Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡെൽറ്റ ഫ്‌ലൈറ്റ് നമ്പർ പതിനഞ്ച്

ഡെൽറ്റ ഫ്‌ലൈറ്റ് നമ്പർ പതിനഞ്ച്

കേവലം രണ്ടു മണിക്കൂർ കൊണ്ട് മൂവായിരത്തോളം പേർ മരിക്കുകയും ആറായിരത്തോളം പേർക്ക് പരിക്കു പറ്റുകയും ചെയ്ത ദിവസമായിരുന്നു 2001 സെപ്റ്റംബർ 11. മനുഷ്യരെക്കൊല്ലാൻ വേണ്ടി മനുഷ്യർ തന്നെ ആസൂത്രണം ചെയ്തു നടപ്പാക്കിയ മനുഷ്യക്കുരുതി.

അതേ ദിവസം തന്നെ, മറ്റൊരിടത്ത്, സ്‌നേഹവും കരുണയും സൗഹൃദവും മനുഷ്യവർഗ്ഗത്തിന് അന്യമായിത്തീർന്നിട്ടില്ലെന്ന് ഒരു ജനതയൊന്നാകെ തെളിയിച്ചു. സെപ്റ്റംബർ 11 പോലുള്ള രക്തരൂഷിതമായ ദിനങ്ങൾക്കു ശേഷവും ഈ ലോകത്ത് ജീവിതം തുടരാനുള്ള ഉത്സാഹം പകരുന്നത് ഇത്തരം സ്‌നേഹസൗഹൃദങ്ങളാണ്. അവ നേരിട്ട് ആസ്വദിക്കാനിടവന്ന ഡെൽറ്റ ഫ്‌ലൈറ്റ് 15ലെ നസീം എന്നു പേരായ ഫ്‌ലൈറ്റ് അറ്റന്റ് തുടർന്നുള്ള ദിവസങ്ങളിൽ രേഖപ്പെടുത്തിയ അനുഭവകഥ ഫേസ്‌ബുക്കിൽ വന്നിരുന്നു. അത് അനേകം പേർ വായിച്ചു കഴിഞ്ഞതാകാം. വായിക്കുന്നവരിൽ സദ്ഭാവനയുളവാക്കുന്ന ഒന്നായതുകൊണ്ട് ആ അനുഭവകഥ ഈ ലേഖകൻ വിവർത്തനം ചെയ്തു. നസീമിന്റേതിനോടൊപ്പം, ബന്ധപ്പെട്ട മറ്റു ചില അനുഭവകഥകളും അറിവുകളും താഴെ കൊടുക്കുന്നു.

നസീമിന്റെ അനുഭവകഥ

സെപ്റ്റംബർ പതിനൊന്നാം തീയതി പ്രഭാതത്തിൽ ഞങ്ങൾ നോർത്ത് അറ്റ്‌ലാന്റിക്കിന്റെ മുകളിലൂടെ പറന്നുകൊണ്ടിരിക്കുന്നു. ഫ്രാങ്ക്ഫുർട്ടിൽ നിന്നു പോന്നിട്ട് അഞ്ചു മണിക്കൂറോളമായിട്ടുണ്ടാകും. പെട്ടെന്ന് കർട്ടനുകൾ അകന്നു. എനിക്കൊരു നിർദ്ദേശം കിട്ടി: ഉടൻ കോക്പിറ്റിൽച്ചെന്ന് ക്യാപ്റ്റനെ കാണുക.

ക്യാപ്റ്റന്റേയും സഹായിയുടേയും മുഖം ഗൗരവപൂർണ്ണമായിരുന്നു. അച്ചടിച്ച ഒരു സന്ദേശം ക്യാപ്റ്റൻ എടുത്തു നീട്ടി. ഡെൽറ്റയുടെ അറ്റ്‌ലാന്റയിലെ മുഖ്യകാര്യാലയത്തിൽ നിന്നുള്ളതായിരുന്നു, അത്. അമേരിക്കൻ വിമാനത്താവളങ്ങളെല്ലാം അടച്ചിരിക്കുന്നു. ഏറ്റവുമടുത്തുള്ള മറ്റേതെങ്കിലും വിമാനത്താവളത്തിൽ എത്രയും വേഗം ഇറങ്ങുക. പോകുന്നത് എവിടേയ്‌ക്കെന്ന് അറിയിക്കുക. ഇതായിരുന്നു സന്ദേശം.

ഒരു നിശ്ചിത വിമാനത്താവളത്തിൽ ഇറങ്ങണം എന്നു നിർദ്ദേശിക്കാതിരിക്കുകയും, ഏറ്റവുമടുത്തുള്ള വിമാനത്താവളം കണ്ടെത്തി അവിടെ ഉടൻ ഇറങ്ങണം എന്നു നിർദ്ദേശിക്കുകയും ചെയ്യുമ്പോൾ അതിന്റെ അർത്ഥം ഫ്‌ലൈറ്റിന്റെ പരിപൂർണ്ണ നിയന്ത്രണം വൈമനസ്യത്തോടെയെങ്കിലും ക്യാപ്റ്റനു കൈമാറുന്നു എന്നാണ്.

ഇതിനർത്ഥം എന്തായിരിക്കാമെന്നതേപ്പറ്റി ആരും ഒരൂഹവും പ്രകടിപ്പിക്കാൻ ധൈര്യപ്പെട്ടില്ല. ഇത്തരമൊരു സന്ദേശം വരണമെങ്കിൽ സ്ഥിതി വാസ്തവമായും ഗുരുതരമായിരിക്കും എന്നു ഞങ്ങൾക്കുറപ്പുണ്ടായിരുന്നു. കഴിവതും വേഗം ആകാശത്തുനിന്ന് ഉറച്ച പ്രതലത്തിലേയ്ക്ക് ഇറങ്ങുക തന്നെ. ഏറ്റവുമടുത്ത വിമാനത്താവളം ന്യൂഫൗണ്ട്‌ലന്റിലെ ഗ്യാന്റർ ആണെന്നും അത് നാനൂറു മൈൽ പുറകിലാണെന്നും ക്യാപ്റ്റൻ കണ്ടുപിടിച്ചു.

ക്യാപ്റ്റൻ പതിവു റൂട്ടിൽ നിന്ന് മറ്റൊരു റൂട്ടിലേയ്ക്കു മാറാനുള്ള അനുവാദം കനേഡിയൻ ട്രാഫിക് കൺട്രോളറിൽ നിന്ന് ആവശ്യപ്പെട്ടു. അതുടൻ കിട്ടുകയും ചെയ്തു. യാതൊരു വിധ ചോദ്യങ്ങളും ചോദിക്കാതെ തന്നെ. ഞങ്ങളുടെ അഭ്യർത്ഥന അനുവദിക്കുന്നതിന് എന്തുകൊണ്ട് കനേഡിയൻ ട്രാഫിക് കൺട്രോളർക്ക് യാതൊരു ശങ്കയുമുണ്ടായില്ലെന്ന് പിന്നീടു ഞങ്ങൾക്കു മനസ്സിലായി.

ക്യാപ്റ്റനും മറ്റും വിമാനം നിലത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ അറ്റ്‌ലാന്റയിൽ നിന്ന് മറ്റൊരു സന്ദേശം വന്നു. ന്യൂയോർക്ക് മേഖലയിൽ ഭീകരവാദികളുടെ ചില പ്രവർത്തനങ്ങൾ നടന്നതായി ആ സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നു. ഏതാനും മിനിറ്റു കഴിഞ്ഞപ്പോൾ വിമാനങ്ങൾ തട്ടിക്കൊണ്ടുപോയ വാർത്തയുമെത്തി.

നിലത്തിറങ്ങുന്നതു വരെയുള്ള ഹ്രസ്വസമയത്തേയ്‌ക്കെങ്കിലും യാത്രക്കാരോട് നുണ പറയാൻ ഞങ്ങൾ തീരുമാനിച്ചു. വിമാനത്തിന്റെ സാരമല്ലാത്ത ഒരുപകരണത്തിന് ചെറിയൊരു കുഴപ്പം സംഭവിച്ചിട്ടുണ്ട്. അതൊന്നു പരിശോധിപ്പിക്കാൻ വേണ്ടി ഏറ്റവുമടുത്ത വിമാനത്താവളത്തിൽ ഇറങ്ങാൻ പോകുകയാണെന്നും ന്യൂഫൗണ്ട്‌ലന്റിലെ ഗ്യാന്റർ വിമാനത്താവളത്തിലാണ് ഇറങ്ങുന്നതെന്നും ഞങ്ങൾ അവരെ അറിയിച്ചു. ഗ്യാന്ററിൽ ഇറങ്ങിയ ശേഷം കൂടുതൽ വിവരങ്ങൾ അവരെ അറിയിക്കാമെന്നും ഞങ്ങൾ വാഗ്ദാനം ചെയ്തു.

യാത്രക്കാരിൽ നിന്ന് ഏറെ മുറുമുറുപ്പുയർന്നു. പക്ഷേ, അതിൽ തീരെ പുതുമയല്ല. നാല്പതു മിനിറ്റു കഴിഞ്ഞപ്പോൾ ഞങ്ങൾ ഗ്യാന്റർ വിമാനത്താവളത്തിലിറങ്ങി. പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 12:30. ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈമനുസരിച്ച് രാവിലെ പതിനൊന്നു മണി.

അതിനകം ഇരുപതോളം വിമാനങ്ങൾ അവിടെ ഇറങ്ങിക്കഴിഞ്ഞിരുന്നു. എല്ലാം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് അമേരിക്കയിലേയ്ക്കു പോകുന്നവ. ഞങ്ങളെപ്പോലെതന്നെ റൂട്ടിൽ മാറ്റം വരുത്തി ഇറങ്ങേണ്ടി വന്നവർ.

യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നിടത്ത് ('ഏപ്രൺ', 'റാമ്പ്') വിമാനത്തെ പാർക്കു ചെയ്ത ശേഷം ക്യാപ്റ്റൻ യാത്രക്കാരെ സംബോധന ചെയ്തു: 'ലേഡീസ് ആൻഡ് ജെന്റിൽമെൻ, നമുക്കു ചുറ്റും കാണുന്ന വിമാനങ്ങളും നമ്മെപ്പോലെതന്നെ ഉപകരണത്തകരാറു മൂലം നിലത്തിറങ്ങിയിരിക്കുന്നതാണോ എന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും. മറ്റൊരു കാരണത്താലാണ് നാമിവിടെ എത്തിയിരിക്കുന്നത് എന്നതാണു വാസ്തവം.'

അമേരിക്കയിലെ സ്ഥിതിയെപ്പറ്റി അല്പം ചിലത് അറിയാൻ കഴിഞ്ഞിരുന്നത് അദ്ദേഹം വിശദീകരിച്ചു. അത് അവരിൽ ഞെട്ടലുളവാക്കി. അല്പം മാത്രമേ കേട്ടിരുന്നുള്ളെങ്കിലും അതു പോലും വിശ്വസിക്കാൻ പ്രയാസമായിരുന്നു. വിമാനത്തിനകത്തു തന്നെ തുടരാൻ ഗ്യാന്റർ വിമാനത്താവളത്തിലെ ഗ്രൗണ്ട് കൺട്രോൾ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ക്യാപ്റ്റൻ യാത്രികരെ അറിയിച്ചു.

യാത്രികരെല്ലാവരും കനേഡിയൻ സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. വിമാനത്തിൽ നിന്നു പുറത്തിറങ്ങാൻ ആർക്കും അനുവാദമുണ്ടായിരുന്നില്ല. വിമാനത്തിനടുത്തേയ്ക്കു വരാൻ പുറത്തുള്ളവരേയും അനുവദിച്ചിരുന്നില്ല. വിമാനത്താവളപ്പൊലീസു മാത്രം ഇടയ്ക്കിടെ വന്ന് ഞങ്ങളെ നിരീക്ഷിച്ചു പൊയ്‌ക്കൊണ്ടിരുന്നു.

അടുത്ത ഒരു മണിക്കൂറിനുള്ളിൽ കൂടുതൽ വിമാനങ്ങൾ ഗ്യാന്ററിൽ ഇറങ്ങി. ആകെ 53 വിമാനങ്ങൾ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവ. അവയിൽ ഇരുപത്തേഴെണ്ണം അമേരിക്കൻ പതാക പറപ്പിച്ചിരുന്നു.

ഇതിനിടയിൽ വിമാനത്തിനകത്തുള്ള റേഡിയോയിലൂടെ വാർത്താശകലങ്ങൾ കടന്നുവരാൻ തുടങ്ങി. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലും വാഷിങ്ടൺ ഡീസിയിലെ പെന്റഗണിലും വിമാനങ്ങളിടിച്ചു തകർന്ന വിവരം ഞങ്ങളറിയുന്നത് അപ്പോഴാണ്.

യാത്രികർ തങ്ങളുടെ സെൽഫോണുകൾ ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ക്യാനഡയിലെ സെൽഫോൺ സംവിധാനം വ്യത്യസ്തമായിരുന്നതു മൂലം മിക്കവർക്കും സെൽഫോണിലൂടെ ബന്ധപ്പെടാനായില്ല. ചിലർക്ക് സെൽഫോൺ കാളുകൾ നടത്താനായെങ്കിലും ആ കാളുകളെല്ലാം കനേഡിയൻ ഓപ്പറേറ്ററിൽ ചെന്നവസാനിച്ചു. അമേരിക്കയിലേയ്ക്കുള്ള ലൈനുകളെല്ലാം ഒന്നുകിൽ ബ്ലോക്കു ചെയ്യപ്പെട്ടിരിക്കുന്നു, അല്ലെങ്കിൽ സ്തംഭിച്ചിരിക്കുന്നു എന്ന് ഓപ്പറേറ്റർ അറിയിച്ചു.

വേൾഡ് ട്രേഡ് സെന്റർ ടവറുകൾ തകർന്നെന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കപ്പെട്ട നാലാമത്തെ വിമാനം വീണു തകർന്നെന്നുമുള്ള വാർത്ത സായാഹ്നത്തോടെ ഞങ്ങളറിഞ്ഞു. അപ്പോഴേയ്ക്കും യാത്രികർ ഭയഭീതരാകുക മാത്രമല്ല, മാനസികമായും ശാരീരികമായും തളരുകയും ചെയ്തു കഴിഞ്ഞിരുന്നു. എങ്കിലും സർവ്വരും അത്ഭുതകരമാം വിധം ശാന്തരായിരുന്നു.

ഞങ്ങൾ മാത്രമല്ല, മറ്റ് 52 വിമാനയാത്രികരും ഞങ്ങളോടൊപ്പം ഈ സന്ദിഗ്ദ്ധാവസ്ഥയിൽ പെട്ടിട്ടുണ്ടെന്നു ബോദ്ധ്യം വരാൻ ജനലിലൂടെ ഒന്നു നോക്കുക മാത്രമേ വേണ്ടിയിരുന്നുള്ളു.

ഞങ്ങളെ വിമാനത്തിൽ നിന്നു പുറത്തു കടക്കാൻ അനുവദിക്കുമെന്ന് അവർ അറിയിച്ചു. പക്ഷേ, ഒരു സമയം ഒരു വിമാനത്തിലെ യാത്രികരെ മാത്രമാവും പുറത്തിറക്കുക. ഞങ്ങളുടെ വിമാനത്തിലെ യാത്രികരെ പുറത്തിറക്കുന്ന സമയവും അവർ വൈകുന്നേരം ആറു മണിയോടെ അറിയിച്ചു: പിറ്റേന്നു രാവിലെ പതിനൊന്നു മണി.

യാത്രികർ സന്തുഷ്ടരായിരുന്നില്ല. പക്ഷേ, മറ്റു വഴികളില്ലാഞ്ഞതിനാൽ, അധികം ശബ്ദമുണ്ടാക്കാതെ തന്നെ അതിനു വഴങ്ങുകയും, രാത്രി മുഴുവനും വിമാനത്തിൽ കഴിഞ്ഞുകൂടാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു.

വെള്ളവും ശൗചാലയസേവനവും ഗ്യാന്റർ വാഗ്ദാനം ചെയ്തു. ആതുരശുശ്രൂഷ ആവശ്യമുള്ളവർക്ക് അതും.

വാഗ്ദാനങ്ങളെല്ലാം അവർ പാലിച്ചു.

ഭാഗ്യവശാൽ യാത്രികർക്കാർക്കും ആതുരശുശ്രൂഷ ആവശ്യമുണ്ടായിരുന്നില്ല. യാത്രികരിൽ ഒരാൾ മുപ്പത്തിമൂന്നാഴ്ച കടന്ന ഗർഭിണിയായിരുന്നു. ഞങ്ങൾ അവരെ ശ്രദ്ധയോടെ പരിചരിച്ചു. ശയനസൗകര്യക്കുറവുണ്ടായിട്ടും അനിഷ്ടസംഭവങ്ങളൊന്നും കൂടാതെ രാത്രി കടന്നുപോയി.

പിറ്റേന്ന്, അതായത് സെപ്റ്റംബർ പന്ത്രണ്ടാം തീയതി, രാവിലെ പത്തര മണിയോടെ സ്‌കൂൾ ബസ്സുകളുടെ ഒരു നിര വന്നെത്തി. വിമാനത്തിൽ നിന്നിറങ്ങിയ ഞങ്ങളെ അവർ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് പരിശോധനയ്ക്കു വിധേയരാക്കി. തുടർന്നെല്ലാവരും റെഡ്‌ക്രോസ്സിൽ രജിസ്റ്റർ ചെയ്തു.

അതിനു ശേഷം ഞങ്ങളെ, അതായത് വിമാനോദ്യോഗസ്ഥരെ, യാത്രികരിൽ നിന്നു വേർപെടുത്തി, ഒരു വാനിൽ ചെറിയൊരു ഹോട്ടലിലേയ്ക്കു കൊണ്ടു പോയി. ഞങ്ങളുടെ യാത്രികർ എങ്ങോട്ടാണു പോകുന്നതെന്ന് ഞങ്ങൾക്ക് യാതൊരു രൂപവുമില്ലായിരുന്നു. ഗ്യാന്ററിലെ ആകെ ജനസംഖ്യ 10400 മാത്രമായിരുന്നെന്നും ആ ചെറുജനതയ്ക്ക് വിമാനങ്ങളിൽ നിന്നുള്ള 10500 യാത്രികരെ സംരക്ഷിക്കേണ്ടതായി വന്നിരിക്കുന്നെന്നും ഞങ്ങൾ റെഡ്‌ക്രോസ്സിൽ നിന്നറിഞ്ഞു.

അമേരിക്കൻ വിമാനത്താവളങ്ങൾ തുറന്നു കഴിയുമ്പോൾ അത് ഞങ്ങളെ അറിയിക്കാമെന്ന് അവർ വാഗ്ദാനം ചെയ്തു. പക്ഷേ, അത് ഉടൻ പ്രതീക്ഷിയ്‌ക്കേണ്ട എന്ന മുന്നറിയിപ്പും അവർ നൽകി. അറിയിപ്പു കിട്ടുന്നതു വരെ ഹോട്ടലിൽത്തന്നെ വിശ്രമിക്കാൻ അവരുപദേശിച്ചു.

നാട്ടിൽ നടന്ന ഭീകരസംഭവങ്ങളുടെ കാർക്കശ്യത്തെപ്പറ്റി ഞങ്ങൾക്ക് വ്യക്തമായ അറിവു ലഭിച്ചത് അവയെല്ലാം നടന്ന് ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞ ശേഷം, ഞങ്ങളുടെ ഹോട്ടലിൽ എത്തിയ ഉടനെ ടിവി ഓൺ ചെയ്തപ്പോൾ മാത്രമായിരുന്നു.

ഇതിനിടയിൽ ഞങ്ങൾക്ക് ധാരാളം സമയം കിട്ടിയിരുന്നു. ഗ്യാന്ററിലെ ജനത സ്‌നേഹസമ്പന്നരാണെന്ന് ഞങ്ങൾ മനസ്സിലാക്കി. 'വിമാനജനത' എന്ന് അവർ ഞങ്ങളെ വിളിച്ചു. ഞങ്ങൾ അവരുടെ ആതിഥ്യം ആസ്വദിക്കുകയും ഗ്യാന്റർ പട്ടണത്തിൽ ചുറ്റിക്കറങ്ങുകയും ചെയ്തു. വലുതായ സന്തോഷം പകർന്നു കിട്ടിയ സമയമായിരുന്നു അത്.

രണ്ടു ദിവസത്തിനു ശേഷം ഞങ്ങൾ കാത്തിരുന്ന വിളി വന്നു. ഞങ്ങളെ ഗ്യാന്റർ വിമാനത്താവളത്തിലേയ്ക്ക് അവർ കൊണ്ടുപോയി. തിരികെ വിമാനത്തിൽ, യാത്രികരുമായി വീണ്ടും സന്ധിച്ചപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ യാത്രികർ എന്താണു ചെയ്തു കൊണ്ടിരുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കി. അവിശ്വസനീയമായ കാര്യങ്ങളായിരുന്നു, അവ.

ഗ്യാന്ററിലും അതിനു ചുറ്റിലുമുള്ള നിവാസികൾ തങ്ങളുടെ എല്ലാ ഹൈസ്‌കൂളുകളും ലോഡ്ജുകളും ഹാളുകളും നിസ്സഹായാവസ്ഥയിൽ പെട്ടു പോയ വിമാനയാത്രക്കാരുടെ താമസത്തിന് അനുയോജ്യമാക്കിത്തീർത്തു. ചിലർക്കു കിടക്കാൻ കട്ടിലുകൾ കിട്ടി. ചിലർക്ക് പായ. മറ്റു ചിലർക്ക് സ്ലീപ്പിങ് ബാഗുകളും. അതിഥികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ചുമതല ഹൈസ്‌കൂൾ വിദ്യാർത്ഥികൾ സ്വമേധയാ ഏറ്റെടുത്തു.

ഞങ്ങളുടെ 218 യാത്രികർ ഗ്യാന്ററിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ല്യൂവിസ്‌പോർട്ട് എന്നൊരു പട്ടണത്തിലാണ് എത്തിച്ചേർന്നിരുന്നത്. അവിടെയൊരു ഹൈസ്‌കൂളിലാണ് അവരുടെ താമസം സൗകര്യപ്പെടുത്തിയിരുന്നത്. വനിതകൾ മാത്രമുള്ളിടത്ത് താമസിക്കാനാഗ്രഹിച്ചിരുന്ന വനിതകൾക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കുടുംബങ്ങൾ ഒരുമിച്ചു താമസിച്ചു. പ്രായമേറിയ യാത്രികരെയെല്ലാം സ്വകാര്യഭവനങ്ങളിലെ കുടുംബങ്ങളോടൊപ്പം പാർപ്പിച്ചു.

ഗർഭിണിയായിരുന്ന യുവതിയെ ഓർക്കുന്നുണ്ടോ? ഇരുപത്തിനാലുമണിക്കൂറും അത്യാവശ്യചികിത്സ നൽകുന്ന ഒരാശുപത്രിയുടെ മുന്നിലുള്ളൊരു സ്വകാര്യഭവനത്തിലെ കുടുംബത്തോടൊപ്പമാണ് അവരെ പാർപ്പിച്ചിരുന്നത്. ആ ആശുപത്രിയിൽ ഒരു ദന്തഡോക്ടറും പുരുഷനഴ്‌സുമാരും വനിതാനഴ്‌സുമാരും ഉണ്ടായിരുന്നു. അവരെല്ലാം യാത്രികരുടെ സേവനത്തിനായി യാത്രികരോടൊപ്പം കഴിഞ്ഞു.

എല്ലാവർക്കും ദിവസവും ഓരോ തവണ വീതം അമേരിക്കയിലേയ്ക്കും ലോകത്തിലെ മറ്റിടങ്ങളിലേയ്ക്കും ഫോൺ ചെയ്യാനും ഈമെയിലയയ്ക്കാനും സാധിച്ചു. പകൽസമയത്ത് യാത്രികർക്കായി വിനോദസഞ്ചാരങ്ങൾ ഏർപ്പെടുത്തിയിരുന്നു. ചിലർ തടാകങ്ങളിലും തുറമുഖങ്ങളിലും ബോട്ടുസവാരി നടത്തിയപ്പോൾ മറ്റു ചിലർ സമീപത്തെ വനങ്ങളിൽ കാൽനടയാത്ര നടത്തി.

അതിഥികൾക്കുള്ള റൊട്ടി തയ്യാറാക്കാൻ വേണ്ടി ആ പ്രദേശത്തെ ബേക്കറികൾ രാത്രിയും ഉണർന്നിരുന്നു പ്രവർത്തിച്ചു.

തദ്ദേശവാസികൾ ആഹാരം പാകം ചെയ്ത് സ്‌കൂളുകളിലെത്തിച്ചു. അതിഥികളെ റെസ്റ്റോറന്റുകളിലേയ്ക്കു കൊണ്ടുപോകുകയും അവർക്ക് അത്ഭുതകരമാം വിധം രുചികരമായ ഭക്ഷണം വിളമ്പുകയും ചെയ്തു. വസ്ത്രങ്ങളെല്ലാം വിമാനത്തിനകത്തായിപ്പോയതുകൊണ്ട് എല്ലാ യാത്രികർക്കും അവരുടെ വസ്ത്രങ്ങൾ സൗജന്യമായി അലക്കിക്കൊടുക്കപ്പെട്ടു.

ചുരുക്കിപ്പറഞ്ഞാൽ, നിസ്സഹായാവസ്ഥയിൽ പെട്ടുപോയിരുന്ന യാത്രികരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെട്ടു എന്നർത്ഥം.

ഈ കഥകൾ ഞങ്ങൾക്കായി വിവരിച്ചു തരുമ്പോൾ യാത്രികർ കരയുകയായിരുന്നു. ഒടുവിൽ, അമേരിക്കൻ വിമാനത്താവളങ്ങൾ വീണ്ടും തുറന്നു കഴിഞ്ഞെന്ന് അറിഞ്ഞപ്പോൾ ഗ്യാന്റർ ജനത എല്ലാ യാത്രികരേയും കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിച്ചുകൊടുക്കുകയും ചെയ്തു. ഒരു യാത്രക്കാരൻ പോലും വൈകുകയോ കാണാതാകുകയോ ചെയ്തില്ല. ഓരോ യാത്രികനും എവിടെയാണുള്ളതെന്നും എവിടേയ്ക്കാണു പോകേണ്ടതെന്നും ഏതു വിമാനത്തിലാണു കയറേണ്ടതെന്നും ഏതെല്ലാം വിമാനങ്ങൾ എപ്പോഴെല്ലാമാണു യാത്ര പുറപ്പെടുന്നതെന്നും മറ്റുമുള്ള വിവരങ്ങളെല്ലാം സ്ഥലത്തെ റെഡ്‌ക്രോസ്സിന്റെ പക്കലുണ്ടായിരുന്നു. അതിശയകരമാം വിധം സുന്ദരമായിരുന്നു, അവരുടെ പ്രവർത്തനം.

യാത്രികർ വിമാനത്തിൽ കയറിയപ്പോൾ ദീർഘമായൊരു കപ്പൽയാത്ര കഴിഞ്ഞുവന്നതു പോലെയായിരുന്നു. എല്ലാവർക്കും എല്ലാവരുടെയും പേരുകൾ ഹൃദിസ്ഥമായിക്കഴിഞ്ഞിരുന്നു. അവർ മുൻ ദിവസങ്ങളിലെ തങ്ങളുടെ താമസത്തെപ്പറ്റിയുള്ള കഥകൾ പങ്കുവച്ചു. തങ്ങൾക്ക് മറ്റാരെക്കാളും കൂടുതൽ താമസ സൗകര്യങ്ങൾ ലഭിച്ചു എന്നു പറയാനവർ തിരക്കു കൂട്ടി. അറ്റ്‌ലാന്റയിലേയ്ക്കുള്ള ഞങ്ങളുടെ മടക്കയാത്ര ഒരു ടൂറിസ്റ്റു പാർട്ടിയുടെ യാത്രപോലെ സൗഹൃദഭരിതവും ഹൃദ്യവുമായിരുന്നു. വിമാനോദ്യോഗസ്ഥർ അവരെ യഥേഷ്ടം വിഹരിക്കാൻ വിട്ടു. അത്ഭുതകരവും ആവേശകരവുമായ ഒരവസ്ഥയായിരുന്നു അത്.

യാത്രികർ പരസ്പരം സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. പരസ്പരം സംബോധന ചെയ്യാൻ ഔപചാരികത വെടിഞ്ഞ് പ്രഥമനാമങ്ങൾ ഉപയോഗിച്ചു. അവർ ഫോൺനമ്പറുകളും മേൽവിലാസങ്ങളും ഈമെയിൽ ഐഡികളും കൈമാറി.

അങ്ങനെയിരിക്കെ തികച്ചും അസാധാരണമായ ഒന്ന് സംഭവിച്ചു.

യാത്രികരിലൊരാൾ എന്നെ സമീപിച്ച് പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റത്തിലൂടെ ഒരു പ്രസ്താവന നടത്താൻ തന്നെ അനുവദിക്കുമോ എന്നു ചോദിച്ചു. ഞങ്ങൾ അതൊരിക്കലും അനുവദിച്ചിട്ടില്ല. പക്ഷേ ഈ സന്ദർഭം വ്യത്യസ്തമായിരുന്നു. 'തീർച്ചയായും' എന്നു പറഞ്ഞുകൊണ്ട് ഞാൻ മൈക്ക് അദ്ദേഹത്തിനു കൈമാറി. കഴിഞ്ഞ ദിവസങ്ങളിൽ യാത്രികർക്കുണ്ടായ അനുഭവങ്ങളെപ്പറ്റി അദ്ദേഹം ചുരുക്കിപ്പറഞ്ഞു. ല്യൂവിസ്‌പോർട്ടിൽ വച്ച് തികച്ചും അപരിചിതരായ നാട്ടുകാരിൽ നിന്നു ലഭിച്ച സ്‌നേഹപൂർവ്വമായ ആതിഥ്യത്തെപ്പറ്റി അദ്ദേഹം അനുസ്മരിച്ചു. അതിനു പകരമായി ല്യൂവിസ്‌പോർട്ടിലെ നല്ല മനുഷ്യർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഡെൽറ്റ 15 (ഞങ്ങളുടെ ഫ്‌ലൈറ്റ് നമ്പർ) എന്ന പേരിൽ ഒരു ട്രസ്റ്റ് ഫണ്ടു രൂപീകരിക്കാൻ പോകുന്നെന്ന് അദ്ദേഹം അറിയിച്ചു. ല്യൂവിസ്‌പോർട്ടിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ കോളേജ് വിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പുകൾ നൽകുകയാണ് ട്രസ്റ്റ് ഫണ്ടിന്റെ ലക്ഷ്യം. അദ്ദേഹം തന്റെ സഹയാത്രികരിൽ നിന്ന് ട്രസ്റ്റ് ഫണ്ടിലേയ്ക്ക് സംഭാവനകൾ ആവശ്യപ്പെട്ടു. തുക എത്ര ചെറുതായാലും സാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.

യാത്രികർ ഉത്സാഹപൂർവ്വം ആ യജ്ഞത്തിൽ പങ്കെടുത്തു. ഒടുവിൽ ശേഖരണം ഞങ്ങളുടെ അടുത്തെത്തിയപ്പോൾ അത് 14000 ഡോളർ കവിഞ്ഞിരുന്നു! സംഭാവന നൽകിയവരുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവയെല്ലാം തുകയോടൊപ്പമുണ്ടായിരുന്ന കടലാസ്സിൽ രേഖപ്പെടുത്തിയിരുന്നു.

ഈ നിർദ്ദേശം മുന്നോട്ടു വച്ച യാത്രികൻ വെർജീനിയയിൽ നിന്നുള്ള ഒരു എം ഡി ബിരുദധാരിയായിരുന്നു. സ്‌കോളർഷിപ്പ് ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ഉടൻ തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഇക്കാര്യം ഡെൽറ്റ എയർലൈനിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും, ഈ സംരംഭത്തിന് സംഭാവന നൽകാൻ അവരോടും അഭ്യർത്ഥിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഞാനീ ലേഖനം എഴുതുന്ന സമയത്ത് ട്രസ്റ്റ് ഫണ്ട് ഒന്നര ദശലക്ഷം ഡോളർ കവിഞ്ഞിരിക്കുന്നു. 134 വിദ്യാർത്ഥികളെ കോളേജ് വിദ്യാഭ്യാസത്തിന് സഹായിക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു.

നല്ല കഥകൾ ആവശ്യമായി വന്നിരിക്കുന്നൊരു സമയമാണിപ്പോൾ. അതുകൊണ്ടാണ് ഞാനീ കഥ പങ്കുവയ്ക്കാൻ തീരുമാനിച്ചത്. ആകാശത്തുനിന്ന് പെട്ടെന്നു വന്നിറങ്ങിയ, നിസ്സഹായരായ ഒരു കൂട്ടം അപരിചിതരോട് ഒരു വിദൂരദേശത്തെ കുറേ മനുഷ്യർ കാണിച്ച ദയവ് ലോകത്തെപ്പറ്റി പ്രതീക്ഷയ്ക്കു വക നൽകുന്നു. ലോകത്ത് വളരെയധികം നന്മയുണ്ടെന്ന് അതോർമ്മിപ്പിക്കുന്നു. ഇന്നത്തെ ലോകത്ത് അസ്വാസ്ഥ്യജനകമായ കാര്യങ്ങൾ നടക്കുന്നുണ്ടാകാം. എന്നാൽ ഇതേ ലോകത്തു തന്നെ ഒട്ടേറെ നല്ല മനുഷ്യർ ഇപ്പോഴുമുണ്ടെന്നും, കാര്യങ്ങൾ വഷളാകുമ്പോൾ അവർ മുന്നോട്ടു വരുമെന്നും ഈ കഥ നമുക്ക് ഉറപ്പു തരുന്നു. അന്യരുമായി പങ്കു വയ്‌ക്കേണ്ട സൽക്കഥകളിലൊന്നാണിത്. ദയവായി ഇതു പങ്കു വയ്ക്കുക.

ഡെൽറ്റ ഫ്‌ലൈറ്റ് നമ്പർ 15ലെ ഫ്‌ലൈറ്റ് അറ്റന്റന്റ് ആയ നസീം എഴുതിയ ലേഖനം ഇവിടെ അവസാനിക്കുന്നു.

 ഗ്യാന്ററിലൂടെ കടന്നുപോകേണ്ടിവന്ന യാത്രികരിൽ നിരവധിപ്പേർ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കത്തുകളെഴുതി. പിറ്റ്‌സ്ബർഗ് പോസ്റ്റ് ഗസറ്റിന്റെ പത്രാധിപർക്കു കിട്ടിയ ഒരു കത്തിന്റെ സംക്ഷിപ്തം താഴെ കൊടുക്കുന്നു:

സെപ്റ്റംബർ പതിനൊന്നാം തീയതി അമേരിക്കയിലേയ്ക്കു മടങ്ങിക്കൊണ്ടിരുന്ന യുഎസ് എയർവേയ്‌സ് ഫ്‌ലൈറ്റ് മൂന്നിലെ യാത്രികരെ ഉള്ളഴിഞ്ഞു സഹായിച്ച ക്യാനഡക്കാരോട് ഞങ്ങൾക്കുള്ള കൃതജ്ഞത പ്രകാശിപ്പിക്കാൻ വേണ്ടിയാണ് ഈ കത്തെഴുതുന്നത്. പകൽ ഒന്നരയ്ക്ക് ഞങ്ങളുടെ ഫ്‌ലൈറ്റിന് ഗ്യാന്ററിൽ ഇറങ്ങേണ്ടി വന്നു. ന്യൂയോർക്കിലും പെന്റഗണിലും പിറ്റ്‌സ്ബർഗിനു പുറത്തും നടന്ന സംഭവങ്ങളെപ്പറ്റി ഞങ്ങളറിഞ്ഞത് അവിടെ വച്ചാണ്.

വിമാനത്തിനുള്ളിൽ ഇരുപത്തിമൂന്നു മണിക്കൂർ നേരം ഇരുന്ന ശേഷമാണ് ഞങ്ങൾക്ക് പുറത്തിറങ്ങാനുള്ള അനുവാദം കിട്ടിയത്. തുടർന്ന് ഞങ്ങളെ നാല്പത്തഞ്ചു മിനിറ്റകലെ, ല്യൂവിസ്‌പോർട്ടിലെ സാൽവേഷൻ ആർമിയുടെ ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോയി. ല്യൂവിസ്‌പോർട്ടിലെ ജനത ദിവസവും മൂന്നു നേരം വീതം ഞങ്ങളെ ഊട്ടി. കമ്പിളി, ടൂത്ത്ബ്രഷ്, തുടങ്ങി ഞങ്ങൾക്കാവശ്യമുള്ള എല്ലാ വസ്തുക്കളും നൽകി. സാൽവേഷൻ ആർമിയോടു ചേർന്നുള്ള ചെറു സ്‌കൂൾ ക്ലാസ്സുകളെല്ലാം റദ്ദു ചെയ്ത് അവ ഞങ്ങളുടെ കുളിപ്പുരകളാക്കി മാറ്റി. സ്‌കൂളിലെ കമ്പ്യൂട്ടർ മുറി ഞങ്ങൾക്ക് ഈമെയിലയയ്ക്കാൻ വേണ്ടി തുറന്നുതന്നു.

അമേരിക്കയിൽ നടന്ന സംഭവങ്ങളെപ്പറ്റിയും അമേരിക്കയിലെ ബന്ധുക്കളുടെ സുരക്ഷയെപ്പറ്റിയുമുള്ള ഉത്കണ്ഠ മൂലം വ്യാകുലരായിരുന്ന ഞങ്ങളെ സന്തോഷിപ്പിക്കാൻ ആതിഥേയർ തീവ്രയത്‌നം നടത്തി. അവർ തങ്ങളുടെ മറ്റെല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ച് ഞങ്ങൾക്കുള്ള ആഹാരം പാചകം ചെയ്തു. ഗ്യാന്ററിൽ ചെലവഴിയ്‌ക്കേണ്ടിവന്ന അഞ്ചുദിവസങ്ങളിലെ സന്ദിഗ്ദ്ധാവസ്ഥയിൽ ഏകാന്തതയും നിസ്സഹായാവസ്ഥയും ഞങ്ങളറിയാതിരിക്കാൻ വേണ്ടി അവർ ശ്രദ്ധിച്ചു. ഒടുവിൽ മടങ്ങിപ്പോകാനുള്ള അനുവാദം ലഭിച്ചപ്പോൾ ഞങ്ങളോട് അതിരറ്റ സ്‌നേഹം കാണിച്ചിരുന്ന ആതിഥേയരോട് വേദനയോടെയാണ് ഞങ്ങൾ യാത്ര പറഞ്ഞത്. ഈ അനുഭവത്തെപ്പറ്റിയുള്ള സ്മരണ ഞങ്ങളിലെന്നുമുണ്ടാകും. ഈ ലോകത്ത് ഞങ്ങൾക്ക് ശത്രുക്കളേക്കാൾ കൂടുതൽ മിത്രങ്ങളുണ്ടെന്ന് ആ അനുഭവം തെളിയിച്ചു. മിത്രങ്ങൾ സമീപം തന്നെയുണ്ടെന്നതും ഞങ്ങൾക്ക് വലുതായ ആശ്വാസം തരുന്നു.

ക്ലീവ്‌ലന്റിൽ നിന്നുള്ളൊരു കത്ത്

പാരീസിൽ അത്യാഹ്ലാദകരമായ ഒരൊഴിവുകാലം ചെലവഴിച്ചു മടങ്ങുകയായിരുന്നു, ഞങ്ങൾ. നെവാർക്കിൽ നിന്ന് ഒരു മണിക്കൂർ മാത്രം അകലെയായിരിക്കുമ്പോഴാണ് ആ പ്രഖ്യാപനം വന്നത്: ന്യൂയോർക്കിലും വാഷിങ്ടണിലും ഭീകരാക്രമണം നടന്നിരിക്കുന്നു; വിമാനം ക്യാനഡയിലെ ന്യൂഫൗണ്ട്‌ലന്റിലുള്ള ഗ്യാന്ററിലേയ്ക്കു തിരിച്ചു വിടുന്നു.

ഗ്യാന്ററിൽ ഇറങ്ങേണ്ടി വന്ന 37 വിമാനങ്ങളിൽ നാലാമത്തേതായിരുന്നു ഞങ്ങളുടേത്. ഏഴുമണിക്കൂർ വിമാനത്തിലിരുന്നു ചെലവഴിച്ച ശേഷം ഇമിഗ്രേഷനിലേയ്ക്കു ചെന്നപ്പോൾ അവിടെയുണ്ടായിരുന്നവർ ഞങ്ങളെ കരുണാപൂർവ്വം എതിരേറ്റു. ആരെന്നറിയാത്തൊരു വനിത ഞങ്ങളെ ഊഷ്മളമായി ആലിംഗനം ചെയ്തുകൊണ്ട് എന്തു സഹായം വേണമെങ്കിലും മടിക്കാതെ ആവശ്യപ്പെട്ടോളാൻ പറഞ്ഞു. മാൻഹട്ടനിൽ ജോലി നോക്കുന്ന രണ്ടാണ്മക്കളെപ്പറ്റി വേവലാതി പൂണ്ടിരിക്കുകയായിരുന്നു, ഞങ്ങളാ സമയത്ത്. ആ വനിത ഞങ്ങളെ ഒരു ഫോണിനടുത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി. മൂത്ത മകനുമായി സംസാരിക്കാൻ സാധിച്ചു. ഇരുവരും മാൻഹട്ടനിൽ സുരക്ഷിതരായിരിക്കുന്നെന്ന് മകൻ അറിയിച്ചു.

അവിടുന്ന് ഞങ്ങൾ സ്‌കൂൾ ബസ്സുകളിൽ കോളേജ് ഓഫ് നോർത്ത് അറ്റ്‌ലാന്റിക്കിലേയ്ക്കു പോയി. നിരവധി സാധാരണ ജനങ്ങൾ ഞങ്ങളെ കാണാൻ വന്നു. ഞങ്ങൾ മുന്നൂറു യാത്രക്കാർക്കും അവർ ആത്മാർത്ഥമായ സ്വാഗതമോതി. അവർ തങ്ങളുടെ വീടുകളിൽ നിന്ന് കമ്പിളികളും തലയിണകളും കൊണ്ടുവന്നു തന്നു. ഞങ്ങളവിടെ രണ്ടു രാത്രിയും മൂന്നു പകലും കഴിച്ചുകൂട്ടി. ആവശ്യത്തിനു കട്ടിലുകൾ ലഭ്യമല്ലാഞ്ഞതുകൊണ്ട് ഞങ്ങൾ നിലത്തു കിടന്നു. ഒരേ ക്ലാസ്സുമുറി മറ്റ് പതിനെട്ടു പേരും ഒരു നായയുമായി ഞങ്ങൾ പങ്കിട്ടു.

ഓരോരുത്തരും അന്യരുടെ ക്ഷേമത്തിൽ ശ്രദ്ധവച്ചു. ഞങ്ങളുടെ ആവശ്യങ്ങൾ അപ്പപ്പോൾ അറിയാനും അവ നിറവേറ്റിത്തരാനും വേണ്ടി ഒരു വനിത തന്റെ മറ്റെല്ലാ ജോലികൾക്കും അവധി നൽകി. ഞങ്ങൾ മടങ്ങിപ്പോരുന്ന സമയത്ത് അവർ വിമാനത്താവളത്തിൽ പോലും വന്ന് ഞങ്ങളുടെ ക്ഷേമമന്വേഷിച്ചു. ആ വനിതയുടെ മുഖത്ത് സദാ ഒരു പുഞ്ചിരി വിരിഞ്ഞു നിന്നു. അവരൊരു കാപ്പിക്കട നടത്തിയിരുന്നു. അവരും അയൽക്കാരും കൂടി ഞങ്ങൾക്കായി ആഹാരം പാകം ചെയ്ത് ക്യാസ്സറോളിൽ ചൂടോടെ കൊണ്ടുവന്നു. ഈമെയിൽ ഉപയോഗിക്കാൻ വിദ്യാർത്ഥികൾ ഞങ്ങളെ സഹായിച്ചു. ഞങ്ങൾക്ക് ഫോണുപയോഗിച്ച് കുടുംബവുമായി സംസാരിക്കാനും സാധിച്ചു. സാമ്പത്തികശക്തിയുള്ള സ്ഥാപനങ്ങളൊന്നും ഈ സേവനങ്ങളുടെ പിന്നിലുണ്ടായിരുന്നില്ല. അയൽക്കാരോടും സുഹൃത്തുക്കളോടും ഞങ്ങളെ സഹായിക്കാൻ വേണ്ടി മുന്നോട്ടു വരണമെന്ന അഭ്യർത്ഥന മാത്രമായിരുന്നു, അവയുടെ പിന്നിലെ പ്രചോദനം.

ന്യൂഫൗണ്ട്‌ലന്റിലെ ഗ്യാന്ററിനെപ്പറ്റിയോർക്കുമ്പോഴൊക്കെ ക്യാനഡയിലെ അയൽക്കാരും സുഹൃത്തുക്കളും ചൊരിഞ്ഞ ദയയും നന്മയും ഓർത്തുപോകും. ല്യൂവിസ്‌പോർട്ടിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ഡെൽറ്റ 15 കോളേജ് സ്‌കോളർഷിപ്പ് സ്ഥാപിച്ചത്. ഡെൽറ്റ ഫ്‌ലൈറ്റ് 15ലെ യാത്രികരുടേയും ജീവനക്കാരുടേയും സുഹൃത്തുക്കളുടേയും കൂട്ടായ സംരംഭമായിരുന്നു, അത്.

ന്യൂഫൗണ്ട്‌ലന്റ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ മാത്രമല്ല, ക്യാനഡയ്ക്കു കുറുകെയുള്ള മറ്റു പല പട്ടണങ്ങളും യാത്ര പകുതിവഴിയിൽ മുടക്കേണ്ടി വന്ന യാത്രികരെ സ്‌നേഹപൂർവ്വം സ്വീകരിച്ചിരുന്നു. അവയോടും നാം കൃതജ്ഞരാണ്.

ബാർബറ ക്രോസെറ്റ് 2001 നവംബർ 18നെഴുതിയ ലേഖനത്തിന്റെ വിവർത്തനവും താഴെ കൊടുക്കുന്നു:

തൊരു ഹ്രസ്വമായ, മധുരമുള്ള കഥ മാത്രമാകാമായിരുന്നു: വിമാനങ്ങൾ തിരിച്ചു വിടപ്പെടുന്നു, നിസ്സഹായരായ യാത്രികരെ സഹായിക്കാൻ തദ്ദേശവാസികൾ മുന്നോട്ടു വരുന്നു, തുടർന്ന് കൃതജ്ഞതക്കുറിപ്പുകളും സമ്മാനങ്ങളും പ്രവഹിക്കുന്നു.

സെപ്റ്റംബറിലെ ഭീതിജനകമായ ഒരാഴ്ച ന്യൂഫൗണ്ട്‌ലന്റിൽ സംഭവിച്ചത് അവയെല്ലാമായിരുന്നു. പക്ഷേ, തുടർന്നുള്ള രണ്ടു മാസത്തിനിടയിൽ ആ കഥ വളർന്നുകൊണ്ടിരുന്നു. പ്രായേണ ഏകാന്തവാസികളായിരുന്ന അര ഡസൻ സമൂഹങ്ങളെ ആകാശത്തു നിന്നു വന്നിറങ്ങിയ അപരിചിതർ ആലിംഗനം ചെയ്ത് അവരുടെ ജീവിതം തന്നെ എങ്ങനെ മാറ്റി മറിച്ചു എന്നതേപ്പറ്റി മൈലുകളോളം അകലെ, ചെറുഗ്രാമങ്ങളിൽപ്പോലുമുള്ള ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ പറയാനുണ്ടായിരുന്നു.

അതെല്ലാം തുടങ്ങിയപ്പോൾ ഗ്രെഗ് കിങ് അവിടെയുണ്ടായിരുന്നു. സെപ്റ്റംബർ പതിനൊന്നാം തീയതി ഗ്യാന്റർ വിമാനത്താവളത്തിലെ ഒരു എയർ ട്രാഫിക് കൺട്രോളറായി അദ്ദേഹം സേവനമനുഷ്ഠിക്കുകയായിരുന്നു. ഒരു കാലത്ത് ഉത്തര അറ്റ്‌ലാന്റിക്ക് സഞ്ചാരത്തിന്റെ കേന്ദ്രമായിരുന്നു ഗ്യാന്റർ. എന്നാലിപ്പോൾ അധികം വിമാനങ്ങൾ ഗ്യാന്റർ സന്ദർശിക്കാറില്ല. മുകളിലൂടെ പറന്നു പോകുന്നവയെ നിയന്ത്രിക്കുകയാണ് ഇപ്പോൾ ഗ്യാന്റർ കൂടുതലും ചെയ്തുവരുന്നത്. സെപ്റ്റംബർ പതിനൊന്നാംതീയതിയിലെ ആ പ്രഭാതത്തിൽ യൂറോപ്പിൽ നിന്ന് ന്യൂയോർക്കിലേയ്ക്കും മറ്റു നഗരങ്ങളിലേയ്ക്കുമുള്ള പതിവു വിമാനങ്ങളെ കൈകാര്യം ചെയ്യാനൊരുങ്ങുമ്പോഴാണ് വിമാനങ്ങളുടെ നിരകൾക്കായി ആകാശം തുറന്നുകൊടുക്കാനുള്ള അടിയന്തിരസന്ദേശം കിംഗിനു കിട്ടുന്നത്.

ഉടൻ തന്നെ ഗ്യാന്ററിൽ ഇറങ്ങാനുള്ള നിർദ്ദേശം മുപ്പത്തെട്ടു വിമാനങ്ങൾക്കു നൽകേണ്ടി വന്നു. രാത്രി തങ്ങളോടൊപ്പം തങ്ങാൻ വേണ്ടി അപരിചിതരെ കൊണ്ടുവരുമെന്ന് ഭാര്യയെ വിളിച്ചറിയിക്കാനുള്ള സാവകാശം പോലും അടുത്ത ഏതാനും മണിക്കൂർ നേരത്തേയ്ക്ക് കിംഗിനു കിട്ടിയില്ല. ആ തിരക്കിനിടയിൽ എയർപോർട്ട് ടെർമിനലിനേക്കാൾ വലിപ്പമുള്ളൊരു എയർ ഫ്രാൻസ് ബോയിങ് 747 വിമാനത്തെ കണ്ടത് കിങ് ഓർക്കുന്നുണ്ട്.

ആകെ പതിനായിരം പേരും 550 ഹോട്ടൽ മുറികളും മാത്രമുള്ള ഗ്യാന്റർ പട്ടണത്തിന് 6579 യാത്രികർക്കും വിമാനോദ്യോഗസ്ഥർക്കും വേണ്ടി കിടക്കകളും ഭക്ഷണവും കണ്ടെത്തേണ്ടി വന്നു. ന്യൂഫൗണ്ട്‌ലന്റ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ മറ്റ് വിമാനത്താവളങ്ങളിലും അപ്രതീക്ഷിതമായി വന്നിറങ്ങിയ യാത്രികരുണ്ടായിരുന്നെങ്കിലും, ഗ്യാന്ററിലെപ്പോലുള്ള ഗുരുതരാവസ്ഥ അവിടങ്ങളിലുണ്ടായില്ല.

'വിമാനയാത്രയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല,' ഗ്യാന്റർ അന്താരാഷ്ട്ര വിമാനത്താവള അഥോറിറ്റിയുടെ ചെയർമാൻ ടെറി പാഴ്‌സൺസ് പറഞ്ഞു. ഭാഗ്യവശാൽ ഗ്യാന്ററിലെ റൺവേ നീളമുള്ളതാണ്. മാത്രമല്ല, ഗ്യാന്റർ എയർപോർട്ടിന് അത്യാഹിതങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനവുമുണ്ട്. ഗ്യാന്ററിൽ ദേവാലയങ്ങളും സേവനക്ലബ്ബുകളും ഡോക്ടർമാരും കടയുടമകളുമുണ്ട്. ഇവയേക്കാളെല്ലാമുപരി, നല്ല അയൽക്കാർക്കുണ്ടാവേണ്ട മൂല്യങ്ങൾ ക്യാനഡയുടെ ഇതരഭാഗങ്ങളിൽ വിരളമായിത്തീർന്നിട്ടുണ്ടെങ്കിലും ഗ്യാന്ററിലെ ജനതയിൽ അവ ഇപ്പോഴുമുണ്ട്.'

'ഞങ്ങൾക്ക് ജനങ്ങളെ സഹായിച്ച് ഏറെ പരിചയമുണ്ട്,' മേയർ ക്ലോഡ് എലിയട്ട് പറഞ്ഞു. പ്രക്ഷുബ്ധമായ കടലും കാഠിന്യമുള്ള കാലാവസ്ഥയും അസ്ഥിരമായ സാമ്പത്തികനിലയുമുള്ള ആ പ്രദേശത്തെ ജീവിതപരിതസ്ഥിതികളെക്കുറിച്ചു സംസാരിക്കുകയായിരുന്നു, അവർ. 'യാത്രികർ എവിടെയാണ് എത്തിച്ചേർന്നിരിക്കുന്നതെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുന്നതായിരുന്നു ഞങ്ങൾ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം.'

വിമാനങ്ങൾ നിലത്തിറങ്ങാൻ തുടങ്ങിയപ്പോൾത്തന്നെ ടൗൺ മാനേജരായ ജേയ്ക്ക് ടേണർ പ്രവർത്തനം തുടങ്ങി. സാൽവേഷൻ ആർമിയിലെ മേജർ റോൺ സ്റ്റക്ൾലെസ്സുമായിച്ചേർന്ന് കിടക്കകൾ ശേഖരിക്കാൻ കനേഡിയൻ റെഡ് ക്രോസ്സിലെ ഡെസ് ഡില്ലനോട് ടേണർ ആവശ്യപ്പെട്ടു. വൻതോതിലുള്ള ആഹാരശേഖരണത്തിന്റെ ഏകോപകനുമായിരുന്നു മേജർ സ്റ്റക്ൾലെസ്സ്. ആ ശേഖരണം മൈലുകളോളം അകലത്തിലുള്ള റെഫ്രിജറേറ്ററുകളെ കാലിയാക്കി. സ്ഥലത്തെ സഹകരണ സൂപ്പർമാർക്കറ്റിലെ ജീവനക്കാർ ശീതീകരിച്ച ഒരു ട്രക്കു നിറയെ മാംസവും മറ്റ് ഭക്ഷണപദാർത്ഥങ്ങളുമായെത്തി. സെന്റ് മാർട്ടിൻസ് ആംഗ്ലിക്കൻ ചർച്ചിലെ കുശിനിയിൽ ഹിൽഡ ഗുഡ്ഡിയർ ഒരു ലുഫ്താൻസാ വിമാനത്തിലെ യാത്രികർക്കുള്ള ആഹാരം തയ്യാറാക്കാൻ വേണ്ടി നാല്പത്തെട്ടു മണിക്കൂർ ഉറക്കമൊഴിച്ചു പ്രവർത്തിച്ചു.

ന്യൂഫൗണ്ട്‌ലന്റിന്റെ കിറ്റിവേക്ക് തീരത്തുള്ളൊരു ദ്വീപായ ട്വില്ലിംഗേയ്റ്റ് ഗ്യാന്ററിൽ നിന്ന് വളരെയകലെയാണ്. അവിടുത്തെ ജനങ്ങൾ ഇരുനൂറു പേർക്കുള്ള സാന്റ്‌വിച്ചും സൂപ്പും കൊണ്ട് ഒന്നര മണിക്കൂർ വാഹനമോടിച്ച് ഗ്യാന്ററിലെത്തി അവ യാത്രികർക്കു നൽകി. അവിചാരിതമായ സംഭവവികാസങ്ങൾ നടുക്കിക്കളഞ്ഞ, ക്ഷീണിതരായ യാത്രികർ, ലഗ്ഗേജൊന്നുമെടുക്കാനാകാതെ വിമാനങ്ങളിൽ നിന്നു പുറത്തിറങ്ങി, കർക്കശമായ നിരീക്ഷണത്തിൻ കീഴിൽ ടെർമിനലിലെത്തിയപ്പോൾ അവരെ എതിരേറ്റത് സ്‌നേഹസമ്പന്നരായ ജനതയാണ്.

ചില പ്രത്യേക ആ!വശ്യങ്ങളും ചില യാത്രികർക്കുണ്ടായിരുന്നു. യാഥാസ്ഥിതികരായ ഒരു യഹൂദക്കുടുംബത്തിന് വിമാനത്താവളത്തിലെ ഒരു ഭക്ഷണശാലക്കാരൻ വഴി യഹൂദരുടെ ഭക്ഷണനിയമമായ 'കാഷ്‌റുത്' അനുസരിച്ചുള്ള 'കോഷർ' ഭക്ഷണവും, അതു വിളമ്പാനുള്ള പാത്രങ്ങളും അത്യാവശ്യമായിരുന്നു. കാൾ സ്മിത്തും പത്‌നി എത്‌നയും അവ സംഘടിപ്പിച്ചു കൊടുത്തു. ഗ്യാന്റർ ബാപ്റ്റിസ്റ്റ് ചർച്ചിൽ മോൾഡോവയിൽ നിന്നുള്ള നാല് അഭയാർത്ഥിക്കുടുംബങ്ങളുണ്ടായിരുന്നു. അവർക്ക് ഇംഗ്ലീഷ് അറിയാമായിരുന്നില്ല. അവർ പരിഭ്രാന്തരുമായിരുന്നു. ഗ്യാരി ഹൗസും പത്‌നി ഡോണയും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

കടൽത്തീരപട്ടണമായ ല്യൂവിസ്‌പോർട്ടിലെ ആകെ ജനസംഖ്യ 4000 മാത്രമായിരുന്നു. അപ്രതീക്ഷിതമായി വന്നിറങ്ങിയ 773 യാത്രികർക്കാണ് അവർ അഭയമരുളിയിരുന്നത്. കണ്ണുനീരോടെയാണ് യാത്രികർ ഒടുവിൽ യാത്രപറഞ്ഞു പോയത്. സ്‌നേഹപൂർവ്വം ആശ്ലേഷിക്കുകയും ചെയ്തിരുന്നു. മടങ്ങിപ്പോയതിനു ശേഷം അവർ അത്ഭുതകരമായ രീതിയിൽ കൃതജ്ഞത പ്രകാശിപ്പിച്ചു. ആംഗ്ലിക്കൻ ചർച്ചിൽ പുതിയ ലൈറ്റിങ് സംവിധാനം യാത്രികരുടെ സംഭാവനകളിലൊന്നായിരുന്നു. 19000 ഡോളറിന്റെ ഒരു സ്‌കോളർഷിപ്പ് ഫണ്ടും യാത്രികർ ഏർപ്പെടുത്തി. ആ ഫണ്ട് വളർന്നുകൊണ്ടേയിരിക്കുന്നെന്ന് മേയർ ബിൽ ഹൂപ്പർ പറഞ്ഞു.

ആകെ 51000 ഡോളറിലേറെ ഗ്യാന്ററിലേയ്ക്ക് സംഭാവന ചെയ്യപ്പെട്ടിട്ടുണ്ട്. യാത്രികർക്കു നൽകിയ ആതിഥ്യത്തിന് യാതൊരു പ്രതിഫലവും ആരും ആവശ്യപ്പെട്ടിരുന്നില്ല.

2001 സെപ്റ്റംബറിലെ ആ അഞ്ചു ദിവസങ്ങളോടെ തുടങ്ങിയ ഈമെയിൽ സന്ദേശങ്ങളുടേയും സമ്മാനങ്ങളുടേയും ഫോട്ടോകളുടേയും ക്ഷണങ്ങളുടേയും പ്രവാഹം ഇന്നും നിലച്ചിട്ടില്ല. അവയെല്ലാം ന്യൂഫൗണ്ട്‌ലന്റുകാരെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്. അതിനു മുമ്പ് 'ന്യൂഫികൾ' ക്യാനഡയുടെ മറ്റു ഭാഗങ്ങളിലുള്ളവരുടെ പരിഹാസപാത്രങ്ങളാകുകയായിരുന്നു പതിവ്. 'ന്യൂഫൗണ്ട്‌ലന്റുകാർ നിരാശരായിരുന്നു. അവരുടെ സംസാരഭാഷയിലുള്ള വ്യത്യാസം മൂലം അവർ പരിഹസിക്കപ്പെട്ടിരുന്നു. 'ഗൂഫി ന്യൂഫീ' എന്ന പേരിൽ ന്യൂഫൗണ്ട്‌ലന്റുകാരെ പരിഹസിച്ചുകൊണ്ട് നിരവധി ഫലിതങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. 'ഹൗസ് ആവേശത്തോടെ തുടർന്നു. 'എന്നാലിന്ന്, ഞങ്ങളെ എല്ലാവരും ആദരിക്കുന്നു. എല്ലാവർക്കും ഞങ്ങളിന്നു നല്ലവരാണ്.'

'സ്വന്തം മൂല്യത്തെപ്പറ്റിയുള്ള ചെറിയൊരു ബോധം ആ സംഭവം ന്യൂഫൗണ്ട്‌ലന്റുകാരിലുണ്ടാക്കി,' പെൻഷൻ പറ്റിയ സ്‌കൂളദ്ധ്യാപകനും ലൈബ്രേറിയനുമായ ഹൗസ് പറഞ്ഞു. ബാർബറ ക്രോസെറ്റിന്റെ ലേഖനം ഇവിടെ അവസാനിക്കുന്നു.

2001 സെപ്റ്റംബർ പതിനൊന്നാം തീയതിയിലെ ചില സംഭവങ്ങൾ

7:59 AM അമേരിക്കൻ എയർലൈൻസ് ഫ്‌ലൈറ്റ് 11 (ബോയിങ് 767 ജെറ്റ്‌ലൈനർ) ലോസാഞ്ചലസ്സിലേയ്ക്കുള്ള യാത്രയ്ക്കായി ബോസ്റ്റണിലെ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നു പുറപ്പെടുന്നു.

8:15 AM അമേരിക്കൻ ആകാശത്ത് ആകെ 3624 വിമാനങ്ങൾ

8:23 AM 'വി ഹാവ് സം പ്ലെയിൻസ്...' അമേരിക്കൻ എയർലൈൻസ് ഫ്‌ലൈറ്റ് 11 ഹൈജാക്കു ചെയ്തയാൾ പറയുന്നത് എയർ ട്രാഫിക് കൺട്രോൾ കേൾക്കുന്നു.

8:46 AM ലോസാഞ്ചലസ്സിലേയ്ക്കുള്ള യാത്രയ്ക്കായി ബോസ്റ്റണിലെ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നു പറന്നുയർന്ന അമേരിക്കൻ എയർലൈൻസ് ഫ്‌ലൈറ്റ് 11 (ബോയിങ് 767 ജെറ്റ്‌ലൈനർ) ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിൽ ('1 വേൾഡ് ട്രേഡ് സെന്റർ'), 93, 99 എന്നീ നിലകൾക്കിടയിൽ ഇടിക്കുന്നു. സ്പീഡ് ഏകദേശം 710 കി.മീറ്റർ.

9:03 AM ലോസാഞ്ചലസ്സിലേയ്ക്കുള്ള യാത്രയ്ക്കായി ബോസ്റ്റണിലെ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നു പറന്നുയർന്ന യുണൈറ്റഡ് എയർലൈൻസ് ഫ്‌ലൈറ്റ് 175 (ബോയിങ് 767 ജെറ്റ്‌ലൈനർ) വേൾഡ് ട്രേഡ് സെന്ററിന്റെ തെക്കേ ടവറിൽ ('2 വേൾഡ് ട്രേഡ് സെന്റർ'), 77, 85 എന്നീ നിലകൾക്കിടയിൽ ഇടിക്കുന്നു. സ്പീഡ് ഏകദേശം 870 കി.മീറ്റർ.

ആകെ പതിനൊന്നു ഫ്‌ലൈറ്റുകൾ ഹൈജാക്കു ചെയ്യപ്പെട്ടിട്ടുണ്ടാകാമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ സംശയിക്കുന്നു. ആകാശം വഴിയുള്ള ആക്രമണം തടയാൻ വേണ്ടി ആകാശം ശൂന്യമാക്കാൻ അമേരിക്ക തീരുമാനിച്ചു.

9:03 9:07 AM ന്യൂയോർക്ക് & ബോസ്റ്റൺ മേഖലയിലെ എയർ ട്രാഫിക് കൺട്രോൾ ഫ്‌ലൈറ്റുകൾ പറന്നുയരുന്നതും ഇറങ്ങുന്നതും തടഞ്ഞു.

9:08 9:11 AM രാഷ്ട്രത്തിലെ എല്ലായിടങ്ങളിൽ നിന്നും ന്യൂയോർക്ക് & ബോസ്റ്റൺ മേഖലയിലേയ്‌ക്കോ മേഖലയിലൂടെയോ ഉള്ള എല്ലാ ഫ്‌ലൈറ്റുകളുടേയും പുറപ്പെടൽ തടഞ്ഞു.

9:25 AM ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ പറന്നുയരൽ, രാഷ്ട്രമൊട്ടാകെ, തടഞ്ഞു.

9:35 AM യുണൈറ്റഡ് എയർലൈൻസ് ഫ്‌ലൈറ്റ് 93 അനധികൃതമായി പറന്നുയരുന്നു. അത് ഹൈജാക്കു ചെയ്യപ്പെട്ടിരിക്കുന്നതായി സംശയമുയരുന്നു.

9:38 AM അമേരിക്കൻ എയർലൈൻസ് ഫ്‌ലൈറ്റ് 77 പെന്റഗണിൽ ഇടിക്കുന്നു.

9:45 AM എല്ലാ വിമാനങ്ങളും ഉടൻ നിലത്തിറങ്ങണമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ ഉത്തരവിടുന്നു.

9:59 AM തെക്കേ ടവർ തകരുന്നു.

10:06 AM യുണൈറ്റഡ് എയർലൈൻസ് ഫ്‌ലൈറ്റ് 93 പെൻസിൽവേനിയയിലെ ഷാങ്ക്‌സ്‌വില്ലിൽ തകർന്നു വീഴുന്നു.

10:29 AM വടക്കേ ടവർ തകരുന്നു.

പ്രസക്തമായ ചില വിവരങ്ങൾ

ഭീകരാക്രമണം നടന്നുകൊണ്ടിരിക്കുമ്പോൾ തിരിച്ചു വിട്ട വിമാനങ്ങൾ മിനിറ്റിൽ രണ്ടു വീതം കനേഡിയൻ ആകാശത്ത് പ്രവേശിച്ചുകൊണ്ടിരുന്നു. ട്രാൻസ് അറ്റ്‌ലാന്റിക്ക് റൂട്ടിൽ ക്യാനഡയിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു, ഗ്യാന്റർ. അവിടെ വീതിയേറിയ 39 വിമാനങ്ങൾ വന്നിറങ്ങി. ക്യാനഡയിലെ ഹാലിഫാക്‌സ് അന്താരാഷ്ട്രവിമാനത്താവളം 40 വിമാനങ്ങളെ സ്വീകരിച്ചു. ക്യാനഡയിലെ നോർത്ത് അറ്റ്‌ലാന്റിക്ക് തീരത്തെ മറ്റ് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ നോർത്ത് അറ്റ്‌ലാന്റിക്കിൽ നിന്നുള്ള ശേഷിച്ച വിമാനങ്ങളെ സ്വീകരിച്ചു. മറുഭാഗത്ത്, അതായത് ശാന്തസമുദ്രത്തിന്റെ ഭാഗത്ത്, നിന്നുള്ള വലിപ്പമേറിയ വിമാനങ്ങൾക്ക് ഇറങ്ങാവുന്നതായി ക്യാനഡയുടെ പടിഞ്ഞാറൻ തീരത്ത് ഒരേയൊരു വിമാനത്താവളം മാത്രമേ ഉണ്ടായിരുന്നുള്ളു. അത് വാങ്കൂവറിലായിരുന്നു. അവിടെ 34 ഫ്‌ലൈറ്റുകൾ ഇറങ്ങി. അവയിൽ 8500 യാത്രികരുണ്ടായിരുന്നു.

എന്തുകൊണ്ട് തിരിച്ചു വിട്ടു

'വി ഹാവ് സം പ്ലെയിൻസ്' എന്ന് ഭീകരിലൊരാൾ പറയുന്നത് എയർ ട്രാഫിക് കൺട്രോൾ കേട്ടിരുന്നെന്ന് പറഞ്ഞുവല്ലോ. ആ സമയത്ത് മൂവായിരത്തറുനൂറോളം വിമാനങ്ങൾ അമേരിക്കൻ ആകാശത്തുണ്ടായിരുന്നു. ആകെ പതിനൊന്നു വിമാനങ്ങൾ ഹൈജാക്കു ചെയ്യപ്പെട്ടിട്ടുണ്ടാകാമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ സംശയിച്ചു. അതിനു പുറമെ, അഞ്ഞൂറോളം വിമാനങ്ങൾ അമേരിക്കയിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയുമായിരുന്നു. ഇവയിൽ അപകടം പതിയിരിക്കുന്നത് ഏതിലെല്ലാമെന്ന് അറിയാൻ നിവൃത്തിയുണ്ടായിരുന്നില്ല. ആകാശം വഴിയുള്ള ആക്രമണം തടയാൻ വേണ്ടി 'ആകാശം ശൂന്യമാക്കുക' എന്ന നിർദ്ദേശം നൽകി. വിമാനങ്ങൾക്ക് പറന്നുയരാനുള്ള അനുവാദം നിഷേധിക്കുകയും, എല്ലാ വിമാനങ്ങളേയും നിലത്തിറക്കുകയും, പുറത്തുനിന്നു വരുന്നവയെ തിരിച്ചുവിടുകയും ചെയ്തത് ആ തീരുമാനമനുസരിച്ചായിരുന്നു.

ഗ്യാന്റർ ജനതയുടെ വൈശിഷ്ട്യം

എഫ് ഏ ഏയുടെ തീരുമാനത്തിന്റെ ഭാഗമായി ക്യാനഡയിൽ ഇറങ്ങിയ വിമാനങ്ങളിൽ ഭീകരർ ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ക്യാനഡയിൽ ഇറങ്ങേണ്ടിവന്ന യാത്രികരിൽ ഓരോരുത്തരും അവിടെ സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെട്ടിരുന്നെങ്കിൽ അത് തികച്ചും സ്വാഭാ!വികമായേനേ. ഗ്യാന്ററിലെ ജനതയുടെ വൈശിഷ്ട്യം ഇവിടെയാണ് വെളിപ്പെടുന്നത്. അവർ സംശയമേതുമില്ലാതെ, യാത്രികരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിഗണിച്ച്, അവരെ സൽക്കരിക്കാനും ആശ്വസിപ്പിക്കാനും ാന്തോഷിപ്പിക്കാനും തീവ്രയത്‌നം നടത്തി. ആ ശ്രമത്തിൽ അവർ വിജയം കൈവരിക്കുകയും ചെയ്തു. ഗ്യാന്ററിൽ മാത്രമല്ല, യാത്രികരിറങ്ങിയ ക്യാനഡയിലെ മറ്റിടങ്ങളിലും ജനത സ്‌നേഹസമ്പന്നരായിരുന്നു. ചുരുക്കത്തിൽ ഒരു രാഷ്ട്രത്തിലെ ജനത ആപത്തു നേരിട്ടപ്പോൾ അയൽരാഷ്ട്രജനത രണ്ടു കൈയും നീട്ടി അവരെ സ്വീകരിച്ച്, ആഹാരവും കിടപ്പിടവും പരിചരണവും നൽകി സഹായിച്ചു, ആശ്വസിപ്പിച്ചു, സന്തോഷിപ്പിച്ചു.

ഈ ലേഖകന്റെ ചില ചിന്തകൾ

കൊളംബസ് അമേരിക്ക കണ്ടെത്തിയത് 1492ലായിരുന്നു. അഞ്ചു വർഷം കഴിഞ്ഞപ്പോൾ ബ്രിട്ടനു വേണ്ടി ജിയോവന്നി കാബോട്ടൊ (ജോൺ കാബട്ട്) ഇപ്പോൾ ക്യാനഡയുടെ ഭാഗമായ ന്യൂഫൗണ്ട്‌ലന്റ് സന്ദർശിച്ചു. അമേരിക്കയിൽ യൂറോപ്യൻ കോളണികൾ സ്ഥാപിക്കപ്പെട്ട കാലഘട്ടത്തിൽത്തന്നെ, അതായത് പതിനാറാം നൂറ്റാണ്ടിൽ, ക്യാനഡയിലും അവ സ്ഥാപിക്കപ്പെട്ടു. അങ്ങനെ അമേരിക്കയും ക്യാനഡയും കുടിയേറ്റത്തിലൂടെ സൃഷ്ടിക്കപ്പെട്ട രാഷ്ട്രങ്ങളാണ്, സമവയസ്‌കരുമാണ്. എങ്കിലും രണ്ടു രാഷ്ട്രങ്ങളിലേയും ജനതകൾ സാംസ്‌കാരികമായി വ്യത്യസ്തരാണ്.

2001 സെപ്റ്റംബറിനു ശേഷം ലോകത്ത് ഏറ്റവുമധികം സ്‌നേഹിക്കപ്പെടുന്നൊരു ജനതയായിത്തീർന്നിരിക്കണം, ക്യാനഡക്കാർ. ലോകസമ്പത്തിന്റെ നാലിലൊന്ന് സ്വന്തമാക്കിയിരിക്കുന്ന അമേരിക്കയ്ക്കാകട്ടെ, 'സെപ്റ്റംബർ 11' എന്ന ദുരന്തത്തിനു ശേഷവും സഹതാപത്തേക്കാളേറെ ശത്രുതയാണ് നേടാൻ കഴിഞ്ഞിരിക്കുന്നത്. ക്യാനഡയിൽ വധശിക്ഷ നിർത്തലാക്കിയിട്ട് നാലു പതിറ്റാണ്ടോളമായി. അമേരിക്കയിൽ അതിപ്പോഴും നിലവിലിരിക്കുന്നു. ഇനിയുമേറെപ്പേരെ വധിക്കേണ്ടിവരും എന്ന തോന്നലുള്ളതു കൊണ്ടായിരിക്കണം, അമേരിക്ക വധശിക്ഷയ്ക്ക് പൂർണ്ണനിരോധനം ഏർപ്പെടുത്താത്തത്. ഏറ്റവുമധികം തടവുപുള്ളികളുള്ള രാജ്യവും അമേരിക്കയാണ്; തടവുപുള്ളികളുടെ അനുപാതം ക്യാനഡയുടേതിന്റെ ഏഴിരട്ടി. പരസ്പരനിഗ്രഹത്തിനായി രാഷ്ട്രങ്ങൾക്ക് ഏറ്റവുമധികം ആയുധങ്ങൾ വിൽക്കുന്നതും അമേരിക്ക തന്നെ: ക്യാനഡ വിൽക്കുന്നതിന്റെ മുപ്പത്തൊന്നിരട്ടി. ഏറ്റവും വലിയ അണവായുധശേഖരവും ആയുധശേഖരവും അമേരിക്കയുടെ പക്കൽ തന്നെ.

ഗ്യാന്റർജനത സ്‌നേഹസൗഹൃദങ്ങളിലൂടെ കൈമാറിയ സമാധാനസന്ദേശം മനസ്സിലാക്കാൻ മിനക്കെടാതെയാണ്, ഒമ്പതു ദിവസം മാത്രം കഴിഞ്ഞ്, സെപ്റ്റംബർ 20ന് അമേരിക്കയും കൂട്ടരും 'വാർ ഓൺ ടെറർ' പ്രഖ്യാപിച്ചത്. അമേരിക്ക 'വാർ ഓൺ ടെറർ' പ്രഖ്യാപിക്കാതിരിക്കുകയും, പകരം പ്രതിരോധത്തിന് ഊന്നൽ നൽകുകയും ചെയ്തിരുന്നെങ്കിൽ എന്നാശിച്ചുപോകുകയാണ്. കൊല്ലിനും കൊലയ്ക്കും വേണ്ടി നശിപ്പിച്ചുകളഞ്ഞ 2,75,22,000 കോടി രൂപ ലോകനന്മയ്ക്കായി ഉപയോഗിച്ചിരുന്നെങ്കിൽ ലോകത്തു നിന്ന് ദാരിദ്ര്യം തുടച്ചു നീക്കാനും ശാശ്വതസമാധാനം നിലവിൽ വരുത്താനും ആകുമായിരുന്നു. സെപ്റ്റംബർ 11നു പൊലിഞ്ഞുപോയ 2977 ജീവനുകൾക്കുള്ള പ്രതികാരം വീട്ടലിൽ 66,077 അമേരിക്കക്കാരുൾപ്പെടെ 12,49,011 ജീവനുകൾ കൂടി പൊലിഞ്ഞു. 419 ഇരട്ടി! മഹാത്മജിയുടെ വാക്കുകൾ ഓർത്തുപോകുന്നു:

'An eye for an eye makes the whole world blind'.

കുറിപ്പ്: ക്യാനഡയിലെ ഗ്യാന്ററിലും മറ്റിടങ്ങളിലും ഇറങ്ങിയ വിമാനങ്ങളുടേയും യാത്രികരുടേയും തദ്ദേശവാസികളുടേയും എണ്ണത്തിൽ വ്യത്യാസങ്ങളുണ്ടാകാം.ളിപ്പെടുന്നത്. അവർ സംശയമേതുമില്ലാതെ, യാത്രികരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിഗണിച്ച്, അവരെ സൽക്കരിക്കാനും ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും തീവ്രയത്‌നം നടത്തി. ആ ശ്രമത്തിൽ അവർ വിജയം കൈവരിക്കുകയും ചെയ്തു. ഗ്യാന്ററിൽ മാത്രമല്ല, യാത്രികരിറങ്ങിയ ക്യാനഡയിലെ മറ്റിടങ്ങളിലും ജനത സ്‌നേഹസമ്പന്നരായിരുന്നു. ചുരുക്കത്തിൽ ഒരു രാഷ്ട്രത്തിലെ ജനത ആപത്തു നേരിട്ടപ്പോൾ അയൽരാഷ്ട്രജനത രണ്ടു കൈയും നീട്ടി അവരെ സ്വീകരിച്ച്, ആഹാരവും കിടപ്പിടവും പരിചരണവും നൽകി സഹായിച്ചു, ആശ്വസിപ്പിച്ചു, സന്തോഷിപ്പിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP