Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണിക്കെതിരെ പുതിയ ആരോപണങ്ങളുമായി വി ശിവൻകുട്ടി എംഎൽഎ; 116 കോടി രൂപയുടെ റവന്യൂ റിക്കവറി സ്റ്റേ ചെയ്യാൻ മാണി കോഴ വാങ്ങി; ബാർ കോഴക്കേസ് ഒത്തുതീർക്കാൻ മാണിയുടെ മരുമകൻ ഇടപെട്ടെന്നും എംഎൽഎ; ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്നു മാണി

മാണിക്കെതിരെ പുതിയ ആരോപണങ്ങളുമായി വി ശിവൻകുട്ടി എംഎൽഎ; 116 കോടി രൂപയുടെ റവന്യൂ റിക്കവറി സ്റ്റേ ചെയ്യാൻ മാണി കോഴ വാങ്ങി; ബാർ കോഴക്കേസ് ഒത്തുതീർക്കാൻ മാണിയുടെ മരുമകൻ ഇടപെട്ടെന്നും എംഎൽഎ; ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്നു മാണി

തിരുവനന്തപുരം: 116 കോടി രൂപയുടെ റവന്യൂ റിക്കവറിക്ക് മന്ത്രി കെ എം മാണി അനധികൃതമായി സ്റ്റേ നൽകിയെന്ന് വി ശിവൻകുട്ടി എംഎൽഎ. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഈ നടപടിയെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. 211 വ്യാപാരികൾക്കെതിരായ നടപടിയാണ് മന്ത്രി സ്റ്റേ ചെയ്തത്. ഇതിനായി കോഴ വാങ്ങിയെന്നും ശിവൻകുട്ടി ആരോപിച്ചു.

ബാർകോഴക്കേസ് ഒത്തു തീർക്കാൻ ശ്രമം നടന്നതായും ശിവൻകുട്ടി ആരോപിച്ചു. ഇക്കാര്യത്തിൽ തെളിവുകൾ അടങ്ങിയ സിഡി വി ശിവൻകുട്ടി സഭയുടെ മേശപ്പുറത്തുവച്ചു.

അതേസമയം, ആരോപണങ്ങൾ തള്ളി മന്ത്രി കെ എം മാണി രംഗത്തെത്തി. വി ശിവൻകുട്ടിയുടെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. ബജറ്റ് അവതരണം മുടക്കാൻ ആകില്ലെന്ന് മനസിലാക്കിയാണ് ആരോപണം. സ്റ്റീഫൻ എന്ന പേരിൽ തനിക്ക് മരുമകൻ ഇല്ലെന്നും മാണി പറഞ്ഞു.

റവന്യൂ റിക്കവി സ്റ്റേ ചെയ്ത നടപടി മാണിയുടെ ഇഷ്ടക്കാരായ ബിസിനസുകാർക്കു വേണ്ടിയായിരുന്നു. 2014 മാർച്ച് ഒന്നാം തിയതി വരെയുള്ള തുകയാണിത്. 211 ബിസിനസുകാർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള ഈ നടപടി സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും വി ശിവൻകുട്ടി വെളിപ്പെടുത്തി.

ബാർകോഴക്കേസ് ഒത്തു തീർക്കാൻ ശ്രമം നടന്നതായും ശിവൻകുട്ടി ആരോപിച്ചു. കെ.എം മാണിക്കു വേണ്ടി ജോർജ് എന്ന ഇടനിലക്കാരനും ബിജു രമേശും തമ്മിലുള്ള ഫോൺ സംഭാണത്തിന്റെ സിഡി അദ്ദേഹം നിയമസഭയുടെ മേശപ്പുറത്തു വച്ചു. മാണിയുടെ മരുമകൻ സ്റ്റീഫനാണ് ഇടനലക്കാരൻ വഴി ബിജു രമേശിനെ ബന്ധപ്പെട്ടതെന്നും ശിവൻകുട്ടി ആരോപണമുന്നയിച്ചു.

കെ എം മാണി സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയെന്നും കഴിഞ്ഞ 50 വർഷത്തെ സ്വത്ത് സമ്പാദനം സംബന്ധിച്ചു ഉന്നതതല അന്വേഷണം നടത്തണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

ആരോപണങ്ങളെല്ലാം അദ്ദേഹം രേഖാമൂലം നിയമസഭയിൽ എഴുതി നൽകി. മാണി അനധികൃതമായി സ്വത്ത് സമ്പാദിച്ച കാര്യത്തിലും ഗുരുതര ആരോപണമാണ് ശിവൻകുട്ടി ഉന്നയിച്ചത്. മാണിയുടെ വരുമാനവും ആസ്തിയും തമ്മിൽ വലിയ അന്തരമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കണം.

മാണിയുടെ ബന്ധുവുമായി ബാർ അസോസിയേഷൻ നേതാവ് ബിജു രമേശ് നടത്തിയ ഫോൺ സംഭാഷണത്തിന്റെ സിഡിയാണ് ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ശിവൻകുട്ടി സഭയുടെ മേശപ്പുറത്തുവച്ചത്. ബിജു രമേശ് വിജിലൻസിന് കൈമാറിയ സിഡിയിലെ സംഭാഷണമാണ് ഇന്നു പുറത്ത് വന്നത്. മന്ത്രി കെ എം മാണിക്കായി മരുമകന്റെ നിർദ്ദേശമനുസരിച്ച് ജോർജെന്നു പേരുള്ള ഇടനിലക്കാരനാണ് വിളിച്ചതെന്ന് ബിജു രമേശ് ബാറുടമകളുടെ യോഗത്തിൽ പറയുന്നത് വ്യക്തമാണ്.

10 കോടി തനിക്കും ഒരു കോടി സംഘടനയ്ക്കും തരാമെന്ന് കെ.എം. മാണി പറഞ്ഞതായി ബിജു രമേശ് പറയുന്നു. എന്നാൽ ജീവൻ പോയാലും കേസിൽ നിന്നു പിന്മാറിലെന്ന് ബിജു പറയുന്നത് ശബ്ദ രേഖയിലുണ്ടെന്ന് ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഒപ്പം കൊച്ചിയിലെ ഒരു ബാറുടമയുടെ സംഭാഷണവും സിഡിയിലുണ്ട്. ഈ സംഭാഷണം ജോസ് കെ. മാണിയുമായെന്ന് ബാറുടമ പറയുന്നു. ഈ രണ്ടു സിഡികളും വി ശിവൻകുട്ടി എംഎൽഎ നിയമസഭയുടെ മേശപ്പുറത്തുവച്ചു.

സ്വർണക്കടക്കാർക്ക് 16.55 കോടി, സ്വകാര്യ ആയുർവേദ മെഡിക്കൽ ഹോസ്പിറ്റലിന് 50 കോടി, എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിക്ക് 16.21 കോടി എന്നിങ്ങനെയാണ് മാണി ഇളവ് നൽകിയതെന്ന് ശിവൻകുട്ടി പറഞ്ഞു.

മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്, കേസിൽ നിന്ന് പിന്മാറാൻ പത്തു കോടി രൂപ നൽകാനും ശ്രമിച്ചു. മാണിയുടെ മരുമകൻ ഡോ. സ്റ്റീഫന്റെ സുഹൃത്തും റിയൽ എസ്റ്റേറ്റുമായി പ്രവർത്തിക്കുന്ന ജോർജ് എന്നു ഇടനിലക്കാരൻ വഴിയാണ് സ്വാധീനിക്കാൻ ശ്രമിച്ചത്. ഇവർ തമ്മിൽ നടത്തിയ ഒരു മണിക്കൂർ 54 മിനിട്ട് ദൈർഘ്യമുള്ള ടെലഫോൺ സംഭാഷണത്തിന്റെ സിഡിയും ശിവൻകുട്ടി സഭയിൽ ഹാജരാക്കി.

സംഭാഷണം ഒരു മണിക്കൂർ 32 മിനിട്ടാകുമ്പോൾ ജോർജ് പറയുന്നത് ഇങ്ങനെയാണ്: 'കേസിൽ നിന്ന് പിന്മാറാൻ പത്തു കോടി രൂപ നൽകാം'. എന്നാൽ ബിജു ഇതിന് വിസമ്മതിക്കുന്നു. മാണി സാറിന്റെ സ്വത്ത് മുഴുവൻ തൂക്കിയാലും ഞാൻ തൂങ്ങില്ലെന്ന് ബിജു മറുപടി പറയുന്നതും സംഭാഷണത്തിൽ വ്യക്തമാണെന്ന് ശിവൻകുട്ടി പറഞ്ഞു. ഈ സംഭവത്തിന് ശേഷവും ബിജുവിനെ സ്വാധീനിച്ച് കേസ് പിൻവലിക്കാൻ മാണി ശ്രമം നടത്തി. രാധാകൃഷ്ണ പിള്ള എന്ന ഏജന്റ് വഴിയാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.

കേരളത്തിലെ റിലയൻസാണ് കെ എം മാണിയെന്നും അനധികൃത സ്വത്തിനെ കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. ഇന്ന് രാവിലെ നിയമസഭയിൽ മാണിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.

അതിനിടെ, ആരോപണങ്ങൾക്കു പിന്നിൽ ഗൂഢലക്ഷ്യമാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. ബിജു രമേശ് നടത്തുന്ന വ്യാജപ്രചാരണങ്ങൾ ഇടതുപക്ഷത്തെ പ്രമുഖർ പ്രചരിപ്പിക്കുകയാണ്. ഇതിനു പിന്നിൽ ഗൂഢലക്ഷ്യവും കേരളാ കോൺഗ്രസ്സ് പാർട്ടിയെ തകർക്കാനുള്ള ശ്രമവുമുണ്ട്. കേസിൽ ഞാൻ ആരെയും സ്വാധീിച്ചിട്ടില്ല. സ്വാധീനിക്കാൻ ശ്രമിക്കുകയുമില്ല. കെ എം മാണിയുടെ മരുമകൻ എന്ന് പറഞ്ഞ് ഏതോ ഒരു ഡോ. സ്റ്റീഫന്റെ പേര് മാദ്ധ്യമങ്ങളിൽ വരുന്നത് കണ്ടു. കെ. എം മാണിക്ക് അങ്ങനെ ഒരു മരുമകൻ ഇല്ല. ഇത്തരം വ്യാജപ്രചാരണങ്ങൾ ജനം പുച്ഛിച്ചു തള്ളുമെന്നും ജോസ് കെ മാണി പറഞ്ഞു.

അതിനിടെ, സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രി കെ ബി ഗണേശ് കുമാർ രംഗത്തെത്തി. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചക്കിടെയായിരുന്നു ഗണേശിന്റെ ആരോപണം. അഴിമതിയുടെ പൊട്ടിയ കലത്തിലല്ല ജനങ്ങൾക്കു തേനും പാലും വിളമ്പേണ്ടതെന്നു ഗണേശ് പറഞ്ഞു. അഴിമതി ചൂണ്ടിക്കാണിക്കുന്നവരുടെ വായിൽ പണം തിരുകികയറ്റാൻ ശ്രമിക്കരുതെന്നും ഗണേശ് കുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP