Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇ കേരളത്തിന് വാഗ്ദാനം ചെയ്തത് 700 കോടി രൂപ! യുഎഇ ഭരണാധികാരികൾക്ക് പ്രത്യേകം നന്ദി അറിയിച്ച് മുഖ്യമന്ത്രി; പുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യമെന്ന് പിണറായി വിജയൻ; ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത്തായ പദ്ധതി; വായ്പാ പരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും; വിഭവ സമാഹരണത്തിന് സംസ്ഥാന ജിഎസ്ടിക്ക് പുറമേ 10 ശതമാനം സെസസ് ഏർപ്പെടുത്തും; പ്രളയക്കെടുതി ചർച്ച ചെയ്യാൻ പ്രത്യേകം സമ്മേളനം വിളിക്കാനും തീരുമാനം

യുഎഇ കേരളത്തിന് വാഗ്ദാനം ചെയ്തത് 700 കോടി രൂപ! യുഎഇ ഭരണാധികാരികൾക്ക് പ്രത്യേകം നന്ദി അറിയിച്ച് മുഖ്യമന്ത്രി; പുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യമെന്ന് പിണറായി വിജയൻ; ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത്തായ പദ്ധതി; വായ്പാ പരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും; വിഭവ സമാഹരണത്തിന് സംസ്ഥാന ജിഎസ്ടിക്ക് പുറമേ 10 ശതമാനം സെസസ് ഏർപ്പെടുത്തും; പ്രളയക്കെടുതി ചർച്ച ചെയ്യാൻ പ്രത്യേകം സമ്മേളനം വിളിക്കാനും തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി പ്രത്യേകം പദ്ധതി തയ്യാറാക്കാൻ കേരള സർക്കാറിന്റെ തീരുമാനം. ഇതിനായി പ്രത്യേക നിയമസഭായോഗം വിളിക്കാനും തീരുമാനിച്ചു. കേരളത്തിന് വിവിധ കോണുകളിൽ നിന്നും സഹായ വാഗ്ദാനം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായി യുഎഇ കേരളത്തിന് 700 കോടി രൂപ വാഗ്ദനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇക്കാര്യം പ്രധാനമന്ത്രിയെ യുഎഇ ഭരണാധികാരികൾ അറിയിച്ചിട്ടുണ്ട്. കേരളത്തോടുള്ള യുഎഇ ഭരണാധികാരികളുടെ കരുതലിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും പിണറായി വിജയൻ വ്യക്തമാക്കി.

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ കണ്ടപ്പോളാണ് അവർ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ എം എ യൂസഫലിയാണ് ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയക്കെടുതി നേരിടുന്നതു സംബന്ധിച്ച് ചർച്ചചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 30ന് ചേരാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത്തായ പദ്ധതി തയ്യാറാക്കും. ഇതിനായി സംസ്ഥാനത്തിനുള്ള വായ്പാ പരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. 3 ശതമാനം 4.5 ശതമാനമായി ഉയർത്താൻ ആവശ്യപ്പെടും. അങ്ങനെ ഉയർത്തിയാൽ 10500 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഭവ സമാഹരണത്തിന് സംസ്ഥാന ജിഎസ്ടിക്ക് പുറമേ 10 ശതമാനം സെസസ് ഏർപ്പെടുത്താനും തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഈ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും.

ദീർഘകാല പദ്ധതികൾക്ക് നബാർഡിന്റെ സഹായം തേടും. തൊഴിലുറപ്പു പദ്ധതിക്ക് ഉൾപ്പെടെ 2,600 കോടിയുടെ പാക്കേജ് വേണം. പ്രത്യേക പദ്ധതി കേന്ദ്രത്തിനു സമർപ്പിക്കും. മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ ബാങ്കുകൾ ദുരിതാശ്വാസക്യാംപുകളിൽവരെ പോയി കുടിശിക ഈടാക്കുന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇത്തരം ശ്രമങ്ങൾ പാടില്ല. ജനങ്ങളുടെ പ്രയാസം മനസ്സിലാക്കണം. വായ്പാ തിരിച്ചടവിന്റെ പ്രയാസം കണക്കിലെടുത്തു പെരുമാറണമെന്നു ബാങ്കുകൾ നിർദ്ദേശം നൽകും. സർക്കാർ കാർഷിക കടങ്ങൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. അത് സ്വകാര്യ സ്ഥാപനങ്ങളും മാനിക്കണം. കുടിശ്ശിക തേടി ചില സ്ഥാപനങ്ങൾ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തുന്നതായി അറിയുന്നു. അത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേരളത്തിന്റെ കണ്ണീരൊപ്പാൻ കയ്യയച്ച് സഹായിച്ച് ഗൾഫ്

മുഖ്യമന്ത്രി പിണറായി വിജയന് കൈതാങ്ങാകാൻ കേരളത്തെ സഹായിക്കാനായി യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേക സഹായ നിധിയും പ്രഖ്യാപിച്ചു. ഇതിലേക്ക് സംഭാവനകൾ ഒഴുകുകയാണ്. പ്രത്യേക സഹായനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 50 ലക്ഷം ദിർഹം ( 9.5 കോടി രൂപ) സംഭാവന ചെയ്തു. ദുരിതാശ്വാസസഹായം സമാഹരിക്കുന്ന ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനാണ് ഈ തുക കൈമാറിയത്. ഡോ.ബി.ആർ.ഷെട്ടി അഞ്ച് മില്യൺ ദിർഹം(ഏതാണ്ട് 10കോടി രൂപ)സംഭാവന ചെയ്തു. യു.എ.ഇ.ദുബായ് ആസ്ഥാനമായുള്ള ജെംസ് എഡ്യുക്കേഷൻ സ്ഥാപകനും ചെയർമാനുമായ സണ്ണി വർക്കി ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ വഴി കേരളത്തിന് 50 ലക്ഷം ദിർഹം (9.5 കോടി രൂപ) സംഭാവന ചെയ്യും. ഇങ്ങനെ ഈ ഫണ്ടിലേക്ക് പണമെത്തുകയാണ്. ഇത് മാത്രം 700 കോടിയോളം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയുടെ കത്ത് പ്രവാസികളായ മലയാളികളാണ്. ഇത് തിരിച്ചറിഞ്ഞാണ് കേരളത്തിന്റെ കണ്ണീരൊപ്പാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേക ഇടപെടൽ നടത്തുന്നത്. ഇതിനൊപ്പം പ്രളയക്കെടുതിയിലായ കേരളത്തിന് സഹായധനമായി ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽ താനി 50 ലക്ഷം ഡോളർ (34.9 കോടി രൂപ) സംഭാവനയായി പ്രഖ്യാപിച്ചു. ദുരന്തത്തിൽ സൗദി അറേബ്യ ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ദുഃഖം രേഖപ്പെടുത്തി. കേരളത്തിലെ പ്രകൃതിദുരന്തത്തിലും ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടമായതിലും സൗദി ജനത ദുഃഖിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച കേബിൾസന്ദേശത്തിൽ ഇരുവരും പറഞ്ഞു. സൗദിയും കേരളത്തെ സഹായിക്കാൻ പ്രത്യേക ഫണ്ട് സ്വരൂപിക്കുമെന്നാണ് സൂചന. കേരളത്തിന് സഹായധനമായി ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽ താനി 50 ലക്ഷം ഡോളർ (34.9 കോടി രൂപ) സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രളയദുരന്തത്തിന്റെ ഇരകൾക്ക് സഹായം എത്തിക്കാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നിർദ്ദേശം നൽകിയിരുന്നു. ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമി 4 കോടി രൂപ നൽകും. യുഎഇയിലെ മറ്റ് എമറൈറ്റ്സുകളും കേരളത്തെ സഹായിക്കാൻ സജീവമായി രംഗത്തുണ്ട്. ഇതിൽ യുഎഇ ഭരണാധികാരിയുടെ പ്രത്യേക ഫണ്ടിലേക്ക് ഇനിയും സംഭാവനകൾ ഒഴുകിയെത്തും. യുസഫലിയും ഷെട്ടിയും സണ്ണി വർക്കിയും പത്ത് കോടി നൽകുമ്പോൾ ഗൾഫിൽ കേന്ദ്രീകരിക്കുന്ന ശത കോടീശ്വരന്മാർക്കെല്ലാം ഈ മാതൃക പിന്തുടരേണ്ടി വരും. രവിപിള്ളയെ പോലുള്ളവരും പത്ത് കോടി നൽകാൻ നിർബന്ധിതമാകും. അതുകൊണ്ട് തന്നെ ഈ സഹായ നിധി എല്ലാ അർത്ഥത്തിലും കേരളത്തിന് തുണയായി മാറും.

മലയാളികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് കേരളത്തിന് ആദ്യ പിന്തുണ ലഭിച്ചത്. അന്തർദേശീയ മാധ്യമങ്ങൾ കേരളത്തിലെ ദുരന്തം റിപ്പോർട്ട് ചെയ്തതോടെ ദുബായി ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കേരളത്തിനുള്ള സഹായാഭ്യർഥനയുമായി എത്തുകയായിരുന്നു. കേരളം പ്രളയത്തിലൂടെ കടന്നുപോവുകയാണെന്നും പുണ്യമാസത്തിൽ ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായഹസ്തം നീട്ടാൻ മറക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അടിയന്തര സഹായം നൽകാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ കേരളത്തിന് രാജ്യാന്തരസമൂഹം പിന്തുണയും സഹായവും നൽകണമെന്ന് ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ ത്രികാലപ്രാർത്ഥനയ്ക്കിടെ ആഹ്വാനം ചെയ്തു. ഏറ്റവുമൊടുവിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് കേരളത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. 'ദാരുണമായ വാർത്തയാണ് കേരളത്തിൽ നിന്ന് കേൾക്കുന്നത്. പ്രളയത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പ്രളയം ബാധിച്ച എല്ലാവർക്കുമൊപ്പമുണ്ട് ഞങ്ങൾ.' കാനഡ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

എല്ലയിടത്തു നിന്നും സഹായങ്ങൾ പ്രവഹിക്കുമ്പോഴും കേരളത്തിന്റെ പ്രധാന പ്രതീക്ഷ ഗൾഫ് ഉൾപ്പെടുന്ന അറബ് രാജ്യങ്ങിൽ തന്നെയാണ്. ലക്ഷകണക്കിന് മലയാളികളാണ് ഈ രാജ്യങ്ങളുടെ നിർമ്മാണ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകുന്നത്. പ്രളയക്കെടുതിയിൽ തളർന്നുപോയ കേരളത്തിനും ലോകമെങ്ങുമുള്ള മലയാളികൾക്കും ആശ്വാസത്തിന്റെ കുളിർമഴയായിരുന്നു യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച രാത്രി ട്വിറ്ററിൽ കേരളത്തിനായി പങ്കുവെച്ച വാക്കുകൾ. യു.എ.ഇ.എന്ന നാട്ടിന്റെ നിർമ്മിതിയിൽ മലയാളികൾ നൽകിയ സേവനത്തിനുള്ള അംഗീകാരം കൂടിയായിരുന്നു ഇത്. ഇതിന് ശേഷമാണ് യുഎഇ പ്രസിഡന്റ് പ്രത്യേക സഹായനിധി പ്രഖ്യാപിച്ചത്.

'സഹോദരീ സഹോദരന്മാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവുംമാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു. ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായഹസ്തം നീട്ടാൻ മറക്കരുത്'- ട്വിറ്റർ സന്ദേശത്തിൽ യുഎഇ വൈസ് പ്രസിഡന്റ് പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ യു.എ.ഇ.യും ഇന്ത്യൻ സമൂഹവും ഒരുമിച്ച് പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഞങ്ങൾ ഒരു സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. യു.എ.ഇ.യുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ.. 'കേരളത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലുമെല്ലാമായി ശൈഖ് മുഹമ്മദിന്റെ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത്.

ഇതിനൊപ്പം തന്നെ പെട്ടെന്ന് നാല് കോടി രൂപ സഹായം പ്രഖ്യാപിച്ച ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നടപടിയും പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. കേവലം പ്രഖ്യാപനമോ ആഹ്വാനവും മാത്രമായിരുന്നില്ല ഇതൊന്നും. യു.എ.ഇ.റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ പെട്ടെന്ന് തന്നെ കേരളത്തിനായി ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളെ കൂടി സഹകരിപ്പിച്ചാണ് കേരളത്തിനായുള്ള സഹായം ക്രോഡീകരിക്കുന്നത്. യു.എ.ഇയിലെ ടെലികോം ദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവ വഴി 200 ദിർഹത്തിൽ കുറയാത്ത സഹായം എത്തിക്കാനുള്ള പ്രഖ്യാപനങ്ങളും വന്നുകഴിഞ്ഞു. എമിറൈറ്റ്സ് പോലുള്ള വിമാനക്കമ്പനികളും കേരളത്തെ കൈയയച്ച് സഹായിക്കും. ദുബായ് പോർട്ട് ഉൾപ്പെടെയുള്ള സംരഭങ്ങളും യുഎഇ ഭരണാധികാരിയുടെ ഫണ്ടിലേക്ക് ആവേശത്തോടെ സംഭാവനകൾ നൽകുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP