Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബി എസ് എൻ എല്ലിന്റെ വിഷുക്കൈനീട്ടം പ്രഹരമായി; 'ബ്ലാക്ക് ഔട്ട്' മറയാക്കി കോടികളുടെ തട്ടിപ്പ്; ഫോൺ ചെയ്യാനാവാതെ ഉപയോക്താക്കൾ

ബി എസ് എൻ എല്ലിന്റെ വിഷുക്കൈനീട്ടം പ്രഹരമായി; 'ബ്ലാക്ക് ഔട്ട്' മറയാക്കി കോടികളുടെ തട്ടിപ്പ്; ഫോൺ ചെയ്യാനാവാതെ ഉപയോക്താക്കൾ

ആലപ്പുഴ : ആഘോഷവേളകളിൽ ഉപഭോക്താക്കളെ വട്ടംചുറ്റിക്കുന്ന ബി എസ് എൻ എല്ലിന്റെ പതിവുശൈലി ഇക്കുറിയും ആവർത്തിച്ചു. വിഷുദിനത്തിൽ ഓഫറുകൾ പിൻവലിച്ചാണ് ഉപയോക്താക്കളെ പറ്റിച്ചത്. ബി എസ് എൻ എൽ ഓഫർ സ്വീകരിച്ചവർക്ക് അന്നേദിവസം പുറം ലോകവുമായി ബന്ധപ്പെടാനേ കഴിഞ്ഞില്ല. രാത്രി 12.30 നു ശേഷമാണു കണക്ഷൻ കിട്ടിത്തുടങ്ങിയത്.

ട്രായ് നിയമപ്രകാരം വർഷത്തിൽ നാലു ബ്ലാക്ക് ഔട്ട് ദിനങ്ങൾ കരാർ പ്രകാരം ബി എസ് എൻ എല്ലിനും മറ്റ് മൊബൈൽ നെറ്റ്‌വർക്കുകൾക്കും ഉപയോഗിക്കാവുന്നതാണ്. ഈ അവകാശം വിഷുദിനത്തിൽ പ്രയോഗിച്ചാണ് ബി എസ് എൻ എൽ കോടികൾ തട്ടിയത്. കോളുകൾ വിളിക്കാൻ കഴിയാതായതോടെ ഓഫറുകൾക്ക് പുറമെ ടോപ്പ് അപ്പ് കാർഡുകൾ തപ്പി ജനങ്ങൾ നെട്ടോട്ടം ഓടി. എന്തുവില നൽകിയും കാർഡുകൾ കണ്ടെത്താനുള്ള ഉപയോക്താക്കളുടെ പരക്കംപാച്ചിലിൽ കമ്പനിയുടെ ഖജനാവിലേക്ക് ഒഴുകിയെത്തിയത് കോടികളാണ്.

കഴിഞ്ഞ ക്രിസ്മസ് നാളിൽ ഇത്തരം ബ്ലാക്ക് ഔട്ട് ദിനം ഉപയോക്താക്കളിൽ പരീക്ഷിച്ചു വിജയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷുവിനും ഇതു പ്രയോഗിച്ചത്. ഇതോടെ സംസ്ഥാനത്തെ കോടിക്കണക്കിന് ഉപയോക്താക്കളാണ് ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും വിളിക്കാൻ കഴിയാതെ ബുദ്ധിമുട്ടിയത്. ഇത് ബി എസ് എൻ എല്ലിന്റെ കച്ചവടതന്ത്രമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

പൊതുവെ വിപണിയിൽ ലഭ്യമല്ലാത്ത ബി എസ് എൻ എൽ വൗച്ചറുകൾ കൂടുതലായി ഇറക്കി വിഷുവ്യാപാരം പൊടിപൊടിക്കാൻ കമ്പനി പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ഇത്തരം വൗച്ചറുകൾ ഇറക്കാനോ ആവശ്യത്തിന് നിലവിലെ വൗച്ചറുകൾ എത്തിക്കാനോ കഴിഞ്ഞില്ല. ഇതോടെയാണ് ഉപയോക്താക്കൾ വെട്ടിലായത്. നാളിതുവരെ കമ്പനി നൽകിവന്നിരുന്ന ടോക്് ടൈം ഓഫറുകളിലാണ് ബി എസ് എൻ എൽ വൻതിരിമറി നടത്തിയത്.

നേരത്തെ 135 രൂപ മുതൽ 1000 രൂപ വരെയുള്ള ഓഫറുകൾ ചാർജ് ചെയ്ത ഉപയോക്താക്കൾ സംസാരസമയം അധികമുള്ളതുകൊണ്ടുതന്നെ വീണ്ടും ചാർജ് ചെയ്യാൻ തയ്യാറായില്ല എന്നതാണ് യാഥാർത്ഥ്യം. പലരും നെറ്റ്‌വർക്ക് തകരാറിലായെന്നു കരുതി കാത്തിരുന്നെങ്കിലും അർദ്ധരാത്രിയോടെയാണ് ഫോണുകളിൽനിന്നും വിളിക്കാൻ കഴിഞ്ഞത്. അന്വേഷിച്ചപ്പോഴാണ് ബ്ലാക്ക് ഔട്ട് നിയമം വ്യക്തമായത്.

മുന്നറിയിപ്പില്ലാതെ ബി എസ് എൻ എൽ നടത്തിയ തട്ടിപ്പിനെക്കുറിച്ച് വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. എന്നാൽ മുന്നറിയിപ്പായി എസ് എം എസ് അയച്ചിരുന്നുവെന്നു ബി എസ് എൻ എൽ. പറയുന്നു. അങ്ങനെയൊരു സന്ദേശം കിട്ടിയിട്ടില്ലെന്ന് പല ഉപയോക്താക്കളും പറയുന്നു. ഓഫറുകൾക്ക് ബ്ലാക്ക് ഔട്ട് നിയമങ്ങൾ ബാധകമാണെന്ന് എങ്ങും രേഖപ്പെടുത്തിയിട്ടില്ല. ഉപഭോക്തൃ നിയമം അനുശാസിക്കുന്നത് ഉൽപ്പന്നങ്ങൾക്കു മീതെ നിബന്ധനകൾ എഴുതിവയ്ക്കണമെന്നാണ്.

ഇപ്പോൾ വൗച്ചറുകൾ നിർത്തിവച്ച് ഫ്‌ളെക്‌സി സംവിധാനമായതോടെ താരിഫുകളെ സംബന്ധിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ല. അതേസമയം, പലതിലും തട്ടിപ്പ് പതിയിരിക്കുന്നതിനാൽ മിക്ക മെസേജുകളും ഉപയോക്തക്കാൾ തുറന്നു നോക്കാറില്ല. മാത്രമല്ല ബി എസ് എൻ എൽ ഉപയോക്താക്കൾ എല്ലാവരും തന്നെ ഇംഗ്ലീഷ് മെസേജുകൾ വായിച്ചെടുക്കാൻ അറിയുന്നവരാകണമെന്നില്ലല്ലോ.

സംസ്ഥാനത്ത് നിലവിലുള്ള നെറ്റ്‌വർക്കുകളെ അപേക്ഷിച്ച് ബി എസ് എൻ എൽ നിരക്കുകൾ അധികമാണ്. എങ്കിലും സർക്കാർ സംവിധാനമെന്ന നിലയിലാണ് ജനങ്ങൾ കമ്പനിയെ ആശ്രയിക്കുന്നത്. ഇതു മുതലാക്കിയാണ് വിശേഷദിവസങ്ങളിൽ കോടികൾ തട്ടാൻ ബി എസ് എൻ എൽ ഇറങ്ങിപ്പുറപ്പെട്ടത്. 135 രൂപ മുടക്കി ഓഫറുകൾ സ്വീകരിക്കുന്ന ഉപയോക്താവിന് 335 മിനിറ്റാണ് സംസാരസമയമായി ലഭിക്കുന്നത്. ഇതിൽ നിന്നും മെസേജുകളോ റോമിങ്ങോ അനുവദിക്കില്ല. ഒരു മാസത്തിനുള്ളിൽ വിളിച്ചുതീർക്കണമെന്ന നിബന്ധനയുണ്ട്.

ഇതോടെ വെട്ടിലായ ഉപയോക്താക്കൾക്ക് അന്യ നെറ്റ്‌വർക്ക് സംവിധാനങ്ങളെ ആശ്രയിക്കേണ്ടിവന്നു. നേരത്തെ 'ഇഷ്ടപ്പെട്ടവരോട് ആവോളം സംസാരിക്കു! എന്ന ഓഫർ നൽകിയാണ് ഇത്തരം ഓഫറുകൾ കമ്പനി ഉപയോക്താവിന്റെ തലയിൽ കെട്ടിയേൽപ്പിച്ചത്. ഇന്റർനെറ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളിൽ വീഴ്ചയുണ്ടായാൽ ഇത് പരിഹരിച്ചുപോകുന്നതിൽ കമ്പനി കനത്ത അനാസ്ഥയാണ് കാട്ടുന്നത്.

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സംസ്ഥാനത്തൊട്ടാകെ ഒരു സ്വകാര്യ നെറ്റ്‌വർക്ക് കമ്പനിയുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ കുഴിച്ചിടാനായി കുഴിയെടുത്തതിൽനിന്നും ബി എസ് എൻ എല്ലിന്റെ പല കേബിളുകളും തകർന്നുപോയിരുന്നു. എന്നാൽ ദിവസങ്ങൾ നീണ്ടിട്ടും ഇതുകണ്ടുപിടിക്കാനോ സർവീസ് പുനരാരംഭിക്കാനോ കമ്പനി തയ്യാറായില്ലെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് കൂനിന്മേൽ കുരുവെന്ന നിലയിൽ വിഷുവിനും പണികിട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP