Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂകമ്പം മരണം വിതച്ചത് എവറസ്റ്റ് കൊടുമുടിയിലും; ഗൂഗിൾ എക്‌സിക്യൂട്ടീവ് ഉൾപ്പെടെ 18 പേർ മഞ്ഞിനടിയിൽ കുടുങ്ങി മരിച്ചു

ഭൂകമ്പം മരണം വിതച്ചത് എവറസ്റ്റ് കൊടുമുടിയിലും; ഗൂഗിൾ എക്‌സിക്യൂട്ടീവ് ഉൾപ്പെടെ 18 പേർ മഞ്ഞിനടിയിൽ കുടുങ്ങി മരിച്ചു

നേപ്പാളിൽ 1500-ലേറെപ്പേരുടെ മരണത്തിന് കാരണമായ ഭൂകമ്പം എവറസ്റ്റ് കൊടുമുടിയെയും ഉലച്ചു. ഭൂകമ്പത്തെത്തുടർന്നുണ്ടായ മഞ്ഞിടിച്ചിലിൽപ്പെട്ട് ഗൂഗിൾ എക്‌സിക്യുട്ടീവ് അടക്കം 18 മലകയറ്റക്കാരും ഇവർക്ക് വഴികാട്ടിയായി ഉണ്ടായിരുന്ന ഷെർപ്പയും മരിച്ചു. എവറസ്റ്റ് പർവതാരോഹണ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.

റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്ത ഭൂകമ്പത്തെത്തുടർന്നാണ് എവറസ്റ്റിൽ കനത്ത മഞ്ഞിടിച്ചിൽ ഉണ്ടായത്. മലകയറിക്കൊണ്ടിരുന്നവരുടെ മേലേയ്ക്ക് മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു. ഇത്രയും വലിയ ദുരന്തം നേപ്പാളിലും എവറസ്റ്റിലും ഉണ്ടാകുന്നത് ആദ്യമായാണ്.

ഗൂഗിളിലെ എക്‌സിക്യുട്ടീവ് 33-കാരനായ ഡാൻ ഫ്രെഡിൻബർഗാണ് മരിച്ചവരിൽ പ്രമുഖൻ. ഗൂഗിൾ ഭൂപടങ്ങൾക്കായി കൊടുമുടികൾ ചിത്രീകരിച്ചിരുന്നയാളാണ് ഫ്രഡിൻബർഗ്. ഹോളിവുഡ് നടി സോഫിയ ബുഷിന്റെ മുൻകാമുകൻ കൂടിയായ ഫ്രഡിൻബർഗിന്റെ മരണവാർത്ത ഗുഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. 18,000 അടി മുകളിലുള്ള ബേസ് ക്യാമ്പിൽ ഇവർ തങ്ങുമ്പോഴാണ് മഞ്ഞിടിച്ചിൽ ഉണ്ടായത്. പാറക്കെട്ടുകൾക്കും മഞ്ഞിനും അടിയിൽപ്പെട്ടുപോയ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യൻ സൈന്യം നടത്തിയ തിരച്ചിലിൽ 18 മൃതദേഹങ്ങൾ ബേസ് ക്യാമ്പിൽനിന്ന് കിട്ടിയതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഇവരിൽ എത്രപേർ ഷെർപ്പകളാണെന്നോ എത്രപേർ മലകയറ്റക്കാരാണെന്നോ വ്യക്തമല്ല.

ഗൂഗിൾ അഡ്വഞ്ചർ എന്നറിയപ്പെട്ടിരുന്ന ഫ്രഡിൻബർഗും കൂട്ടുകാരും എവറസ്റ്റ് സാഹസിക സംഘമായ ജാഗ്ഗ്ഡ് ഗ്ലോബിനൊപ്പമാണ് കൊടുമുടി കയറാനെത്തിയത്. ഗൂഗിളിന്റെ ഗവേഷണ സ്ഥാപനമായ ഗൂഗിൾ എക്‌സിലെ പ്രൈവസി വിഭാഗം തലവൻകൂടിയായിരുന്നു ഫ്രഡിൻബർഗ്. മരണവാർത്ത ഇൻസ്റ്റഗ്രാമിലൂടെ സോഫിയ ബുഷാണ് ലോകത്തെ അറിയിച്ചത്. തന്റെജീവിതത്തിൽ ഏറ്റവും കൂടുതൽ സ്‌നേഹം പകർന്നയാൾ എന്നാണ് സോഫിയ ഫ്രഡിൻബർഗിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞവർഷം ഏപ്രിലിൽ എവറസ്റ്റിലുണ്ടായ മഞ്ഞിടിച്ചിലിൽനിന്ന് ഫ്രഡിൻബർഗ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 16 ഷെർപ്പകളാണ് അന്നത്തെ മഞ്ഞിടിച്ചിലിൽ മരിച്ചത്.
ഭൂകമ്പത്തെത്തുടർന്നുണ്ടായ മറ്റൊരു മഞ്ഞിടിച്ചിലിൽ എട്ട് മലകയറ്റക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. 30-ഓളം പേർക്ക് പരിക്കേറ്റു. ബേസ് ക്യാമ്പിന്റെ വലിയൊരു ഭാഗം തകർന്നടിഞ്ഞതോടെ, എത്രപേർ എവറസ്റ്റിൽ കുടുങ്ങിയിട്ടുണ്ടെന്നുപോലും കണ്ടെത്താനായിട്ടില്ല. ഭൂകമ്പമുണ്ടാകുമ്പോൾ ആയിരത്തോളം മലകയറ്റക്കാർ ബേസ് ക്യാമ്പിലുണ്ടായിരുന്നതായി അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP