Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിഷേധം ആളിക്കത്തി; ഇന്ത്യയുടെ മകൾ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് ബിബിസിക്ക് ഇന്ത്യയുടെ നോട്ടീസ്; മകളുടെ പേരും ചിത്രവും ഉൾപ്പെടുത്തിയതിനെതിരേ പിതാവും

പ്രതിഷേധം ആളിക്കത്തി; ഇന്ത്യയുടെ മകൾ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് ബിബിസിക്ക് ഇന്ത്യയുടെ നോട്ടീസ്; മകളുടെ പേരും ചിത്രവും ഉൾപ്പെടുത്തിയതിനെതിരേ പിതാവും

ന്യൂഡൽഹി: ഇന്ത്യയുടെ മകൾ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യരുതെന്ന സർക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ച് സംപ്രേഷണം നടത്തിയ ബിബിസിക്കെതിരേ ഇന്ത്യ നോട്ടീസ് അയച്ചു. വ്യവസ്ഥകൾ ലംഘിച്ച് ഡൽഹി കൂട്ടമാനഭംഗത്തെക്കുറിച്ച് ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള ഡോക്യുമെന്ററി തയാറാക്കുകയും പ്രതികളിലൊരാളുടെ അഭിമുഖം ചേർത്ത് ഇന്ത്യാസ് ഡോട്ടർ എന്ന പേരിൽ ഇതു സംപ്രേഷണം ചെയ്യുകയും ചെയ്തതിനാണ് കേന്ദ്രസർക്കാർ ബിബിസിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.  കമേഴ്‌സ്യൽ ആവശ്യത്തിനായി ഡോക്യുമെന്ററി ഉപയോഗിക്കാൻ പാടില്ല എന്ന ഉറപ്പ് ബിബിസി ലംഘിച്ചുവെന്നും അതുകൊണ്ടു തന്നെ നിയമനടപടി നേരിടേണ്ടി വരുമെന്നുമാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.

പഠന ആവശ്യത്തിനെന്നു പറഞ്ഞാണ് ഡോക്യുമെന്ററിയുടെ ചിത്രീകരണം നടത്തിയത്. ഇതു വാണിജ്യാവശ്യത്തിന് ഉപയോഗിക്കരുതെന്നും സംപ്രേഷണം ചെയ്യാൻ പാടില്ലെന്നും നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ബിബിസി ഒരു സ്വതന്ത്ര സംഘടനയാണെന്നും അതുകൊണ്ടു തന്നെ സംപ്രേഷണവുമായി മുന്നോട്ടുപോകുമെന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന് ഇന്നു പുലർച്ചെ ഇത് ലണ്ടനിൽ ബിബിസി സംപ്രേഷണം ചെയ്തു. ഉടൻ തന്നെ ഷെയറിങ് വെബ് സൈറ്റായ യൂട്യൂബിൽ ഇടുകയും ചെയ്തു. ഡോക്യുമെന്ററിയുടെ സംപ്രേഷണത്തെ തുടർന്ന് ഇന്ത്യയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

പ്രതി മുകേഷ് സിംഗിന്റെ അഭിമുഖം അടങ്ങിയ വിവാദ ഡോക്യുമെന്ററി കൂടുതൽ പേർ കാണാതിരിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. എല്ലാ സോഷ്യൽ മീഡിയ സൈറ്റുകളിൽ നിന്നും ഡോക്യുമെന്ററി വീഡിയോ നീക്കം ചെയ്തുവെന്ന് ഉറപ്പാക്കണമെന്ന് കമ്യൂണിക്കേഷൻ ആൻഡ് ഐടി മിനിസ്റ്റർ രവി ശങ്കർ പ്രസാദിനോട് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നിർദ്ദേശം നൽകിയിട്ടുണ്ട്. ബിബിസി ഡോക്യുമെന്ററി സംപ്രേഷണം നടന്നയുടൻ തന്നെ ഇതിനെതിരേ ശക്തമായ പ്രതിഷേധം ആഞ്ഞടിച്ചതോടെ യൂ ട്യൂബിൽ നിന്നും ബിബിസി ഡോക്യുമെന്ററി പിൻവലിച്ചിരുന്നു. രാജ്യാന്തര വനിതാ ദിനമായ എട്ടിന് ഇന്ത്യയിലടക്കം ഏഴുരാജ്യങ്ങളിൽ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തുകയും ഇതേത്തുടർന്ന് ഒട്ടേറെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ ബിബിസി ഇതു നേരത്തെയാക്കുകയായിരുന്നു.

അതേസമയം പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പേരോ ചിത്രമോ ഇതുവരെ പുറത്തുവിടാത്ത സാഹചര്യത്തിൽ ഡോക്യുമെന്ററിയിൽ പെൺകുട്ടിയുടെ പേരും ചിത്രവും ഉൾപ്പെടുത്തിയതിൽ പിതാവ് അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്.  നിർഭയ എന്നു പേരിട്ട പെൺകുട്ടിയെ മോശമായി ചിത്രീകരിക്കുന്ന രീതിയിലാണ് പ്രതി മുകേഷ് ഡോക്യുമെന്ററിയിൽ പരാമർശിച്ചിരിക്കുന്നത്. സ്ത്രീകളെക്കുറിച്ചും പീഡനത്തിന് ഇരയായ പെൺകുട്ടിയെക്കുറിച്ചും മനുഷത്വരഹിതമായ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുകേഷ് സിംഗിന്റെ പരാമർശത്തെ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ബാൻ കീ മൂണും അപലപിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP