Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർട്ടൂൺ വിചാരം: ചിരിക്കും മുമ്പ് അറിയേണ്ടവ

കാർട്ടൂൺ വിചാരം: ചിരിക്കും മുമ്പ് അറിയേണ്ടവ

രു പുസ്തകം ഏതുവിധേനയാണ് വായനക്കാരനെ സ്വാധീനിക്കുന്നത്? അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടാവും. ഒന്ന് പുസ്തകത്തിലടങ്ങുന്ന വിഭവസമൃദ്ധി. രണ്ടാമത്തേത് മികച്ച ആഖ്യാനം. ഈ രണ്ട് കാര്യങ്ങളിലും നീതി പുലർത്തുന്ന ഒരു പുസ്തകമാണ് ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയിരുന്ന മാദ്ധ്യമ പ്രവർത്തകനായ വിസി അഭിലാഷിന്റെ കാർട്ടൂൺ വിചാരം. ഗൗരവതരമാർന്ന വായനയ്ക്ക് ഈ പുസ്തകം ഇടമൊരുക്കുന്നു.

കാർട്ടൂൺ എന്ന കലയുടെ സമഗ്ര ചരിത്രത്തെ അതിന്റെ എല്ലാവിധ പ്രാധാന്യവും ഉൾക്കൊണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്നതോടൊപ്പം ഈ കല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ/പ്രശ്‌നങ്ങളെ ഒക്കെ കാർട്ടൂൺ വിചാരം ചർച്ച ചെയ്യുന്നുണ്ട്. പാരീസിൽ കഴിഞ്ഞയാഴ്ച ആക്രമിക്കപ്പെട്ട ചാർളി എബ്‌ദോ എന്ന പ്രസിദ്ധീകരണത്തിന്റെ ഓഫീസിൽ സംഭവിച്ച ദുരന്തം കൺമുന്നിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ തെളിയിച്ചു നിർത്തുമ്പോൾ കാർട്ടൂൺ വിചാരം എന്ന കൃതിക്ക് ഏറെ പ്രാധാന്യമുണ്ട്.

സാധാരണ ഗതിയിൽ രാഷ്ട്രീയക്കാരെ കളിയാക്കിയും രാഷ്ട്രീയ സംഭവങ്ങളെ മാത്രം വിഷയീകരിച്ചും കഴിഞ്ഞു കൂടുന്ന കാർട്ടൂണിസ്റ്റുകളെ മാത്രമല്ല ഈ പുസ്തകം പരാമർശിക്കുന്നത്. പൊതുകാര്യ വിഷയങ്ങളിൽ പ്രത്യേകിച്ച് രാഷ്ട്രീയ സംഭവങ്ങളെ ഒഴിവാക്കി-കാർട്ടൂണിസ്റ്റുകൾ ഇടപെടേണ്ടുന്ന ആവശ്യകതയെ കാർട്ടൂൺ വിചാരം ഉയർത്തിക്കാട്ടുന്നു.

എൻഡോസൾഫാൻ എന്ന ഭീകര കീടനാശിനിയുടെ ഉപയോഗം മൂലം കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങളിലെ സാധാരണ ജനങ്ങൾക്കുണ്ടായ ദുരിതം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയാണ്. ഈ വിഷയത്തിൽ ഒരു പ്രസാധകനു വേണ്ടി ഈ ലേഖകൻ മലയാളത്തിലെ കാർട്ടൂണിസ്റ്റുകളുടെ രചനകൾ പരതിയപ്പോൾ വിരലിലെണ്ണാവുന്നവയാണ് ലഭിച്ചത്. മുഖ്യധാരാ മാദ്ധ്യമങ്ങളിലെ പല 'എസ്റ്റാബ്ലിഷ്ഡ്' കാർട്ടൂണിസ്റ്റുകളും എൻഡോസൾഫാൻ വിഷയം സൗകര്യപൂർവം ഒഴിവാക്കി. എൻഡോസൾഫാൻ ദവസങ്ങളിലെ പീക്ക് ടൈം മിൽ ഒരു കാർട്ടൂൺ ഒരു ദിവസം തള്ളിനീക്കാനെന്ന മട്ടിൽ വരച്ച് സവ്യമൊഴിയുകയായിരുന്നു അവർ. മണിപ്പൂരിൽ കിരാതമായ പട്ടാള നിയമത്തിനെതിരെ പത്തു വർഷമായി നിരന്തരം സമരം ചെയ്യുന്ന ഇറോം ചാനു ശർമ്മിള, ഝാർഖണ്ഡിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. വിനായക് സെൻ, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കൈപ്പത്തി ഛേദിക്കപ്പെട്ട പ്രൊഫ. ടിജെ ജോസഫ്, ട്രെയിനിൽ നിന്നു പുറത്തേക്ക് തള്ളിയിട്ട് പീഡനത്തിനിരയാക്കി കൊല്ലപ്പെട്ട സൗമ്യ, വനിതകൾ നേരിടുന്ന മറ്റ് അരക്ഷിതാവസ്ഥകൾ തുടങ്ങി നമ്മുടെ സാമൂഹിക മനഃസാക്ഷിക്കു മുന്നിൽ ചോദ്യങ്ങൾ ഉയർത്തിവിട്ട നിരവധി വ്യക്തിത്വങ്ങളും കൂടംകുളം പ്ലാച്ചിമട, സൈലന്റ്‌വാലി, ആതിരപ്പള്ളി, എൻഡോസൾഫാൻ ദുരിതബാധിതരുടെ കാസർഗോഡൻ ഗ്രാമങ്ങൾ എന്നിങ്ങനെ നിരന്തരം ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ കൺമുന്നിലുള്ളപ്പോഴാണ് നമ്മുടെ കാർട്ടൂണിസ്റ്റുകൾ കേവലം കെ കരുണാകരനെയോ പിണറായി വിജയനെയോ സോണിയാ ഗാന്ധിയെയോ മാത്രം ചുറ്റിപ്പറ്റി കറങ്ങുന്നത്?

(പേജ് 82, കാർട്ടൂൺ വിചാരം)

എന്ന് ഗ്രന്ഥകർത്താവ് പറയുമ്പോൾ സാമൂഹിക ഉത്തരവാദിത്തം ഉള്ള ഒരു എഴുത്തുകാരനെയും സർഗാത്മകതയുള്ള ഒരു വായനക്കാരനെയും നമുക്ക് വായിച്ചെടുക്കാം. പാരീസിൽ ചാർളി എബ്‌ദോക്കിന് സംഭവിച്ച ദുരന്തത്തെ നാമിന്ന് വായിക്കുമ്പോൾ തന്നെ വർഷങ്ങൾക്കു മുമ്പ് എതിർപ്പുകളുടെ കിങ്കരന്മാർ കൊന്നൊടുക്കിയ നാജി അലിയും ഇർഫാൻ ഹുസൈനും നമുക്ക് പുതിയ പരിചയക്കാരാണ്. നമ്മുടെ രാജ്യത്തിൽ അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ച നീതി നിഷേധങ്ങളെ തുറന്നു കാട്ടുന്നിടത്ത് ഈ വിഷയങ്ങൾ ഗ്രന്ഥകാരൻ വളരെ വിശദമായിത്തന്നെ പറയാനുണ്ട്.

മലയാളിയായ മറ്റൊരു കാർട്ടൂണിസ്റ്റ് കേരളവർമ പക്ഷേ ഇതിനേക്കാളും വ്യത്യസ്തമായ ശിക്ഷയേറ്റു വാങ്ങേണ്ടി വന്നയാളാണ്. ഇന്ദിരാഗാന്ധിയെ നിശിതമായി എതിർത്തിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ കൊടികുത്തി വാണ സമയത്ത് ഇന്ദിരയെ അപഹസിച്ച പോസ്റ്റർ കാർട്ടൂൺ വരച്ചു എന്ന കുറ്റത്തിന്മേൽ ജാമ്യമില്ലാ വാറണ്ടുമായെത്തിയ കുറേ പൊലീസുകാർ കെവിയെ വിചാരണ കൂടാതെ ജയിലിലടച്ചത് 1976 ലാണ്. കാർട്ടൂണിസ്റ്റ് കുട്ടി, പുരി എന്നിവരൊക്കെ ചേർന്നാണ് അദ്ദേഹത്തെ അന്ന് പുറത്തിറക്കിയത്. 1978 ൽ ഹിന്ദ് സമാചാർ പത്രത്തിൽ വരച്ച ഒരു കാർട്ടൂണിന്റെ പേരിൽ കെവിക്ക് വക്കീൽ നോട്ടീസ് ലഭിച്ചു. ഹരിയാനയിലെ അന്നത്തെ മുഖ്യമന്ത്രി ദേവിലാലിന്റെ സന്നിധിയിൽ വിനീതനായി ആശ്രിത മട്ടിൽ നിൽക്കുന്ന തരത്തിൽ തന്റെ ചിത്രം ഹിന്ദ് സമാചാറിൽ കണ്ടപ്പോൾ അന്നത്തെ എംഎൽഎ ഭജൻലാൽ കാർട്ടൂണിനും കാർട്ടൂണിസ്റ്റിനുമെതിരെ തുനിഞ്ഞിറങ്ങി. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഭജൻ ലാലിന്റെ കേസ്. പക്ഷെ കെവി പിൻതിരിയാൻ തയ്യാറായില്ല. ഭജൻലാലിന് ഇത്രത്തോളം വിഷമിക്കാൻ മാത്രം കാർട്ടൂണിൽ യാതൊന്നുമില്ലെന്ന് സൂചിപ്പിച്ചു കൊണ്ട് കത്തെഴുതി. നഷ്ടപരിഹാരം നൽകുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം അറിയിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് ഭജൻലാൽ നിയമ നടപടികളിൽ നിന്ന് പിന്മാറിയത്.

(പേജ് 40, കാർട്ടൂൺ വിചാരം)

കാർട്ടൂൺ എന്ന കലയുടെ ആവിർഭാവത്തെപ്പറ്റി വളരെ വിശദമായി പുസ്തകത്തിൽ പറയുന്നുണ്ട്. ഗുഹാ ചിത്രങ്ങളിലെ ഹാസ്യാത്മകത മുതൽ അനിമേഷൻ കാലത്തെ വൈവിധ്യം വരെ ഈ കലയുടെ പ്രത്യേകതയായി ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. കാർട്ടൂൺ-കാരിക്കേച്ചർ വിഭാഗത്തിലെ വിവിധ വഴിത്തിരിവുകൾക്കൊപ്പം ഈ കലയുടെ വിവിധ കൈവഴികളെപ്പറ്റിയും സാധാരണക്കാർക്ക് അവബോധം ഉണ്ടാക്കിയെടുക്കാൻ കാർട്ടൂൺ വിചാരത്തിന് തീർച്ചയായും സാധിക്കും.

ലോക കാർട്ടൂണിൽ ഇന്ത്യയുടെ സ്ഥാനം, ഇന്ത്യൻ കാർട്ടൂണിൽ മലയാളികളുടെ പ്രാധാന്യം-ഇവയൊക്കെ വിശദമായി കാർട്ടൂൺ വിചാരം ചർച്ച ചെയ്യുന്നു. വിശ്വപൗരനായി മാറിയ അബു എബ്രഹാമും, പ്രധാനമന്ത്രിമാർക്ക് വരെ പ്രിയപ്പെട്ടവനായ ശങ്കറും, ഏറ്റവും ജനകീയനായ ടോംസും, യേശുദാസനും, ഗഫൂറും, പിപി കൃഷ്ണനും, ഗോപീകൃഷ്ണനും ഒക്കെ പുസ്തകത്തിൽ വിവിധ ഭാഗങ്ങളിൽ വിഷയമാകുന്നു. കൂടാതെ ഇന്നത്തെ കാലത്തെ കാർട്ടൂണിലെ പ്രസിദ്ധരും അല്ലാത്തവരുമായ കാർട്ടൂണിസ്റ്റുകളും പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്.

പ്രമുഖരായ കാർട്ടൂണിസ്റ്റുകളെ വിവിധ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ഗ്രന്ഥകർത്താവ് നടത്തിയ അഭിമുഖ സംഭാഷണങ്ങളും പുസ്തകത്തിലുണ്ട്. പുസ്തകത്തിന് അവതാരിക എഴുതിയ വി എസ് അച്യുതാനന്ദൻ ഇങ്ങനെ എഴുതുന്നുണ്ട്. കേരളത്തിലെ പത്രങ്ങളിൽ നിരന്തരം കാർട്ടൂണിന് ഇരയാകുന്ന, അഥവാ വിഷയമാകുന്ന ഒരാളാണ് ഞാൻ. അതെല്ലാം കഴിയാവുന്നത്ര ആസ്വദിക്കുകയും അതിൽ നിന്ന് ഉൾക്കൊള്ളാനെന്തെങ്കിലുമുണ്ടെങ്കിൽ ഉൾക്കൊള്ളുകയും ചെയ്യുന്ന ആളാണ് ഞാൻ. എന്നെ ആക്ഷേപിക്കുന്ന കാർട്ടൂണുകളോട് എനിക്ക് അസഹിഷ്ണുത തോന്നിയിട്ടില്ല. രചയിതാവിന്റെയും പത്രത്തിന്റെയും അഭിപ്രായമായേ അതിനെ കാണാറുള്ളു. നാലോ അഞ്ചോ പേജിൽ വിവരിക്കുന്നതിനേക്കാൾ ഫലപ്രദമാണ് പലപ്പോഴും ഒരു കാർട്ടൂൺ. നമ്മുടെ സമൂഹത്തിലെ അനീതികളും ജീർണതകളും ചൂണ്ടിക്കാട്ടുന്നതിൽ കാർട്ടൂണുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ആക്ഷേപ ഹാസ്യത്തിലൂടെ സാമൂഹ്യ വിമർശനം സാധ്യമാക്കുന്നതിന് ചാട്ടുളി പോലെ ഫലപ്രദമാണ് മികച്ച കാർട്ടൂണുകൾ. അതിനെതിരെ അസഹിഷ്ണുതയും അതിന്റെ പേരിൽ നിയന്ത്രണങ്ങളും ഉണ്ടാകുന്നത് ജനാധിപത്യ വിരുദ്ധമാണ്. കാർട്ടൂൺ വിചാരം നമ്മുടെ കാർട്ടൂണിസ്റ്റുകൾക്ക് മാത്രമല്ല എല്ലാത്തരം വായനക്കാർക്കും സമ്മാനമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP