Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ സ്വർണക്കപ്പ് രണ്ടു ജില്ലകൾ പങ്കിട്ടു; സ്‌കൂൾ കലോത്സവത്തിൽ 916 പോയിന്റിന്റെ നിറവിൽ കോഴിക്കോടും പാലക്കാടും; കപ്പു പങ്കുവയ്ക്കുന്നത് നാലാം തവണ

ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ സ്വർണക്കപ്പ് രണ്ടു ജില്ലകൾ പങ്കിട്ടു; സ്‌കൂൾ കലോത്സവത്തിൽ 916 പോയിന്റിന്റെ നിറവിൽ കോഴിക്കോടും പാലക്കാടും; കപ്പു പങ്കുവയ്ക്കുന്നത് നാലാം തവണ

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം കോഴിക്കോടും പാലക്കാടും പങ്കിട്ടു. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിനൊടുവിലാണ് ഇരു ജില്ലകളും കിരീടം പങ്കിട്ടത്. അവസാന മത്സര ഇനമായ വഞ്ചിപ്പാട്ടും കഴിഞ്ഞതോടെ കോഴിക്കോടും പാലക്കാടും തുല്യനിലയിലായിരുന്നു. ഇതോടെ അപ്പീലുകളുടെ ഫലം വിധി നിർണയിക്കുന്ന അവസ്ഥ വന്നു. ഒടുവിൽ 916 പോയിന്റു നേടിയ ഈ രണ്ടു ജില്ലകളെയും വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതു നാലാം തവണയാണ് കിരീടം പങ്കുവയ്ക്കുന്നത്. പതിനഞ്ചുവർഷം മുമ്പാണ് ഇതിനുമുമ്പ് കിരീടം പങ്കുവച്ചത്.

ഒമ്പതാം തവണയാണ് കോഴിക്കോട് കിരീട നേട്ടത്തിൽ എത്തുന്നത്. അവസാന നിമിഷം വരെ നേരിയ പോയിന്റിന് പാലക്കാടായിരുന്നു മുന്നിൽ. എന്നാൽ അപ്പീലുകളിൽ നിന്നും ലഭിച്ച പോയിന്റാണ് കോഴിക്കോടിനെയും പാലക്കാടിനൊപ്പം എത്തിച്ചത്. കഴിഞ്ഞ തവണ പാലക്കാടിനെ തോൽപ്പിച്ചാണ് കോഴിക്കോട് പാലക്കാട്ടു നടന്ന കലോത്സവത്തിൽ കിരീടം ഉയർത്തിയത്.

അവസാന ഇനമായ വഞ്ചിപ്പാട്ടിന്റെ മൽസരഫലം വന്നപ്പോൾ കോഴിക്കോടും പാലക്കാടും 914 പോയിന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. പിന്നീട് ഏഴ് വിഭാഗങ്ങളുടെ ഹയർ അപ്പീലിന്റെ ഫലമായിരുന്നു വരാനുണ്ടായിരുന്നത്. പിന്നീട് രണ്ടു പോയിന്റിന് പാലക്കാട് മുന്നിലെന്ന് റിപ്പോർട്ടുകൾ വന്നു. വീണ്ടും കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പമെത്തുകയായിരുന്നു. ഒടുവിൽ 55-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവത്തിന്റെ സ്വർണക്കപ്പ് രണ്ടു ജില്ലകളും പങ്കിട്ടു.

അപ്പീലുകളുടെ അനിയന്ത്രിതമായ വരവിനാൽ ശ്രദ്ധേയമായ മേളയിൽ രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരാണ്. 897 പോയിന്റാണ് തൃശൂരിന്‌. 889 പോയിന്റുമായി കണ്ണൂർ മൂന്നാമതും 870 പോയിന്റുമായി മലപ്പുറം നാലാം സ്ഥാനത്തുമാണ്. ആയിരത്തി നാനൂറിലധികം അപ്പീലുകളാണ് അൻപത്തിയഞ്ചാം സ്‌കൂൾ കലോത്സവത്തിൽ വന്നത്. പല ഇനങ്ങളും പകൽ വെളിച്ചത്തിൽ തുടങ്ങി പാതിരാവും കഴിഞ്ഞ് പിറ്റേന്നാണ് അവസാനിച്ചത്. ഒറ്റ ഇരുപ്പിൽ 30 മണിക്കൂറിരുന്ന് വിധിനിർണയിക്കേണ്ടിവന്ന അവസ്ഥയും ഈ മേളയിലുണ്ടായി.

കോഴിക്കോട് ക്രിസ്റ്റ്യൻ കോളേജിൽ നടന്ന സമാപന സമ്മേളനത്തിൽ നടൻ ജയറാം, സംവിധായകൻ ആഷിഖ് അബു, നടി റിമ കല്ലിങ്കൽ, മന്ത്രി പി കെ അബ്ദുറബ്, കോഴിക്കോട് മേയർ എ കെ പ്രേമജം എന്നിവർ പങ്കെടുത്തു. അടുത്ത മേള എറണാകുളത്താണ് നടക്കുന്നത്.

അതേസമയം, സമാപനസമ്മേളനം നടക്കുന്ന പ്രധാനവേദിയായ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം നടന്നു. പ്രതിഷേധക്കാരെ പൊലീസ് സ്ഥലത്തു നിന്നും നീക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP