Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ ഈ കൊടിയ നാണക്കേടില്‍ നിന്നു രക്ഷിക്കാന്‍ ദൈവത്തിനെങ്കിലും കഴിയുമോ?

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ ഈ കൊടിയ നാണക്കേടില്‍ നിന്നു രക്ഷിക്കാന്‍ ദൈവത്തിനെങ്കിലും കഴിയുമോ?

എഡിറ്റോറിയൽ

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൊത്തത്തില്‍ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം വിവരാവകാശ നിയമപ്രകാരം ഇന്ത്യന്‍ എക്‌സ്പ്രസ്സ് ലേഖകന്‍ ഷാജു ഫിലിപ്പ് വെളിയില്‍ കൊണ്ടു വന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍.


ഇത് മറുനാടന്‍ മലയാളി അടക്കമുള്ള മാധ്യമങ്ങള്‍ കൂടുതല്‍ വിശദമായി പ്രസിദ്ധീകരിച്ചതോടെ ഇന്നലെ മുതല്‍ സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ഏറ്റവും ചൂട് പിടിച്ച വിവാദമായി മാറിയിരിക്കുന്നു. ധീരരായ ലേഖകര്‍ എന്നു പേര് കേട്ട ഒട്ടേറെ പത്രപ്രവര്‍ത്തകരുടെ പൊയ്മുഖം അഴിഞ്ഞു വീണതിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം.

സാധാരണക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കുറച്ച് വിലയ്ക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ വീട് അനുവദിക്കുകയും പത്ത് വര്‍ഷമായി മാസഅടവ് നല്‍കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ മടിയ്ക്കുകയും ഒടുവില്‍ 19 കോടിയോളം കുടിശിക ഒരുമിച്ച് എഴുതി തള്ളി സൗജന്യമായി വീട് കൈപ്പറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് ആരോപണം. തിരുവനന്തപുരത്തെ ഒട്ടു മിക്ക പത്രങ്ങളിലും പ്രവര്‍ത്തിക്കുന്ന 54 മാധ്യമ പ്രവര്‍ത്തകരാണ് അഴിമതിക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ പലരും രാഷ്ട്രീയ നേതാക്കളെ നിര്‍ത്തി പൊരിക്കുന്നതിലും നിസ്സാരമായ തെറ്റുകള്‍ പോലും പെരുപ്പിച്ച് കാട്ടുന്നതിലും വിദഗ്ദ്ധരായതിനാല്‍ ജനരോഷം രൂക്ഷമായിരിക്കുന്നു.
ചുളുവില്‍ കിട്ടിയ ഫ്‌ളാറ്റിനു കൊടുക്കേണ്ട നാമമാത്ര തുക അടച്ചില്ല; 19 കോടി എഴുതി തള്ളാന്‍ നീക്കം; പൊളിഞ്ഞു വീഴുന്നത് മാധ്യമ പ്രവര്‍ത്തകരുടെ പൊയ്മുഖം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ പണം അടയ്ക്കാന്‍ തയ്യാറെണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടും ഹൗസിംഗ് ബോര്‍ഡ് താല്‍പ്പര്യം കാട്ടാതിരിക്കുക ആയിരുന്ന എന്ന ന്യായവാദം ഇതിനിടെ ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും ഈ മാധ്യമ പ്രവര്‍ത്തകുടെ മുഖം രക്ഷിക്കാന്‍ കഴിയുമെന്നു കരുതേണ്ടതില്ല. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആധാരത്തില്‍ വില കുറച്ച് കാട്ടിയതുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് മാത്രമാണെന്നും അത് ലോണിന് ബാധകമല്ല എന്നുള്ളതുമാണ് ഇതിന്റെ പ്രധാന കാരണം.

ഈ പ്രശ്‌നം ഉയര്‍ത്തുന്നത് ഒന്നോ രണ്ടോ ചോദ്യങ്ങള്‍ അല്ല. ഹൗസിംഗ് ബോര്‍ഡിന് അടയ്ക്കാനുള്ള പണം അടച്ചില്ലെങ്കിലും സര്‍ക്കാരിനെ സ്വാധീനിച്ച് അത് എഴുതിതള്ളിക്കാം എന്ന ചിന്തയിലാണ് ഇവരെയെല്ലാവരെയും കൊണ്ട് ഇങ്ങനെ കുടിശിക വരുത്താന്‍ കാരണമാക്കിയത്. അതിനുള്ള ശ്രമം നടക്കുകയും സര്‍ക്കാര്‍ അനുകൂലമായി നിലപാട് എടുക്കുകയും ചെയ്തപ്പോഴാണ് ഇത് വെളിയില്‍ വന്നത്. ദാരിദ്ര്യവും പട്ടിണിയും മൂലം പണം അടയ്ക്കാന്‍ കഴിയാത്തത് മനസ്സിലാക്കാം. എന്നാല്‍ മനോരമയിലേയും മാതൃഭൂമിയിലെയും ഒക്കെ പത്ര പ്രവര്‍ത്തകര്‍ക്ക് അത്തരം ഒരു സ്ഥിതി ഉണ്ട് എന്ന് കരുതാന്‍ തല്‍ക്കാലം സാധ്യമല്ല. ഇതിനര്‍ത്ഥം മനഃപൂര്‍വ്വം കുറ്റകരമായ അനാസ്ഥ ഈ മാധ്യമ പ്രവര്‍ത്തകര്‍ കാട്ടി എന്നു തന്നെയാണ്. ഇത് അഴിമതിയും ക്രിമിനല്‍ സ്വഭാവമുള്ള തെറ്റുമാണ്. ഇത് ചെയ്ത എല്ലാവരും ഒരേ പോലെ കുറ്റക്കാരാണ്.

കാര്‍ഷിക വായ്പ കുടിശിക അടച്ചു തീര്‍ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത അനേകം കൃഷിക്കാരുള്ള നാടാണ് നമ്മുടേത് എന്നു മറക്കരുത്. എന്നിട്ടും പത്ത് വര്‍ഷമായി കുടിശിക അടയ്ക്കാതിരുന്ന ഇവരുടെ മേല്‍ ഒരു നടപടിയും ഇനിയും ഉണ്ടായില്ല എന്നത് ദയനീയമാണ്. ഹൗസിംഗ് ബോര്‍ഡ് ഫാളാറ്റിന് വേണ്ടി നൂറ് കണക്കിന് പേര്‍ ക്യൂ നില്‍ക്കുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വില കുറച്ച് ഇത് നല്‍കിയതെന്ന് ഓര്‍ക്കണം. ഈ ഫ്‌ളാറ്റിന് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന വില കണക്കാക്കി അത് ഇവരില്‍ നിന്നും ഈടാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇത് നല്‍കാന്‍ അവര്‍ തയ്യാറല്ലെങ്കില്‍ പത്ത് വര്‍ഷത്തെ കുടിശികയുടെ പേരില്‍ ഇവരെ ഫ്‌ളാറ്റില്‍ നിന്നു ഇറക്കി വിടുകയും അത് നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് കൊടുക്കുകയും വേണം.

ഈ പ്രശ്‌നം മറ്റ് ഒരുപാട് ചോദ്യങ്ങള്‍ കൂടി ഉയര്‍ത്തുന്നുണ്ട്. മറ്റൊരു മേഖലയില്‍ പണി എടുക്കുന്നവര്‍ക്കും ഇല്ലാതെ ഒട്ടേറെ ആനുകൂല്യങ്ങള്‍ എന്തിന് വേണ്ടി സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു എന്നതാണ് ആദ്യ ചോദ്യം. പത്രങ്ങള്‍ എല്ലാം സ്വകാര്യ മുതലാളിമാരുടെ സംരംഭങ്ങള്‍ ആണെന്ന് ഓര്‍ക്കണം. ഇതിന്റെ ലാഭം ഉണ്ടാക്കുന്നത് സ്വകാര്യ മുതലാളിമാര്‍ തന്നെയാണ്. അത്തരം വ്യക്തികളുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ എന്തിന് കുറഞ്ഞ ചിലവില്‍ ഫ്‌ളാറ്റ് കൊടുക്കുന്നു? സര്‍ക്കാര്‍ എന്തിന് ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു? സര്‍ക്കാര്‍ എന്തിന് ഇവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ പാസ്സ് അനുവദിക്കുന്നു? ഇതൊക്കെ ലോകത്ത് നടക്കുന്ന ഏക രാജ്യം നമ്മുടേത് ആണെന്ന് ഓര്‍ക്കണം. പത്ര പ്രവര്‍ത്തകര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ഒക്കെ അനുഭവിക്കാന്‍ അര്‍ഹത ഉണ്ട് എന്നു കരുതുക, എങ്കില്‍ ഇത് നല്‍കേണ്ടത് ഇവരെക്കൊണ്ട് ലാഭം ഉണ്ടാക്കുന്നത് പത്ര മുതലാളിമാരല്ലേ? മറ്റെല്ലാ രാജ്യങ്ങളും പത്രപ്രവര്‍ത്തകര്‍ക്ക് മറ്റേതൊരു സാഥപനത്തിലേയും മാത്രം അവകാശങ്ങള്‍ ഉള്ള ഒരു തൊഴിലാളി മാത്രമാണ്. ഇതു നമ്മുടെ സര്‍ക്കാര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

രണ്ടാമത്തെ വലിയ ചോദ്യം പത്ര പ്രവര്‍ത്തക യൂണിയന്‍ എന്ന പല്ലു കൊഴിഞ്ഞ സിംഹത്തിന്റെ പ്രസകതിയാണ്. ഒരു പക്ഷെ കേരളത്തിലെ ഏറ്റവും ദുര്‍ബലമായ തൊഴിലാളി സംഘടന ആകും ഇത്. മാന്യമായി ചെയ്താല്‍ പത്രപ്രവര്‍ത്തകന്റെ തൊഴില്‍ ആവശ്യപ്പെടുന്നത്രയും റിസ്‌ക് ഉള്ള മാറ്റൊരു തൊഴിലും ഇല്ല. എന്നാല്‍ അതിനുള്ള പ്രതിഫലം കേരളത്തിലെ മാധ്യമങ്ങില്‍ ലഭിക്കുന്നില്ല. സര്‍ക്കാര്‍ കൊണ്ടു വന്ന മിനിമം ശമ്പളം നടപ്പിലാക്കാന്‍ പോലും പത്ര മുതലാളിമാര്‍ കൂട്ടാക്കുന്നില്ല. എന്നാല്‍ ഒരു പണിമുടക്ക് നടത്താനോ വേണ്ട വിധം പ്രതിഷേധിക്കാനോ പോലും പത്രപ്രവര്‍ത്തക യൂണിയന് കഴിയുന്നില്ല. വല്ലപ്പോഴും ഇറക്കുന്ന ഒരു പ്രസ്താവനയ്ക്ക് അപ്പുറം പത്രപ്രവര്‍ത്തകര്‍ നേരിടുന്ന ചൂഷണത്തിനെതിരെ ശബ്ദം ഉയര്‍ത്താന്‍ ഈ യൂണിയന് കഴിയുന്നില്ല എന്നും മറക്കരുത്.

ഒരു പക്ഷെ ഇതുകൊണ്ടാകാം പത്ര പ്രവര്‍ത്തകര്‍ ഭിക്ഷാന്ദേഹികളെ പോലെ അവിടെ നിന്നും ഇവിടെ നിന്നും ഒക്കെകിട്ടുന്ന നക്കാപ്പിച്ചയ്ക്ക് പിറകെ പോകുന്നത്. പത്ര സമ്മേളനങ്ങള്‍ നടത്തുന്ന പലരും അതില്‍ പങ്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മദ്യവും സമ്മാനങ്ങളും നല്‍കുന്നു. പ്രത്യേകിച്ച് കമ്പനികള്‍ നടത്തുന്ന പത്ര സമ്മളനങ്ങളില്‍. ഒരു ലജ്ജയും ഇല്ലാതെ മിക്ക പത്ര പ്രവര്‍ത്തകരും ഇത് ക്യൂ നിന്ന് വാങ്ങുന്ന കാഴ്ച കേരളത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഉണ്ട്. പാന്റ്‌സും ഷര്‍ട്ടും വരെ ഇങ്ങനെ സമ്മാനം കൊടുക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ട്. ഇത് നല്‍കിയില്ലെങ്കില്‍ വാര്‍ത്ത വരില്ല എന്നു പല കമ്പനികളും ധരിച്ചു വച്ചിരിക്കുന്നു. ഇതിന്റെ തന്നെ മറ്റൊരു പതിപ്പാണ് സര്‍ക്കാരിനെ കബളിപ്പിച്ച് ആനുകൂല്യങ്ങള്‍ നേടാനുള്ള ഈ പടപ്പുറപ്പാട്.

ഇത്തരം പ്രലോഭനങ്ങളില്‍ നിന്നു മാറി നടക്കുന്ന ആത്മാഭിമാനം ഉള്ള ഒട്ടേറെ മാധ്യമ പ്രവര്‍ത്തകര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ കര്‍ക്കശമായ സദാചാര നിയമങ്ങള്‍ നടപ്പിലാക്കിയാല്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ മൊത്തത്തില്‍ നേരിടുന്ന ധാര്‍മ്മിക പ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂ. അതിന് മുന്‍കൈ എടുക്കേണ്ടത് പത്രപ്രവര്‍ത്തക യൂണിയനാണ്. ലോകം എമ്പാടുമുള്ള പ്രൊഫഷണല്‍ ബോഡികള്‍ തങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ ചില തത്വദീക്ഷിതമായ പ്രമാണങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഒരു യൂണിയന്‍ എന്നതിനപ്പുറം ഒരു പ്രൊഫഷണല്‍ ബോഡി എന്ന നിലയില്‍ കേരളത്തിലെ പത്ര പ്രവര്‍ത്തകര്‍ക്ക് ഒരു പെരുമാറ്റ ചട്ടം നടപ്പിലാക്കാന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍കൈ എടുക്കണം. പത്ര സമ്മേളനങ്ങളില്‍ സമ്മാനപ്പൊതി വിതരണം ചെയ്യാന്‍ ആരെയും അനുവദിക്കരുത്. വാര്‍ത്തയുടെ നിദാനമായ ഒരിടത്ത് നിന്നും ഒരു ആനുകൂല്യവും കൈപ്പറ്റാന്‍ അങ്ങനെ അനുവദിക്കരുത്. അങ്ങനെയുള്ളവരെ കണ്ടെത്തി യൂണിയനില്‍ നിന്നു പുറത്താക്കണം. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതിനാണ് പകരം പത്ര മുതലാളിമാരില്‍ നിന്നും നേടി എടുക്കാന്‍ യൂണിയന്‍ മുന്‍കൈ എടുക്കണം. അല്ലാത്ത പക്ഷം കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇങ്ങനെ നാണം കെട്ടു കൊണ്ടേ ഇരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP