Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടി സമ്മേളനം വരവായി; വെട്ടിനിരത്തലും ആരംഭിച്ചു: പത്തനംതിട്ടയിൽ ഒരിക്കൽ പുറത്താക്കി തിരിച്ചെടുക്കേണ്ടിവന്ന നേതാവിനെ രണ്ടാമതും പുറത്താക്കി; ഇത്തവണ കുറ്റം ഫേസ്‌ബുക്കിൽ നേതാക്കളുടെ ഫോട്ടോ ഇട്ടത്

പാർട്ടി സമ്മേളനം വരവായി; വെട്ടിനിരത്തലും ആരംഭിച്ചു: പത്തനംതിട്ടയിൽ ഒരിക്കൽ പുറത്താക്കി തിരിച്ചെടുക്കേണ്ടിവന്ന നേതാവിനെ രണ്ടാമതും പുറത്താക്കി; ഇത്തവണ കുറ്റം ഫേസ്‌ബുക്കിൽ നേതാക്കളുടെ ഫോട്ടോ ഇട്ടത്

പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കുന്നതിനു മുമ്പേ തന്നെ സി.പി.എമ്മിൽ വെട്ടിനിരത്തൽ ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാകണമെന്ന പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ആജ്ഞ അനുസരിക്കുന്നവരും ഈ നടപടി ഒന്നു ശ്രദ്ധിച്ചാൽ നന്നാകും. പത്തനംതിട്ട ജില്ലയിലെ കൊടുമൺ ഏരിയാ കമ്മിറ്റിയിലെ ഒരു ലോക്കൽ കമ്മിറ്റിയിലാണ് ഫേസ്‌ബുക്കിൽ സിപിഐ(എം) നേതാക്കളുടെ ഫോട്ടോ ഇട്ടതിന്റെ പേരിൽ നടപടി. നേതാക്കളെ അപകീർത്തിപെടുത്തുന്ന തരത്തിലുളള ഫോട്ടായെന്നുമല്ല ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഒരു കല്യാണ വീട്ടിൽ ജില്ലയിലെ രണ്ടു നേതാക്കൾ അടുത്തടുത്ത സീറ്റിലിരുന്ന് സദ്യകഴിക്കുന്ന പടമാണ് പോസ്റ്റ് ചെയ്തത്. കൊടുമൺ കുന്നിട ലോക്കൽ കമ്മിറ്റി അംഗം അനിൽ സി ബൊക്കാറോയെയാണ് കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്കിൽ നേതാക്കളുടെ പടമിട്ടതിന്റെ പേരിൽ പാർട്ടി അംഗത്വത്തിൽ നിന്നുപുറത്താക്കിയത്.

പഴയകാലങ്ങളിലെ പോലെ നാട്ടിൽ നടക്കുന്ന കല്യാണം, മരണം എന്നീ ചടങ്ങുകളിൽ പാർട്ടി നേതാക്കൾ പങ്കെടുക്കുന്നില്ലെന്നും ഇതു പാടില്ലെന്നും പാർട്ടി സംസ്ഥാന നേതൃത്വം ജില്ലാ ഘകങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. പാർട്ടി നേതാക്കൾ ജനങ്ങൾ നിന്നകലുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു, ഈ നിർദ്ദേശം. ഇതിന്റെ അന്തസത്ത പാലിച്ചാണ്, തന്റെ നാട്ടിലെ ഒരു കല്യാണ ചടങ്ങിൽ ജില്ലയിലെ രണ്ടു നേതാക്കൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം, അനിൽ ഫേസ്‌ബുക്കിൽ ഇട്ടത്. നല്ലകാര്യം വിചാരിച്ച് ചെയ്തത് പക്ഷേ ഇങ്ങനെ പണിയാകുമെന്ന് അനിൽ സി. ബൊക്കാറോ ഒരിക്കലും കരുതിയിരിക്കില്ല. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണിക്കൃഷ്ണപിളളയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും പിണറായി പക്ഷത്തെ ജില്ലയിലെ കരുത്തനായ നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ഉദയഭാനുവുമായിരുന്ന ചിത്രത്തിലെ കഥാ പാത്രങ്ങൾ. സോഷ്യൽ മീഡീയയിൽ തങ്ങളുടെ പടം ഇട്ടവൻ ഇനി ഒരു കാരണവശാലും പാർട്ടിയിൽ കാണരുതെന്ന് ഇരു നേതാക്കളും കൊടുമൺ ലോക്കൽ കമ്മിറ്റി നേതാക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം കുന്നിട ലോക്കൽ കമ്മിറ്റി വിളിച്ച് ചേർത്ത് ഏകപക്ഷീയമായി ഒരു വർഷത്തേക്ക് അനിൽ സി ബൊക്കാറോയെ പുറത്താക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ജനുവരിയിലും അനിൽ സി ബൊക്കാറോയ്‌ക്കെതിരെ പുറത്താക്കൽ നടപടി എടുത്തിരുന്നു. കുന്നിട ലോക്കൽ കമ്മിറ്റിയിൽ പങ്കെടുത്ത സിപിഐ(എം) ജില്ലാ നേതാക്കൾ പാർട്ടി സെക്രട്ടറി പിണറായി വിജയനടക്കമുളളവരെപ്പറ്റി മോശമായി ചിത്രീകരിച്ച് വാർത്ത പ്രസിദ്ധീകരിച്ച ക്രൈം വാരിക ലോക്കൽ കമ്മിറ്റി യോഗത്തിൽ വിതരണം ചെയ്തിരുന്നു. ഇതിനെ ലോക്കൽ കമ്മിറ്റി അംഗമായ ബൊക്കാറോ ചോദ്യം ചെയ്തു അതിനാണ് ജനുവരിയിൽ പുറത്താക്കിയത്. എന്നാൽ നടപടിക്ക് ഒരുമാസത്തെ ആയുസ്സേ ഉണ്ടായിരുന്നുളളു. ഫെബ്രുവരിയിൽ സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ പങ്കെടുത്ത യോഗത്തിൽ നടപടി പിൻവലിച്ച് ബൊക്കാറോയെ തിരിച്ചെടുത്തിരുന്നു.

വി എസ് പക്ഷത്തിന് മുൻകൈയുളള സിപിഐ(എം) പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നിരവധി പരാതികളുമായി രംഗത്തെത്തിയതിന്റെ പേരിൽ ജില്ലയിലെ നേതാക്കളുടെ കണ്ണിലെ കരടാണ് അനിൽ. 2004 ൽ ജില്ലയിലെ പാർട്ടി മെമ്പർഷിപ്പിൽ പാർട്ടിക്കാരല്ലാത്ത നിരവധിയാളുകളെ കുത്തിനിറച്ചിട്ടുണ്ടെന്നു കാട്ടി ബൊക്കാറോ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ജില്ലയിലെ ബ്രാഞ്ചുകൾ ചേരുകയും പരാതി പരിശോധിക്കുകയും ചെയ്തിരുന്നു. നിരവധി വ്യാജ മെമ്പർഷിപ്പുകളും കണ്ടെത്തിയിരുന്നു. നിലവിൽ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയും വ്യാപാരി സമിതിയുടെ സംസ്ഥാന നേതാവുമാണ് ബൊക്കാറോ.

കഴിഞ്ഞ സമ്മേളനത്തോടെ വി എസ് പക്ഷത്തിന്റെ കൈയിലായിരുന്ന ജില്ല പിണറായി പക്ഷം പിടിച്ചെങ്കിലും കാര്യമായ മാറ്റങ്ങൾ ഒന്നു തന്നെ ഇവിടെ ഉണ്ടായില്ല. നിലനില്പിനായി നേതാക്കൾ പരസ്പരം ചാടിയെങ്കിലും കമ്മിറ്റികളുടെ പൂർണ്ണനിയന്ത്രണം പഴയ വി എസ് പക്ഷത്തിനു തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP