Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനങ്ങളിൽ വേരുറപ്പിക്കുന്നതിനേക്കാൾ പ്രധാനം കേന്ദ്രത്തിൽ ബില്ലുകൾ പാസ്സാക്കുന്നതിൽ; ഏതു പ്രകോപനവും കരുതലോടെ മതി; അമിത് ഷായുടെ തേരോട്ടത്തിന് താൽക്കാലിക ബ്രേക്ക് കൽപിച്ച് മോദി; ബംഗാളിലും പഞ്ചാബിലും അമിതാവേശം ഉണ്ടാകില്ല

സംസ്ഥാനങ്ങളിൽ വേരുറപ്പിക്കുന്നതിനേക്കാൾ പ്രധാനം കേന്ദ്രത്തിൽ ബില്ലുകൾ പാസ്സാക്കുന്നതിൽ; ഏതു പ്രകോപനവും കരുതലോടെ മതി; അമിത് ഷായുടെ തേരോട്ടത്തിന് താൽക്കാലിക ബ്രേക്ക് കൽപിച്ച് മോദി; ബംഗാളിലും പഞ്ചാബിലും അമിതാവേശം ഉണ്ടാകില്ല

ന്യൂഡൽഹി: ലോക്‌സഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽവന്നിട്ടും സ്വസ്ഥമായി ഭരിക്കാനും തീരുമാനങ്ങൾ നടപ്പാക്കാനും സാധിക്കാത്ത വേവലാതിയിലാണ് ബിജെപി സർക്കാർ. ലോക്‌സഭയിൽ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിൽ ഇപ്പോഴും ബിജെപി ന്യൂനപക്ഷമാണ്. ബില്ലുകൾ പാസ്സാക്കിയെടുക്കാൻ ഈ ദൗർബല്യം പലപ്പോഴും ഭരണപക്ഷത്തിന് തടസ്സമാകുന്നുണ്ട്. ഇതൊഴിവാക്കാൻ അവസാന അടവ് പയറ്റുകയാണ് നരേന്ദ്ര മോദി സർക്കാർ.

സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുന്നതിനെക്കാൾ പ്രാധാന്യം കേന്ദ്രത്തിൽ ബില്ലുകൾ പാസ്സാക്കുന്നതിലാണെന്ന് പാർട്ടി നേതൃത്വത്തെ മോദി ധരിപ്പിച്ചുകഴിഞ്ഞു. സംസ്ഥാനങ്ങൾ ഭരിക്കുന്ന കക്ഷികളെ തൽക്കാലം പിണക്കാതെ കേന്ദ്രത്തിൽ ഭരിക്കാനുള്ള സാഹചര്യമുണ്ടാക്കുകയെന്ന ബദൽ തന്ത്രമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഇക്കാര്യം പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായെ മോദി ധരിപ്പിച്ചുകഴിഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ആവേശം തെല്ലൊന്ന് കുറയ്ക്കാനാണ് തീരുമാനം. ഉത്തർപ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പിടിക്കാൻ ബിജെപി വളരെ ഊർജിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 2016-17 കാലയളവിലാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് വരിക.

പ്രകോപനങ്ങളിലൂടെ സംസ്ഥാനം ഭരിക്കുന്ന കക്ഷികളെ തീർത്തും ശത്രുപക്ഷത്താക്കേണ്ട എന്നാണ് കേന്ദ്ര നേതൃത്വം നൽകിയിട്ടുള്ള നിർദ്ദേശം. തൽക്കാലം ഓരോ സംസ്ഥാനങ്ങളിലെയും പ്രവർത്തനങ്ങൾ അതാത് സംസ്ഥാന ഘടകങ്ങളാവും പരിഗണിക്കുക. കേന്ദ്രത്തിൽ, പ്രത്യേകിച്ച് രാജ്യസഭയിൽ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുകയെന്ന ദൗത്യമാണ് കേന്ദ്ര നേതാക്കൾക്കുള്ളതെന്ന് മോദി മന്ത്രിസഭയിലെ ഒരു പ്രമുഖൻ തന്നെ വെളിപ്പെടുത്തുന്നു.

ഭൂമിയേറ്റെടുക്കൽ ബിൽ ഒരുവിധത്തിലാണ് രാജ്യസഭയിൽനിന്ന് പാസ്സാക്കിയെടുത്തത്. ഇനി ലാൻഡ് ഓർഡിനൻസ് വരുമ്പോഴും സർക്കാരിന് ഇതേ പ്രതിസന്ധി നേരിടേണ്ടിവരും. വ്യത്യസ്ത പാർട്ടികളെ വിശ്വാസത്തിലെടുക്കാൻ ഓരോ നേതാക്കളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങൾക്കാകും കേന്ദ്ര നേതാക്കൾ കൂടുതൽ ഊന്നൽ നൽകുകയെന്ന് അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP