Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയെ ഒറ്റുകാരനാക്കി; സുധീരൻ പ്രവർത്തിക്കുന്നത് പ്രതിപക്ഷ നേതാവിനെപ്പോലെ; മാണിയും ലീഗും ഇരട്ടത്താപ്പുകാർ: മദ്യ നിയന്ത്രണ നിയമത്തിന്റെ പിന്നണി കഥകൾ പറഞ്ഞ് എംഎം ഹസ്സൻ രംഗത്ത്

മുഖ്യമന്ത്രിയെ ഒറ്റുകാരനാക്കി; സുധീരൻ പ്രവർത്തിക്കുന്നത് പ്രതിപക്ഷ നേതാവിനെപ്പോലെ; മാണിയും ലീഗും ഇരട്ടത്താപ്പുകാർ: മദ്യ നിയന്ത്രണ നിയമത്തിന്റെ പിന്നണി കഥകൾ പറഞ്ഞ് എംഎം ഹസ്സൻ രംഗത്ത്

തിരുവനന്തപുരം: വെടക്കാക്കി തനിക്കാക്കിയ ഉമ്മൻ ചാണ്ടിയെ കുഴപ്പത്തിലാക്കാൻ ഏറ്റവും വലിയ വിശ്വസ്തൻ തന്നെ രംഗത്ത്. മുഖ്യമന്ത്രിയെ ഒറ്റുകാരനാക്കി ചിത്രീകരിക്കാൻ ചിലർ ശ്രമം നടത്തിയെന്നും വി എം സുധീരൻ ഒറ്റുകാരനെപോലെ പെരുമാറുന്നു എന്നും കെ എം മാണിയും ലീഗുമൊക്കെ ഇരട്ടത്താപ്പുകാരാണെന്നും ഒക്കെ ആരോപിച്ചാണ് എം എം ഹസ്സൻ ഇന്ന് രംഗത്ത് വന്നത്. മാതൃഭൂമി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഒരു ദിവസം കൊണ്ട് മാറിയ മുഖ്യമന്ത്രിയുടെ മദ്യനയത്തിന്റെ പിന്നണിക്കഥകൾ ഹസ്സൻ വിശദീകരിച്ചത്. മദ്യമാഫിയക്കെതിരെ ഏറ്റവും വലിയ പോരാളി ആയി സ്വയം ചിത്രീകരിച്ച് ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേട്ടത്തിന് മങ്ങൽ ഏല്പിക്കാൻ ഉതകുന്നതാണ് ഹസ്സന്റെ പ്രസ്താവന.

കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പെരുമാറുന്നത് പ്രതിപക്ഷ നേതാവിനെപ്പോലെയാണെന്നും മുഖ്യമന്ത്രിയെ ബാർ മുതലാളിമാരുടെ ആളാക്കി ഒറ്റപ്പെടുത്തുന്ന നിലപാട് സുധീരന്റെ ഭാഗത്ത് നിന്നുണ്ടായത് നിർഭാഗ്യകരമാണെന്നും എം.എം ഹസ്സൻ കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോൾ ആദർശം മാത്രം നോക്കിയാൽ പോരെന്നും എം.എം ഹസ്സൻ പറഞ്ഞു. സുധീരന് പുറമെ യു.ഡി.എഫിലെ ഘടക കക്ഷികളായ മുസ്ലിം ലീഗിനെയും എം.എം ഹസ്സൻ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.

സർക്കാർ മദ്യനയം വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ച ദിവസം വൈകുന്നേരം നടന്ന പൊതുപരിപാടിയിൽ മുഖ്യമന്ത്രി മദ്യലോബിയുടെ ആളാണെന്ന രീതിയിലായിരുന്നു വി എം സുധീരന്റെ പ്രസംഗം. ലീഗ് മുഖപത്രമായ ചന്ദ്രിക മുഖപ്രസംഗത്തിലൂടെ മുഖ്യമന്ത്രിയെ ഒറ്റുകാരനാക്കുന്ന രീതിയിൽ ചിത്രീകരിച്ചു. ബാർ മുതലാളിമാരുടെ പണസഞ്ചിയിലാണ് മുഖ്യമന്ത്രിയുടെ കണ്ണെന്ന രീതിയിൽ ആക്ഷേപിച്ചത് നിർഭാഗ്യകരമാണെന്നും എം.എം ഹസ്സൻ പറഞ്ഞു. പാർട്ടിയിലെ ചില ബുദ്ധിജീവികൾ തന്നേയും മുതലാളിമാരുടെ ഏജന്റാക്കി. ബാർ വിഷയത്തിൽ കോടതി തീരുമാനിക്കട്ടെയെന്ന് ചിലർ രഹസ്യമായി മുഖ്യമന്ത്രിയോട് പറഞ്ഞു.

അഡ്വക്കേറ്റ് ജനറലിനെ വിമർശിക്കുന്നത് സർക്കാരിനെ വിമർശിക്കുന്നതിന് തുല്യമാണ്. ആദർശപരമായ നിലപാടാണ് വി എം സുധീരൻ എപ്പോഴുമെടുക്കാറുള്ളത്. പക്ഷെ ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ നേതൃസ്ഥാനത്തിരിക്കുമ്പോൾ സർക്കാരിന്റെ സാഹചര്യങ്ങളും സുധിരൻ മനസ്സിലാക്കേണ്ടിയിരുന്നു. വിവേചനത്തിന്റെ പ്രശ്‌നമാണതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം നിലപാട് കുറച്ചു കൂടി മയപ്പെടുത്തികൊണ്ട് പിന്നീട് ഹസൻ ഇന്ദിരാഭവനിൽ പത്ര സമ്മേളനം നടത്തി. പുതിയ മദ്യനയത്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ നൽകുന്നുവെന്ന് പറഞ്ഞ ഹസ്സൻ സമ്പൂർണ മദ്യ നിരോധനമാണ് യുഡിഎഫിന്റെ നയമെന്നും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെ മദ്യലോബിയുടെ ആളാക്കാൻ ശ്രമം നടന്നുവെന്നും തന്നെയും മുഖ്യമന്ത്രിയെയും സഹപ്രവർത്തകർ അപമാനിക്കാൻ ശ്രമിച്ചുവെന്നും ഹസൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആത്മാർത്ഥത ചോദ്യം ചെയ്തവർക്ക് ഇപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പൂർണ മദ്യ നിരോധനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടു കൊണ്ടായിരുന്നു ഹസന്റെ പത്രസമ്മേളനം പൂർത്തിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP