Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനതാദള്ളുകൾ ലയിച്ചപ്പോൾ കുഴപ്പത്തിലായത് ഉമ്മൻ ചാണ്ടി; യുഡിഎഫ് വിട്ട് ഒറ്റപ്പാർട്ടിയാകാൻ എങ്ങും സമ്മർദ്ദം; പ്രലോഭനവുമായി സിപിഎമ്മും; വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ രംഗത്ത്

ജനതാദള്ളുകൾ ലയിച്ചപ്പോൾ കുഴപ്പത്തിലായത് ഉമ്മൻ ചാണ്ടി; യുഡിഎഫ് വിട്ട് ഒറ്റപ്പാർട്ടിയാകാൻ എങ്ങും സമ്മർദ്ദം; പ്രലോഭനവുമായി സിപിഎമ്മും; വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ രംഗത്ത്

കോഴിക്കോട്: കോൺഗ്രസ് പോലും പ്രതിക്ഷയോടെ കാണുന്ന ഒന്നാണ് ദേശീയതലത്തിലെ ജനതാ പരിവാർ ലയനം. ആറ് ജനതാ-സോഷ്യലിസ്റ്റ് പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കാൻ ദേശീയതലത്തിൽ തീരുമാനമായെങ്കിലും കേരളത്തിൽ അതു സംബന്ധിച്ച തീർപ്പുകൾക്കു സമയമെടുക്കും. യുഡിഎഫിൽ നിൽക്കുന്ന വീരേന്ദ്രകുമാർ പക്ഷമായ ജനതാദൾ (യു) എടുക്കുന്ന നിലപാട് ഉമ്മൻ ചാണ്ടി സർക്കാരിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. സർക്കാരിന്റെ നിലനിൽപ്പിനെ പോലും ഇത് ബാധിക്കും. ജനതാ പരിവാർ ഉയർത്തുന്ന രാഷ്ട്രീയം ഇടതു പക്ഷത്തിന് അനുകൂലമാണ്. ദേവഗൗഡയുടെ നേതൃത്വത്തിലെ ജനതാദൾ എസിന് നിയമസഭയിൽ നാല് പേരുടെ അംഗബലമുണ്ട്. ഇടതു പക്ഷത്ത് നിൽക്കുന്ന മാത്യു ടി തോമസ് പക്ഷം അവിടെ തന്നെ ഉറച്ചു നിൽക്കും. വീരന് മറുപക്ഷത്തേക്ക് പോകേണ്ടി വരുമെന്നാണ് സൂചന.

എന്നാൽ എങ്ങനേയും വീരേന്ദ്രകുമാറിനേയും രണ്ട് എംഎൽഎമാരേയും ഭരണപക്ഷത്ത് ഉറപ്പിച്ച് നിർത്താൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ രംഗത്ത് എത്തിക്കഴിഞ്ഞു. ഒന്നാകുന്ന പാർട്ടി ഇടതു പക്ഷത്തെന്നു വന്നാൽ സർക്കാരിനു രണ്ട് എംഎൽമാരെ നഷ്ടപ്പെടും. സർക്കാരിന്റെ പതനത്തിനു വരെ ഇതു കാരണമാകും. മറിച്ച് പാർട്ടി ഒന്നിച്ചു യുഡിഎഫിലാകുക എന്നു വന്നാൽ സർക്കാരിനു നാല് എംഎൽഎമാരെ കൂടുതൽ കിട്ടും. ഇതിലൂടെ സർക്കാരിന് കൂടുതൽ കരുത്തുകിട്ടും. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ അടിക്കാൻ ആയുധവുമാകും. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ.

അതിനിടെ ലയനത്തിന് സമ്മർദ്ദം ചെലുത്താൻ സിപിഎമ്മും നീക്കം തുടങ്ങിയിട്ടുണ്ട്. പുതിയ പാർട്ടിയെ എങ്ങനേയും ഇടത് പക്ഷത്ത് നിർത്താനാണ് നീക്കം. ഇതിലൂടെ മലബാറിൽ ഇടതുപക്ഷത്തിന് കരുത്ത് കൂടുമെന്ന് സിപിഎമ്മിന് അറിയാം. ഈ സാഹചര്യത്തിൽ കരുതലോടെയാണ് സിപിഎമ്മിന്റെ നീക്കങ്ങൾ. ഇതെല്ലാം മനസ്സിലാക്കിയാണ് മുഖ്യമന്ത്രി നേരിട്ട് പ്രശ്‌നങ്ങളിൽ ഇടപെടുന്നത്. സർക്കാരിന് പ്രതിസന്ധിയാകുന്ന ഒരു തീരുമാനവും ജനതാ പരിവാർ ലയനത്തിലൂടെ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ലാഘവത്തോട് പ്രശ്‌നത്തെ സമീപിച്ചാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന തിരിച്ചറിവുമുണ്ട്. പാലക്കാട് ലോക്‌സഭാ സീറ്റിൽ മത്സരിച്ച് തോറ്റാൽ വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത്തവണ ഒഴിവ് വന്നപ്പോൾ നൽകിയില്ല. അടുത്ത ഒഴിവ് വീരേന്ദ്രകുമാറിന് തന്നെ നൽകാമെന്നാണ് മുഖ്യമന്ത്രി നൽകുന്ന ഉറപ്പ്.

ലയനതീരുമാനത്തെ തുടർന്നു ഉളവായിട്ടുള്ള സാഹചര്യങ്ങളിൽ നിലപാടുകൾ എന്താകണം എന്നതു സംബന്ധിച്ചു നാളെ പാർട്ടി ചെയർമാൻ എംപി. വീരേന്ദ്രകുമാറിന്റെ വസതിയിൽ ചേരുന്ന ജനതാദൾ (യു) സംസ്ഥാന ഭാരവാഹികളുടെ യോഗം ചർച്ച ചെയ്യും. സംസ്ഥാനത്തെ ലയന ചർച്ചയ്ക്കു നാളെ തുടക്കമാകും എന്നും പറയാം. എന്നാൽ ഉടനൊരു തീരുമാനം ഉണ്ടാകണമെന്നില്ലെന്നാണ് സൂചന. അതിനിടെ മാത്യു ടി തോമസ് പക്ഷത്തെ രണ്ട് എംഎൽഎമാർ ഇടതുപക്ഷത്തോടാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നത്. ജമീലാ പ്രകാശവും സി കെ നാണുവും കോൺഗ്രസ് പക്ഷത്തെ അനുകൂലിക്കുന്നില്ല. മാത്യു ടി തോമസ് ചർച്ചകളിലൂടെ തീരുമാനം എടുക്കാമെന്ന അഭിപ്രായക്കാരനാണ്. ജോസ് തെറ്റയിൽ ദേശീയ നേതൃത്വത്തിന്റെ ഏത് തീരുമാനവും അംഗീകരിക്കും. ഈ സാഹചര്യത്തിൽ കേരളത്തിൽ ജനതാ പരിവാർ എന്ന ആശയം ഉടൻ നടപ്പാവില്ലെന്നാണ് സൂചന.

വീരേന്ദ്ര കുമാർ പക്ഷത്തെ കെപി മോഹനൻ മന്ത്രിയാണ്. മുന്നണി വിടാനുള്ള തീരുമാനം എടുത്താൽ മോഹനന് മന്ത്രി സ്ഥാനം നഷ്ടമാകും. ഇതിനെ മോഹനൻ അംഗീകരിക്കില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കരുതലോടെ നീങ്ങാനുള്ള തീരുമാനം. ആറു ജനതാകക്ഷികൾ ലയിച്ചതു ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ ഇപ്പോൾ ഏറെ പ്രസക്തം ബിജെപിയുടെ വാർഗീയ നിലപാടുകൾക്കെതിരെ മതേതര ബദൽ ഉണ്ടാകുക എന്നതാണ്. അത് കോൺഗ്രസിനെ മാറ്റി നിർത്തിക്കൊണ്ട് സാധ്യമാകില്ല. സിപിഐ(എം) പാർട്ടി കോൺഗ്രസും കോൺഗ്രസിനോട് മൃദുസമീപനമാണ് കൈക്കൊണ്ടതെന്നും വീരേന്ദ്രകുമാർ പക്ഷത്തെ ഷെയ്ഖ് പി. ഹാരിസ് ചൂണ്ടിക്കാണിക്കുന്നു.

ബിജെപിക്ക് എതിരായ നീക്കത്തിൽ കോൺഗ്രസിനോടും ഒപ്പം നിൽക്കുക എന്ന ആശയം പാർട്ടി യുഡിഎഫിൽ തുടരാനുള്ള സാധ്യത അവർ നിലനിർത്തുന്നു എന്ന് സാരം. പക്ഷേ കേരളത്തിൽ എംഎൽമാർ കൂടുതലുള്ള ജനതാദൾ (എസ്) പക്ഷം എൽഡിഎഫിലാണ്. എൽഡിഎഫ് സ്‌നേഹത്തെക്കാൾ കൂടുതൽ യുഡിഎഫ് വിരോധമാണ് അവരുടെ ഇതുവരെയുള്ള മുഖമുദ്രയെന്ന് വിരേന്ദ്രകുമാറിനും അറിയാം. എന്തായാലും ലയിച്ച് ഒന്നായിക്കഴിയുമ്പോൾ എംഎൽഎമാർ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായേ പറ്റൂ. ഇല്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ പിടിയിൽ പെടും പാർട്ടി.

കേരളത്തിലെ കാര്യം വീരേന്ദ്രകുമാറുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണു ശരദ് യാദവ് പറഞ്ഞിട്ടുള്ളത് എന്നും അതു കൊണ്ടു തന്നെ തങ്ങളുടെ നിലപാട് അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഷെയ്ഖ് പി. ഹാരിസ് പറഞ്ഞു. കേരളത്തിലെ നിലപാടു ദേശീയതലത്തിലും ചർച്ച ചെയ്യപ്പെട്ടേ അന്തിമതീരുമാനം ഉണ്ടാകൂ. പക്ഷേ അന്തിമതീരുമാനം കേരളഘടകത്തിന്റേതാവില്ല, കേന്ദ്ര നേതൃത്വത്തിന്റേതാകും. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി ആ തീരുമാനത്തിൽ പാർട്ടിക്ക് എത്തിയേ മതിയാകൂ താനും. സോഷ്യലിസ്റ്റ് ജനതയായിരുന്ന വീരേന്ദ്രകുമാറും കൂട്ടരും മാസങ്ങൾക്ക് മുമ്പാണ് ജനതാദൾ യുവിൽ ലയിച്ചത്. യുഡിഎഫ് മുന്നണിയിൽ തുടരാൻ അനുവദിക്കണമെന്ന നിർദ്ദേശം മുന്നിൽ വച്ചായിരുന്നു ലയനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP