Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് മന്ത്രിമാർക്കെതിരെ ബിജു രമേശ് മൊഴി നൽകിയാൽ വിജിലൻസ് അവരെ പ്രതിചേർക്കുമോ? ക്വിക്ക് വെരിഫിക്കേഷൻ ഇല്ലാതെ പ്രതിചേർക്കേണ്ടി വരുമെന്ന് നിയമവിദഗ്ദ്ധർ; മാണിയുടെ മേലുള്ള അന്വേഷണം തീർന്നപ്പോൾ ഉയരുന്നത് പുതിയ കുരുക്കുകൾ; മാണിയുടെ മകനെ കൂടി ഉൾപ്പെടുത്താൻ ജോർജിന്റെ തീവ്രശ്രമം

മൂന്ന് മന്ത്രിമാർക്കെതിരെ ബിജു രമേശ് മൊഴി നൽകിയാൽ വിജിലൻസ് അവരെ പ്രതിചേർക്കുമോ? ക്വിക്ക് വെരിഫിക്കേഷൻ ഇല്ലാതെ പ്രതിചേർക്കേണ്ടി വരുമെന്ന് നിയമവിദഗ്ദ്ധർ; മാണിയുടെ മേലുള്ള അന്വേഷണം തീർന്നപ്പോൾ ഉയരുന്നത് പുതിയ കുരുക്കുകൾ; മാണിയുടെ മകനെ കൂടി ഉൾപ്പെടുത്താൻ ജോർജിന്റെ തീവ്രശ്രമം

ബി രഘുരാജ്‌

തിരുവനന്തപുരം: ബാർ കോഴയിലെ വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ വിജിലൻസ് ധർമ്മ സങ്കടത്തിൽ. വകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മൂന്ന് മന്ത്രിമാർ കൂടി പ്രതിപ്പട്ടികയിലേക്ക് കടന്ന് വരുന്ന സാഹചര്യമുണ്ട്. ധനമന്ത്രി മാണിക്കെതിരെ വ്യക്തതയില്ലാത്ത മൊഴികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടിയെടുത്തത്.

അതിനിടെ, ബാർ കോഴക്കേസിൽ ബാർ ഉടമകളുടെ അസോസിയേഷൻ നേതാവ് ബിജു രമേശ് മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകി. ദൃശ്യങ്ങൾ കൈമാറിയെന്ന് മൊഴി നൽകിയ ശേഷം ബിജു രമേശ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ മാണിയുടെ ശബ്ദരേഖയും കൈമാറി. ശബ്ദരേഖയുടെ പൂർണ രൂപമാണ് കൈമാറിയത്. മുപ്പതു പേജുള്ള പ്രസ്താവന മജിസ്‌ട്രേറ്റിനു കൈമാറി. സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ തെളിവുകളും കൈമാറിയിട്ടുണ്ട്. പറയാനുള്ള കാര്യങ്ങളെല്ലാം മജിസ്‌ട്രേറ്റിനു മുന്നിൽ പറഞ്ഞു. സത്യം പുറത്തുവരുമെന്ന പ്രതീക്ഷയാണ് തനിക്കെന്നും ബിജു രമേശ് മാദ്ധ്യമങ്ങളോടു പറഞ്ഞു.

ബിജു രമേശിന്റെ മൊഴി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് രേഖപ്പെടുത്തിയത്. ഈ രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലയും കെ ബാബുവും വി എസ് ശിവകുമാറും അടക്കമുള്ള മന്ത്രിമാർക്കെതിരെ പരമാർശമുണ്ടാകുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഇവർക്കെതിരേയും കേസ് എടുക്കേണ്ടി വരും.

ബാർ കോഴയിൽ ക്വക്ക് വെരിഫിക്കേഷൻ നേരത്തെ കഴിഞ്ഞതാണ്. ക്വക്ക് വെരിഫിക്കേഷന് ശേഷമാണ് മാണിയെ പ്രതിയാക്കിയതും. അതുകൊണ്ട് തന്നെ ഇനി ക്വക്ക് വെരിഫിക്കേഷൻ ആവശ്യമില്ല. ബാർ കോഴയിൽ സംശയാസ്പദമായ പലതുമുണ്ടെന്ന് മാണിക്ക് എതിരെ നടന്ന ക്വിക്ക് വെരിഫിക്കേഷനിൽ ബോധ്യപ്പെട്ടതു കൊണ്ടാണ് കേസ് എടുത്തത്. ഈ സാഹചര്യത്തിൽ ഇനിയൊരു ക്വിക് വെരിഫിക്കേഷൻ ആവശ്യമില്ല. ചെന്നിത്തല അടക്കമുള്ളവരെ മൊഴി കിട്ടിയാൽ പ്രതിചേർക്കണം. അതിൽ നിന്ന് അന്വേഷണ സംഘത്തിന് മാറിനിൽക്കാൻ കഴിയില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കൂടുതൽ മന്ത്രിമാർക്കെതിരെ മൊഴി വന്നാൽ വിജിലൻസ് നിയമോപദേശം തേടി ഇക്കാര്യത്തിൽ അന്തിമ തീർപ്പിലെത്തും. അതിനിടെ കെഎം മാണിയുടെ മകനും കോട്ടയം എംപിയുമായ ജോസ് കെ മാണിയെ കേസിൽ കുടക്കാനും കരുനീക്കം സജീവമാണ്. ചീഫ് വിപ്പ് പിസി ജോർജ് തന്നെയാണ് ഇതിന് പിന്നിലെന്നാണ് സൂചന. മാണിക്ക് മേൽ സമ്മർദ്ദം ശക്തമാക്കാനുള്ള അടവ തന്ത്രമാണിതെന്നാണ് വിലയിരുത്തൽ.

സാക്ഷിമൊഴികളുടെയും മറ്റും ഇതുവരെയുള്ള ഗതി കണക്കിലെടുക്കുമ്പോൾ മാണിയുടെ പേര് കുറ്റപത്രത്തിൽ ഉൾപ്പെടാൻ സാധ്യതയൊന്നുമില്ലെന്നാണ് സർക്കാർ കേന്ദ്രങ്ങൾ പൊതുവേ കരുതുന്നത്. കുറ്റപത്രത്തിൽ മാണിയുടെ പേര് ഉൾപ്പെടില്ലെന്ന് ഉറപ്പായതിനാലാണ് അദ്ദേഹം പി.സി. ജോർജിനെതിരെ കടുത്ത നിലപാടിലേക്ക് നീങ്ങിയതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ബിജു രമേശിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ വിജിലൻസ് തീരുമാനിച്ചത്. ബിജു രമേശ് മാദ്ധ്യമങ്ങൾവഴി പുറത്തുവിട്ട ശബ്ദ രേഖയുടെ ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ളവ കോടതിക്ക് കൈമാറാൻ ഉദ്ദേശിക്കുന്നുണ്ട്. ബാർ കോഴ കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന എല്ലാ വിവരങ്ങളും മജിസ്‌ട്രേറ്റിന് മുന്നിൽ നൽകും. ഇതുവരെ പുറത്ത് വെളിപ്പെടുത്താതിരുന്ന ചില വിവരങ്ങളും കോടതിയുടെ മുന്നിൽ വെളിപ്പെടുത്തുമെന്നും ബിജു പറഞ്ഞു. ജോസ് കെ മാണിക്ക് എതിരായ ശബ്ദരേഖയും ഇതിലുണ്ടെന്നാണ് വാദം.

ജോസ് കെ മാണിയുടെ പേര് വലിച്ചിഴയ്ക്കുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ടെന്നാണ് സൂചന. മാണിയേയും മകനേയും കേസിൽ പ്രതിയാക്കി പുകമറ സൃഷ്ടിക്കാനാണ് നീക്കം. കോൺഗ്രസിലെ ഐ ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് ഈ നീക്കങ്ങൾ നടന്നത്. എന്നാൽ ഐ ഗ്രൂപ്പിലെ പ്രമുഖരായ രമേശ് ചെന്നിത്തലയും വി എസ് ശിവകുമാറും കേസിൽ ഉൾപ്പെട്ടതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഇതിനിടെയിലാണ് കേരളാ കോൺഗ്രസിൽ നിന്ന് ജോർജിനെതിരെ നടപടി വന്നത്. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിക്കെതിരെ കരുനീക്കങ്ങൾ ജോർജ് ഒറ്റയ്ക്ക് സജീവമാക്കിയത്. താൻ ആരേയും ഫോണിൽ വിളിച്ചിട്ടില്ലെന്ന് ജോസ് കെ മാണി ആവർത്തിക്കുന്നുമുണ്ട്. ജോസ് കെ മാണിയെ കേസിൽ പ്രതിയാക്കാൻ പോന്ന വണ്ണം ഒരു തെളിവും പുറത്തുവിടാൻ ബിജു രമേശിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ തെളിവുകൾ കോടതിക്ക് വീണ്ടും നൽകി ജോസ് കെ മാണിക്കെതിരെ എന്തെങ്കിലും നടപടിക്ക് സാധ്യതയുണ്ടോ എന്ന് പരിശോധിക്കുകയാണ് ഇവർ.

വിചാരണവേളയിൽ സാക്ഷി കൂറുമാറാതിരിക്കാനാണ് അന്വേഷണസംഘം സാക്ഷികളുടെ മൊഴി കോടതിമുമ്പാകെ രേഖപ്പെടുത്തുന്നത്. 350ഓളം സാക്ഷികളാണ് ബാർ കോഴ കേസിലുള്ളത്. ഇതിൽ ബിജുവിന്റെ മൊഴി മാത്രമാണ് കോടതിവഴി രേഖപ്പെടുത്തുന്നത്. എന്നാൽ ഒരു സാക്ഷിയുടെ മൊഴി കൂടി കോടതിവഴി രേഖപ്പെടുത്താൻ വിജിലൻസ് ആലോചിക്കുന്നുണ്ട്. മന്ത്രി കെ.എം. മാണിയുടെ വീട്ടിൽ പണം നൽകാൻ പോയ ബാർ ഉടമകളിൽപ്പെട്ട ഒരാളിന്റെ മൊഴി കൂടിയാണ് രേഖപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്ണപിള്ളയുടെയും ചീഫ് വിപ്പ് പി.സി. ജോർജിന്റെയും മൊഴി ഉടൻ രേഖപ്പെടുത്തും. അടുത്ത ആഴ്ചയ്ക്കുള്ളിൽ ഇരുവരുടെയും മൊഴിയെടുത്തേക്കും. പ്രായം കണക്കിലെടുത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലെത്തിയാകും ഇദ്ദേഹത്തിന്റെ മൊഴിയെടുക്കുക. ഇരുവരുടെയും സൗകര്യം കണക്കിലെടുത്താകും മൊഴിയെടുക്കുക.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രശ്‌നങ്ങൾ എങ്ങനേയും നീട്ടികൊണ്ട് പോകാനും ശ്രമമുണ്ട്. പിസി ജോർജ്ജിനെ യുഡിഎഫിൽ നിറുത്തുന്നതിനൊപ്പം മാണി പിണങ്ങാതിരിക്കാനുള്ള സാധ്യതയാണ് തേടുന്നത്. എന്നാൽ ഒന്നും ഒരിടത്തും എത്തുന്നില്ല. ഈ ഘട്ടത്തിലാണ് മുന്നണിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ കാര്യങ്ങളെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP