എന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP