Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അശാന്തി പടർത്തി കണ്ണൂരിൽ സംഘർഷം തുടരുന്നു; ചിറ്റാരിപ്പറമ്പിൽ വെട്ടേറ്റ സിപിഐ(എം) പ്രവർത്തകൻ മരിച്ചു; രാഷ്ട്രീയ സംഘർഷങ്ങളെ തടയാൻ നിരോധനാജ്ഞയ്ക്കും കഴിയുന്നില്ല

കണ്ണൂർ: ചിറ്റാരിപ്പറമ്പിൽ വെട്ടേറ്റ സിപിഐ(എം) പ്രവർത്തകൻ മരിച്ചു. ചുണ്ടയിൽ സ്വദേശി പ്രേമനാണ്(45) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ബോംബെറിഞ്ഞ ശേഷം പ്രേമനെ വെട്ടിയത്. സംഭവത്തിന് പിന്നിൽ ബിജെപി ആണെന്ന് സിപിഐ(എം) ആരോപിച്ചു. ജില്ലയിൽ ദിവസങ്ങളായി സിപിഐ(എം)-ബിജെപി സംഘർഷം തുടരുകയാണ്. കഴിഞ്ഞദിവസം സിപിഐ(എം) ഏരിയാകമ്മിറ്റി ഓഫീസിനുനേരെ അക്രമം ഉണ്ടായിരുന്നു.

പ്രേമന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് ശേഷം കണ്ണൂർ ജില്ലയിൽ സിപിഐ(എം) ഹർത്താലിന് ആഹ്വാനം ചെയ്തു. ചുണ്ടയിൽ  ബ്രാഞ്ചംഗവും ദേശാഭിമാനി ഏജന്റും ചിറ്റാരിപ്പറമ്പ് കള്ളുഷാപ്പ് തൊഴിലാളിയുമാണ് മരിച്ച ചുണ്ടയിലെ വാഴയിൽഹൗസിൽ ഓണിയൻ പ്രേമൻ. ആക്രമണത്തിൽ പ്രേമനെ രണ്ടുകാലും മുട്ടിനുതാഴെ അറ്റുപോകാറായ നിലയിൽ അതീവ ഗുരുതരാവസ്ഥയിൽ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് മരണം സംഭിച്ചത്.

കള്ളുഷാപ്പ് പൂട്ടി ഇരട്ടക്കുളങ്ങരയിലെ സുഹൃത്തിന്റെ മകളുടെ കല്യാണത്തോടനുബന്ധിച്ചുള്ള വിരുന്നിൽ പങ്കെടുത്ത് മറ്റൊരു സുഹൃത്തിനൊപ്പം ചിറ്റാരിപ്പറമ്പ് ടൗണിലേക്ക് നടന്നുവരികയായിരുന്നു. പ്രേമനെ കണ്ടതോടെ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരത സൃഷ്ടിച്ചു. തൊട്ടുപിന്നാലെ കാറിലുണ്ടായ കൊലയാളി സംഘം വെട്ടിവീഴ്‌ത്തി. റോഡിൽ ചോരയിൽ കിടന്ന് പിടഞ്ഞ പ്രേമനെ സിപിഐ എം പ്രവർത്തകരും നാട്ടുകാരുമാണ് തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചത്.

ചിറ്റാരിപ്പറമ്പ് ടൗണിൽ ബുധനാഴ്ച രാത്രി ഒമ്പതിനാണ് അക്രമം നടന്നത്. സാൻട്രോ കാറിലും രണ്ട് ബൈക്കിലുമെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. റോഡിൽവീണ പ്രേമന്റെ രണ്ട് കാലും വെട്ടിയ ശേശം അക്രമികൾ കണ്ണവം, തൊടീക്കളം ഭാഗത്തേക്ക് രക്ഷപ്പെട്ടു. കണ്ണവത്തെ വിനീഷ്, ചുണ്ടയിലെ സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നാണ് സിപിഐ(എം) ആരോപിക്കുന്നത്

ഒരു മാസമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന ചക്കരക്കല്ലിൽ സിപിഐ(എം), ബിജെപി പ്രവർത്തകർക്കു വെട്ടേറ്റതോടെ കണ്ണൂർ വീണ്ടും അശാന്തിയിൽലായി. പ്രേമന്റെ മരണത്തോടെ അത് മൂർച്ഛിക്കും. പ്രദേശത്ത് സിപിഐ(എം) ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഐ(എം) ഏരിയ കമ്മിറ്റി ഓഫിസിൽ കിടന്നുറങ്ങുകയായിരുന്ന ഒ.കെ. രാജേഷ്, ലിപിൻ എന്നിവരെ ഇന്നലെ പുലർച്ചെ 5.30 ഓടെ വെട്ടി പരുക്കേൽപ്പിച്ചതും സംഘർഷം കൂട്ടി. ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രാജേഷിന്റെ പരുക്ക് ഗുരുതരമാണ്.

സംഭവത്തിനു പിന്നാലെ ചക്കരക്കല്ല് മുതുകുറ്റിയിൽ രാവിലെ 8.30 ഓടെ ബിജെപി ചെമ്പിലോടു പഞ്ചായത്ത് പ്രസിഡന്റ് സി.പി. രഞ്ജിത്തിനു (30) വെട്ടേറ്റു. തുടർന്ന് മൂന്നുപെരിയ റോഡിൽ പ്രവർത്തിക്കുന്ന ഇ.കെ. നായനാർ സ്മാരക മന്ദിരത്തിനു നേരേ ബോംബേറുണ്ടായി. സിപിഐ(എം) അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി ഓഫിസും ഇരിവേരി ലോക്കൽ കമ്മിറ്റി ഓഫിസും പ്രവർത്തിക്കുന്ന കെട്ടിടമാണിത്. പുലർച്ചെ അഞ്ച് ബൈക്കുകളിലെത്തിയ സംഘം സമീപത്തുള്ള മിൽമ ബൂത്ത് ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി അടപ്പിച്ചശേഷം ആക്രമണം നടത്തുകയായിരുന്നു.

മുതുകുറ്റി ടൗണിലാണ് ബിജെപി നേതാവ് സി.പി. രഞ്ജിത്തിനു വെട്ടേറ്റത്. നിർമ്മാണത്തൊഴിലാളിയായ രഞ്ജിത്ത് ജോലി സ്ഥലത്തേക്കു പോകാൻ ബസ് കാത്തു നിൽക്കുന്നതിനിടെ ഒരു സംഘം വളഞ്ഞു വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ തലശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ സിപിഐ(എം) പ്രവർത്തകരാണെന്നു ബിജെപി ആരോപിക്കുന്നു.

സംഘർഷത്തെത്തുടർന്നു ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 10 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP